രാജ്യസ്നേഹി

Malayalam-short-stories

രാജധാനി ബാറിലെ മങ്ങിയ വെളിച്ചത്തില്‍ ഒരു കയ്യില്‍ സ്കോച്ചിന്‍റെ നിറഞ്ഞ ഗ്ലാസും പിടിച്ച് വിജയശ്രീലാളിതനെ പോലെ ഇരിക്കുന്ന ഭാസിയെ കണ്ടപ്പോള്‍ ശിവനെന്തോ പേടി തോന്നി.

ലോകം കീഴടക്കിയ ഭാവമാണ് അയാളുടെ കണ്ണുകളില്‍. എന്തൊക്കെയോ ഗൂഢ പദ്ധതികളില്‍ മുങ്ങിത്താണുകൊണ്ടിരുന്ന അയാള്‍ മനസ്സിനെ പാകപ്പെടുത്താനെന്നപോലെ സിഗരറ്റ് പുക ചുറ്റുമുള്ള ലോകത്തേക്ക് പുകച്ചു തള്ളിക്കൊണ്ടിരുന്നു.

നാല്പതിനടുത്ത് പ്രായമുണ്ട് ഭാസിക്ക്. മുന്നില്‍ കഷണ്ടി കയറിയ രൂപം. സ്ത്രീകള്‍ ദൌര്‍ബല്യമാണെങ്കിലും അവിവാഹിതനായി തുടരുന്നു. അതേക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍, അനുദിനം പുതിയ പുതിയ ബ്രാ൯റുകള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുമ്പോള്‍ ഒന്നിനെ മാത്രം ചുറ്റിപ്പറ്റി നടക്കുന്നത് എന്തിനാണെന്ന മറുചോദ്യമായിരിക്കും അയാള്‍ ചോദിക്കുക.

ശിവനും ഏതാണ്ട് അത്ര തന്നെ പ്രായമുണ്ട്. കൊല്ലത്തിനടുത്തുള്ള ചവറയാണ് ഇരുവരുടെയും സ്വദേശം. സുഹൃത്തുക്കള്‍. പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും എന്ത് പണിയും ചെയ്യും എന്നതാണ് ഇരുവരുടെയും പ്രത്യേകത. എന്നാല്‍ ശിവന്‍ കുറച്ച് പേടിത്തൊണ്ടനാണ്. മാര്‍ക്കറ്റിലെ അല്ലറ ചില്ലറ തല്ലിലും തട്ടിപ്പിലും ഒതുങ്ങുന്നു അയാളുടെ ജീവിതം. അടുത്തിടെ വിവാഹിതനായതോടെ അതും നിര്‍ത്തി, അയാള്‍ ഒരു ഓട്ടോ ഡ്രൈവറുമായി.

എന്നും വലിയ വലിയ സ്വപ്‌നങ്ങള്‍ മാത്രം കണ്ട ഭാസി പക്ഷേ പണ്ടേ നാട്ടിലെ കളം വിട്ടിരുന്നു. മസൂര്‍ ഭായ് എന്ന ഹവാല ഏജന്‍റ് വഴി ആദ്യം മംഗളൂരു, പിന്നീട് ഗോവ വഴി മുംബൈ. അയാള്‍ ഏറെനാളായി അവിടെ എവിടെയോ ആണെന്ന് ശിവന്‍ കേട്ടിരുന്നു. വല്ലപ്പോഴും മാത്രം നാട്ടില്‍ വന്നുപോകുന്ന ഭാസി തിരക്ക് കാരണം ആര്‍ക്കും അധികം പിടി കൊടുക്കാറില്ല. എന്നാല്‍ ഇക്കുറി അയാള്‍ പതിവ് തെറ്റിച്ചു. യാദൃശ്ചികമായി കണ്ടുമുട്ടിയ ശിവനെയും കൊണ്ട് അയാള്‍ നേരെ തലസ്ഥാനത്തെ രാജധാനി ബാറിലേക്കാണ് പോയത്. അയാളുടെ രൂപഭാവങ്ങളില്‍ നിന്ന് ആ കൈകളില്‍ പണം കിടന്ന് മറിയുകയാണെന്ന് ശിവന് തോന്നി.

നീയെന്താ ഇങ്ങനെ നോക്കിയിരിക്കുന്നത് ? എടുത്ത് അടിക്ക്. നമ്മളൊക്കെ ആയുഷ്ക്കാലം ഇവിടെ കിടന്ന് കളിച്ചാലും ഇതുപോലൊരു സാധനം സ്വപ്നം കാണാന്‍ പറ്റുമോ ? നോക്ക്, മെയ്ഡ് ഇന്‍ മെക്സിക്കോ : മുന്നോട്ടാഞ്ഞിരുന്ന് കുപ്പി കയ്യിലെടുത്ത് കാണിച്ചുകൊണ്ട് ഭാസി പറഞ്ഞു.

എന്താ നിന്‍റെ ഉദ്ദേശം ? ഇതിനൊക്കെയുള്ള പൈസ എവിടെന്നാ ? : നക്ഷത്ര ബാറിലെ പള പളപ്പിലേക്കും യൂണിഫോമിട്ട പരിവാരങ്ങളിലേക്കും കണ്ണോടിച്ചുകൊണ്ട് ശിവന്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

മറുപടിയായി നിറച്ചുവച്ച ഗ്ലാസ് കയ്യിലെടുത്തുകൊണ്ട് അയാളൊന്നു ചിരിച്ചു. അത് പകുതി തീര്‍ത്ത് ഭാസി ശിവനെ നോക്കി.

നിനക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത പണം ഇപ്പോള്‍ എന്‍റെ കയ്യിലുണ്ട്. ആരാണ് അതിന് കാരണക്കാരനെന്നറിയുമോ ? മസൂര്‍ ഭായ്. അന്ന് അയാളുടെ സഹായിയായിട്ടാ ഞാന്‍ തുടങ്ങിയത്. പക്ഷെ പൂനെയിലുള്ള ഒരു അഹമ്മദ് ഷായുടെ ബിനാമി മാത്രമായിരുന്നു അയാളെന്ന് പിന്നീടാ ഞാനറിഞ്ഞത്. ഒരു ഇടപാടില്‍ കന്നംതിരിവ് കാണിച്ചതോടെ ഷാ മസൂദ് ഭായിയെ അങ്ങ് തട്ടി.  കൂട്ടത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തികൊടുത്ത് ഷായെ സഹായിച്ചത് ഈ ഞാനായിരുന്നു. അതിന് പ്രത്യുപകാരമായി മംഗലാപുരം മുതല്‍ ഇങ്ങോട്ടുള്ള കാര്യങ്ങള്‍ അയാള്‍ എന്നെയും ഏല്‍പ്പിച്ചു. ഇന്ന് ലക്ഷങ്ങളാ ഓരോ ദിവസവും എന്‍റെ ഈ കയ്യില്‍ കിടന്ന് മറിയുന്നത്. : ഭാസി പറഞ്ഞു. ഗ്ലാസ് തീര്‍ന്നപ്പോള്‍ അയാള്‍ വീണ്ടും ഒഴിച്ചു. നേരത്തെ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ഫ്രൈ കൊണ്ടുവരാന്‍ ഇതിനിടയില്‍ വെയ്റ്ററോട് ആംഗ്യം കാണിക്കുകയും ചെയ്തു.

Read  സൂപ്പര്‍സ്റ്റാര്‍

ശിവന്‍ ഗ്ലാസ് കാലിയാക്കുന്നതിനിടയില്‍ ചിക്കന്‍ എത്തി. അതില്‍ കൈവച്ച് കൊണ്ട് അയാള്‍ ചോദിച്ചു.

ഇനിയെന്നാ നീ പോകുന്നത് ?

മിക്കവാറും ഇന്ന് രാത്രി. അതിന് മുമ്പ് ഒരു സാധനം വരുന്നുണ്ട്. തൂത്തുക്കുടി വഴി : പരിസരത്ത് ആരുമില്ലെങ്കിലും മുഖം മുന്നോട്ടടുപ്പിച്ച് എന്തോ ഒരു രഹസ്യം പറയുന്നത് പോലെ ഭാസി പറഞ്ഞു :

അസ്സല്‍ കള്ളന്‍. അതും പുതിയ അഞ്ഞൂറിന്‍റെയും രണ്ടായിരത്തിന്‍റെയും രൂപത്തില്‍. മെയ്ഡ് ഇന്‍ പാക്കിസ്ഥാന്‍. അതൊന്ന് വന്നോട്ടെ ഞാന്‍ ഇവിടെ പലതും വെട്ടിപ്പിടിക്കും.

മദ്യലഹരിക്കിടയിലും ശിവന്‍റെ കണ്ണുകളില്‍ ഭയം നിറഞ്ഞു. അത് പൊടുന്നനെ ദേഷ്യത്തിന് വഴി മാറി.

അത് രാജ്യദ്രോഹമല്ലേ ? നിനക്ക് എങ്ങനെ കഴിയുന്നു ഇതിനൊക്കെ ? കാര്യം നമ്മള്‍ ഒരുമിച്ച് കുറേ തട്ടിപ്പും വെട്ടിപ്പുമൊക്കെ നടത്തിയിട്ടുണ്ട്, ശരിയാണ്. പക്ഷെ ഇതിനോടൊന്നും യോജിക്കാന്‍ എനിക്ക് പറ്റില്ല. :  അയാള്‍ കസേര പുറകിലേക്ക് തള്ളിമാറ്റി എഴുന്നേറ്റു. ഒന്നു പതറിയെങ്കിലും ഭാസി അയാളെ ശാന്തനാക്കാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും ശിവന്‍ പുറത്തേയ്ക്ക് നടന്നിരുന്നു.

ബില്‍ പെട്ടെന്ന് തീര്‍ത്ത് പുറത്തെത്തിയ ഭാസി എന്ത്  ചെയ്യണമെന്നറിയാതെ വിറച്ച മനസ്സുമായി നില്‍ക്കുന്ന ശിവനെയാണ് അവിടെ കണ്ടത്. സുഹൃത്ത് അടുത്തെത്തിയത് അറിഞ്ഞെങ്കിലും അയാളില്‍ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമുണ്ടായില്ല.

ഒരുപക്ഷെ ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയായിരിക്കും. രണ്ടും കല്‍പ്പിച്ചുള്ള ഒരു കൈവിട്ട കളിക്കാണ് ഞാന്‍ പോകുന്നത്. ഒന്നുകില്‍ പോലിസ് അല്ലെങ്കില്‍ ദാവൂദിന്‍റെ ആള്‍ക്കാര്‍. എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. പിന്മാറ്റം പോലും ഇനി അസാധ്യമാണ്. അതിന് മുമ്പുള്ള കുറച്ചു നിമിഷങ്ങള്‍, അത് നമുക്ക് ചെലവഴിക്കാം. : പോക്കറ്റില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിനിന്ന തടിച്ച ഏതോ വര്‍ണ്ണക്കടലാസുകളില്‍ കൈവച്ചുകൊണ്ട് ഭാസി പറഞ്ഞു.

കൈരളി തിയറ്ററിനു മുന്നില്‍ അവര്‍ ഓട്ടോയില്‍ വന്നിറങ്ങുമ്പോള്‍ തന്നെ പരിസരം ജനനിബിഡമായിരുന്നു. ചലച്ചിത്ര മേളയുടെ ഭാഗമായി ക്ലാഷ് എന്ന ഒരു വിദേശ ചിത്രമാണ് അന്ന് അവിടെ പ്രദര്‍ശിപ്പിക്കുന്നത്.

ഭാസി നേരത്തെ പാസ് സംഘടിപ്പിച്ചിരിക്കുന്നത് കൊണ്ട് പ്രവേശനത്തിന് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. സമയം വൈകിയത് കൊണ്ട് കാണികള്‍ക്കിടയില്‍ നിന്നുള്ള ചില അഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും സീറ്റ് ഒപ്പിക്കാനായത്. അതിനിടയില്‍ വീണ് ശിവന് ചെറുതായി പരുക്കേല്‍ക്കുകയും ചെയ്തു. ഭാസി ഒരുവിധത്തില്‍ പിടിച്ചു വലിച്ച് സീറ്റിലിരുത്തി. അപ്പോഴേക്കും ദേശിയ ഗാനം മുഴങ്ങി.

രാജ്യസ്നേഹത്തിന്‍റെ പുതിയ അളവുകോല്‍ തിരിച്ചറിയാതെ പോയ ശിവനും മറ്റു ചില ആളുകളും പ്രകടനത്തിന് മെനക്കെട്ടില്ല. അതിന്‍റെ ഫലം അക്കൂട്ടര്‍ വൈകാതെ അനുഭവിക്കുകയും ചെയ്തു.

ഗാനാലാപനം കഴിഞ്ഞതും അടി വീണു. ഇരുട്ടിന്‍റെ മറവില്‍ നിന്ന് ദേശസ്നേഹത്തിന്‍റെ കാവല്‍ക്കാര്‍ കയ്യൂക്ക് കാണിച്ചപ്പോള്‍ ശിവന്‍ പകച്ചു പോയി. മുഖമടിച്ച് മുന്നിലെ ഇരിപ്പിടത്തിലേക്ക് വീണ അയാളെ പിന്നെയും ആരൊക്കെയോ ചവിട്ടി.

ദേശിയ ഗാനം മുഴങ്ങുമ്പോള്‍ നിനക്കെന്താടാ എഴുന്നേറ്റാല്‍ ? നീയെന്താ പാക്കിസ്ഥാനില്‍ നിന്നാണോ വരുന്നത് ? : ആരോ ആക്രോശിച്ചു. ഒരുവിധം പിടിച്ചെഴുന്നേറ്റ ശിവന്‍റെ വായില്‍ നിന്ന് ചെറിയ ചുവപ്പു ചാലുകള്‍ താഴേക്കിറങ്ങി.

നിന്‍റെ കൂടെതന്നെയല്ലേ അവന്‍ വന്നത് ? കണ്ടു പഠിക്ക്. ഇത്രയും നേരം അവന്‍ നിന്ന നില്‍പ്പില്‍ നിന്ന് അനങ്ങിയിട്ടില്ല : ഭാസിയെ നോക്കി ഒരാള്‍ പറഞ്ഞപ്പോള്‍ ശിവന്‍ അയാള്‍ നിന്ന ഭാഗത്തേയ്ക്ക് നോക്കി.

സ്കൂള്‍ അസംബ്ലിയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥിയെ പോലെ പരിസരം മറന്ന് നില്‍ക്കുകയാണ് ഭാസി. ദേശിയ ഗാനം തുടങ്ങിയത് മുതല്‍ അയാള്‍ ആ നില്‍പ്പ് നില്‍ക്കുകയാണെന്ന് ശിവന്‍ തിരിച്ചറിഞ്ഞു. ദേശസ്നേഹം നിറഞ്ഞു തുളുമ്പിയ ആ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ അയാള്‍ക്ക് എന്തിനെന്നില്ലാത്ത അമ്പരപ്പ് തോന്നി.

കൈരളിയില്‍ നില്‍ക്കുമ്പോഴും ഭാസിയുടെ മനസ് തൂത്തുക്കുടിക്ക് ചുറ്റും വട്ടമിട്ട് പറക്കുകയാണെന്ന് കൂടി നിന്നവരാരും അറിഞ്ഞില്ല. ഒരു ദേശിയ ഗാനത്തിലൂടെ രാജ്യസ്നേഹിയെന്ന പട്ടം കിട്ടിയ അയാള്‍ കൂട്ടുകാരനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. രാജ്യസ്നേഹത്തിന്‍റെ പുതിയ നിര്‍വചനം തിരിച്ചറിഞ്ഞ ശിവന്‍ അതിനനുസരിച്ച് മനസിനെ പാകപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗാന്ധിജി മുതല്‍ അതിര്‍ത്തിയിലെ പട്ടാളക്കാരെ വരെ സ്വന്തം ഹൃദയത്തില്‍ ആവാഹിക്കുന്നതില്‍ വിജയിച്ചു, പക്ഷെ എത്ര ശ്രമിച്ചിട്ടും തിയറ്ററിലെ ഗാനാലാപനം മാത്രം അയാളുടെ ഉള്ളില്‍ വന്നില്ല.

The End