കള്ളന്‍

                                                 
കള്ളന്മാരുടെ ശല്ല്യം കൂടി വരുന്നതറിഞ്ഞ്, നാട്ടിലെ അറിയപ്പെടുന്ന കൊള്ള പലിശക്കാരന്‍ കൂടിയായ അറയ്ക്കലെ നീലകണ്ഠന്‍ അസ്വസ്ഥനായി…………..
             തഞ്ചാവൂര്‍ക്കാരന്‍ ചെട്ടിയാരുടെ, ഇവിടെ കായല്‍ കരയിലുള്ള പത്തേക്കര്‍ നിലവും, അതിനോട് ചേര്‍ന്നുള്ള, നാട്ടിലെ അറിയപ്പെടുന്ന ആദര്‍ശവാന്‍ കൂടിയായ, പഴയ സ്കൂള്‍ മാഷ്   മധുസൂദനന്‍പിള്ളയുടെ 1100 sq ft വീടും ചുറ്റുമുള്ള ഇരുപത്തെട്ടു സെന്‍റു സ്ഥലവും വാങ്ങുന്നതിനായി, ഓഫീസില്‍ നിന്ന് കൊണ്ട് വന്ന മുക്കാല്‍ കോടി രൂപ ബെഡ്റൂമിലെ സേഫിലുണ്ട്. നാളെയാണ് രെജിസ്ട്രെഷന്‍. നാളെ പട്ടണത്തില്‍ ഹര്‍ത്താല്‍ ആയതു കൊണ്ടാണ്, ഇന്ന് തന്നെ ഓഫീസില്‍ നിന്ന് പണം  കൊണ്ട് വന്നു വീട്ടില്‍ വച്ചത്……….
              ഒരു പാട് കഷ്ടപെട്ടിടാണ്‌ ആ ആദര്‍ശവാനെ കൊണ്ട് സ്ഥലം വില്ക്കാമെന്ന് സമ്മതിപ്പിച്ചത്.സ്വല്പം ഭീഷണിയും പ്രയോഗിക്കേണ്ടി വന്നു. അല്ലെങ്കില്‍ ചെട്ടിയാരുടെ സ്ഥലത്തേക്ക് പോകാന്‍ കുറെ ചുറ്റി വളയണം.  ആനയെ വാങ്ങിക്കാംഎങ്കില്‍, കൂടെ ഒരു തോട്ടി കൂടി വാങ്ങിക്കാനാണോ ഈ നീലകണ്‌ഠനു  പ്രയാസം……………..
    പണം കൊണ്ട് വരുന്നത് പലരും കണ്ടീട്ടുണ്ട്. പോരാത്തതിന് സ്വതവേ വായാടി കൂടിയായ ഗുമസ്തന്‍ ചന്ദ്രനും ഉണ്ടായിരുന്നല്ലോ പട്ടണത്തില്‍ നിന്ന് ഇവിടെ വരെ കൂട്ടിന്………………. പണം കൊണ്ട് വന്ന കാര്യം, അവന്‍ തിരിച്ചു പോകുന്ന വഴി, കവലയില്‍ നാലാളോട് പറഞ്ഞിട്ടുമുണ്ടാകും.
          ഏതായാലും ഈ രാത്രി ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി.  വീട്ടില്‍ ഒറ്റയ്ക്കാണ് എന്ന പ്രശ്നം മാത്രമേയുള്ളൂ…………… ഒരു ബന്ധുവിന്‍റെ കല്യാണത്തില്‍ പങ്കെടുക്കാനായി,  ഭാര്യ രണ്ടു ദിവസം മുമ്പാണ്, അവളുടെ വീട്ടിലേക്കു പോയത്…………..ചെയ്തു കൂട്ടിയ സല്‍പ്രവൃത്തികളുടെ ഫലമായിട്ടാവാം,  വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും കുട്ടികള്‍ ഉണ്ടാകാഞ്ഞത്. പിശുക്ക് കുറച്ചു കൂടുതലായതു കൊണ്ട് വീട്ടില്‍ ജോലിക്കാരും ഇല്ല.  പക്ഷെ മുന്തിയ ഇനം ജര്‍മന്‍ ഷെപ്പേര്‍ഡു രണ്ടെണ്ണം പുറത്ത് കൂട്ടിലുണ്ട്. അത് തന്നെ ധാരാളം………………. പോരാത്തതിന് നല്ല ചില്ല്വാനം കൊടുത്തു മൈസൂരില്‍ നിന്ന് വാങ്ങിയ പുതിയ ഇനം കള്ളതോക്കും കയ്യിലുണ്ട്……………….
 
         രാത്രിയായി………………ധൈര്യം സംഭരിച്ചെങ്കിലും നീലകണ്‌ഠനു  കുറേശെ  പേടി തോന്നി തുടങ്ങി…………….. ഇടയ്ക്ക് പുറത്തെന്തോക്കെയോ   ശബ്ദങ്ങള്‍ കേട്ടു…………………  നായ്ക്കള്‍ നിര്‍ത്താതെ  കുരയ്ക്കുന്നു.  അതിനിടയില്‍ പിന്നാമ്പുറത്ത് എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടു.  ബെഡ് റൂമിന്‍റെ ജനാലക്കല്‍ ഒരു നിഴല്‍ അനങ്ങിയതു പോലെ തോന്നി.  അതോടെ  നായ്ക്കളുടെ ശബ്ദവും  നിലച്ചു………………
      നാട്ടിലെ പാവപ്പെട്ടവരുടെ കയ്യില്‍ നിന്ന്, ആഗ്രഹിച്ച ഭൂസ്വത്തുകളെല്ലാം, കയ്യടക്കിയിട്ടുള്ള അതെ വീറും വാശിയുമോടെ,  അറയ്ക്കലെ നീലകണ്‌ഠന്‍, മേശവലിപ്പു തുറന്ന്, തോക്കുമെടുത്ത് പുറത്തേക്കു ചാടിയിറങ്ങി.  പക്ഷെ അവിടെയെങ്ങും ആരെയും കണ്ടില്ല.  ഇനി തോന്നിയതാണോ ?
            പുറകില്‍ നിഴലെന്തോ അനങ്ങിയത് പോലെ തോന്നി. തിരിഞ്ഞു നോക്കുന്നതിനു മുമ്പ്, തലയ്ക്കു ശക്തമായ ഏതോ ഒരു ആയുധം   കൊണ്ടുള്ള  പ്രഹരമേറ്റു.  നേരില്‍ കാണാതെ തന്നെ, അത് കള്ളനാണെന്ന് മനസ്സിലായി. ………………. കണ്ണില്‍ ഇരുട്ടു കയറുന്നു. അടിയേറ്റ ഭാഗത്ത്‌ നിന്നു, ചോര ഒലിച്ചിറങ്ങുന്നു………………….
         ബോധം വന്നപ്പോള്‍ ആദ്യം ഓടിയത് സേഫിനടുത്തേക്കാണ്. അവിടെ എല്ലാം ഭദ്രമായിരുന്നു…………………… പക്ഷെ ആ മുക്കാല്‍ കോടി രൂപ…………………………..   അത് മാത്രം അവിടെയില്ലായിരുന്നു………………
 
The End

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *