സൌപര്‍ണികയുടെ മരണം- കഥ

സൌപര്‍ണികയുടെ മരണം- കഥ 1

 

ചുറ്റും കാടു പിടിച്ചു തുടങ്ങിയ, പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ അവള്‍ തനിച്ചാണ് നിന്നത്. അവള്‍ ആ നില്‍പ്പ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി.

ഗേറ്റ് തുറന്ന് ഒരാള്‍ വരുന്നത് അവള്‍ ദൂരെ നിന്നേ കണ്ടു. അടുത്തു വന്നപ്പോള്‍ അത് മേനോന്‍ സാറിന്‍റെ ഇളയ മകന്‍ രാമചന്ദ്രന്‍റെ ഡ്രൈവര്‍ ഹരിയാണെന്ന് അവള്‍ക്ക് മനസിലായി.

മിസ്സ് സൌപര്‍ണികാ മേനോന്‍, അങ്ങനെ നിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി. നിന്നെ ഞങ്ങള്‍ വില്‍ക്കാന്‍ പോകുകയാണ്. അതും ലേലം വിളിച്ച്……….. കിട്ടുന്ന തുക മുതലാളിമാര്‍ പങ്കിട്ടെടുക്കും. നിന്‍റെ ഈ കാത്തിരിപ്പ് അങ്ങനെ അവസാനിക്കും…………………. :

അവളെ കണ്ട് ആര്‍ത്തട്ടഹസിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. അതു കേട്ട് അവള്‍ ഞെട്ടി. ഒഴുകാന്‍ തുടങ്ങിയ അവളുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ച്, താക്കോലെടുത്ത് അയാള്‍ അവളുടെ വാ തുറന്ന്‍ അകത്തേക്ക് കയറിപ്പോയി.

കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിന്ന തെക്കേപാടത്ത് മാധവ മേനോന്‍ പണി കഴിപ്പിച്ച, അദ്ദേഹം ജീവിതത്തിന്‍റെ സിംഹ ഭാഗവും ചെലവഴിച്ച വീടായിരുന്നു അത്.

തന്‍റെ സ്വപ്ന സൌധത്തിന് പേരിടുന്ന കാര്യത്തില്‍ കടുത്ത മൂകാംബിക ദേവി ഭക്തന്മാരായ അദേഹത്തിനോ ഭാര്യ സരോജിനി ടീച്ചര്‍ക്കോ രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല.

സൌപര്‍ണിക. എന്നും ദേവിയുടെ സാമീപ്യം അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുണ്യനദി. അങ്ങനെയാണ് ഒറ്റപ്പാലത്തിനടുത്ത് ദേശീയ പാതയില്‍ നിന്ന്‍ കുറച്ചു മാറി, റോഡ് സൈഡില്‍ തന്നെയുള്ള പതിനഞ്ച് സെന്‍റ് സ്ഥലത്ത് സൌപര്‍ണിക ജനിക്കുന്നത്.

ആ നാളുകളില്‍ വീട്ടില്‍ എന്നും ഉല്‍സവമായിരുന്നു…………….. സംസ്ഥാനത്തിലെ രാഷ്ട്രീയ ഗതി വിഗതികളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള, ജനങ്ങളില്‍ സ്വാധീനമുള്ള, അവരെ ഇഷ്ടപ്പെടുന്ന, അവര്‍ ഇഷ്ടപ്പെടുന്ന വലിയ ഒരു രാഷ്ട്രീയ നേതാവിന്‍റെ വീട്. പലപ്പോഴും അധികാര കസേരകള്‍ കപ്പിനും ചൂണ്ടിനുമിടയ്ക്ക് അദേഹത്തിന് നഷ്ട്ടപ്പെട്ടപ്പോഴും ആ ഇഷ്ടത്തിന് ഒരു ഉടവും തട്ടിയില്ല. ജനങ്ങള്‍ എന്നും അദേഹത്തിന് വലിയ ഒരു ആവേശമായിരുന്നു.

ഒരു കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തെ മനസ്സ് വിഷമിച്ച നിലയില്‍ സൌപര്‍ണിക കണ്ടിട്ടുള്ളത്. അളവറ്റ സ്വത്തും സൌഭാഗ്യവുമുണ്ടായിട്ടും അതനുഭവിക്കാന്‍ കുട്ടികളില്ല എന്നത് അദേഹത്തിന്‍റെയും സരോജിനി ടീച്ചറുടെയും തീരാ ദുഖമായിരുന്നു. തന്‍റെ തിരക്കുകള്‍ക്കിടയില്‍ മാധവ മേനോന്‍ അത് പലപ്പോഴും മറന്നെങ്കിലും ആ ദുഖം ടീച്ചറെ എല്ലായ്പ്പോഴും വേദനിപ്പിച്ചു. അങ്ങനെയാണ് അനാഥാലയത്തില്‍ നിന്ന് കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ അവര്‍ ഇരുവരും തീരുമാനിച്ചത്. അതും ഒരാളേയല്ല, ഒന്നിനു പുറകെ ഒന്നായി, വിവിധ സ്ഥലങ്ങളില്‍ നിന്ന്‍ മൂന്നു പേരെ………….. രണ്ടാണും ഒരു പെണ്ണും. പണ്ടു മുതലേ കുട്ടികള്‍ എന്നു വെച്ചാല്‍ ടീച്ചര്‍ക്ക് വലിയ ഇഷ്ടമായിരുന്നു.

ആ ദിവസങ്ങളാണല്ലോ തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിച്ചതെന്ന് സൌപര്‍ണിക ഓര്‍ത്തു. കുട്ടികളുടെ കൊഞ്ചലുകള്‍, കളി ചിരികള്‍………….. എല്ലാം അവിടെ നിറഞ്ഞു നിന്നു. സരോജിനി ടീച്ചര്‍ക്കും തന്‍റെ ജീവിതം തിരിച്ചു കിട്ടിയതു പോലെയാണ് തോന്നിയത്.

Read  51 വെട്ടുകള്‍ – കഥ

കുട്ടികളുടെ ഐശ്വര്യം കൊണ്ടോ എന്തോ മേനോന്‍ സാറിന് അധികം താമസിയാതെ സംസ്ഥാന വ്യവസായ മന്ത്രി പദം കിട്ടിയപ്പോള്‍ എല്ലാവരും തലസ്ഥാനത്തേക്ക് താമസം മാറി. അന്നും ഇന്നും എന്നും അദേഹത്തെ താന്‍ സാര്‍ എന്നു മാത്രമല്ലേ വിളിച്ചതെന്ന് സൌപര്‍ണിക അപ്പോള്‍ ഓര്‍ത്തു. ഒരു പക്ഷേ സരോജിനി ടീച്ചറെ ടീച്ചര്‍ എന്നു വിളിച്ചു ശീലിച്ചതാകാം അതിനു കാരണമെന്ന് അവള്‍ക്ക് അപ്പോള്‍ തോന്നി.

മന്ത്രിയായെങ്കിലും ഒറ്റപ്പാലം വഴി കടന്നു പോകുമ്പോഴെല്ലാം അദ്ദേഹവും കുടുംബവും മറക്കാതെ സൌപര്‍ണികയില്‍ എത്തിയിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും അവളെ അത്രക്ക് ഇഷ്ടമായിരുന്നു. ആ നല്ലവരായ മാതാപിതാക്കളുടെ ആദ്യ മകളായി പിറന്നതില്‍ അവള്‍ക്കും അഭിമാനം തോന്നി. അദ്ദേഹം അധികാരത്തിലിരുന്ന അഞ്ചു വര്‍ഷവും പലപ്പോഴും അവള്‍ തനിച്ചായിരുന്നു. ഇടക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും വന്നു നോക്കുമെന്നല്ലാതെ, മിക്കപ്പോഴും ഒറ്റക്കായ ആ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് സൌപര്‍ണിക ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയത്. തന്‍റെ കുടുംബത്തെ വേര്‍പിരിഞ്ഞു നില്‍ക്കുന്നതിന്‍റെ വേദന ഉള്ളിലൊതുക്കിക്കൊണ്ട് അവള്‍ ആ മാറ്റം ആസ്വദിക്കാന്‍ പഠിച്ചു.

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍ തിരിച്ച് തന്‍റെയടുത്തേക്ക് വരാന്‍ മേനോന്‍ സാര്‍ ആഗ്രഹിച്ചെങ്കിലും പ്രതിപക്ഷത്തെ ഭാരിച്ച ഉത്തരവാദിത്വങ്ങളും കുട്ടികളുടെ പഠനവും അദേഹത്തെയും കുടുംബത്തെയും തലസ്ഥാനത്ത് തന്നെ തുടരാന്‍ നിര്‍ബന്ധിതനാക്കിയെന്ന് ഇടക്ക് ആരോ ഫോണില്‍ പറയുന്നതു കേട്ട് സൌപര്‍ണിക അറിഞ്ഞു. അത് ഒരു നീണ്ട കാലയളവ് തന്നെയായിരുന്നു. എങ്കിലും മിക്കപ്പോഴും തന്‍റെ പ്രിയപ്പെട്ട നാട്ടുകാരെയും കടിഞ്ഞൂല്‍ സന്തതിയെയും കാണാന്‍ അദ്ദേഹം സമയം കണ്ടെത്തി. തന്‍റെ അടുത്ത് വരുമ്പോഴാണ് ശരിക്കുള്ള സന്തോഷവും സമാധാനവും അറിയുന്നതെന്ന് അദ്ദേഹം പലരോടും പറയുന്നത് കേട്ട് സൌപര്‍ണികയുടെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞിട്ടുണ്ട്. ഇടക്ക് ആരോ വീടും സ്ഥലവും വില്‍ക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍, മേനോന്‍ സാര്‍ പറഞ്ഞത് ഇപ്പൊഴും അവളുടെ കാതുകളിലുണ്ട്.

കാര്യമൊക്കെ ശരിയാ, ജോസഫേ………….. പക്ഷേ എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ആരെങ്കിലും സ്വന്തം മകളെ വില്‍ക്കാന്‍ നോക്കുമോ ? ങേ……………..

ആ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷം കൊണ്ട് അദേഹത്തെ കെട്ടിപ്പിടിക്കണമെന്ന് തോന്നിയെങ്കിലും, അതിനു കഴിയാതെ, അവള്‍ വാതിലുകളും ജനലുകളും അടച്ച് അദേഹത്തെ ചേര്‍ത്തു പിടിച്ചു. മൂകാംബികയിലേക്കുള്ള യാത്രയും സൌപര്‍ണികയിലേക്കുള്ള ഈ വരവും മാധവ മേനോന് എന്നും ഭാവിജീവിതത്തിലേക്കുള്ള നല്ല ഒരു ഊര്‍ജവും ഉന്‍മേഷവുമാണ് നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *