51 വെട്ടുകള്‍

malayalam short story

അന്ന് രഘുനന്ദനന്‍റെയും സുനന്ദ ടീച്ചറുടെയും പതിനാലാം വിവാഹ വാര്‍ഷികമായിരുന്നു…………………….

പുല്ലുവഴിയിലെ അച്ഛന്‍റെ തറവാട്ടു വീടിന്‍റെ സുഖശീതളിമ യില്‍നിന്നും ടീച്ചര്‍ രഘുനന്ദനന്‍റെ കരവലയത്തിലേക്ക് കൂട് മാറിയ ദിവസം……………. എല്ലാം ഇന്നലെ   കഴിഞ്ഞത് പോലെയാണെന്ന് അവര്‍ക്ക് തോന്നി………….

ഉന്നതകുലജാത കുടുംബത്തില്‍ നിന്ന്, നല്ലൊരു ഭാവി അവഗണിച്ച്, ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ടൈപ്പിസ്റ്റ് മാത്രമായ ഒരാളുടെ ജീവിതത്തിലേക്ക് കടക്കുന്നതിനു നാലുപാടുനിന്നും എതിര്‍പ്പായിരുന്നു…………

പക്ഷെ, അമ്മയുടെ മരണശേഷം, തനിക്ക് ആശ്രിത നിയമനമായി കിട്ടിയ പുല്ലുവഴി ഗവ. യു. പി സ്കൂളിലെ അധ്യാപന ജോലിക്കിടയില്‍, എപ്പോഴോ പരിചയപ്പെട്ട ആ നല്ല മനുഷ്യന്‍റെ നിഷ്കളങ്കതയാണ് ഇഷ്ടമായത്. പിന്നീട് നടന്ന രജിസ്റ്റെര്‍ ഓഫീസിലെ ഒത്തു ചേരലിന് സാക്ഷികളായി കൂടെയുണ്ടായിരുന്നത്, അദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. വര്‍ഷങ്ങളായി അടുത്തറിയാവുന്ന പ്രിയപ്പെട്ട കൂട്ടുകാര്‍…………. താഴെ ഒപ്പിട്ടത് കമ്പനിയിലെ എംപ്ലായീസ് യൂണിയന്‍റെ ട്രഷറര്‍ കൂടിയായ മനക്കല്‍ ശശീന്ദ്രനും, സെക്രട്ടറിയായ ബാലപ്പന്‍ ആചാരിയുമാണ്.

സുനന്ദക്ക് തുടക്കത്തില്‍ പ്രശ്നങ്ങളുണ്ടാവും.. പുതിയ സാഹചര്യങ്ങള്‍…………….. പുതിയ ആള്‍ക്കാര്‍……………. പക്ഷെ എന്തുണ്ടെങ്കിലും എന്നെ വിളിക്കാം. വളരെ ചെറുപ്പത്തില്‍ നിനക്ക് നഷ്ടപ്പെട്ടു പോയ നിന്‍റെ മൂത്ത ജ്യേഷ്ടന്‍റെ സ്ഥാനത്ത് കണ്ടാല്‍ മതി, എന്നെ………: ബാലപ്പന്‍ അന്ന് പറഞ്ഞു.

പിന്നെ ഒരാശ്വാസമുള്ളത്, അവിടെ നിന്നോട് പോരെടുക്കാന്‍ ആരുമില്ല എന്നുള്ളതാണ്. രഘുവിന്‍റെ രണ്ടു പെങ്ങള്‍മാരും കല്യാണം കഴിഞ്ഞ് അവരവരുടെ വീടുകളിലാണ്. ആകെയുള്ള അമ്മ ഒരു പാവവും. പക്ഷെ ഇയാള്‍ക്ക് അവരെ കഴിഞ്ഞിട്ടേയുള്ളൂ എല്ലാം, ഒരു പക്ഷെ ഈ താന്‍ പോലും. അതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. : അയാള്‍ തുടര്‍ന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.

അപ്പോള്‍ നിര്‍ദോഷമായി ചിരിച്ചുകൊണ്ട്, ഒന്നും പ്രതികരിച്ചില്ല എങ്കിലും, രഘു നന്ദനന്‍ അന്ന് രാത്രി പറഞ്ഞു:

സത്യമാണ് നന്ദാ, എനിക്ക് അമ്മയാണ് എല്ലാം. അച്ഛന്‍റെ മരണശേഷം, അമ്മയാണ് ഞങ്ങള്‍ മൂന്നു പേരെയും വളര്‍ത്തി ഈ നിലയിലെത്തിച്ചത്. അതിനിടയില്‍ സ്വന്തം കാര്യം നോക്കാന്‍ അമ്മ മറന്നു. ജോലിത്തിരക്കിനിടയില്‍ എനിക്കു പലപ്പോഴും അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയാറുമില്ല. പോരാത്തതിന് അല്പം സാമൂഹ്യ സേവനവും ഉണ്ട്. അതൊക്കെ തനിക്ക് വഴിയേ മനസിലാകും. ഇനി ഏതായാലും താനുണ്ടല്ലോ, ഇവിടത്തെ കാര്യങ്ങള്‍ നോക്കാന്‍………………………

അപ്പോള്‍ ആ മനുഷ്യന്‍റെ മുഖത്ത് സമാധാനത്തിന്‍റെ തിരയിളക്കം കണ്ടു. സ്നേഹ സമ്പന്നനായ അദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നി. പക്ഷെ അപ്പോഴും സ്വന്തം അച്ഛനും, ചേട്ടനുമൊക്കെ ഒരു വിങ്ങലായി അവശേഷിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഒരു സെപ്ടംബര്‍ മാസത്തില്‍, അര്‍ജുനും, അതും കഴിഞ്ഞ്, ഒരു ഏപ്രില്‍ മാസത്തില്‍, ജന്മനാ കരളിനു സ്വല്പം തകരാറുമായി മാളവികയും വരുമ്പോഴേക്കും കാര്യങ്ങള്‍ കുറെയൊക്കെ മാറിയിരുന്നു. അറ്റു പോയ ചങ്ങല കണികള്‍ വീണ്ടും കൂടി ചേര്‍ന്നു. സ്നേഹനിധിയായ അച്ഛന്‍, ചേട്ടന്‍, കുടുംബം, എല്ലാം……………

പക്ഷെ അപ്പോഴും മാളുവിന്‍റെ കാര്യത്തില്‍ ഒരു ആകുലത നിലനിന്നു. എന്നാല്‍ രഘുവേട്ടന് അധികം ടെന്‍ഷന്‍ ഉള്ളതായി തോന്നിയില്ല. അതോ പതിവു പോലെ, തന്നെ കൂടുതല്‍ വിഷമിപ്പിക്കണ്ട എന്നു വിചാരിച്ച് ഒന്നും വീട്ടില്‍ പറയാതെ, പുറത്തു കൂട്ടുകാരുടെ അടുത്ത് പങ്കു വെച്ചതാണോ ആ പാവം ? അതായിരുന്നുവല്ലോ എന്നും അദേഹത്തിന്‍റെ ശീലം. സൌഹൃദം എന്നും ഒരു ദൌര്‍ബല്യമായിരുന്നു രഘുവേട്ടന്…………………….

ഏതായാലും, ദീര്‍ഘ നാളത്തെ ചികിത്സ കൊണ്ടു എല്ലാം ശരിയാകും, എന്ന ഉറപ്പു നല്‍കിയത് കോയമ്പത്തൂര്‍ മെഡിക്കല്‍ ‌ ഫൌണ്ടേഷനിലെ, പ്രഗത്ഭനായ ഡോ. രമാകാന്തനാണ്. എല്ലാം നേരെയായി വരുകയാണെന്ന് തോന്നി, കഴിഞ്ഞ ദിവസ്സങ്ങളില്‍…………… മാളുക്കുട്ടിയുടെ കരള്‍ മാറ്റിവെയ്ക്കാനുള്ള ശാസ്തക്രിയക്കുള്ള ദിവസവും നിശ്ചയിച്ചു. പലരും കരള്‍ ദാനം ചെയ്യാന്‍ തയ്യാറായെങ്കിലും, അവസാനം തന്‍റെ കരള്‍ മാത്രമാണ് യോജിച്ചത്.

പക്ഷെ ഇന്നലെ രാത്രിയുടെ നിശബ്ദധതയിലെപ്പോഴോ വന്ന ഒരു ഫോണ്‍കാള്‍ ആണ് എല്ലാം തകര്‍ത്തത്. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. കുറച്ചു സമയമെടുത്തു, സമനില വീണ്ടെടുക്കാന്‍……………

Read  ഗാന്ധിജി കണ്ട ആധുനിക ഇന്ത്യ

 രഘുവേട്ടനെ രാത്രി വരുന്ന വഴി, ആരോ വെട്ടി എന്ന് മാത്രമാണ് വിളിച്ചയാള്‍ പറഞ്ഞത്.

കുറച്ചു നാളുകളായി, ഫാക്ടറിയിലെ ചില പ്രശ്നങ്ങളുടെ പേരില്‍ രഘുവേട്ടന് ഭീഷണികളുണ്ടായിരുന്നു. അടുത്തകാലത്ത് മാനേജ്മെന്‍റ് കൊടുത്ത ചില കരാറുകള്‍ നിയമാനുസൃതമല്ലെന്ന് കാണിച്ച് അദ്ദേഹം തെളിവുകള്‍ സഹിതം വകുപ്പു മന്ത്രിക്ക് പരാതി നല്കിയിരുന്നു. അത് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷനു മുന്നില്‍ മൊഴി നല്കാതിരിക്കാന്‍ അദേഹത്തിന് പല വിധ സമ്മര്‍ദങ്ങളും വാഗ്ദാനങ്ങളും  ഉണ്ടായിരുന്നു. അദ്ദേഹം പക്ഷേ അതൊന്നും വക വെച്ചില്ല. അവസാനം സംഭവത്തില്‍ മാനേജ്മെന്‍റിലെ ചിലര്‍ കുറ്റക്കാരായി കണ്ടെത്തിയ കമ്മീഷന്‍ അവര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്തു.അതിനു ശേഷം ഫോണിലൂടെയും കത്തിലൂടെയും പല വിധ ഭീഷണികള്‍ വന്നെങ്കിലും അദ്ദേഹം അതൊന്നും   കാര്യമാക്കിയില്ല. പോലീസില്‍ പരാതി കൊടുക്കാന്‍ താനുള്‍പ്പടെ പല സുഹൃത്തുക്കളുംഎത്രയൊക്കെ പറഞ്ഞിട്ടും രഘുവേട്ടന്‍ തയ്യാറായതുമില്ല.

പുലര്‍ച്ചെ, ഹോസ്പിറ്റല്‍ മണമുള്ള ചുവരുകളുടെ ഇടയില്‍, ഹൃദയമിടിപ്പും ഭയാശങ്കകളും കൂടി വരുന്ന നിമിഷങ്ങളില്‍, കാത്തിരിക്കുമ്പോഴും, എല്ലാം അതിജീവിച്ച്, അല്പം മുന്‍ ശുണ്ഠിക്കാരനാണെങ്കിലും മനസ്സ് നിറയെ സ്നേഹമുള്ള ആ മനുഷ്യന്‍ തിരികെ വരുമെന്ന പ്രതീക്ഷ ബാക്കിയായിരുന്നു……………സംഭവത്തില്‍ കമ്പനി മാനേജ്മെന്‍റിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന് ഇതിനകം പോലീസ് കണ്ടെത്തിയിരുന്നു.

അത്യാഹിത വിഭാഗത്തിന്‍റെ വാതില്‍ തുറന്ന് പുറത്തേക്കു വന്ന, ഡോ.ഗംഗ പോറ്റിയുടെ വാക്കുകള്‍ ഇടിവാളു പോലെയാണ് തറച്ചത് :

ടോടല്ലി ദി ഫേസ് ഹാസ് ബീന്‍ ഡീഫോര്‍മേഡ്. 51 ചോപ്സ്.

51 വെട്ടുകള്‍!!! ഈശ്വരാ…………

പിന്നീടെപ്പോഴോ, പോസ്റ്റ്‌മാര്‍ട്ടം കഴിയുന്നതും കാത്ത്, ആള്‍ക്കൂട്ടത്തിന്‍റെ നടുവില്‍, ഏകനായി, എല്ലാം തകര്‍ന്നവനെ പോലെ നില്ക്കു മ്പോള്‍, രഘുനന്ദനന്‍റെ സന്തത സഹചാരിയായിരുന്ന ശശാങ്കന്‍റെ അടുത്ത് ആരോ പറഞ്ഞു, തലേന്ന് മംഗലാപുരത്ത് നിന്നു വന്ന കൊലയാളി സംഘത്തിനു രഘുനന്ദനനെ കാണിച്ചു കൊടുത്തത്, അയാളുടെ സഹോദര തുല്യനായ ബാലപ്പന്‍ ആചാരിയാണെന്ന്. നഗരത്തില്‍ പകല്‍ നടന്ന കാട്ടികൊടുക്കലിനു സാക്ഷികളുണ്ട്. തലേന്ന് വരെ രഘുവേട്ടന്‍റെ തോളില്‍ കയ്യിട്ടു നടന്ന ആള്‍ ഒറ്റു പണമായി കിട്ടുന്ന പതിനായിരങ്ങള്‍ക്ക് വേണ്ടി ഒരു സുപ്രഭാതത്തില്‍ കളം മാറ്റി ചവിട്ടിയതറിഞ്ഞ് അയാള്‍ ഞെട്ടി.

രണ്ടു ദിവസത്തിനു ശേഷമുള്ള ഒരു വൈകുന്നേരം, പോലീസ് ചോദ്യം ചെയ്യല്‍ കഴിഞ്ഞ്, പുഴക്കരയിലെ പഴയ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന, ബാലപ്പനെ തേടി, ഒരു ഫോണ്‍ കാള്‍ എത്തി: ചേട്ടാ, വളരെ ചെറുപ്പത്തിലെ ജ്യേ ഷ്ടന്‍ നഷ്ടപ്പെട്ടു പോയ ഒരു അനിയത്തിയാണ് ഞാന്‍……… അന്ന് പറഞ്ഞത് പോലെ എനിക്ക് ഒരു സഹായം വേണം……… എന്‍റെ ഭര്‍ത്താവ്…………………………

സംഘടനയില്‍ നിന്നും സുഹൃത് വലയത്തില്‍ നിന്നും ഒറ്റുകാരന്‍ എന്ന മുദ്ര കുത്തപ്പെട്ട് ഇതിനകം പുറത്തായ അയാള്‍ പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ പിടിച്ചു നിന്നെങ്കിലും, അന്നാദ്യമായി വാക്കുകള്‍ കിട്ടാതെ വിറച്ചു.പശ്ചാതാപ വിവശനായ അയാളുടെ കയ്യില്‍ നിന്നും റിസീവര്‍ താഴെ വീണു.

The End


Image Courtesy : www.handcannononline.com

About The Author

Leave a Comment

Your email address will not be published. Required fields are marked *