അടുത്ത വെള്ളിയാഴ്ച.
ഉച്ചക്ക് 12.30 നാണ് റിയാദിലേക്കുള്ള വിമാനം പുറപ്പെടുക.
വസ്ത്രങ്ങള്‍ നിറച്ച ഒരു ബാഗ് മാത്രമേ സേതുരാമന് കൊണ്ടു പോകാന്‍ ഉണ്ടായിരുന്നുള്ളൂ. അതിലേക്ക് സത്യഭാമ രണ്ടു കുപ്പി അച്ചാര്‍
എടുത്തു വെയ്ക്കുന്നത് കണ്ട് അയാള്‍ ഓടി വന്നു.
എടീ, ഇതൊന്നും ഫ്ലൈറ്റില്‍ കൊണ്ടു പോകാന്‍ പറ്റില്ല. കസ്റ്റംസ് കണ്ടാല്‍ പിടിക്കും………………. : അയാള്‍ അവരെ നിരുല്സാഹപ്പെടുത്താന് ശ്രമിച്ചു.
പിന്നേ, കസ്റ്റംസുകാര്‍ക്ക് നിങ്ങടെ ഈ അച്ചാര്‍ പിടിക്കലല്ലേ പണി. അവരും മനുഷന്മാരല്ലേ…………… കാര്യം പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകും…………………. പരിചയമില്ലാത്ത സ്ഥലമാ. കഴിക്കാന്‍ എന്തൊക്കെ കിട്ടുമോ എന്തോ…………. വായ്ക്കു രുചിയായീട്ട് ഒന്നും കിട്ടിയില്ലെങ്കില്‍ ഇതും കൂട്ടികഴിക്കാം. : സത്യഭാമ പറഞ്ഞു. അയാള്‍ പിന്നെയൊന്നും പറയാന്‍ പോയില്ല.
അച്ഛാ, ചെന്നാലുടന്‍ വിളിക്കില്ലെ ? അവിടെ എപ്പോഴാ എത്തുക ? :
അപ്പോള്‍ അങ്ങോട്ട് വന്ന അനുക്കുട്ടി ചോദിച്ചു.
അവിടെ നാളെയേ എത്തൂ. ഉച്ചയാകും. ചെന്നാലുടനെ വിളിക്കാം……….. : സേതുരാമന് അവളുടെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.
അതെങ്ങനെയാ, ഇവിടത്തെ ഫോണ്‍ ഇന്നലെ മുതല്‍ ചത്തു കിടക്കുകയാ………. ഇതുവരെയും ശരിയായീട്ടില്ല : സത്യഭാമ പെട്ടെന്ന് ഇടക്ക് കയറി ഓര്മിപ്പിച്ചപ്പോള് അയാള്‍ അവര്‍ക്ക് നേരെ തിരിഞ്ഞു.
അത് കാലത്ത് പത്തു മണിക്ക് മുമ്പേ ശരിയാകും. ഞാന്‍ ഇന്നലെ ആ ലൈന്മാന് ബാലുവിനെ കണ്ട് കുറെ ചീത്ത പറഞ്ഞു. അവന് എല്ലാം എറ്റിട്ടുണ്ട് : സേതുരാമന് പറഞ്ഞു.
ഉവ്വ്. ഒരു ചീത്ത പറയണ ഒരാള്‍…………. ഇന്നു വരെ ഈ അച്ഛന് ദേഷ്യം വന്നാല്‍ അമ്മയെ കൂടി ചീത്ത പറയണതു ഞാന്‍ കേട്ടിട്ടില്ല………..എന്നിട്ടാണ്…………….. : അനുക്കുട്ടി ചിരിയോടെ പറഞ്ഞതു കേട്ട് സേതുരാമന് ഒരു ചമ്മലോടെ ചിരിച്ചു. അതു ശരിയാണല്ലോ എന്ന് സത്യഭാമക്കും തോന്നി. ദേഷ്യം വന്നാല്‍ പെട്ടെന്ന് എന്തെങ്കിലും പറയുമെന്നല്ലാതെ അയാള്‍ മനപൂര്‍വം ആരെയും വേദനിപ്പിക്കാറില്ല.. അത് അയാളെ പരിചയമുള്ള എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
എപ്പോഴും ഏതു സമയത്തും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി സേതു രാമനുണ്ട്. എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിക്കുന്ന ഒരാള്‍. അതുകൊണ്ട് നാട്ടുകാരെല്ലാം അയാളെ ബഹുമാനത്തോടെയും ഒരു പ്രത്യേക മതിപ്പോടെയുമാണ് കണ്ടിരുന്നത്.
നമ്മളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാത്ത ആളാ നിന്റെ അച്ഛന്. ആ ആളാ ഇപ്പോ സൌദിക്ക് പോകണത്. ഇനി അവിടെ ചെന്ന് എന്തൊക്കെ കാട്ടിക്കൂട്ടുമോ എന്തോ ? : സത്യഭാമ കളിയാക്കിയതാണെന്ന് മനസിലായെങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല. എല്ലാവരെയും പിരിയുന്നതിന്റെ വിഷമം ആ മുഖത്തുണ്ടെന്ന് അപ്പോള്‍ സത്യഭാമക്ക് തോന്നി.
Also Read അവള്
കുടുംബം നോക്കാനുള്ള, വര്‍ഷങ്ങളായുള്ള അലച്ചിലും കഷ്ടപ്പാടും കാരണം അയാളുടെ മുഖവും ശരീരവും ശരിക്ക് കരുവാളിച്ചല്ലോ എന്ന് അവര്‍ ഓര്‍ത്തു. അത് മുമ്പ് പറഞ്ഞപ്പോഴെല്ലാം ചിരിച്ചു തള്ളിയിട്ടേയുള്ളൂ സേതുരാമന്. കൂടെ ആണുങ്ങളായാല്‍ ഇങ്ങനെയൊക്കെ തന്നെയാണെന്ന ന്യായവും. പക്ഷേ താനാണോ അയാളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം എന്ന കുറ്റബോധം സത്യഭാമയെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്. നല്ല സാമ്പത്തിക നിലയിലുള്ള കുടുംബത്തില്‍ നിന്ന് വിവാഹത്തോടെയാണല്ലോ അയാള്‍ പുറത്തായത് എന്ന ചിന്ത പലപ്പോഴും അവരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.
അപ്പോ എയര്‍പോര്‍ട്ടില്‍ ഞങ്ങളാരും വരണ്ടെന്നാണോ സേതുവേട്ടന് പറയുന്നത് ? : അയാള്‍ക്ക് പോകുമ്പോള്‍ ഇടാനുള്ള ഷര്‍ട്ട് ഇസ്തിരിയിടുന്നതിനിടയില്‍ സത്യഭാമ വീണ്ടും ചോദിച്ചു.
വേണ്ട. അഭിയെ തനിച്ചാക്കണ്ടേ ? മാത്രമല്ല യാത്ര പറയുന്നതിനിടക്ക് അവിടെ നിങ്ങളെ കണ്ടാല്‍ എനിക്ക് വിഷമമാകും. ഏതായാലും ജയനും ബീരാന് കുട്ടിയും എന്റെ കൂടെ അവിടം വരെ വരും. എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ അവര്‍ വന്നു പറഞ്ഞോളും : സേതു പറഞ്ഞു. തന്റെ ചേട്ടനും കൂടെയുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സത്യഭാമക്ക് അല്പം ആശ്വാസമായി.
തന്റെ ഈ യാത്ര കുടുംബത്തിന് മൊത്തം ഒരു വഴിത്തിരിവായിരിക്കുമെന്ന് സേതുരാമന് അപ്പോള്‍ തോന്നി. മകളുടെ വിവാഹം ആഘോഷമായി നടത്തുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ അപ്പോള്‍ അയാളുടെ മനസില്‍ നിറഞ്ഞു നിന്നു. ആ സ്വപ്നങ്ങള്‍ അയാള്‍ക്ക് ചുറ്റും വര്‍ണ്ണ മഴ പെയ്യിച്ചു.
സേതുവേട്ടാ, എനിക്കൊരു സഹായം ചെയ്യണം. എന്റെ സുഹൃത്ത് ജമാല്‍ അവിടെ ജിദ്ദയിലുണ്ട്. അവന്റെ ഉമ്മക്ക് നല്ല സുഖമില്ല. അവര്‍ക്ക് ഈ മരുന്നൊന്ന് എത്തിക്കണം. എയര്‍പോര്‍ട്ടില്‍ അവന് വന്നോളും. സേതുവേട്ടന് എന്ത് ആവശ്യമുണ്ടെങ്കിലും അവനോട് പറഞ്ഞാല്‍ മതി. അവന് ശരിയാക്കി തരും………………….. :
ദേശീയ പാതക്കടുത്തുള്ള പഴയ പാലം കടക്കുമ്പോള്‍, കാറിലെ പുറകിലത്തെ സീറ്റില്‍ കൂടെയിരുന്ന ബീരാന് കുട്ടി ഒരു പൊതി നല്‍കിക്കൊണ്ട് അയാളോട് പറഞ്ഞു.
അപ്പോള്‍ പുറത്ത് നല്ല വെയില് പരക്കുന്നത് സേതുരാമന് കണ്ടു. മീനമാസച്ചൂട് തുടങ്ങുകയാണെന്ന് അയാള്‍ക്ക് തോന്നി. നാടും വീടും വിട്ട് ജീവിത പ്രാരാബ്ധം കാരണം മണലാരണ്യത്തില്‍ കഷ്ടപ്പെടേണ്ടി വരുന്ന പ്രവാസിയുടെ വേദന അയാളുടെ മനസില്‍ വട്ടമിട്ടു പറന്നു.
അടുത്ത ദിവസം മദ്ധ്യാഹ്നത്തോടടുത്ത് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ആദ്യമായി മറുനാട്ടില്‍ എത്തുന്ന ഒരു സാധാരണ മലയാളി നാട്ടിന്മ്പുറത്തുക്കാരന്റെ വിഹ്വലതകള്‍ സേതുരാമന്റെ ഓരോ ചലനത്തിലും നിറഞ്ഞു നിന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് അതെന്ന് ഇടക്ക് ആരോ പറഞ്ഞത് അയാളോര്‍ത്തു. അവിടെ നിന്ന് താമസ സ്ഥലത്തെത്തണമെങ്കില്‍ എഴുപത് കിലോമീറ്റര്‍ യാത്ര ചെയ്യണം.
പുറത്ത് ഷുക്കൂര്‍ ഉണ്ടാവും. ബാഗെടുക്കാനായി അയാള്‍ വേഗം നടന്നു. അതിനകം കസ്റ്റംസുകാര്‍ ബാഗ് തുറന്നു പരിശോധിക്കുന്നത് അയാള്‍ ദൂരെ നിന്നേ കണ്ടു. സേതുരാമനെ കണ്ടപ്പോള്‍ അവര്‍ അറബിയില്‍ എന്തോ ചോദിച്ചെങ്കിലും അയാള്‍ക്ക് ഒന്നും മനസിലായില്ല. എങ്കിലും ബാഗിനെ കുറിച്ചായിരിക്കുമെന്ന് അയാള്‍ ഊഹിച്ചു.
ദിസ് ഈസ് മൈ ബാഗ് : അയാള്‍ ഒരു വിധം പറഞ്ഞോപ്പിച്ചു. പരിശോധിച്ച് തിരിച്ചു കൊടുക്കാന്‍ തുടങ്ങുമ്പോഴാണ് അടിയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ വെച്ച ഒരു പൊതി കസ്റ്റംസുകാരുടെ കയ്യില്‍ കിട്ടിയത്. ബീരാന് കുട്ടി തന്ന പൊതിയാണ് അതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ സേതുവിന് മനസിലായി.
ദെയ് ആര് സം മെഡിസിന്‍സ്………….. : അയാള്‍ പറഞ്ഞു. ഇതിനിടയില്‍ മേലുദ്യോഗസ്ഥന് എന്നു തോന്നിപ്പിക്കുന്ന ഒരാള്‍ വന്ന് ആ
പാക്കറ്റ് വാങ്ങി മണത്തു നോക്കി.
അല്പ സമയത്തിനകം രണ്ടു– മൂന്ന് ഗാര്‍ഡുകള്‍ അയാളെ വളഞ്ഞു. എന്താണെന്ന് മനസിലാകുന്നതിന് മുമ്പെ അവര്‍ അയാളുടെ കൈകള്‍ പിന്നിലാക്കി വിലങ്ങു വെച്ചു. പരിഭ്രമത്തോടെ സേതു കുതറി മാറാന്‍ ശ്രമിച്ചെങ്കിലും അറബിയില്‍ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് അവര്‍ ബലം പ്രയോഗിച്ച് അയാളെ അകത്തെ ഒരു മുറിയിലേക്ക് കൊണ്ടു പോയി.
വാട്ട് ഈസ് ദിസ് ? : ഡയറക്ടര്‍ ജനറല്‍ എന്ന ബോര്‍ഡിന് അടുത്ത് നിന്ന, തൊപ്പി വെച്ച താടിക്കാരനായ ആള് ബാഗില്‍ നിന്നു പിടിച്ച പൊതി കാണിച്ചുകൊണ്ട് ചോദിച്ചു.
മെഡിസിന്‍സ്……….. വണ്‍ പേഴ്സണ്‍ വില്‍ കം ഹിയര്‍ ടു കളക്ട് ഇറ്റ്…………… : മേശയില്‍ കമിഴ്ന്നു കിടക്കുന്നതിനിടയില്‍ സേതു വിറച്ചു കൊണ്ട് പറഞ്ഞു. ഗാര്‍ഡുകള്‍ അപ്പോഴും ബലമായി പുറകില്‍ നിന്ന് അയാളുടെ കഴുത്തില്‍ പിടിച്ചിരുന്നു.
താടിക്കാരന് അറബിയില്‍ എന്തോ പറഞ്ഞപ്പോള്‍ അവര്‍ പിടി വിട്ടു. സേതു ഒരു വിധം നേരെ നിന്നു. അപ്പോഴും കൈകളിലെ വിലങ്ങ് അയാള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി.
ഡൂ യൂ നോ ഹിം ? ഡിഡ് യൂ സീ ദാറ്റ് പേഴ്സണ്‍ ഏവര് ? : താടിക്കാരന്റെ അടുത്തുണ്ടായിരുന്ന മറ്റൊരു ഓഫീസര്‍ ചോദിച്ചപ്പോള്‍ സേതു നിഷേധാര്ഥത്തില് തലയാട്ടി.
നോ………. ബട്ട് മൈ ഫ്രണ്ട് ടോള്‍ഡ് മീ ദാറ്റ് ഹീ വില്‍ ഐഡെന്റിഫൈ മീ…………….. : സേതു പറഞ്ഞു. അയാളുടെ കണ്ണുകളില്‍ എന്തെന്നില്ലാത്ത ഭയം നിറഞ്ഞു നിന്നു. നാട്ടില്‍ പോലും പോലീസ് സ്റ്റേഷനില്‍ കയറിയീട്ടില്ലാത്ത അയാള്‍ക്ക് നടക്കുന്നതെല്ലാം ഒരു ദുസ്വപ്നമായിട്ടാണ് തോന്നിയത്. പക്ഷേ അപ്പോഴും പൊതിയില്‍ എന്താണ് പ്രശ്നമെന്ന് അയാള്‍ക്ക് മനസിലായില്ല.
ഓഫീസര്‍ താടിക്കാരനോട് എന്തോ പറയുന്നത് കേട്ടു. ഒരു നിമിഷം കഴിഞ്ഞപ്പോള്‍ താടിക്കാരന് ഗാര്‍ഡുകളോട് അറബിയില്‍ എന്തോ പറഞ്ഞു. ഉടനെ അവര്‍ സേതുവിന്റെ വിലങ്ങുകള്‍ അഴിച്ചു മാറ്റി.
ഷോ അസ് ടു ഹൂം യൂ ആര് സപ്പോസ് ടു ഹാന്റില്‍ ദിസ് പാക്കറ്റ്……………… : താടിക്കാരന് പരുക്കന്‍ ഭാവത്തോടെ സേതുവിനോട് പറഞ്ഞു. അടുത്ത നിമിഷം ഗാര്‍ഡുകള്‍ അയാളെ പിടിച്ചു വലിച്ചു കൊണ്ടുപോയി. സന്ദര്‍ശകരുടെ ഗാലറിക്ക് അടുത്തെത്തിയപ്പോള്‍ അവര്‍ അയാളെ തന്നെ വീക്ഷിച്ചു കൊണ്ട് ഒരിടത്ത് മാറി നിന്നു. പക്ഷേ അവിടെ ഏറെ നേരം തിരഞ്ഞെങ്കിലും ആരും സേതു രാമനെ സമീപിച്ചില്ല. സത്യത്തില്‍ അങ്ങനെയൊരാള്‍ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സേതു പിടിയിലായെന്ന സംശയത്തില്‍ അയാള്‍ അടുത്തെത്തിയില്ല. സേതുവിന്റെ നിസഹായാവസ്ഥ കണ്ടപ്പോള്‍ ഗാര്‍ഡുകള്‍ വീണ്ടും അയാളെ പിടിച്ച് ഡയറക്ടറുടെ മുറിയിലേക്ക് കൊണ്ടു പോയി………………
സര് ഹീ ഈസ് ലയ്യിങ്. നോബഡി വാസ് ദെയര്‍ ടു കളക്ട് ദിസ് മെറ്റീരിയല്‍………… : ഗാര്‍ഡ് പറഞ്ഞതു കേട്ട് താടിക്കാരന് കൂടെയുള്ള ഓഫീസറെ ഒന്നു നോക്കിയിട്ട് സേതുവിന്റെ അടുത്തേക്ക് വന്നു.
Also Read കടല്‍
വലിയൊരളവ് കൊക്കെയിനും കയ്യില്‍ വെച്ച് കസ്റ്റംസിനെ കുരങ്ങു കളിപ്പിക്കുന്നോടാ റാസ്ക്കല്‍………………… : എന്ന് അറബിയില്‍ ആക്രോശിച്ചു കൊണ്ട് അയാള്‍ സേതു രാമന്റെ കരണത്തിട്ടൊന്നു പൊട്ടിച്ചു. അയാളുടെ കണ്ണുകളില്‍ കൂടി പൊന്നീച്ച പറന്നു. വീഴാതിരിക്കാന്‍ അയാള്‍ അടുത്തുള്ള കസേരയില്‍ കയറിപ്പിടിച്ചു. പക്ഷേ മറ്റുള്ളവരില്‍ നിന്ന് ഇടനെഞ്ചും അടിവയറും നോക്കിയുള്ള ഏതാനും അടികള്‍ കിട്ടിയപ്പോഴേക്കും അയാള്‍ കരഞ്ഞു പോയി, വായില്‍ നിന്ന് ചോര വന്ന്, അയാള്‍ താഴേക്കു വീണു.ബോധം പോകുന്നത് വരെ അവര്‍ അയാളെ ചവിട്ടിക്കൂട്ടി………………….
ബോധം വന്ന് ജയിലറയില്‍ കിടക്കുമ്പോള്‍ ബീരാന് കുട്ടി ചെയ്ത ചതിയെ കുറിച്ചോര്‍ത്തപ്പോള്‍ സേതുവിന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. പണത്തിനു വേണ്ടി മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന ആളായിരുന്നു തന്റെ സുഹൃത്തെന്ന് അപ്പോള്‍ അയാള്‍ക്ക്
തോന്നി. സുഹൃത്തെന്നു കരുതിയ ആളുടെ ചതിയില്പ്പെട്ടപ്പോള് തകര്‍ന്നു പോയത് തന്റെ കുടുംബത്തിന്റെ മൊത്തം സ്വപ്നങ്ങളാണല്ലോ എന്നോര്‍ത്തപ്പോള്‍ സേതുരാമന് കരഞ്ഞു കൊണ്ട് തറയില്‍ വീണു. ഭാമയെയും കുട്ടികളെയും കാണണമെന്ന് ആഗ്രഹം തോന്നിയെങ്കിലും മറ്റൊരു രാജ്യത്ത് തടവിലുള്ള തനിക്ക് അതെങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് അയാള്‍ക്കുത്തരം ഇല്ലായിരുന്നു. തന്റെ കുടുംബത്തിന്റെ അപ്പോഴത്തെ അവസ്ഥ ഓര്‍ത്തപ്പോള്‍ അയാളുടെ നെഞ്ചു പിടച്ചു.
ഹ്രസ്വ നേരം മാത്രം നീണ്ടു നിന്ന വാദങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഒടുവില്‍ ശരിയ നിയമത്തില്‍ അധിഷ്ഠിതമായ ഇസ്ലാമിക കോടതി സേതു രാമനെ വധശിക്ഷയ്ക്ക് വിധിച്ചു. 300 ഗ്രാമിലധികം കൊക്കയിന് കൈവശം വെച്ചത് പരമാവധി ശിക്ഷയ്ക്ക് മതിയായ കാരണമാണെന്ന് കോടതി വിലയിരുത്തി. നാട്ടില്‍ നിന്നുള്ള സമ്മര്‍ദവും സുല്‍ത്താന്‍ നല്കിയ മാപ്പപേക്ഷയുമൊന്നും ശിക്ഷ ഇളവ് ചെയ്യാന്‍ അയാളെ സഹായിച്ചില്ല.
മയക്കുമരുന്ന് കേസാണ്, അല്ലേ ?
സെല്ലില്‍ കൂടെയുള്ള മലയാളിയുടെ ചോദ്യം അയാളെ ഭൂതകാലത്തില്‍ നിന്നും പെട്ടെന്ന് ഉണര്‍ത്തി. മുഖം തിരിച്ച് അയാളെ ഒന്നു നോക്കി എന്നല്ലാതെ സേതു ഒന്നും പറഞ്ഞില്ല. അപ്പോഴും നാട്ടില്‍ നിന്ന് മകള്‍ എഴുതിയ കത്ത് ഭദ്രമായി തന്നെ അയാള്‍ കയ്യില്‍ പിടിച്ചു.
ഇവിടെ എങ്ങനെയാ ഒരാളെ കൊല്ലുക ? :
ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സേതുരാമന് പതുക്കെ ചോദിച്ചു.
അത് പലതരത്തിലാണ്. ചിലപ്പോ പൊതു നിരത്തിലോ അല്ലെങ്കില്‍ ജയിലിന് പുറത്തോ വെച്ച് തല വെട്ടും. അല്ലെങ്കില്‍ കല്ലെറിഞ്ഞോ വെടിവെച്ചോ കൊല്ലും. പക്ഷേ അവസാനം പറഞ്ഞ രണ്ടും
ഇപ്പോ അങ്ങനെ ചെയ്യാറില്ല……………… :
വളരെ ലാഘവത്തോടെ, ഇക്കാര്യത്തില്‍ നല്ല അറിവുള്ളയാളെ പോലെ, തന്റെ താടി തടവിക്കൊണ്ട് ആ മലയാളി പറഞ്ഞു.
അതുകേട്ട് എല്ലാം തകര്ന്നവനെ പോലെ ചുവരില്‍ ചാരിയിരിക്കുമ്പോള്‍ മൈലുകള്‍ക്കപ്പുറത്ത്, ഇനിയൊരു അതിര്‍ത്തിക്കുള്ളിലുള്ള തന്റെ കൊച്ചു വീടും കുടുംബവും അയാളുടെ മനസ്സില്‍ മുറിവുണ്ടാക്കി. അഭിജിത്ത് ക്ലാസില്‍ പോകാന്‍ തുടങ്ങിയെന്നും അനുക്കുട്ടി കല്യാണ സാരി എടുക്കാന്‍ കൂടി വരാതെ വിഷമിച്ചിരിക്കുകയാണെന്നും ജയകൃഷ്ണന് ഇടക്ക് കത്തില്‍ പറഞ്ഞിരുന്നു. ഭാമയെ കുറിച്ച് കത്തില്‍ ഒന്നും പറഞ്ഞില്ലെങ്കിലും സേതുവിന്റെ മനസ്സില്‍ അപ്പോള്‍ കരഞ്ഞു കോലം കെട്ടുപോയ തന്റെ ഭാര്യയുടെ മുഖം തെളിഞ്ഞു വന്നു…………….
ദിവസ്സങ്ങള്‍ കഴിഞ്ഞുള്ള ഒരു വൈകുന്നേരം, രണ്ട് ഓഫീസര്‍മാര്‍ വന്ന് സെല്ലിന്റെ വാതില്‍ തുറക്കുന്നത് കണ്ട് സേതുവും സഹ തടവുകാരനും ഒരു പോലെ മുഖം തിരിച്ച് വാതില്‍ക്കലേക്ക് നോക്കി. അവര്‍ അകത്തേക്ക് വരുന്നത് കണ്ടപ്പോള്‍ രണ്ടു പേരും എഴുന്നേറ്റു. ഓഫീസര്‍മാരില്‍ പിന്നിലുള്ള ആള് താടിക്കാരനോട് എന്തോ പറഞ്ഞു. എന്നിട്ട് മൂവരും സേതുവിന്റെ അടുത്തേക്ക് വന്നു. അവര്‍ അറബിയില്‍ പറയുന്ന കാര്യം മലയാളത്തില്‍ തര്‍ജിമ ചെയ്യാനാണ് അയാളോട് പറഞ്ഞതെന്ന് സേതുരാമന് തോന്നി.
മുന്നിലുള്ള മേലധികാരി എന്നു തോന്നിപ്പിക്കുന്ന ആള് സേതുവിനോട് അറബിയില്‍ എന്തോ പറഞ്ഞു. ഉടനെ താടിക്കാരന് അത് മലയാളത്തിലേക്ക് മൊഴി മാറ്റി.
നിങ്ങളുടെ വധശിക്ഷ നാളെ നടപ്പാക്കും. അതിനു മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്…………………
അപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ വികാരങ്ങള്‍ സേതുവിന്റെ മനസില്‍ കൂടി കടന്നു പോയി. തന്റെ ജീവന്റെ ജീവനായ ഭാര്യയുടെയും മക്കളുടെയും ചിത്രം അയാളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നു. അവരുടെ കൂടെ ഇനിയും ഏറെക്കാലം ജീവിക്കണമെന്ന തന്റെ മോഹം ബാക്കിയാവുകയാണെന്ന് സേതു രാമന് തോന്നി. കണ്ണു നിറയുമ്പോഴും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ ഓഫീസറോട് പറഞ്ഞു :
നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞാല്‍ മനസിലാകുമോ എന്നറിയില്ല. നാളെ എന്റെ മകളുടെ വിവാഹമാണ്. രാവിലെ 10.30 ന്. അതുകൊണ്ട് ഇത് നടപ്പാക്കുന്നത് അതിനു ശേഷമാക്കിയാല്‍ കൊള്ളാം. കാരണം ഞങ്ങളുടെ നാട്ടില്‍ ഒരാചാരമുണ്ട്, വീട്ടില്‍ ഒരു മരണം നടന്നാല്‍ പിന്നെ ഒരു വര്‍ഷത്തേക്ക് മംഗള കര്‍മങ്ങളൊന്നും നടത്താന്‍ പാടില്ല എന്ന്. കല്യാണം മുടങ്ങണ്ട, അത് നടക്കട്ടെ…………. ഞാനില്ലെങ്കിലും…………. അതു വരെ ഇക്കാര്യം ആരും അറിയണ്ട……………
അത്രയും പറഞ്ഞ് അടുത്തുള്ള ഭിത്തിയില്‍ കൈ വെച്ച് അയാള്‍ ഏങ്ങലടിച്ച് കരഞ്ഞു. പക്ഷേ എന്നിട്ടും അയാളുടെ കാതുകളില്‍
അപ്പോള്‍ മുഴങ്ങിക്കൊണ്ടിരുന്നത് നാട്ടിന്‍പുറത്തെ ഒരു താളമേളമാണ്………………………
കല്യാണത്തിന്റെ…………………..
THE END
Image Credit
Man in jail: Wallin & Klarich
Village life: Maya
[The story first published on November 3, 2016]