ചില്ലുക്കൂട്ടിലെ ദൈവം- കഥ

ചില്ലുക്കൂട്ടിലെ ദൈവം- കഥ 1

 

എന്നെ നിങ്ങള്‍ക്കറിയാം.

നിങ്ങള്‍ എല്ലാവരും എന്നെ കണ്ടിട്ടുണ്ട്. പലപ്പോഴും.

മിക്കവരും എന്നെ വിളിക്കാറുമുണ്ട്. പക്ഷെ കൂടുതലും സങ്കടം വരുമ്പോഴാണെന്നു മാത്രം.

എന്നിട്ടും മനസ്സിലായില്ലേ, ഞാന്‍ ആരാണെന്ന് ?

ടൌണ്‍ ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് ബൈപ്പാസിലേക്കുള്ള റൂട്ടില്‍,

വളവു തിരിയുമ്പോള്‍, വലതുവശം, സ്കൂളിനു തൊട്ടപ്പുറത്ത്, വലതു കൈ ഉയര്‍ത്തി…………

അതെ. രൂപക്കൂടിനകത്തു നില്‍ക്കുന്ന യേശുക്രിസ്തുവിന്‍റെ പ്രതിമ………………………. അതെ, അത് ഞാനാണ്.

എനിക്ക് എന്താണ് പറയാനുള്ളതെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത് ?

പറയാം. പക്ഷെ ഒരുപാടുണ്ട്. കേള്‍ക്കാന്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് ക്ഷമയുണ്ടാകും എന്നറിയില്ല. എന്നാലും പറയാതിരിക്കാന്‍ വയ്യ.

കഴിഞ്ഞ ദിവസം മാളിയേക്കലെ വക്കച്ചന്‍ എന്‍റെയടുത്ത് വന്നിരുന്നു. കുറെ സങ്കടങ്ങള്‍ പറഞ്ഞു. വീട്ടില്‍ മനസമാധാനമില്ല,മക്കള്‍ തമ്മില്‍ സ്വത്തിനു വേണ്ടി എപ്പോഴും വഴക്കാണ് എന്നൊക്കെ പറഞ്ഞു. പണ്ട് രാജപ്പന്‍ എന്ന തന്‍റെ ബിസിനസ് പങ്കാളിയെ പറ്റിച്ച്, ലക്ഷങ്ങള്‍ ഉണ്ടാക്കി അത് വെച്ച് ലോകം വെട്ടി പിടിക്കാന്‍ ഇറങ്ങിയ ആളാണ് ഈ വക്കച്ചന്‍………………അങ്ങനെയുണ്ടാക്കിയ പണം നിലനില്‍ക്കില്ല, അന്യാധീനപ്പെട്ടു പോയല്ലേ പറ്റൂ എന്ന് എനിക്ക് അദേഹത്തോടു പറയണമെന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല. അതെല്ലാം താനേ അയാള്‍ക്ക്‌ മനസ്സിലായിക്കൊള്ളും.

ഇത് ഇപ്പോള്‍ പറഞ്ഞത്, നിങ്ങളില്‍ പലരിലും എങ്ങനെയും, ഏതു വഴിക്കും കാശുണ്ടാക്കണം എന്ന ചിന്ത കണ്ടത് കൊണ്ടാണ്. ഞാന്‍ എല്ലാം കാണുന്നുണ്ട്, അറിയുന്നുമുണ്ട്‌. അങ്ങനെയുണ്ടാക്കുന്ന പണം ഇന്നല്ലെങ്കില്‍ നാളെ അര്‍ഹതപ്പെട്ടവരില്‍തന്നെ എത്തിച്ചേരും. അതെല്ലാവരും മനസ്സിലാക്കണം……………..

മറ്റു ചിലരാണെങ്കില്‍, ജാതീയതയുടെയും ദുരഭിമാനത്തിന്‍റെയും പുറകെയാണ്. അങ്ങനെ ചെയ്യുന്നവര്‍, ഞാന്‍ വന്ന വഴി, ചെയ്ത കാര്യങ്ങള്‍ എല്ലാം മറന്നുകൊണ്ടാണ് അതൊക്കെ ചെയ്യുന്നത്. നിരീശ്വരവാദത്തെക്കാള്‍ എന്നെ വേദനിപ്പിക്കുന്നത് അതാണ്‌………….

കഴിഞ്ഞ ഓശാന പെരുന്നാളിന്‍റെ തലേന്ന്, ബാങ്ക് മാനേജരായ യോഹന്നാനും കെട്ട്യോളും വന്ന്‍ എന്‍റെയടുത്ത് മുട്ടിപ്പായി പ്രാര്‍ഥിച്ചു …………. അവരുടെ ഒരേയൊരു മകന്‍ കൂടെ ജോലി ചെയ്യുന്ന ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊണ്ടുവന്നു എന്ന് പറഞ്ഞ്………… അതവര്‍ക്ക് വലിയ നാണക്കെടായത്രേ. മകനു നല്ല ബുദ്ധി തോന്നിച്ച്, അവളെ തിരിച്ചു കൊണ്ടു വിടണം എന്നപേക്ഷിക്കാനാണ് വന്നത്. എന്നാല്‍ ഈ യോഹന്നാന്‍ ശരിക്ക് യോഹന്നാനല്ലെന്നും, പണ്ട് അമ്മയുടെ പ്രസവ സമയത്ത്, ആശുപത്രിയില്‍വെച്ച് മാറിപ്പോയ കുഞ്ഞാണെന്നും, ശരിക്ക് ഇയാള്‍ ഹിന്ദുവാണെന്നും അറിയാവുന്ന ഒരേ ഒരാള്‍ ഈ ഞാനാണ്. ആ എന്നോടാണ് നിങ്ങളുടെയൊക്കെ ഈ നാട്ട്യം.

ഞാന്‍ ദിവസ്സേന എത്രയെത്ര ആള്‍ക്കാരെയും അവരുടെ ജീവിതങ്ങളും കാണുന്നു. പരസ്യമായി എന്നെ ആരാധിക്കുകയും രഹസ്യമായി നിന്ദിക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെയൊരാളാണ് ദാണ്ടേ, ആ പോകുന്ന കോശി……………….

തൂ വെള്ള വേഷം,തലയുടെ രണ്ടു വശങ്ങളില്‍ മാത്രം മുടി, അതും ഏറെക്കുറെ നരച്ചത്, കയ്യില്‍ കാലന്‍ കുട. കണ്ടോ ?

ആ ധൃതി പിടിച്ചുള്ള പോക്ക് പള്ളിയിലേക്കാണ്. ഈ ഇടവക പള്ളിയിലെ സുവിശേഷകനാണ് അയാള്‍. ഒരു സ്ഥലമിടപാടുമായി ബന്ധപ്പെട്ടു കുറച്ചു പ്രശ്നത്തിലായിരുന്നു. അയാള്‍ പോലും പ്രതീക്ഷിക്കാത്ത നല്ലൊരു സമ്മാനം ഞാന്‍ അയാള്‍ക്കായി കരുതി വെച്ചിരുന്നു. പക്ഷെ അതിനു മുമ്പ്, കാര്യസാധ്യത്തിനായി ആഭിചാരക്രിയക്ക് പോയി അയാള്‍…………………………..നടക്കട്ടെ, എന്നെ വിശ്വാസമില്ലാത്ത ആളെ എനിക്കും വേണ്ട…………………….

Also Read  ഇരട്ടക്കുട്ടികളുടെ അച്ഛന്‍ 

ഇങ്ങനെയുള്ളവര്‍ മാത്രമല്ല, കേട്ടോ. നല്ലവരായ ഒരുപാടു പേര്‍ ദിവസ്സവും എന്‍റെയടുത്തു വരുന്നുണ്ട്. ആരുടേയും പേരു പറയുന്നില്ല. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു. അല്ലാതെ തന്നെ എനിക്കു നിങ്ങള്‍ ഓരോരുത്തരെയും അറിയാം. നല്ലവരെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. ലോക നന്‍മ ഞാന്‍ ചെയ്യുന്നത് അങ്ങനെയുള്ളവരില്‍ കൂടിയാണ്.

ഇത്രയും പറഞ്ഞത്, കുറച്ചു പേരെങ്കിലും തെറ്റിന്‍റെ വഴിയെ പോകുന്നത് കണ്ടതു കൊണ്ടാണ്. അങ്ങനെയുള്ളവരുടെ ദുഷ് ചെയ്തികള്‍ കാണുമ്പോള്‍, പലപ്പോഴും, ഈ ചില്ലു കൂട് പൊളിച്ച്, എവിടെയെങ്കിലും പോയൊളിച്ചാലോ എന്നു വരെ തോന്നിയിട്ടുണ്ട് എനിക്ക്. കാരണം അപ്പോള്‍ ഇതിനകത്ത് ശ്വാസം മുട്ടുന്നത് പോലെ തോന്നും. പിന്നെ നല്ലവരായ നിങ്ങള്‍ കുറെ പേരുള്ളത് കൊണ്ടും, ഞാനത് ചെയ്‌താല്‍ ഇവിടെ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകും എന്നത് കൊണ്ടും മാത്രമാണ് ഞാന്‍ ഇങ്ങനെ തന്നെ നില്‍ക്കുന്നത്.

തിരക്ക് പിടിച്ച ജീവിതത്തില്‍, എപ്പോഴെങ്കിലും, എവിടെയെങ്കിലും വെച്ച് എന്നെ കണ്ടാല്‍, നിങ്ങളുടെ സ്നേഹം നിറഞ്ഞ നോട്ടം, മറ്റുള്ളവരുടെ നന്മയ്ക്കായുള്ള പ്രാര്‍ത്ഥന………………. അത് മാത്രം മതി എനിക്ക്……………….ശരി,അപ്പൊ ഇനി പിന്നെ കാണാം. ആരൊക്കെയോ പ്രാര്‍ഥിക്കാന്‍ വരുന്നുണ്ട്……………….ഞാന്‍ അവരുടെ പ്രശ്നം എന്താണെന്ന് കേള്‍ക്കട്ടെ………………….

ചില്ലുക്കൂട്ടിലെ ദൈവം- കഥ 2

 

അടുത്ത ഞായറാഴ്ച, അവസാന കുര്‍ബാനയും കഴിഞ്ഞ്, വികാരിയച്ചന്‍റെ അധ്യക്ഷതയില്‍ കൂടിയ പള്ളി കമ്മിറ്റി യോഗം തുടക്കം മുതലേ സംഘര്‍ഷഭരിതമായിരുന്നു. പെരുന്നാളിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. പക്ഷെ ബദ്ധശത്രുക്കളായ പാലപ്പുറം ജോഫും കുന്നുമ്മല്‍ ഔസേപ്പച്ചനും എതിരാളിയെ താറടിച്ച് സ്വയം വലുതാകാനാണ് ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുന്നത്.

ജോസഫിന് അമ്പതിനടുത്തു പ്രായമുണ്ട്. കട്ടി മീശ. കയ്യിലും കഴുത്തിലുമൊക്കെ സ്വര്‍ണ ചെയിനുകള്‍. ഭരണകക്ഷിയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവും ബിസിനസ്സുകാരനുമാണ് അയാള്‍. താഴേയ്ക്കിറങ്ങിയ കൃതാവ് അയാള്‍ എന്തിനും പോന്നവനാണെന്ന് തോന്നിപ്പിച്ചു.

ഔസേപ്പച്ചനാണെങ്കില്‍ സ്ഥലത്തെ പ്രമുഖ അബ്ക്കാരിയും നഗരത്തിലെ രണ്ടു വന്‍കിട ബാര്‍ ഹോട്ടലുകളുടെ ഉടമയുമാണ്. അറുപതിനടുത്ത് പ്രായം. ബിസിനസില്‍ സഹായിക്കുന്ന രണ്ട് ആണ്‍ മക്കള്‍ മിക്കപ്പോഴും നിഴല്‍ പോലെ അയാളുടെ കൂടെയുണ്ടാകും. പോരാത്തതിന് എന്തും ചെയ്യാന്‍ മടിക്കാത്ത അനുചരന്മാരുടെ ഒരു സംഘം വേറെയും.അക്കാര്യത്തില്‍ ജോസഫും ഒട്ടും മോശമല്ല.

അച്ചോ, ഞാന്‍ ഉള്ള കാര്യം പറഞ്ഞേക്കാം. പെരുന്നാള്‍ ദിവസത്തെ എല്ലാ പരിപാടിയും ഞാന്‍ തന്നെ സ്പോണ്‍സര്‍ ചെയ്യും. അതിനു എത്ര ചെലവ് വന്നാലും സാരമില്ല. : ജോസഫ്‌ പറഞ്ഞു. :

പുണ്യം കിട്ടാനൊന്നുമല്ല…………………..നാടു നീളെ ഫ്ലക്സിലും പിന്നെ പരിപാടി നടക്കുന്ന സ്റ്റേജിലുമൊക്കെ സ്പോണ്‍സെഡ് ബൈ പാലപ്പുറം ടിംബര്‍ ആന്‍റ് എക്സ്പോര്‍ട്ട്സ്, പാലപ്പുറം ഹോട്ടല്‍സ്, പാലപ്പുറം കണ്‍സ്ട്രക്ഷന്‍സ് എന്നൊക്കെ വെണ്ടയ്ക്കാ അക്ഷരത്തില്‍ അടിച്ചിട്ടുണ്ടാവും. ജോസഫ്‌ തറവാടിയല്ല, ഇവിടെ അച്ചി വീട്ടില്‍ വന്നു പൊറുത്തേ പിന്നെയാ ഈ കാണുന്നതൊക്കെ ഉണ്ടാക്കിയെ എന്ന് ഇവിടെ ചിവന്മാര്‍ പറഞ്ഞു നടക്കുന്നുണ്ട്.അങ്ങനെയുള്ളവന്മാര്‍ കണ്ണു നിറയെ കാണാന്‍ വേണ്ടിയാ……………… അല്ലെങ്കിലും അവരെ പോലെ കള്ളു വിറ്റൊന്നുമല്ലല്ലോ ഞാന്‍ ഇതൊക്കെ ഉണ്ടാക്കിയത്. : തന്‍റെ ശത്രുവിനെ ഒന്നു പാളി നോക്കിക്കൊണ്ട് അയാള്‍ തുടര്‍ന്നു.

അച്ചോ, അത് നടക്കുകേല. ആദ്യമേ പറഞ്ഞേക്കാം………….. : പറഞ്ഞു തീരും മുമ്പേ ഔസേപ്പച്ചന്‍ ചാടി എഴുന്നേറ്റു.

കണ്ട വരത്തന്മാരെക്കൊണ്ട് പെരുന്നാള്‍ നടത്തിക്കേണ്ട ഗതികേടൊന്നും ഈ പള്ളിയ്ക്ക് വന്നിട്ടില്ല,അതും ഈ ഔസേപ്പച്ചന്‍ ഉള്ളപ്പോള്‍…………… അതിനായീട്ടാണ് നീ കുട പിടിക്കുന്നതെങ്കില്‍, ആ പരിപ്പ് ഇവിടെ വേവുകേല, ജോഫേ………….അതൊക്കെ ഇവിടത്തെ പാരമ്പര്യമുള്ള കുടുംബക്കാര്‍ ചെയ്തോളും………………….: ജോസഫിനെ നോക്കിക്കൊണ്ട് ചുണ്ട് കോട്ടിക്കൊണ്ട് ഔസേപ്പച്ചന്‍ പരിഹാസ ചിരി ചിരിച്ചു.

ഔസേപ്പച്ചനും ജോസഫിന്‍റെ ഭാര്യവീടായ മണിമല തറവാടും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയിലാണ്. പട്ടണത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സിന്‍റെ പേരില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് കോടതിയിലും കയ്യാങ്കളിയിലും വരെ എത്തി. കാലമേറെ കഴിഞ്ഞെങ്കിലും ഓരോ പുതിയ കാരണങ്ങള്‍ കണ്ടെത്തി ഇരു കൂട്ടരും പരസ്പരം കലഹിച്ചുകൊണ്ടിരുന്നു. മണിമല വര്‍ക്കിച്ചന്‍റെ ഏക മകള്‍ ആനിക്കുട്ടിയെ വിവാഹം കഴിച്ച് ജോസഫ് തറവാട്ടില്‍ ആധിപത്യം സ്ഥാപിക്കുകയും വര്‍ക്കിച്ചന്‍ മരണപ്പെടുകയും ചെയ്തതോടെ ഔസേപ്പച്ചനും ജോസഫും തമ്മിലായി മല്‍സരം. രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും അവരുടെ വീറും വാശിയും കൂട്ടി.

ഇരു വിഭാഗങ്ങളെയും ശാന്തരാക്കാന്‍ വികാരിയച്ചന്‍ ശ്രമിച്ചെങ്കിലും ആരും അടങ്ങിയില്ല. യോഗത്തിലുണ്ടായിരുന്ന മറ്റു ചിലരും സംഭവം ഏറ്റു പിടിച്ചു.

നടത്തുമെടാ…………….. അതിനു എനിക്ക് നിന്‍റെയൊന്നും സമ്മതം വേണ്ട. കലക്കാന്‍ എങ്ങാനും വന്നാല്‍, കൊച്ചിയിലെ ഉശിരുള്ള ആണ്‍പിള്ളേരുടെ കയ്യുടെ ചൂട് നീയും നിന്‍റെയീ മക്കളും അറിയും. ഈ ജോസഫിന് വാക്കൊന്നേയുള്ളൂ…………… : പാലപ്പുറം ജോസഫ്‌ എതിരാളികളെ നോക്കിക്കൊണ്ട് ആക്രോശിച്ചു. അപ്പോഴേക്കും അയാളുടെ കയ്യിലെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ പരിചയമുള്ള നമ്പരാണ്…………………..എന്തോ അത്യാവശ്യ കാര്യമാണെന്ന് അയാള്‍ക്ക് മനസിലായി.

Also Read  പാളം തെറ്റിയ വണ്ടികള്‍ 

ഫോണിന്‍റെ അറ്റന്‍റ് ബട്ടണില്‍ പ്രസ്സ് ചെയ്തു കൊണ്ട് ജോസഫ്‌ പതുക്കെ പുറത്തേക്ക് നടന്നു. അപ്പോഴും പുറകില്‍ ബഹളം കേള്‍ക്കാമായിരുന്നു.

ആന്‍റപ്പനാണോടാ, എന്നതാ കാര്യം? ഞാന്‍ മേടയിലുണ്ട്…………………………. : അയാള്‍ ഫോണില്‍ ചോദിച്ചു.

മറുവശത്തുള്ള ആളുടെ മറുപടി കേട്ടപ്പോള്‍ അയാളുടെ മുഖം മാറി. ഇഷ്ടപ്പെടാത്ത എന്തോ സംഭവിച്ചു എന്ന് അതില്‍ നിന്ന് വ്യക്തമായി. അയാള്‍ നടന്നു പുറത്തു പടിക്കെട്ടുകള്‍ക്കടുത്തെത്തി.

നമ്മുടെ ആന്‍സിയോ ? നീ എവിടെ വെച്ചാ കണ്ടത് ? റെയില്‍വേ സ്റ്റേഷനിലോ? :അയാളുടെ പുരികം വളഞ്ഞു. കണ്ണുകള്‍ ചെറുതായി.എന്തോ കുടില തന്ത്രം മെനയുകയാണെന്ന് തോന്നി : അപ്പൊ ആ ചെക്കന് കിട്ടിയതൊന്നും പോര അല്ലെ ? ഉം………….

പൂന്തോട്ടം കടന്ന്‍ മതിലിനടുത്തെത്തിയ അയാള്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന തന്‍റെ ചുവന്ന സ്കോര്‍പ്പിയോയെയും അതിനടുത്ത് ബോണറ്റ് തുടച്ചുകൊണ്ട് നില്‍ക്കുന്ന ഡ്രൈവറെയും നോക്കി.

ഇനി ഒന്നും നോക്കണ്ട. പാലപ്പുറം ജോസഫിന്‍റെ മോളെ തന്നെ ശവപ്പെട്ടിക്കാരന്‍ വറീദിന്‍റെ മോന് വേണമെന്നു വച്ചാല്‍ എന്താ ചെയ്യുക ? അതുകൊണ്ട് അവനെയങ്ങ് തീര്‍ത്തേക്ക്……….ഒറ്റ കുഞ്ഞും അറിയരുത്. നമ്മുടെ പിള്ളേരെയും വിളിച്ചോ……………. : അയാള്‍ മീശ താഴോട്ടൊതുക്കികൊണ്ട് പറഞ്ഞു. എന്നിട്ട് അറിയാതെ മുഖം വെട്ടിച്ച് ഇടതു തോളിനു മുകളിലൂടെ പുറകിലേക്ക് നോക്കി.

അവിടെ എല്ലാം കണ്ടു കൊണ്ട്, എല്ലാത്തിനും സാക്ഷിയായി, വലതുകൈ ഉയര്‍ത്തി അയാളെ തന്നെ നോക്കി നില്‍ക്കുന്ന, യേശു ക്രിസ്തുവിന്‍റെ എട്ടടി പൊക്കമുള്ള പ്രതിമയുണ്ടായിരുന്നു………………………………………..

The End

Leave a Comment

Your email address will not be published. Required fields are marked *