ഭീതി

 
ഭീതി 1

ഇത് അഹ്സ എന്ന പന്ത്രണ്ടുകാരി കാശ്മീരി പെണ്‍കുട്ടിയുടെ കഥയാണ്.
ലഡാക്കില്‍ നിന്നും സ്വല്പം അകലെയുള്ള, കരു എന്ന ചെറു പട്ടണത്തിലാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. കാര്‍ഗിലിനും ലഡാക്കിനും ഇടയിലായി, ലേ-മണാലി ഹൈവേയില്‍ നിന്നും കുറച്ചു മാറിയാണ്, ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

ഈ കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്………….
അഹ്സ,അന്ന് പട്ടണത്തിലെ ഇടുങ്ങിയ ഒരു ചേരിപ്രദേശത്തെ, പഴയ ഒറ്റമുറി വീട്ടില്‍, തന്‍റെ അച്ഛനോടും സഹോദരിമാരോടും ഒപ്പം കഴിയുകയായിരുന്നു. സ്വതവേ നാണംകുണുങ്ങിയായ അവള്‍, അല്പം ഭീരുവും കൂടിയായിരുന്നു.തന്‍റെ നാലാമത്തെ വയസ്സില്‍, അമ്മയെ നഷ്ടപെട്ട അവളുടെ അച്ഛന്‍ മുഹമ്മദ്‌,  ഒരു സ്വകാര്യ സ്ഥാപനത്തിലെ തൂപ്പുകാരനായിരുന്നു.ഹയര്‍ സെക്കന്‍ററിയില്‍ പഠിക്കുന്ന ഇരട്ട സഹോദരിമാരായ നജ്മയും ഐഷയും ആയിരുന്നു അവളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍.

അമ്മയുടെ മരണശേഷം, അച്ഛനും ചേച്ചിമാരും, അവളെ യാതൊരു കുറവും അറിയിക്കാതെയാണ് വളര്‍ത്തിയത്‌.  സമയത്തിന്‍റെ സിംഹ ഭാഗവും, തന്‍റെ കൊച്ചു കൊച്ചു പെയിന്‍റിങ്ങുകളുടെ ലോകത്ത് ചെലവഴിച്ചിരുന്ന, അഹ്സ ഒരു ചെറിയ കവയത്രി കൂടിയായിരുന്നു. ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയവും, മാനുഷികതയും  അവള്‍ തന്‍റെ കവിതകളിലൂടെ പ്രകടിപ്പിച്ചു. അഹ്സയുടെ കഴിവുകളെ പറ്റി അറിയാമായിരുന്ന അവളുടെ അധ്യാപകരും സഹപാഠികളും മറ്റു അഭ്യുദയകാംഷികളും അവളെ ബഹുമാനിക്കുകയും,  അവള്‍ക്ക് വേണ്ടി,മുഹമ്മദിനെ സഹായിക്കുകയും ചെയ്തു.

പക്ഷെ സ്നേഹവും സമാധാനവും നിറഞ്ഞ അവളുടെ ജീവിതം, ആ ദുര്‍ദിനം മുതല്‍,  അന്ധകാരത്തിന്‍റെ പടുകുഴിയിലേക്ക് വീണു പോയി.അവള്‍ എല്ലാ അര്‍ത്ഥത്തിലും തനിച്ചാവുകയായിരുന്നു. ഉറ്റവര്‍ നഷ്ടപ്പെട്ട്, സുഹൃത്തുക്കളെ തിരിച്ചറിയാനാവാതെ………………….
കാശ്മീരില്‍, ആ നാളുകളില്‍,തീവ്രവാദം വളരെ ശക്തമായിരുന്നു……………..

സാധാരണക്കാരുടെ സ്വൈര്യ ജീവിതത്തിന് അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ പലവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അതിലൊന്നായിരുന്നു മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ ധരിക്കാതെ പുറത്തിറങ്ങരുത് എന്ന അവരുടെ മുന്നറിയിപ്പ്………………..എന്നാല്‍ പട്ടാളത്തിന്‍റെ സുരക്ഷയില്‍ വിശ്വാസമുള്ള, ജനങ്ങളില്‍ പലരും അത് ചെവിക്കൊണ്ടില്ല.

ഒരു സായാഹ്നത്തില്‍, ആയുധധാരികളായ രണ്ടു പേര്‍, വീട്ടില്‍ അതിക്രമിച്ചു കടന്ന്, പര്‍ദ ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ പോകരുത് എന്ന തങ്ങളുടെ നിര്‍ദേശം അവഗണിച്ചതിന്റെ പേരില്‍, നജ്മയെയും ഐഷയെയും ആക്രമിച്ചു.വെടിയേറ്റ്‌ വീണ അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍, മുഹമ്മദ്‌ ക്രൂരമായ മര്‍ദനത്തിനിരയായി. .പെട്ടെന്നുള്ള ആക്രമണത്തില്‍ ഭയന്നു പോയ, പരിസരവാസികള്‍ ആരും അവരുടെ സഹായത്തിനെത്തിയില്ല………….പെണ്‍കുട്ടികള്‍ അപ്പോള്‍ തന്നെയും, മുഹമ്മദ് പിന്നീട് ആശുപത്രി കിടക്കയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. ആ ഇടിഞ്ഞു വീഴാറായ വീടിന്റെ, പിന്നിലെ വരാന്തയില്‍ പതുങ്ങി കിടന്നത് കൊണ്ട് മാത്രം, അഹ്സ രക്ഷപെട്ടു. പക്ഷെ കണ്ട ആ കാഴ്ചയുടെ ഭീകരത ആ കുഞ്ഞു മനസ്സിനെ മുറിവേല്‍പ്പിച്ചു.  അത് അവസാനം അവളുടെ മാനസിക നില തെറ്റിച്ചു………………. ഉറ്റവരെല്ലാം നഷ്ടപ്പെട്ടത് അവളെ എല്ലാ അര്‍ത്ഥത്തിലും തളര്‍ത്തി……………..

ശ്രീനഗര്‍ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ, മാനസികരോഗ വിദഗ്ദ്ധന്‍, ഡോ.രമേശ്‌ അഗര്‍വാളിന്‍റെ അടുക്കലാണ്‌, അഹ്സ എത്തിപ്പെട്ടത്. വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വര്‍ഷമായിട്ടും   കുട്ടികളുണ്ടാകാത്ത, അദ്ദേഹത്തിനും  ഷേര്‍ ‍- ഇ- കാശ്മീര്‍ കാര്‍ഷിക  സര്‍വകലാശാലയിലെ പ്രൊഫസര്‍ കൂടിയായ ഭാര്യ ഇന്ദിര അഗര്‍വാളിനും, അവളോട്‌ പ്രത്യേക വാത്സല്യം തോന്നി. അഹ്സ ഒരു സാധാരണ കുട്ടിയല്ലെന്നു തിരിച്ചറിഞ്ഞ, അവര്‍ ഇരുവരും, അവളെ എത്രയും വേഗം ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ നിശ്ചയിച്ചു. അവരുടെ സ്നേഹപൂര്‍ണമായ കരുതലിന്‍റെയും, ശുശ്രൂഷയുടെയും ഫലമായി, അഹ്സ പതിയെ, അവളുടെ പെയിന്റിങ്ങുകളുടെയും കവിതകളുടെയും ലോകത്തേക്ക് മടങ്ങി വന്നു. എന്നന്നേക്കുമായി നഷ്ടപെട്ട മാതാപിതാക്കളെ തിരിച്ചു കിട്ടി എന്ന് അവള്‍ക്കും തോന്നി  തുടങ്ങി………
പക്ഷെ രക്തദാഹത്തിന്‍റെ പുതിയ രൂപത്തിലെത്തിയ, വിധി, ഒരിക്കല്‍ കൂടി എല്ലാം തകര്‍ത്തെറിഞ്ഞു………. അവരുടെ സ്വപ്‌നങ്ങള്‍………..ജീവിതം…………. എല്ലാം…………

അഹ്സയെ ദത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ഡോക്ടറും ഭാര്യയും മടങ്ങി വരുന്ന വഴി,  ഒരു സംഘം തീവ്രവാദികള്‍ കാര്‍ തടഞ്ഞ്,  മുസ്ലിം പെണ്‍കുട്ടിയെ മത പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച്, ഇരുവരുടെയും തലകള്‍ വെട്ടി മാറ്റി………………വാഹനത്തില്‍ കൂടെയുണ്ടായിരുന്ന, ഭയന്ന് വിറച്ച അഹ്സയുടെ അലമുറകള്‍ ആ രക്തദാഹികളുടെ കാതുകളില്‍ പതിച്ചതേയില്ല………..

അഹ്സയെ തേടി വീണ്ടുമെത്തിയ ചുവപ്പ് നിറം അവള്‍ക്കു സമ്മാനിച്ചത്‌, കൂടുതല്‍ കടുത്ത മാനസിക വിഭ്രാന്തിയും, അടുത്ത വര്‍ഷം മുതല്‍ അവളെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ശാന്തിനികേതന്‍ പബ്ലിക്‌ സ്കൂളിന്റെ തൊട്ടടുത്തുള്ള,   കുറെ കൂടി വലിയ ഭ്രാന്താശുപത്രിയിലെക്കുള്ള സ്ഥലംമാറ്റവും ആയിരുന്നു.

അവള്‍ക്കു ജീവിതത്തിന്‍റെ ഛായവും താളവും എന്നന്നേക്കുമായി നഷ്ടപ്പെട്ടു. പക്ഷെ ജാതിയുടെയും  മതത്തിന്‍റെയും അതിര്‍ത്തികളുടെയും അതിര്‍വരമ്പുകളില്ലാത്ത സ്നേഹത്തിനു വേണ്ടി, അവളുടെ മനസ്സ് അപ്പോഴും കേണുകൊണ്ടിരുന്നു……………..