ഡിസംബറിലെ ഒരു പ്രഭാതം.
തണുത്ത് വിറങ്ങലടിച്ചു നില്ക്കുന്ന ആ പുലരിയിലും സലിം ഭായിയുടെ ധാരാവിയിലെ വീട്ടിലേക്കുള്ള വഴികള്‍ക്ക് ചൂട് കൂടുതലാണെന്ന് ആമിറിന് തോന്നി. ആളുകള്‍ ചെറു കൂട്ടങ്ങളായി അന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും നാളെയേ കുറിച്ചും ചര്‍ച്ച ചെയ്ത് ധൃതിയില്‍ നടന്നു പോകുന്നു. ചുറ്റും നടക്കുന്നതൊന്നും അവര്‍ അറിയുന്നില്ല. ഇടുങ്ങിയ റോഡിലെ ഗതാഗതം അങ്ങിങ്ങായി തടസപ്പെടുമ്പോള്‍ ഒച്ച വയ്ക്കുന്ന വാഹനങ്ങളെ ശകാരിക്കാന്‍ മാത്രമാണ് അവര്‍ പുറംലോകത്തേക്ക് തിരിയുന്നത്.
അങ്ങാടിയില്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളും മീനുമൊക്കെ ഇറക്കുന്ന സമയമാണ്. തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങളുമായി കടക്കാരും എജന്റ്മാരും പരിസരത്ത് തന്നെയുണ്ട്.
ക്യാപ്റ്റന്‍ എന്ന് അടുപ്പക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന അബ്ദുല്‍ സലിമിനെ കാണാന്‍ പോകുന്ന ഏതാനും ആളുകള്‍ കൂടി അടുത്തുള്ള ഊട് വഴിയില്‍ നിന്ന് മറാത്തിയില്‍ അയാളെ സ്വാഗതം ചെയ്തുകൊണ്ട് ചുവരുകളെ അലങ്കരിക്കുന്ന പോസ്റ്ററുകള്‍ കടന്ന് മെയിന്‍ റോഡിലേക്ക് ഇറങ്ങി.
ഇന്നിവിടെ എന്തെങ്കിലും നടക്കും……
ആമിര്‍ സ്വയം പറഞ്ഞു.
പരമാവധി പതിമൂന്നോ പതിനാലോ വയസ്. അത്രയേ ഉള്ളൂ അവന്റെ പ്രായം. ഓര്മ വച്ച നാള് മുതലേ അവന് ധാരാവിയിലുണ്ട്. മാതാപിതാക്കള്‍ ആരാണെന്നോ സ്വന്തം സ്ഥലം ഏതാണെന്നോ നിശ്ചയമില്ല. ദാരിദ്ര്യം കാരണം അവര്‍ അവനെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു പോയതാണെന്നും അതല്ല അടുത്ത കാലത്തായി പരിസരത്ത് കാണുന്ന മാനസിക നില തെറ്റിയ സ്ത്രീക്ക് പണ്ട് ജനിച്ചതാണെന്നും അവര്‍ ഇപ്പോള്‍ മകനെ തിരക്കി നടക്കുകയാണെന്നുമൊക്കെ പറഞ്ഞ് ചിലര്‍ ആമിറിനെ ഇടയ്ക്കിടെ ദേഷ്യം പിടിപ്പിക്കാന്‍ നോക്കും. പക്ഷെ അവന് അതൊന്നും കാര്യമാക്കാറില്ല. കാരണം അവനെ സംബദ്ധിച്ച് കരിം ഭായിയാണ് എല്ലാം.
അങ്ങാടിയില്‍ സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പ് നടത്തുന്ന കരിമാണ് ആമിറിനെ ആദ്യം കണ്ടെത്തിയതും കൂടെ കൂട്ടിയതും. ഇന്ന് അയാള്‍ക്ക് അറുപതിന് മുകളില്‍ പ്രായമുണ്ട്. ഭാര്യയും വിവാഹിതരായ രണ്ട് ആണ്മക്കളും ഉണ്ടെങ്കിലും അവരുമായൊന്നും അയാള്‍ അത്ര രസത്തിലല്ല. മക്കള്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് സാമാന്യം ഭേദപ്പെട്ട നിലയില്‍ കഴിയുന്നു. അവര്‍ ഇടയ്ക്ക് വല്ലപ്പോഴും അമ്മയെ കാണാന്‍ വരുമെങ്കിലും അച്ഛനോട് സംസാരിച്ചിട്ട് വര്‍ഷങ്ങളായെന്ന് തന്നെ പറയണം.
കരിം ഭായ് മുന്‍കോപിയും തന്നിഷ്ടക്കാരനുമൊക്കെയാണെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തുമെങ്കിലും ആമിറിന് അദ്ദേഹത്തെ വലിയ കാര്യമാണ്. അദ്ദേഹം സാധുവും സ്നേഹ സമ്പന്നനുമാണെന്ന് ആ ഉള്ളു കണ്ടവര്‍ക്കെല്ലാം അറിയാം. അതുകൊണ്ടാണല്ലോ സ്വന്തം പേര് പോലും നിശ്ചയമില്ലാത്ത പ്രായത്തില്‍ തെരുവില്‍ കണ്ട ബാലനെ രാജകുമാരന് അഥവാ ആമിര്‍ എന്ന പേരുമിട്ട് മകനെ പോലെ കൂടെ നിര്‍ത്താന്‍ അയാള്‍ക്ക് തോന്നിയത്.
ഒരു കാലത്ത് കരിം ഭായ് ധാരാവിയിലെ ഒരു ചെറിയ ദാദയായിരുന്നുവെന്ന് ആമിര്‍ അടുത്തിടെയാണ് അറിഞ്ഞത്. അന്ന് മുതല്‍ അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാനായി അവന് ഇടയ്ക്കിടെ വിളിക്കും- കരിം ലാല ദാദ. അമ്പതുകളില്‍ മുംബെയെ വിറപ്പിച്ച അധോലോക രാജാവായിരുന്നു കരിം ലാല. അഫ്ഗാനില്‍ നിന്ന് വന്ന അയാളാണ് നഗരത്തിലെ ക്രിമിനല്‍ ഗാംഗുകള്ക്ക് തുടക്കമിട്ടതെന്ന് കരുതുന്നു. കരിം ലാല പിന്നീട് 2002ല്‍ മരിച്ചു.
കരിം ദാദ എന്ന് ഉറക്കെയും ലാല എന്ന് പതുക്കെ അയാള്‍ക്ക് മാത്രം കേള്‍ക്കാന്‍ പറ്റുന്ന ശബ്ധത്തിലുമായിരിക്കും വിളിക്കുക. അത് കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ ദേഷ്യം വരുമായിരുന്നെങ്കിലും പിന്നീട് അയാള്‍ അവന്റെ കുസൃതി ആസ്വദിക്കാന്‍ തുടങ്ങി.
ദാദാജി, ഞാന്‍ ഒന്നു പുറത്തു പോയിട്ട് വരാം. കട നോക്കിക്കോണേ………..
ആമിര്‍ അകത്തുണ്ടായിരുന്ന കരിം ഭായിയെ നോക്കി അങ്ങനെ പറഞ്ഞു കൊണ്ട് പുറത്തേക്കോടി.
എടാ നീ എങ്ങോട്ടാ ? എനിക്ക് പുതിയ തരം സൈക്കിളിന്റെ വര്‍ക്കൊന്നും അറിഞ്ഞു കൂടാ……….. : അദ്ദേഹം ചാടിയെഴുന്നേല്ക്കുമ്പോഴേക്കും അവന് ഒരു വിളിപ്പാടകലെ എത്തിക്കഴിഞ്ഞിരുന്നു.
ഞാന്‍ വരാന്‍ കുറച്ചു വൈകും. സലിം ഭായിയുടെ വീട്ടിലേക്കാ……….. : ഇടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അവന് വിളിച്ചു പറഞ്ഞു.
ആരാണ് അബ്ദുല്‍ സലിം ?
എന്താണ് ആ ദിവസത്തിന്റെ പ്രത്യേകത ?
എന്തിനാണ് ആളുകള്‍ ഒരു വലിയ നേതാവിനെ കാണാനെന്നപോലെ അല്ലെങ്കില്‍ അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തില്‍ പങ്കെടുക്കാനെന്ന പോലെ തിരക്കിട്ട് അയാളുടെ വീട്ടിലേക്ക് പോകുന്നത് ?
തൊണ്ണൂറുകള്‍.
അക്കാലത്തെ മുംബൈ ആര്‍ക്കും എളുപ്പം മറക്കാന്‍ സാധിക്കില്ല. അന്ന് നഗരത്തില്‍ ചോര വീഴാത്ത ദിവസങ്ങള്‍ വളരെ കുറവായിരുന്നു.
ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ക്ക് മുകളില്‍ സ്വയം പ്രഖ്യാപിത ദൈവങ്ങള്‍ ആയുധം കൊണ്ടും മാഫിയ ശക്തി കൊണ്ടും അധീശത്വം സ്ഥാപിച്ച നാളുകള്‍. എതിര്‍ത്തവരെയെല്ലാം അവര്‍ കൊന്നു തള്ളി. രാഷ്ട്രീയത്തിലും ഭരണത്തിലും എന്നല്ല ബോളിവുഡിലും ക്രിക്കറ്റിലും വരെ ആ നീരാളി പിടുത്തം കാന്‍സര്‍ പോലെ പടര്‍ന്നു കയറി. അതിലൊരാളായിരുന്നു അബ്ദുല്‍ സലിം.
ആദ്യം ഡി കമ്പനിയുടെ ഭാഗമായും പിന്നീട് അവരുടെ ശത്രുവായും അയാള്‍ മുംബെയില്‍ സ്വന്തമായ ഒരു സാമ്രാജ്യം കെട്ടിപ്പൊക്കി. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കളും മറ്റ് പ്രമാണിമാരും അയാളുടെ ദാസ്യ പണി ചെയ്യാന്‍ മത്സരിച്ചതിന് ചരിത്രം സാക്ഷി.
1992ലെ സ്ഫോടന പരമ്പരകള്‍ നഗരത്തിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരുടെ ജാതകം മാറ്റിമറിച്ചു. ജനരോഷം ഭയന്ന് നേതാക്കള്‍ കളം മാറ്റി ചവിട്ടിയതോടെ സര്‍ക്കാര്‍ സര്‍വിസില്‍ അവശേഷിച്ച ഇച്ഛാശാക്തിയുള്ള ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. തല്‍ഫലമായി ദാവുദിനും സലിമിനും രാജ്യം വിടേണ്ടി വന്നു. ദാവുദ് ദുബായിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയപ്പോള്‍ സലിം പറന്നത് ബാങ്കോക്കിലേക്കാണ്. അവിടെ ഇരുന്നുകൊണ്ട് അവര്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ നിയന്ത്രിച്ചു.
കാര്യങ്ങള്‍ വീണ്ടും കൈവിട്ടു പോകും എന്ന് തോന്നിയപ്പോഴാണ് അവര്‍ അവതരിച്ചത്- ദയാ നായക്, പ്രഫുല്‍ ഭോസ്ലെ, സച്ചിന് വസേ, വിജയ് സലസ്ക്കര്‍. നൂറു കണക്കിന് അധോലോക കുറ്റവാളികളാണ് ആ പോലീസുകാരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ജീവന് വെടിഞ്ഞത്.
ദുബായ് പഴയത് പോലെ സേഫല്ല എന്ന് മനസിലായപ്പോള്‍ ദാവൂദ് കറാച്ചിയിലേക്ക് താവളം മാറ്റി. ഏതൊരു കുറ്റവാളിയുടെയും സ്വപ്ന പറുദീസ. സാധാരണക്കാര്‍ക്ക് യാതൊരു വിലയുമില്ലാത്തതും എന്നാല്‍ തീവ്രവാദികള്‍ക്ക് എല്ലാവിധ സംരക്ഷണവും കൊടുക്കുന്ന ഒരു രാജ്യം പാക്കിസ്ഥാന് അല്ലാതെ ഏതാണ് ?
ഡി കമ്പനിയെ പേടിച്ച് സലിം തന്റെ താമസം കൂടെക്കൂടെ മാറ്റിക്കൊണ്ടിരുന്നു. ആദ്യം മലേഷ്യ, പിന്നീട് ആസ്ത്രേലിയ, ഹോങ്കോങ്ങ്, അവസാനം ആഫ്രിക്ക. തന്നേ തിരഞ്ഞ് ദാവൂദിന്റെ ആളുകള്‍ ഇരുണ്ട ഭൂഖണ്ടത്തിലും എത്തിയെന്നറിഞ്ഞതോടെ അയാള്‍ കൂട്ടുകാരി കത്രീനയെയും കൊണ്ട് പോര്‍ച്ചുഗലിലേക്ക് കടന്നു. അതിനകം ചില ആരോഗ്യ പ്രശ്നങ്ങള്‍ അയാളെ അലട്ടി തുടങ്ങിയിരുന്നു.
Read പാളം തെറ്റിയ വണ്ടികള്‍- കഥ
ഇനിയും വയ്യ എനിക്കിങ്ങനെ ഓടാന്‍……….. ആ ഫിറോസും കൂട്ടരും ഇവിടെയും എത്തിയിട്ടുണ്ട്.
: ആ രാത്രി ലിസ്ബണിലെ നീല ജലാശയത്തിന് അഭിമുഖമായി നില്ക്കുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ പതിനാലാം നിലയിലെ ബാല്‍ക്കണിയോട് ചേര്‍ന്ന് കിടക്കുന്ന മുറിയില്‍ വച്ച് സ്കോച്ച് നിറച്ച ഗ്ലാസുമായി തന്റെ അടുത്തേയ്ക്ക് വന്ന കത്രീനയെ ചേര്‍ത്തു പിടിച്ച് അബ്ദുല്‍ സലിം പറഞ്ഞു.
പ്രണയം നിറഞ്ഞ അവളുടെ കണ്ണുകളില്‍ പേടി നിറയുന്നത് അയാള്‍ കണ്ടു.
ആരു പറഞ്ഞു ?
ഡല്‍ഹിയില്‍ നിന്ന് ജയന്ത് വിളിച്ചിരുന്നു. ഐബിയില്‍ നിന്ന്. അവരുടെ കോണ്‍ഫിഡെന്‍ഷ്യല്‍ റിപ്പോര്‍ട്ടാണ്. എന്ത് വില കൊടുത്തും ഇക്കുറി സലിമിനെ തീര്‍ക്കാനാണ് കറാച്ചിയില്‍ നിന്നുള്ള നിര്‍ദേശമെന്ന്………….. : സലിം അവളുടെ അരക്കെട്ടില്‍ നിന്നുള്ള പിടി വിട്ടുകൊണ്ട് ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു.
പിന്നെ ഇവിടെയുള്ള നമ്മുടെ ആളുകളും പറഞ്ഞു ഞാനറിയാതെ ചില പ്ലാനുകളൊക്കെ കൂട്ടത്തില്‍ തന്നെ നടക്കുന്നുണ്ടെന്ന്. ആരെയാ വിശ്വസിക്കേണ്ടത് ആരാ ചതിക്കുക എന്നൊന്നും പറയാനാവാത്ത അവസ്ഥ.
ഇനി നമ്മള് എന്ത് ചെയ്യും ? കത്രീന അയാളുടെ പുറകെ വന്ന് തോളില്‍ കൈ വച്ചുകൊണ്ട് ചോദിച്ചു.
ശര്‍മ്മാജി ഇപ്പോള്‍ ഒരു സ്ഥലം വരെ പോയിട്ടുണ്ട്. ഞാന്‍ പറഞ്ഞിട്ട്. എന്റെ ഡിമാന്റ്സ് അവര്‍ അംഗികരിച്ചാല്‍, ഞാന്‍ കീഴടങ്ങും. ഇന്ത്യ ഗവണ്മെന്റിന്. അക്കാര്യം സംസാരിക്കാനാണ് അദ്ദേഹം മീഡിയേറ്ററെ കാണാന്‍ പോയിരിക്കുന്നത്.
: സലിം അടുത്തുള്ള സോഫയില്‍ ഇരിക്കുന്നതിനിടയില്‍ പറഞ്ഞു.
അസ്മി, നിങ്ങള്‍ക്കെന്താ പ്രാന്ത് പിടിച്ചോ ? അവര്‍ നിങ്ങളെ തൂക്കിക്കൊല്ലും. ഞാനിത് സമ്മതിക്കില്ല. നിങ്ങളെന്തെങ്കിലും പറഞ്ഞയുടനെ എടുത്ത് ചാടാന്‍ ആ ശര്‍മ്മാജിയും. ഇങ്ങ് വരട്ടെ. അയാളെ ഞാന്‍ ശരിയാക്കുന്നുണ്ട്. : ദേഷ്യത്തോടെ കത്രീന ആക്രോശിച്ചു. ബോംബ് സ്ഫോടനത്തിന് മുമ്പ് ബോളിവുഡിലെ അത്യാവശ്യം അറിയപ്പെടുന്ന നടിയായിരുന്നു അവര്‍. ഡി കമ്പനിക്ക് വേണ്ടി നടത്തിക്കൊണ്ടിരുന്ന ചെറുകിട ചാരവൃത്തികള്‍ വഴിയാണ് അവള് സലിമുമായി അടുത്തത്. ആ ബന്ധം പിന്നീട് സിനിമയുടെ മറവിലുള്ള മയക്കു മരുന്ന് കടത്തിലേക്കും അവസാനം അയാളുടെ ബെഡ് റൂമിലേക്കും വളര്‍ന്നു.
സ്വീറ്റി, നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ : അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റ് അടുത്തേക്ക് വന്ന് അവളെ ശാന്തയാക്കാന് ശ്രമിച്ചു. കത്രീന പക്ഷെ ദേഷ്യത്തോടെ സലിമിന്റെ കൈ തട്ടി മാറ്റി.
നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ പിന്നെ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല. ഓര്‍ത്തോ, : കാമുകി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോള്‍ സലിം സ്നേഹത്തോടെ അവളെ ചേര്‍ത്തു നിര്‍ത്തി.
ഒന്നും സംഭവിക്കില്ല. പോര്‍ച്ചുഗലില്‍ വധശിക്ഷ കൊടുക്കാന്‍ നിയമമില്ല. അതുകൊണ്ട് എന്നെ ഇന്ത്യക്ക് കൈമാറുമ്പോഴും ആ ഉറപ്പിലായിരിക്കും അവര്‍ വിട്ട് കൊടുക്കുക.
: അയാള്‍ പറഞ്ഞത് വിശ്വാസമാകാതെ കത്രീന ആ മുഖത്തേയ്ക്ക് തുറിച്ചു നോക്കി.
സത്യം. പരമാവധി ഇരുപത് വര്‍ഷം. അതിനകം ഞാന്‍ പുറത്തു വരും. പക്ഷെ ഇവിടെ നിന്നാല്‍ എനിക്ക് അത്ര പോലും ആയുസ്സുണ്ടാകില്ല. ഏത് നിമിഷവും അത് സംഭവിക്കാം.
അപ്പോള്‍ ഞാനോ ?
നിന്റെ പേരില്‍ നാട്ടില്‍ അങ്ങനെ വലിയ കേസൊന്നുമില്ലല്ലോ. എങ്കിലും കുറച്ചു നാളത്തേക്ക് അകത്തു കിടക്കുന്നതാ നിനക്കും നല്ലത്. ഒരു രണ്ടോ മൂന്നോ വര്‍ഷം. അപ്പോഴേക്കും എല്ലാം കലങ്ങി തെളിയും. ശര്‍മ്മാജി പുറത്തുണ്ടല്ലോ.
ആലോചിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ശരിയാണെന്ന് കത്രീനക്കും തോന്നി. ആ മുഖം പതുക്കെ തെളിയുന്നത് കണ്ടപ്പോള്‍ അസ്മി എന്ന് കത്രീന സ്നേഹത്തോടെ വിളിക്കുന്ന അബ്ദുല്‍ സലിമിന്റെ മനസ് നിറഞ്ഞു. പാക്കറ്റ് തുറന്ന് സിഗരറ്റ് കയ്യിലെടുക്കുന്നതിനിടയില്‍ അയാള്‍ അവളെ നോക്കി ചിരിച്ചു. പഴയ അഭിനേത്രിയുടെ മുഖത്ത് കരച്ചിലും ചിരിയും മാറി മാറി വിരിയുന്നത് അയാള്‍ കണ്ടു.
കത്രീനയുടെ അപ്രതിക്ഷിതമായ ഭാവമാറ്റം അയാളെ ഒരുവേള ഞെട്ടിച്ചു കളഞ്ഞു. പൊടുന്നനെ അയാളുടെ നേരെ തിരിഞ്ഞ അവള് തോളില്‍ കയ്യിട്ട് അയാളുടെ ചുണ്ട് കടിച്ചെടുത്തു. സ്തബ്ധനായ സലിമിന്റെ കയ്യില്‍ നിന്ന് സിഗരറ്റും പാക്കറ്റും താഴെ വീണു. എങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത അയാള്‍ പ്രേയസിയെ വരിഞ്ഞു മുറുക്കി, അവളുടെ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചു.