പൊറിഞ്ചുവിന്‍റെ സത്യാന്വേഷണ പരീക്ഷകൾ

Malayalam short stories
പേര് പൊറിഞ്ചു. നാല്‍പ്പത്തഞ്ച് വയസ്സ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെറുതല്ലാത്ത ജോലിയുണ്ട്. സംവരണം വഴി കിട്ടിയത്. ഭാര്യ നഗരത്തിലെ ഒരു തുണിക്കടയില്‍ ജോലി ചെയ്യുന്നു. രണ്ടു കുട്ടികള്‍. ഒരു ആണും ഒരു പെണ്ണും. അവര്‍ സ്കൂളില്‍ പഠിക്കുകയാണ്.

മദ്യപാനമാണ് പൊറിഞ്ചുവിന്‍റെ പ്രധാന ദിനചര്യ. അക്കാര്യത്തില്‍ അയാള്‍ ഒരു താമര പൂ പോലെയാണ്. എപ്പോഴും വെള്ളത്തിലായിരിക്കും. ദിവസവും ഒരു ക്വാര്‍ട്ടറെങ്കിലും കഴിച്ചില്ലെങ്കില്‍ അയാള്‍ക്ക് വല്ലാത്ത അസ്വസ്ഥതയാണ്. ചിലപ്പോള്‍ അത് ഒരു ഫുള്ള് വരെയാകും. അതിന്‍റെ ലഹരിയില്‍ മുങ്ങിത്താഴുമ്പോള്‍ കുടുംബം എങ്ങനെ കഴിയുന്നു എന്നൊന്നും പൊറിഞ്ചു ആലോചിച്ചില്ല.

പലവിധ അസുഖങ്ങളും അവശതകളും കാഴ്ചക്കുറവും അലട്ടിയപ്പോഴാണ് അയാള്‍ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചത്. പൊറിഞ്ചുവിനെ പരിശോധിച്ച ഡോക്ടര്‍ ശിവദാസ് ഒറ്റനോട്ടത്തില്‍ തന്നെ വിധിയെഴുതി :

മദ്യപാനമാണ് പ്രശ്നം. അസുഖങ്ങള്‍ മാറണമെങ്കില്‍ മദ്യം പൂര്‍ണമായും വര്‍ജിക്കണം. മരുന്നുകള്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂ.

പൊറിഞ്ചു ഞെട്ടി. മദ്യം കഴിക്കാതിരിക്കുന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു. പതിറ്റാണ്ടുകളായുള്ള ശീലമാണ്. അത് ഒഴിവാക്കുന്നതിനെ കുറിച്ചോര്‍ത്തപ്പോള്‍ തുടര്‍ന്നുള്ള രാത്രികളില്‍ അയാളുടെ ഉറക്കം നഷ്ടപ്പെട്ടു. മദ്യം പൊറിഞ്ചുവിന് അത്രമാത്രം പ്രിയപ്പെട്ടതായിരുന്നു. അവസാനം അയാള്‍ പ്രശ്നത്തിന് ഒരു പോംവഴി കണ്ടെത്തി. മറ്റൊരു ഡോക്ടറുടെ കൂടി ഉപദേശം തേടുക.

നഗരത്തില്‍ നിന്നു കുറച്ചു മാറി, ഫയര്‍ സ്റ്റേഷനടുത്തുള്ള പുതിയ കെട്ടിടത്തില്‍, സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ രാഗേഷിന്‍റെയടുത്ത് പൊറിഞ്ചു എത്തിയത് അങ്ങനെയാണ്.

അയാളെ വിശദമായി പരിശോധിച്ചതിനു ശേഷം ഡോക്ടര്‍ പറഞ്ഞു :

പേടിക്കാനൊന്നുമില്ല. ഇത് താങ്കള്‍ കഴിക്കുന്ന സ്റ്റോണിന്‍റെ ഗുളികയുടെ സൈഡ് എഫക്റ്റ് ആണ്. താങ്കളുടെ ശരീരം അത് ആസപ്റ്റ് ചെയ്യുന്നില്ല. ഞാനത് മാറ്റി തരാം. അതോടെ എല്ലാം ശരിയാകും.

പൊറിഞ്ചുവിന് സന്തോഷമായി. മദ്യം ഒഴിവാക്കണ്ടല്ലോ എന്ന ചിന്ത തന്നെ അയാളെ കോരിത്തരിപ്പിച്ചു. ആ സന്തോഷം ഒരു പൈന്‍റ് അടിച്ചാണ് അയാള്‍ ആഘോഷിച്ചത്.

Also Read  സൌപര്‍ണ്ണികയുടെ മരണം 

പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പൊറിഞ്ചുവിന്‍റെ ആരോഗ്യപ്രശ്നങ്ങളില്‍ മാറ്റമൊന്നും വന്നില്ല. മാത്രമല്ല കൂടുതല്‍ ക്ഷീണിക്കുകയും ചെയ്തു. അയാള്‍ വീണ്ടും ഡോക്ടര്‍ രാഗേഷിനെ സമീപിച്ചു. എന്തു വന്നാലും ശിവദാസിനെ കാണില്ല എന്ന്‍ പൊറിഞ്ചു ആദ്യ അനുഭവത്തില്‍ നിന്നു തന്നെ ഉറപ്പിച്ചിരുന്നു. മദ്യത്തെ എതിര്‍ത്ത ശിവദാസ് ഒരു വ്യാജ ഡോക്ടറാണെന്നും അയാള്‍ ബിരുദമെടുത്തത് ഏതെങ്കിലും ഡി.ടി.പി സെന്‍ററിലെ ഡിസൈനരുടെ കരവിരുതില്‍ ആയിരിക്കുമെന്നും പൊറിഞ്ചു കണക്കു കൂട്ടി.

വിഷമിക്കാനൊന്നുമില്ല. ഞാന്‍ വേറൊരു ടാബ്ലറ്റ് തരാം. സ്വല്‍പം വില കൂടുതലാണ്. പക്ഷേ അതോടെ ഈ പ്രശ്നങ്ങളെല്ലാം മാറും. :

വിവരം അറിഞ്ഞ മാത്രയില്‍ ഡോക്ടര്‍ രാഗേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. അതു കേട്ടപ്പോള്‍ പൊറിഞ്ചുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു. കണ്‍ മുന്നില്‍ ഇരിക്കുന്നത് സാക്ഷാല്‍ ദൈവമാണെന്ന് അയാള്‍ക്ക് തോന്നി. ഡോക്ടര്‍ ശിവദാസിനെ ആയിരം വട്ടം ചീത്ത വിളിച്ച് പൊറിഞ്ചു അന്ന്‍ ഐശ്വര്യമായി ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ ഇരുന്നൂറ് രൂപ കൂടി കാണിക്കയിട്ടു.

Malayalam short stories

തുടര്‍ന്നുള്ള ദിവസങ്ങളില്‍, എല്ലാം നേരെയാവുകയാണെന്ന് പൊറിഞ്ചുവിന് തോന്നി. അയാളുടെ അവസ്ഥ കുറേശ്ശെ മെച്ചപ്പെട്ടു. പക്ഷേ അപ്പോഴും അയാള്‍ ബിവറേജസ് ഭഗവതിക്കുള്ള പതിവ് കാണിക്കയും അതിനു ശേഷം ഭാര്യയുടെ മേലുള്ള നടയടിയും മുടക്കിയില്ല. രാത്രികളില്‍ മറക്കാതെ പൊറിഞ്ചു കുട്ടികള്‍ക്ക് മുന്നില്‍ ഭഗവാന്‍ മഹാദേവന്‍റെ താണ്ഡവ നൃത്തമാടി.

ഒരു മാസം കഴിഞ്ഞുള്ള ഒരു വൈകുന്നേരം ഓഫീസില്‍ വെച്ച് പെട്ടെന്ന് ചോര ഛര്‍ദിച്ച പൊറിഞ്ചുവിനെ സഹപ്രവര്‍ത്തകര്‍ താങ്ങി അടുത്തുള്ള മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആ പ്രദേശത്തുള്ള സകല മാന ടെസ്റ്റുകളും നടത്തിയതിന് ശേഷം ഡോക്ടര്‍മാര്‍ അയാളുടെ ബന്ധുക്കളോട് ആ സത്യം വെളിപ്പെടുത്തി.

Also Read  തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി

പൊറിഞ്ചുവിന് ലിവര്‍ കാന്‍സറാണ്. അതിന്‍റെ അവസാന ഘട്ടത്തിലാണ് ഇപ്പോള്‍. അതുകൊണ്ടു തന്നെ ഇതിന് ഫലപ്രദമായ ചികില്‍സ ലോകത്തൊരിടത്തും ഇല്ല. താല്‍ക്കാലിക ആശ്വാസം നല്‍കുന്ന ചികില്‍സയുണ്ടാവും. അതിനു പക്ഷേ വെല്ലൂരില്‍ പോകണം.

വിവരം അറിഞ്ഞപ്പോള്‍ പൊറിഞ്ചു കരഞ്ഞു, വാവിട്ടു നിലവിളിച്ചു.

എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ, എനിക്കീ ഗതി വന്നല്ലോ………….. എന്‍റെ ഭാര്യ, കുട്ടികള്‍…………………… അവര്‍ക്കിനി ആരുണ്ട് ? അങ്ങയുടെ അടിയുറച്ച ഭക്തനായ എന്നെ മുത്തപ്പനും കൈവിട്ടോ………….. ?

അപ്പോള്‍ അയാളുടെ മനസാക്ഷി അവിടെ പ്രത്യക്ഷപ്പെട്ടിട്ട് ചോദിച്ചു.

ഭാര്യയെയും, കുട്ടികളെയും നീ ഇപ്പോഴാണോ ഓര്‍ത്തത് ? വൈകുന്നേരങ്ങളില്‍ ഗ്ലാസിലെ നുരഞ്ഞു പതയുന്ന ലഹരി ആസ്വദിക്കുമ്പോള്‍ നീ എന്തേ അവരെ ഓര്‍ക്കാതിരുന്നത് ?

അന്ന് നിനക്ക് രക്ഷപ്പെടാനുള്ള വഴി ഉപദേശിച്ചത് ഡോക്ടര്‍ ശിവദാസായിരുന്നില്ല, സാക്ഷാല്‍ ദൈവം തന്നെയായിരുന്നു. അത് ജീവിതത്തിലേക്കുള്ള നിന്‍റെ അവസാന ബസ്സായിരുന്നു. നീ അത് കൈവിട്ട് നിന്‍റേതായ പരീക്ഷണങ്ങള്‍ക്ക് പുറകെ പോയി. ഇനി ആര്‍ക്കും നിന്നെ രക്ഷിക്കാനാവില്ല. ……………….

അനന്തരം മനസാക്ഷി അപ്രത്യക്ഷനായി.

ഗുണപാഠം : ഒരാള്‍ നേര്‍വഴി കാട്ടുമ്പോള്‍, അയാളുടെ വാക്കുകള്‍ അവിശ്വസിച്ച്, തന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായ ഉപദേശങ്ങള്‍ തേടി പോയാല്‍ അത്യാപത്തായിരിക്കും ഫലം.

THE END

 

Leave a Comment

Your email address will not be published. Required fields are marked *