ഹോട്ടല്‍ പെഗാസസിലെ കൊലപാതകം

Paris city

കേസ് ജയിച്ച് കോടതിയില്‍ നിന്നു വന്ന അയാള്‍ അതീവ സന്തോഷവാനായി കാണപ്പെട്ടു.

നഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നായ ലൂഫോര്‍ഡ് സ്ട്രീറ്റിന്‍റെ ഓരത്തുള്ള ഹോട്ടല്‍ പെഗാസാസിന്‍റെ പതിനാറാം നിലയിലെ പഴയ മുറിയില്‍ നില്‍ക്കുമ്പോള്‍ താന്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന് വിശ്വനാഥന് തോന്നി. കയ്യിലിരുന്ന ഗ്ലാസിലെ വില കൂടിയ മെക്സിക്കന്‍ റം നുണഞ്ഞുകൊണ്ട് ബാല്‍ക്കണിയില്‍ പുറം തിരിഞ്ഞു നിന്ന അയാള്‍ക്ക് ചുറ്റും പാരീസ് നഗരം ദീപങ്ങള്‍ കൊണ്ട് ചിത്രം വരച്ചു.

പ്രശസ്തമായ ഫ്രഞ്ച് ആര്‍ട്ട് ഗ്യാലറിക്ക് അഭിമുഖമായി നില്‍ക്കുന്ന ഈ 372-)o നമ്പര്‍ മുറിയുടെ ബാല്‍ക്കണിയില്‍ നിന്ന് ഭാര്യ ജാനറ്റിനെ താഴെക്കെറിഞ്ഞു കൊന്നു എന്നതായിരുന്നു അയാള്‍ക്കെതിരെ ചുമത്തപ്പെട്ട കേസ്. എന്നാല്‍ വിശ്വസനീയമായ തെളിവുകളുടെ അഭാവത്തില്‍ കോടതി അയാളെ വെറുതെ വിട്ടു. കേസന്വേഷണത്തില്‍ ഉദാസീനത കാണിച്ച പോലീസ് ഡിപ്പാര്‍ട്മെന്‍റിനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് മേഖലയില്‍ നിന്ന് പാരീസിലേക്ക് കുടിയേറിയ തമിഴ് വംശജരുടെ പിന്‍തലമുറക്കാരനാണ് വിശ്വനാഥന്‍ നാരായണന്‍ എന്ന നാല്‍പതുകാരന്‍. ഭാര്യയും ഒരു ഫ്രഞ്ച് ലക്ഷപ്രഭുവിന്‍റെ മകളുമായിരുന്ന ജാനറ്റ് പുതുവല്‍സര തലേന്ന് രാത്രി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചതാണ് അയാളെ കുറെ നാള്‍ ഇരുമ്പഴിക്കുള്ളിലാക്കിയത്.

മദ്യത്തിന്‍റെ ലഹരിയില്‍ എപ്പോഴാണ് മയങ്ങിയതെന്ന് അയാള്‍ക്ക് തന്നെ നിശ്ചയമില്ല. പക്ഷേ രാത്രിയുടെ ഇരുണ്ട യാമങ്ങളിലെപ്പോഴോ അകത്തേക്ക് പ്രവഹിച്ച ശീതക്കാറ്റേറ്റ് വിശ്വനാഥന്‍ ഞെട്ടിയുണര്‍ന്നു

നഗരത്തിന് അപരിചിതമായ ശീതക്കാറ്റ് എവിടെ നിന്നാണ് വരുന്നതെന്നറിയാന്‍ ജനലിനടുത്തേക്ക് ചുവടു വയ്ക്കുമ്പോഴാണ് സ്വീകരണ മുറിയില്‍ നിന്നു കേട്ട പിയാനോ ശബ്ദം അയാളെ പുറകോട്ടു വലിച്ചത്.

വെല്‍ക്കം മിസ്റ്റര്‍ വിശ്വനാഥന്‍………… ഹൌ ഡു യു ഫീല്‍ നൌ ? : അനുബന്ധമായി കേട്ട ആ സ്ത്രീ ശബ്ദം അയാളെ ഞെട്ടിച്ചു കളഞ്ഞു. തന്‍റെ പ്രിയതമയുടെ സ്വരം വിശ്വനാഥന് ഒട്ടും അപരിചിതമായിരുന്നില്ല.

കിടപ്പറയെയും സ്വീകരണമുറിയെയും തമ്മില്‍ വേര്‍തിരിക്കുന്ന കര്‍ട്ടണുകള്‍ കാറ്റത്ത് പാറി പറന്നപ്പോള്‍ പ്രസന്നമായ ഭാവത്തിലാണെങ്കിലും തന്നേ തന്നെ തുറിച്ചു നോക്കുന്ന ആ ചെമ്പന്‍ തലമുടിക്കാരിയെ അയാള്‍ വ്യക്തമായി കണ്ടു. ആ നോട്ടത്തില്‍ വിശ്വനാഥന് താന്‍ അതുവരെ കഴിച്ച മദ്യമെല്ലാം ആവിയായി പോകുന്നത് പോലെ തോന്നി. എങ്കിലും അയാളുടെ കാലുകള്‍ അയാള്‍ സ്വയമറിയാതെ അവളുടെ അടുത്തേക്ക് നീങ്ങി.

ഫസ്റ്റ്ലി ഐ വിഷ് യു കണ്‍ഗ്രാജുലേഷന്‍സ്……………. : പിയാനോയ്ക്ക് അഭിമുഖമായി ഇരിക്കുകയായിരുന്ന ജാനറ്റ് എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് വരുകയും ആ കൈകള്‍ ബലമായി പിടിച്ച് കുലുക്കുകയും ചെയ്തു. മരണ ദിവസം ധരിച്ചിരുന്ന വെള്ള ഗൌണ്‍ ആണ് അവര്‍ അപ്പോഴും അണിഞ്ഞിരുന്നത്.

എന്നെ കൊലപ്പെടുത്തിയത് നിങ്ങളല്ല എന്നു സ്ഥാപിച്ചതിന്. ഈ രാജ്യത്തെ നിയമ വ്യവസ്ഥയെ മുഴുവന്‍ കുരങ്ങ് കളിപ്പിച്ചതിന്. ഒപ്പം എനിക്കു വേണ്ടി ജീവിച്ച എന്‍റെ പാവം പപ്പയെ കൂടി വിഡ്ഢിയാക്കിയതിന്……………………… : അവസാന വാചകം പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറി. കുടുംബത്തെയും വീട്ടുകാരെയും ഇട്ടെറിഞ്ഞു കാമുകന്‍റെ കൂടെ ഇറങ്ങിതിരിച്ചതിലുള്ള കുറ്റബോധം ആ മനസില്‍ നിറഞ്ഞു.

ജാനീ, ഞാന്‍…………………. : സമനില വീണ്ടെടുക്കാന്‍ ശ്രമിച്ച വിശ്വനാഥന്‍റെ തൊണ്ടയില്‍ നിന്ന് ഒടുവിലെപ്പോഴോ ആ രണ്ടു വാക്കുകള്‍ മാത്രമാണ് പുറത്തുവന്നത്.

ശബ്ദിക്കരുത്. എന്‍റെ ജീവനെക്കാളേറെ ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എല്ലാം ഇട്ടെറിഞ്ഞു വന്നു. പക്ഷേ നിങ്ങള്‍ക്ക് എന്നെയല്ല എന്‍റെ സ്വത്താണ് വേണ്ടിയിരുന്നതെന്ന് തിരിച്ചറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി. അതിന്‍റെ വിലയാണ് ആ ന്യൂ ഇയര്‍ തലേന്ന് രാത്രി ഞാന്‍ ഇവിടെ കൊടുക്കേണ്ടി വന്നത്………………. : ജാനറ്റിന്‍റെ ശ്വാസോഛ്വാസത്തിന്‍റെ ഗതി പോലും വിശ്വനാഥനെ ഭയപ്പെടുത്തി. പെട്ടെന്ന് അവിടെയാകമാനം നിശബ്ദത പരന്നപ്പോള്‍ അയാള്‍ ചുറ്റും നോക്കിയെങ്കിലും അവളുടെ പൊടി പോലും കണ്ടില്ല. എല്ലാം തോന്നലാണോ എന്നു സംശയിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത മുറിയില്‍ നിന്ന് ജാനറ്റിന്‍റെ ശബ്ദം ഉയര്‍ന്നു കേട്ടത്.

തണുപ്പ് കാലത്ത് ഇടക്കിടെ സ്വല്പം റെഡ് വൈന്‍ കുടിക്കുന്നത് എന്‍റെ ഒരു ശീലമാണ്…………….. : കയ്യിലിരുന്ന പാനമേരിക്കാനാ മെര്‍ലറ്റിന്‍റെ കുപ്പിയില്‍ നിന്ന് വൈന്‍ ഗ്ലാസിലേക്ക് പകര്‍ന്നുകൊണ്ട് അവള്‍ പറഞ്ഞു. അത് പണ്ടേ അവളുടെ പതിവാണല്ലോ എന്ന് വിശ്വനാഥന്‍ പെട്ടെന്ന് മനസിലോര്‍ത്തു. മെര്‍ലറ്റ് കൊക്ക്ടെയില്‍ പാര്‍ട്ടികളില്‍ ജാനറ്റ് പതിവായി കഴിക്കുന്ന അവളുടെ ഇഷ്ട ബ്രാന്‍ഡ് കൂടിയാണ്.

ദെന്‍ വാട്ട് ഈസ് നെക്സ്റ്റ് ? : വൈന്‍ ഗ്ലാസുമായി അടുത്തുള്ള സോഫയിലേക്ക് ചായുമ്പോള്‍ ജാനറ്റ് ചോദിച്ചു. അവളെ ഒരു അത്ഭുത ജീവി കണക്കേ നോക്കിക്കൊണ്ടു നിന്നതല്ലാതെ മറുത്തൊന്നും പറയാന്‍ അയാള്‍ക്കായില്ല.

എന്‍റെ പണമുപയോഗിച്ച് മ്യൂസ് നദിക്കരയില്‍ നീ വാങ്ങിയ ആ പ്രോപ്പര്‍ട്ടിയുടെ രജിസ്ട്രേഷന്‍ എന്നാണ് ? അതിന്‍റെ പേരിലായിരുന്നല്ലോ ഈ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടായത് : പതുക്കെ വൈന്‍ നുണഞ്ഞുകൊണ്ട് കാലിന്‍മേല്‍ കാലും കേറ്റി വയ്ക്കുന്നതിനിടയില്‍ അവള്‍ പരിഹാസഭാവത്തില്‍ ചോദിച്ചു. അതിനിടക്ക് ഗൌണിന്‍റെ തുറന്ന വിടവില്‍ നിന്ന് പുറത്തേക്കു നീണ്ട അവളുടെ വെളുത്തു തുടുത്ത കാലുകള്‍ ഒരു നിമിഷം അയാളുടെ കണ്ണിലുടക്കി. ജാനറ്റ് അത് ശ്രദ്ധിച്ചു.

ഡു യു വാണ്ട് സെക്സ് ? : കുസൃതിച്ചിരിയോടെയുള്ള അവളുടെ ആ ചോദ്യം അയാളെ ഞെട്ടിച്ചു കളഞ്ഞു.

നോ : വിശ്വനാഥന്‍റെ നോട്ടത്തിലും ശബ്ദത്തിലും ഭയം നിറഞ്ഞു.

ബട്ട് ഐ………………. കമോണ്‍…………….: വൈന്‍ ഗ്ലാസ് അടുത്തുള്ള സ്റ്റാന്‍റില്‍ വച്ച് ജാനറ്റ് പ്രണയം കത്തുന്ന കണ്ണുകളോടെ തനിക്കു നേരെ വരുന്നത് കണ്ട് വിശ്വനാഥന്‍ രണ്ടു ചുവടു പിന്നോട്ടു വച്ചു. അതിനിടയില്‍ പിന്നിലുണ്ടായിരുന്ന ഫ്ലവര്‍ വേസ് താഴെ വീണെങ്കിലും അടുത്തേക്ക് വരുന്ന അവളെ കണ്ട് അയാള്‍ പ്രാണരക്ഷാര്‍ഥം വാതിലിനടുത്തേക്കോടി. അത് വലിച്ചുതുറക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും അയാള്‍ക്ക് നിരാശനാകേണ്ടി വന്നു. പരിഭ്രാന്തനായി തിരിഞ്ഞു നോക്കിയപ്പോള്‍ റൂമിന്‍റെ താക്കോലും കയ്യില്‍ പിടിച്ച് നിസ്സംഗ ഭാവത്തില്‍ നില്‍ക്കുന്ന ജാനറ്റിനെയാണ് വിശ്വനാഥന്‍ കണ്ടത്. അവള്‍ റൂം ലോക്ക് ചെയ്തിരിക്കുകയാണെന്ന് അയാള്‍ക്ക് മനസിലായി.

ഇനിയെന്ത് എന്ന ഭാവത്തില്‍ പകച്ചു നിന്ന വിശ്വനാഥന് ജാനറ്റ് ബാല്‍ക്കണിയിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. അവളില്‍ നിന്ന് എങ്ങനെയും രക്ഷപ്പെടാന്‍ വെമ്പല്‍ കൊണ്ടുനിന്ന അയാള്‍ പെട്ടെന്ന് വേറെയൊന്നും ആലോചിച്ചില്ല. എന്നാല്‍ അവിടെ ഇനിയും ഉറങ്ങാത്ത പാരിസ് നഗരത്തിന്‍റെ മറ്റൊരു മുഖമാണ് അയാളെ കാത്തിരുന്നത്. ഉറുമ്പിന്‍ കൂട്ടങ്ങളെ പോലെ നോക്കെത്താദൂരത്തെ വീഥികളില്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്ന മോട്ടോര്‍ വാഹനങ്ങള്‍ ഇതാദ്യമായി അയാളെ ഭയപ്പെടുത്തി.

ജാനീ ഞാന്‍……………….. : തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട ജാനറ്റിന്‍റെ പ്രണയം വറ്റിയ മുഖത്തോട് എന്തോ പറയാന്‍ അയാള്‍ ഭാവിച്ചെങ്കിലും അവള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ താഴെ ഇനിയും തിരക്കൊഴിയാത്ത ലൂഫോര്‍ഡ് സ്ട്രീറ്റിലെ ദീപാലങ്കാരത്തിലേക്ക് കണ്ണോടിച്ചു. അത് ഒരു സൂചനയാണെന്ന് അയാള്‍ക്ക് തോന്നി.

ഏതാനും നിമിഷങ്ങള്‍ക്കകം വിശ്വനാഥന്‍ നാരായണന്‍ എന്ന ഇന്ത്യാക്കാരന്‍ ഒരു ആര്‍ത്ത നാദത്തോടൊപ്പം പാരിസ് തെരുവോരത്ത് വിലയം പ്രാപിച്ചു.

മണിക്കൂറുകള്‍ക്കകം ഫ്രഞ്ച് പോലീസ് ഹോട്ടല്‍ പെഗാസസിലെ പതിനാറാം നിലയിലെ മോള്‍ട്ടന്‍ ബ്രൌണ്‍ സുഗന്ധം മണക്കുന്ന ചുവരുകള്‍ക്കുള്ളില്‍ ഇരച്ചു കയറിയെങ്കിലും പകുതിയൊഴിഞ്ഞ വൈന്‍ ഗ്ലാസ് അല്ലാതെ വേറൊന്നും അവിടെ കണ്ടെത്താനായില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു ന്യൂ ഇയര്‍ തലേന്ന് ഫ്രഞ്ച് ആര്‍ട്ട് ഗ്യാലറിക്ക് അഭിമുഖമായുള്ള ഹോട്ടല്‍ മുറിയില്‍ അന്തിയുറങ്ങിയ റിച്ചാര്‍ഡ് മൂര്‍ എന്ന വെളുത്തു തടിച്ച അമ്പതു കടന്ന ആസ്ത്രേലിയക്കാരന്‍ പാതിമയക്കത്തിലെപ്പോഴോ ഞെട്ടിയുണര്‍ന്നു. മുറിയിലേക്ക് ഇരച്ചെത്തിയ ശീതക്കാറ്റും തുടര്‍ന്നുള്ള പിയാനോ ശബ്ദവും അയാളുടെ ഉറക്കം കെടുത്തി. പക്ഷേ മറ്റെല്ലാവരും ചെയ്തത് പോലെ അവിടെയാകമാനം തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താന്‍ അയാള്‍ക്കുമായില്ല.

The End

Read അങ്കമാലിയിലെ പ്രധാനമന്ത്രി