സൈക്കോ കില്ലര്‍

സൈക്കോ കില്ലര്‍ 1

ഞാന്‍ ചെന്നെയില്‍ ജോലി ചെയ്യുന്ന സമയം. ഞാനും സുഹൃത്തുക്കളും വില്ലിവാക്കം എന്ന സ്ഥലത്തായിരുന്നു താമസ്സിച്ചിരുന്നത്. റൂമില്‍ നിന്ന് ജോലി ചെയ്യുന്ന കമ്പനിയിലേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂ. പക്ഷെ ഇടക്കുള്ള റോഡ്‌ രാത്രി പത്ത് മണി കഴിഞ്ഞാല്‍ വിജനമായിരിക്കും. അവിടവിടെയായി തെരുവോര വിളക്കുകള്‍ ഉണ്ടെങ്കിലും,വഴിയില്‍ ഒരു മേല്‍പ്പാലത്തിന്‍റെ പണി നടക്കുന്നത് കൊണ്ട് പരിസരങ്ങളിലൊക്കെ, കുറ്റാ കൂരിരുട്ടാണ്…….

ആ ദിവസങ്ങളില്‍ ഞാനും സുഹൃത്ത് അനൂപ്‌ മോനും ഇവനിംഗ് ഷിഫ്റ്റ്‌ ആണ് ചെയ്തുകൊണ്ടിരുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് ജോലി കഴിഞ്ഞു ഞാനും അവനും കൂടിയാണ് തിരിച്ചു വരിക. ഞങ്ങള്‍ ഓരോ കഥകളും പറഞ്ഞു വരുമ്പോള്‍, റൂം എത്തുന്നത് അറിയുകയേ ഇല്ല.

സൈക്കോ കില്ലര്‍ എന്ന അജ്ഞാത കൊലയാളി ചെന്നൈ നഗരത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ സമയമായിരുന്നു അത്. രാത്രിയുടെ ഏതോ യാമങ്ങളില്‍, ഇരുമ്പു വടി പോലെ ഏതോ ആയുധം കൊണ്ട്, ആള്‍ക്കാരെ കൊലപ്പെടുത്തി കൊണ്ടിരുന്ന, കൊലയാളിയാണ് സൈക്കോ കില്ലര്‍ എന്നറിയപ്പെട്ടത്. ഏതോ മാനസ്സിക രോഗി ആണ് ഇങ്ങനെ ചെയ്യുന്നത് എന്നാണു പ്രചരിക്കപ്പെട്ടത്. രാത്രി സമയത്ത് ഒറ്റയ്ക്ക് വിജനമായ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്നവര്‍, സെക്യൂരിറ്റി ജീവനക്കാര്‍, ഒറ്റയ്ക്ക് വഴിവക്കില്‍ കിടന്നുറങ്ങുന്നവര്‍ എന്നിവരൊക്കെയായിരുന്നു അയാളുടെ ഇരകള്‍.അയാളെ ഭയന്ന് ആള്‍ക്കാര്‍ രാത്രി നേരങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയപ്പെട്ടിരുന്നു.

ഈ കൊലയാളി വിഹരിച്ചിരുന്ന വടപളനി ഭാഗത്ത്‌ നിന്ന് കുറച്ചു ദൂരമേയുള്ളൂ ഞാന്‍ താമസ്സിക്കുന്ന സ്ഥലത്ത്. അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഇയാളെ കണ്ടു പിടിക്കുന്നതിനായി പ്രത്യേക സേന തന്നെ രൂപീകരിച്ചു എങ്കിലും, ഈ സംഭവം നടക്കുന്നതു വരെയും, അയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോലിസ് പല വേഷങ്ങളിലും അയാളെ തേടി റോന്തു ചുറ്റിക്കൊണ്ടിരുന്നു. [ഈ കൊലപാതകങ്ങളെല്ലാം,മോഷണത്തിനായി ഒരു മൂന്നംഗ സംഘം ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു]

ആ ദിവസം, എനിക്ക് വീക്ക്‌ഓഫ്‌ ആയതു കൊണ്ട്, രാത്രി, ജോലി കഴിഞ്ഞ്, അനൂപ്‌ തനിച്ചാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയത്. വഴിയില്‍, ചിലപ്പോള്‍, തെരുവ് നായ്ക്കളുടെ ശല്ല്യമുള്ളതു കൊണ്ട്, അവന്‍ എവിടെ നിന്നോ ഒരു വലിയ വടി കൂടി സംഘടിപ്പിച്ചാണ് റൂമിലേക്ക്‌ തിരിച്ചത്.

Read  സ്കൂള്‍ ഡയറി

ഒരു നാല്‍ക്കവല കടന്നു വേണം,അവന്,റൂമിലേക്കുള്ള റോഡില്‍ കയറാന്‍………..ആ റോഡില്‍ പതിവില്ലാത്ത വിധം ഇരുട്ടായിരുന്നു അന്ന്…………

ജങ്ക്ഷനില്‍ നിന്ന് കുറച്ചു മാറി, മഫ്ടിയില്‍ നിന്ന, രണ്ടു പോലീസുകാര്‍, കയ്യില്‍ ഏതോ ‘മാരകായുധവുമായി’ പോകുന്ന എന്‍റെ സുഹൃത്തിനെ കണ്ടു. സൈക്കോ കില്ലറും ഇരുമ്പു വടിപോലെ ഏതോ മാരകായുധവുമായാണല്ലോ നടക്കുന്നത്. അനൂപിന്‍റെ കയ്യിലുള്ള വടിക്കും സാമാന്യത്തില്‍ കവിഞ്ഞ നീളവും വണ്ണവുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ രഹസ്യമായി അവനെ പിന്തുടര്‍ന്നു.എന്നാല്‍ എന്‍റെ സുഹൃത്ത് അതറിഞ്ഞില്ല.

ഇടക്ക് വഴിയില്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍, അനൂപിന് പുറകില്‍ എന്തോ നിഴല്‍ അനങ്ങിയത് പോലെ തോന്നിയപ്പോള്‍ തിരിഞ്ഞു നോക്കി.

രണ്ടു കൊമ്പന്‍ മീശക്കാര്‍ !! കയ്യില്‍ വടി ( ലാത്തിയാണ് എന്‍റെ സുഹൃത്ത് മാരകായുധമായി തെറ്റിദ്ധരിച്ചത്). തുറിച്ചു നോക്കുന്ന ചോരക്കണ്ണുകള്‍………………..

ഭയന്നു പോയ അനൂപിന്‍റെ മനസ്സില്‍ ആദ്യമെത്തിയത്‌ ഭ്രാന്തന്‍ കൊലയാളിയെ കുറിച്ചുള്ള ചിത്രമാണ്.


അയ്യോ, സൈക്കോ കില്ലര്‍ : എന്നലറി കൊണ്ട് അവന്‍ റൂം ലക്ഷ്യമാക്കിക്കൊണ്ട് ഓടി. പോലീസുകാര്‍ തമിഴില്‍ എന്തോ പറഞ്ഞെങ്കിലും അനൂപ്‌ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. ഓട്ടത്തിനിടയില്‍ അവന്‍ കയ്യിലുണ്ടായിരുന്ന വടി എങ്ങോട്ടോ വലിച്ചെറിഞ്ഞു. അതു കണ്ടപ്പോള്‍, അതു വരെ സംശയം മാത്രമുണ്ടായിരുന്ന പോലീസുകാര്‍ ആ സംശയം ഉറപ്പിച്ചുകൊണ്ട്, അവന്‍റെ പുറകെ ഓട്ടം പിടിച്ചു.

അല്‍പദൂരം കൊണ്ടു തന്നെ പോലീസുകാര്‍ അവനെ പിടികൂടി. പക്ഷെ കഷ്ട കാലത്തിനു അനൂപിന് തമിഴ് അറിയില്ലായിരുന്നു. പോലീസുകാര്‍ക്ക് ഇംഗ്ലീഷും. അവസാനം പോലീസ് അവനെയും കൊണ്ട് ഞങ്ങളുടെ റൂമിലെത്തി. ഒരു തമിഴ് സുഹൃത്തിന്‍റെ സഹായത്തോടെ,കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി,ഞങ്ങളുടെ എല്ലാവരുടെയും ഐഡന്‍റിറ്റി രേഖകള്‍ പരിശോധിച്ചശേഷമാണ്, പോലീസിനു എന്‍റെ സുഹൃത്തിന്‍റെ നിരപരാധിത്വം ബോധ്യമായത്.

The End

[This story is first published on February 7, 2013]

Leave a Comment

Your email address will not be published. Required fields are marked *