റിയാദിലെ അല്‍–ഹയര്‍ ജയിലിന്റെ ഇരുട്ടറകളില്‍ ഒന്നില്‍ അല്പം മുമ്പ് ഗാര്‍ഡ് കൊണ്ടു വന്നു തന്ന, അധികാരികള്‍ പൊട്ടിച്ചു നോക്കിയ നാട്ടിലെ തപാല്‍ മുദ്ര പതിഞ്ഞ എയര്‍ മെയില്‍ തുറന്നപ്പോള്‍ സേതുരാമന്റെ കയ്യൊന്നു വിറച്ചു.
കത്തിലെ കയ്യക്ഷരം കണ്ടപ്പോള്‍ മകള്‍ അനുക്കുട്ടിയുടെ മുഖമാണ് അയാളുടെ മുന്നില്‍ തെളിഞ്ഞത്. അയാള്‍ ആ കടലാസിലൂടെ തന്റെ കണ്ണുകളോടിച്ചു.
അച്ഛാ, അച്ഛന് ആഗ്രഹിച്ചത് പോലെ ഈ ഞായറാഴ്ച എന്റെ കല്യാണമാണ്. എനിക്കിപ്പോ കല്യാണം വേണ്ടെന്ന് ഞാന്‍ ഇവിടെ എല്ലാരോടും കരഞ്ഞു പറഞ്ഞതാണ്. പക്ഷേ ഇത് നടക്കണം എന്നത് അച്ഛന്റെ വലിയ ആഗ്രഹമാണെന്നും, അത് കഴിഞ്ഞ കത്തിലും സൂചിപ്പിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞു. അച്ഛനില്ലാത്തപ്പോ ഇതെനിക്ക് ഒട്ടും ഇഷ്ടമല്ല. എനിക്കു വേണ്ടിയാണല്ലോ അച്ഛന് ഈ കഷ്ടപ്പെട്ടതെല്ലാം. എന്നിട്ട്……………………. എനിക്കതൊട്ടും താങ്ങാന്‍ വയ്യ. ശരി, അച്ഛനെ ഞാന്‍ കൂടുതല്‍ വിഷമിപ്പിക്കുന്നില്ല. എല്ലാവരും പറഞ്ഞതു പോലെ, അച്ഛന് ആഗ്രഹിച്ച പോലെ ഈ ഞായറാഴ്ച ഞാന്‍ കതിര്‍മണ്ഡപത്തില്‍ കയറും. അച്ഛന് വരാന്‍ സാധിക്കില്ലെന്ന് അറിയാമെങ്കിലും ഞാന്‍ കാത്തിരിക്കും. എന്ന്, അച്ഛന്റെ സ്വന്തം അനുക്കുട്ടി……………..
അത് വായിക്കുമ്പോള്‍ കണ്ണീരടക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവസാനം അയാള്‍ വിങ്ങിപ്പൊട്ടി. ശബ്ദം പുറത്തു വരാതിരിക്കാന്‍ അയാള്‍ സ്വയം കൈ കൊണ്ട് വാ പൊത്തിപ്പിടിക്കുകയും ചെയ്തു.
എന്താ പറ്റിയത് ? നാട്ടീന്നാണോ ? : സെല്ലില്‍ കൂടെയുള്ള, താടി നീട്ടി വളര്‍ത്തിയ, ജഡ പിടിച്ചതു പോലെ മുടിയുള്ള മലയാളിയായ ചെറുപ്പക്കാരന് ചോദിച്ചു. ഒന്നുമില്ലെന്ന മട്ടില്‍ സേതുരാമന് തലയാട്ടി.
എന്താ നിങ്ങള്‍ ചെയ്ത കുറ്റം ? : അയാള്‍ വീണ്ടും ചോദിച്ചു.
ചങ്ങാതിയെ വിശ്വസിച്ചു………………. അതാണ് ചെയ്ത കുറ്റം. :
കണ്ണീരടക്കുന്നതിനിടയില് സേതുരാമന് ഒരു വിധം പറഞ്ഞോപ്പിച്ചു. എന്നിട്ട് ഒരു മൂലയില്‍ ചുവരില്‍ ചാരിയിരുന്ന് മുകളിലേക്കു നോക്കി. അപ്പോള്‍ അയാളുടെ മനസ്സില്‍ ചില ചിത്രങ്ങള്‍ തെളിഞ്ഞു വന്നു. അവയ്ക്ക് കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഉണ്ടായിരുന്നത്. നാട്ടിന്‍പ്പുറത്തിന്റെ നന്മകളും സ്നേഹവും സൌന്ദര്യവും നിറഞ്ഞ നല്ല ഒരു കുടുംബ ചിത്രം അയാളുടെ കണ്ണുകളില്‍ വസന്തം വിരിയിച്ചു.
ബെഡ് റൂമില്‍, എങ്ങോട്ടോ പുറപ്പെടാനായി ഒരുങ്ങുന്ന സേതുരാമന്റെ അടുത്തെത്തി അയാളുടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടുന്നതിനിടയില്‍ സത്യഭാമ ചോദിച്ചു.
അല്ല സേതുവേട്ടാ, നമുക്കിത് വേണോ ? ഇവിടത്തെ കടയും കാര്യങ്ങളും തന്നെ നോക്കി നടത്തിയാല്‍ പോരേ നമുക്ക് ?വേര്‍പിരിയേണ്ടി വരുന്നതിന്റെ വിഷമം അവളുടെ വാക്കുകളിലും മുഖത്തുമുണ്ടെന്ന് അയാള്‍ക്ക് മനസിലായി.
നീ എന്തറിഞ്ഞിട്ടാ ഭാമേ, ഈ പറയുന്നത് ? ഈ നാട്ടിന്‍പുറത്ത് ഒരു ചായക്കടയും തുറന്നിരുന്നിട്ട് എന്തെടുക്കാനാ ? ഒരു ആറു മാസം കൂടി കഴിഞ്ഞാല്‍ അനുക്കുട്ടിയുടെ കല്യാണമാണ്. ഞാന്‍ നോക്കിയിട്ട് വേറൊരു വഴിയും കാണുന്നില്ല. ആകെ പ്രതീക്ഷയുണ്ടായിരുന്നത്, വായനശാലക്കടുത്തുള്ള ആ നാല്‍പ്പത് സെന്റ് സ്ഥലമാ. അതിപ്പോ ചേട്ടന് അപ്പീല്‍ പോയ സ്ഥിതിക്ക് എന്താവുമെന്ന് കണ്ടറിയണം……………. :
അയാള്‍ അവളെ മാറ്റി, സ്വയം ഷര്‍ട്ടിന്റെ കൈ മടക്കിക്കൊണ്ട് പറഞ്ഞു.
അനുക്കുട്ടിയുടെ കല്യാണത്തിന് പണമുണ്ടാക്കാനാണ്, സൌദിയിലുള്ള ഒരു സുഹൃത്ത് വഴി, അവിടത്തെ ഒരു ഹോട്ടല്‍ ഗ്രൂപ്പില്‍ സഹായിയായി പോകാന്‍ അയാള്‍ തീരുമാനിച്ചത്. ജിദ്ദയിലും റിയാദിലുമായി മൂന്ന് ഹോട്ടലുകള്‍ ഉണ്ട് അവര്‍ക്ക്. ഇടക്കിടക്ക് അവിടെയെല്ലാം മാറി മാറി നില്‍ക്കേണ്ടി വരും. ഒപ്പം ഓര്‍ഡറുകള്‍ വരുന്നതനുസരിച്ച് ചിലപ്പോഴൊക്കെ കാറ്ററിങ്ങിന്റെ ചുമതലയുമുണ്ടാവും. അതല്ലാതെ സ്ത്രീധനത്തിനും മറ്റു ചിലവുകള്‍ക്കുമായി സേതു രാമന് മറ്റൊരു വഴിയും കണ്ടില്ല.
അതിപ്പോ ഞാന്‍ കാരണമല്ലേ ചേട്ടനുമായുള്ള ഈ കേസും വഴക്കുമൊക്കെ ? അല്ലായിരുന്നെങ്കില്‍…………………. : സത്യഭാമയുടെ കണ്ണുകള്‍
പെട്ടെന്ന് നിറഞ്ഞു. അത് കണ്ടപ്പോള്‍ അയാള്‍ക്കും വിഷമമായി.
സേതുരാമന്റെ ഉറ്റ ചങ്ങാതി ജയകൃഷ്ണന്റെ പെങ്ങളായിരുന്നു സത്യഭാമ. ജാതകദോഷം കൊണ്ടും സാമ്പത്തിക പ്രശ്നങ്ങള്‍ മൂലവും അവളുടെ വിവാഹങ്ങള്‍ പലതും മുടങ്ങിയപ്പോള്‍, ആരോടും ചോദിക്കാതെ, നാട്ടിലെ തന്നെ ശ്രീകൃഷ്ണ ക്ഷേത്രനടയില്‍ വെച്ച് സേതുരാമന് അവളെ താലി ചാര്‍ത്തുകയായിരുന്നു. മനസ്സില്‍ പണ്ടു മുതലേ ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നു എന്നതും അതിനു കാരണമായി. പക്ഷേ അതോടെ അയാള്‍ വീട്ടില്‍ നിന്നു പുറത്തായി. കുറച്ചു കാലം മുമ്പ് അച്ഛന് തന്റെ പേരിലുള്ള നാല്പത് സെന്റ് സ്ഥലം അയാളുടെ പേരില്‍ എഴുതിവെച്ചെങ്കിലും അദേഹത്തിന്റെ മരണത്തോടെ അതിന്റെ അവകാശത്തര്‍ക്കം കോടതിയിലെത്തി. ജ്യേഷ്ഠന് ബാലഭദ്രനാണ് അച്ഛന് അസുഖം ബാധിച്ച് സ്വബോധത്തിലല്ലാത്ത സമയത്ത്, അദേഹത്തെ സ്വാധീനിച്ച് സേതുരാമന് സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നു കാണിച്ച് കോടതിയെ സമീപിപ്പിച്ചത്. കഴിഞ്ഞ മാസം കോടതി സേതു രാമന് അനുകൂലമായി വിധിച്ചെങ്കിലും ബാലഭദ്രന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ദേ, കൈ മടക്കി ഒന്നു തന്നാലുണ്ടല്ലോ…………. നിന്നെയും കുട്ടികളെയും നോക്കാന്‍ എനിക്ക് ഒരുത്തന്റെയും സഹായം വേണ്ട. പിന്നെ ഇപ്പോ ഒരു അത്യാവശ്യമുള്ളതു കൊണ്ടാ ഒന്നു പോയി നോക്കാമെന്ന് വെച്ചത്. : സേതുരാമന് സത്യഭാമക്കു നേരെ കൈ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു. സൌദിയിലുള്ള സുഹൃത്ത് ഷുക്കൂറാണ് അയാള്‍ക്ക് വിസയും മറ്റു കാര്യങ്ങളും ശരിയാക്കിയത്.
Also Read നരസിംഹം
സ്ത്രീധനമായിട്ട് ഒന്നും വേണ്ടെന്നാ അനീഷിന്റെ വീട്ടുകാര്‍ പറഞ്ഞത്. പക്ഷേ ഒന്നും കൊടുക്കാതെ എങ്ങനെയാ ? പിന്നെ മറ്റു ചിലവുകളും. എന്റെ കയ്യിലുള്ളതും നിന്റെ സ്വര്‍ണവും ചേര്‍ത്താല്‍ കൂടി ഒരു എണ്‍പത് കാണും. അതു കൊണ്ടെന്താകാനാ ? അതാ ഷുക്കൂര്‍ പറഞ്ഞപ്പോള്‍ വേറൊന്നും ആലോചിക്കാതെ പോകാമെന്നു തീരുമാനിച്ചത്……………………… : അയാള്‍ കയ്യിലൊതുങ്ങുന്ന തന്റെ ചെറിയ ബാഗുമെടുത്ത് അടുത്ത മുറിയിലേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു.
അടുത്ത വെള്ളിയാഴ്ചയാണ് സേതുരാമന് പോകേണ്ടത്. ഞായറാഴ്ച കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഷുക്കൂറോ അല്ലെങ്കില്‍ അയാളുടെ സുഹൃത്തുക്കളോ എയര്‍പോര്‍ട്ടില്‍ വരും.
പക്ഷേ പോയാല്‍ ഒരു വര്‍ഷമെങ്കിലും കഴിയാതെ ലീവ് കിട്ടില്ലെന്നല്ലേ സേതുവേട്ടന് അന്നു പറഞ്ഞത്……………………. ? : സത്യഭാമ അയാളുടെ പുറകെ ചെന്ന് പരിഭവത്തോടെ ചോദിച്ചു.
അത് എഗ്രിമെന്റില്‍ പറഞ്ഞതല്ലേ ? ഷുക്കൂറിന്റെ അടുത്ത ചങ്ങാതിയാ ഈ ഹോട്ടലിന്റെ എം.ഡി. കല്യാണത്തിന്റെ സമയമാകുമ്പോഴേക്കും എന്നെ എങ്ങനെയും നാട്ടിലെത്തിക്കാമെന്ന് ഷുക്കൂര്‍ എനിക്ക് വാക്ക് തന്നീട്ടുണ്ട്. അത് എം.ഡിയെ മണിയടിച്ച് അവന് സാധിച്ചോളും. നല്ല സ്നേഹമുള്ളവനാ ഈ ഷുക്കൂര്‍. അല്ലെങ്കില്‍ പണ്ട് സ്കൂളില്‍ കൂടെ പഠിച്ചതാണെന്നു വെച്ച് ഇക്കാലത്ത് ആരെങ്കിലും ഇങ്ങനെയൊരു സഹായം ചെയ്യുമോ ? : സേതുരാമന് ചോദിച്ചു. അടുക്കളയില്‍ നിന്ന് അനുക്കുട്ടി ഒരു ഗ്ലാസ് ചായ കൊണ്ടു വന്നപ്പോള്‍ സത്യഭാമ അതു വാങ്ങി. ബാഗ് അടുത്തുള്ള മേശയില്‍ വെച്ച് അയാള്‍ സത്യഭാമ നീട്ടിയ ഗ്ലാസ് വാങ്ങി കുടിക്കാന്‍ തുടങ്ങി.
എന്റെ മോളുടെ കല്യാണം നാട്ടുകാര്‍ കാണ്കേ വലിയ ഒരാഘോഷമായി നടത്തണം. അതെന്റെ ഒരു വാശിയാണെന്ന് കൂട്ടിക്കൊ………. : പകുതി തീര്‍ന്ന ഗ്ലാസ് മേശയില്‍ വെച്ചു കൊണ്ട് സേതുരാമന് ഒരു കൈ കൊണ്ട് മകളെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു. അതു കേട്ടപ്പോള്‍ രണ്ടു പേരുടെയും മുഖം തെളിഞ്ഞു.
പക്ഷേ അഭിയുടെ ഈ കിടപ്പ് കണ്ട് പോണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം………… എഴുന്നേറ്റോ അവന് ? : അയാള്‍ വിഷമത്തോടെ സത്യഭാമയോട് ചോദിച്ചു.
പട്ടണത്തിലെ കോളേജില്‍ ബി.ടെക്കിന് പഠിക്കുന്ന ഇളയ മകന് അഭിജിത്തിന് അടുത്തിടെ കൂട്ടുകാരന്റെ ബൈക്കിന്റെ പുറകില്‍ നിന്നു വീണ് പരുക്കേറ്റിരുന്നു. വലതു കാലിന് പ്ലാസ്റ്റര്‍ ഇട്ട അവന് ഇപ്പോള്‍ കിടപ്പാണ്. ബൈക്കോടിച്ച കൂട്ടുകാരന് വലിയ പരുക്കൊന്നുമില്ല.
അവന് എപ്പോഴേ എഴുന്നേറ്റു. ഞാന്‍ കുറച്ചു മുമ്പ് നോക്കിയപ്പോള്‍ എന്തോ വായിക്കുകയാ……………………. : സത്യഭാമ എന്തെങ്കിലും പറയും മുമ്പേ അനുക്കുട്ടിയാണ് മറുപടി പറഞ്ഞത്.
ആണോ ? എന്നാലൊന്നു കണ്ടിട്ട് പോകാം………….. : സേതുരാമന് അഭിജിത്തിന്റെ മുറിയിലേക്ക് നടന്നു. വാതില്‍ തള്ളിയപ്പോള്‍ കിടന്നു കൊണ്ട് എന്തോ വായിക്കുകയായിരുന്ന അഭിജിത്ത് എഴുന്നേല്ക്കാന് ശ്രമിച്ചു.
വേണ്ട, മോന് കിടന്നോ…………….. : സേതുരാമന് അവനെ തടഞ്ഞു. എന്നിട്ട് അവന്റെയടുത്ത് കട്ടിലില്‍ ഇരുന്നു.
Also Read പിച്ചാത്തി പരമുവിന്റെ കോടാലിപ്പിടി
ഇപ്പോ എങ്ങനെയുണ്ട് ? നല്ല ആശ്വാസമുണ്ടോ ? : സേതുരാമന്റെ ചോദ്യത്തിന് അവന് തലയാട്ടി.
ഉം. ഇതൊന്നും സാരമില്ല. രണ്ടു മൂന്നു മാസത്തിനുള്ളില്‍ എല്ലാം ശരിയാകും. നിന്റെ ഈ കോഴ്സൊന്നു കഴിയട്ടെ……………… നിനക്കും കൂടി പറ്റിയ എന്തെങ്കിലും പണി അവിടെ കിട്ടുമോ എന്ന് ഞാനൊന്നു നോക്കട്ടെ. ഒത്താല്‍ ഒരു രണ്ടു കൊല്ലത്തിനുള്ളില്‍ നിന്റെ അമ്മയെ ഇവിടെ ഒറ്റക്കാക്കി നമുക്ക് രണ്ടു പേര്‍ക്കും കടല്‍ കടക്കാം………….. എന്തേ ? : അയാള്‍ ചിരിച്ചു കൊണ്ട് അഭിജിത്തിനോട് ചോദിച്ചു. അവന് ആ തമാശ ആസ്വദിച്ചു കൊണ്ട് അമ്മയുടെ മുഖത്തൊന്നു നോക്കിയിട്ട് തലയാട്ടി.
അതു ശരി. ഏറിയാല്‍ രണ്ടോ മൂന്നോ വര്‍ഷം, അതിനുള്ളില്‍ സേതുവേട്ടന് തിരിച്ചു വരുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ രണ്ടും കൂടി എന്നെ ഇവിടെ തനിച്ചാക്കാനുള്ള പ്ലാന്‍ ഇടുകയാണ്. അല്ലേ ? : സത്യഭാമ ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു.
നിനക്കെന്തിനാടി എന്റെയും ഈ പിള്ളേരുടെയും കൂട്ട് ? നീ നീട്ടിയൊന്ന് വിളിച്ചാല്‍ അപ്പുറത്ത് നിന്ന് നിന്റെ അമ്മ ഓടി വരില്ലേ ?
പോരാത്തതിന് നിന്റെ ചേട്ടന്, അതായത് എന്റെ പുന്നാര അളിയന് രാവിലെയും വൈകിട്ടും വന്ന് പെങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നുമുണ്ട് .പിന്നെന്തു വേണം ? അതിനിടയില്‍ ഞങ്ങള്‍ മൂന്നും ഒരു അധികപറ്റായിട്ടാ എനിക്ക് തോന്നിയീട്ടുള്ളത്………………….ശരിയല്ലെടാ മക്കളേ ? : സേതുരാമന് മക്കള്‍ രണ്ടു പേരോടുമായി ചോദിച്ചു.
ശരിയാണ്……………….. : രണ്ടു പേരും ചിരിച്ചുകൊണ്ട് ഒരേ സ്വരത്തില്‍ പറഞ്ഞു.
ദേ, രണ്ടു പേരും ഇന്ന് വാങ്ങിച്ചു കൂട്ടും എന്റെ കയ്യില്‍ നിന്ന്………….. : സത്യഭാമ ദേഷ്യത്തോടെ മക്കള്‍ക്ക് നേരെ അടിക്കാന്‍ കയ്യോങ്ങി.
സേതുവേട്ടന് പോകാറായില്ലെ ? അല്ലെങ്കില്‍ പിള്ളേരുടെ കൂടെ കളിച്ചിരുന്നോ………. കച്ചവടക്കാര്‍ അവരുടെ പാട്ടിന് പോട്ടെ…………….. : അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ക്ക് പെട്ടെന്നു സ്ഥലകാല ബോധം വന്നു. അയാള്‍ വേഗം എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
കവലയിലെ സേതുരാമന്റെ കടമുറി നോക്കാന്‍ അന്നു രാവിലെ ആളു വരുമെന്ന് സുഹൃത്ത് ബീരാന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. അവരെ കണ്ട് കച്ചവടമുറപ്പിക്കാനാണ് അയാള്‍ രാവിലെ തന്നെ ഇറങ്ങിയത്.
എടീ അങ്ങനെ അറം പറ്റുന്ന വാക്കൊന്നും പറയല്ലേ. ഒന്നാമത് കരിനാക്കാ നിന്റേത്……….. എത്ര ശ്രമിച്ചിട്ടാ ഒരു പാര്‍ടിയെ ഇപ്പോ കിട്ടിയതെന്ന് അറിയോ ? പാവം ആ ബീരാന് കുട്ടി കുറെ കഷ്ടപ്പെട്ടു………..അല്ലായിരുന്നെങ്കില്‍ ഞാന്‍ പോയാലും അവിടെ ആകെ പൊടിപ്പിടിച്ച് നശിക്കുകയെ ഉള്ളൂ. : സൈക്കിള്‍ എടുത്ത് ബാഗ് പുറകിലെ കാരിയറില്‍ വെയ്ക്കുന്നതിനിടയില്‍ സേതുരാമന് ഭാമയോട് പറഞ്ഞു.
ഹും. ഒരു പറ്റിയ കൂട്ട്. സേതുവേട്ടന് വേറെ ആരെയും കിട്ടിയില്ലേ, അതേപ്പിക്കാന് ? എനിക്കയാളെ കാണണതേ ഇഷ്ടമല്ല……………….. : സത്യഭാമ അവജ്ഞയോടെ പറഞ്ഞു.
നീ വിചാരിക്കുന്നത് പോലൊന്നുമല്ല. ഒരു പാവമാ അവന്. പിന്നെ ചില പൊട്ടത്തരമൊക്കെ വിളിച്ചു പറയുമെന്നേയുള്ളൂ. അത് വിദ്യാഭ്യാസത്തിന്റെയാ……………….. ഞാന്‍ പോട്ടെ, ഉച്ചക്ക് മുമ്പെത്താം………. : അയാള്‍ സൈക്കിള്‍ സ്റ്റാണ്ട് മാറ്റി, അതില്‍ കയറിയിട്ട് പറഞ്ഞു. സത്യഭാമ തലയാട്ടി. അയാള്‍ സൈക്കിള്‍ ചവിട്ടി ഗെയ്റ്റ് കടന്നു പോയപ്പോള്‍ അവര്‍ അകത്തേക്ക് തിരിഞ്ഞു.