
Image Credit: fineartamerica.com
ആ വിധി ദിവസം നാളെയാണ്.
കേരളത്തെ നടുക്കിയ, കോളിളക്കം സൃഷ്ടിച്ച ബിയാട്രീസ് കൊലക്കേസിന്‍റെ വിധി പ്രഖ്യാപനം. ബിയാട്രീസ് എന്ന എഴുപതുകാരിയെ, കോട്ടയം നാഗമ്പടത്തിനടുത്തുള്ള ഒരു ഇടുങ്ങിയ തെരുവിലെ, സിമന്‍റ് മാത്രം തേച്ച സ്വന്തം വീടിന്‍റെ അടുക്കളയില്‍, രാത്രി പത്തു മണിയോടെ ദേഹമാസകലം വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പരിസരത്ത് വീടുകളൊന്നുമില്ലാത്തതു കൊണ്ട് സംഭവം പുറത്തറിയാന്‍ കുറച്ചു വൈകി. പത്തു മണിയോടെ, കടയടച്ച് സാധനങ്ങളുമായി വന്ന സമീപവാസിയായ പലചരക്കുകടക്കാരന്‍ യശോദരനാണ് കൊലപാതകം ആദ്യം അറിഞ്ഞത്.
പ്രായത്തിന്‍റെ അവശത കാരണം ബുദ്ധിമുട്ടുന്ന ബിയാട്രീസ് വൈകുന്നേരം കടയിലേക്ക് വന്നപ്പോള്‍, യശോദരന്‍ തന്നെയാണ് രാത്രി കടയടച്ച് അതിലെ വരുമ്പോള്‍ സാധനങ്ങളെല്ലാം കൊണ്ടു വരാം എന്നു പറഞ്ഞത്. അടുത്ത ദിവസം മകന്‍ ആന്‍റണിയുടെ പിറന്നാളായതു കൊണ്ട് കുറച്ചധികം സാധനങ്ങള്‍ വാങ്ങാനാണ് അവര്‍ വന്നത്. ഏറിയാല്‍ മൂന്നു കിലോയെ ഉള്ളൂ . കാല്‍മുട്ട് വേദന കാരണം നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവരെക്കൊണ്ട് അതുപോലും ചുമക്കാന്‍ കഴിയില്ലെന്ന് യശോദരന് അറിയാമായിരുന്നു. ഇതിനു മുമ്പും അയാള്‍ അങ്ങനെയുള്ള സഹായം അവര്‍ക്ക് പലപ്പോഴും ചെയ്തു കൊടുത്തിട്ടുണ്ട്.
സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ വൃദ്ധയായ മാതാവിനെ കൊലപ്പെടുത്തിയതിന്‍റെ പേരില്‍ മകന്‍ ആന്‍റണിയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യത്തിനും മയക്കു മരുന്നിനും അടിമയായ അയാള്‍ പണത്തിനു വേണ്ടിയാണ് അവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. അയാളുടെ വഴിവിട്ട പോക്കിനെ കുറിച്ചും ഇതിനു മുമ്പ് പലപ്പോഴും അയാള്‍ പണത്തിനു വേണ്ടി തന്‍റെ മാതാവിനെ ഉപദ്രവിച്ചിട്ടുണ്ട് എന്നതിനെ കുറിച്ചും പോലീസിന് നേരത്തെ തന്നെ സാക്ഷി മൊഴികള്‍ ലഭിച്ചിരുന്നു. നഗരത്തിലെ ചില മോഷണങ്ങളും പിടിച്ചുപറികളുമായി ബന്ധപ്പെട്ട് അയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതും അന്വേഷണത്തിനിടയില്‍ പോലീസ് പരിഗണിച്ചു.
ഇരുപത്തെട്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബിയാട്രീസിന്, അതിനു ശേഷം കിട്ടുന്ന വിധവാ പെന്‍ഷന്‍ മാത്രമായിരുന്നു വരുമാന മാര്‍ഗം. കുറച്ചു നാള്‍ മുമ്പു വരെ അടുത്തുള്ള ചില വീടുകളില്‍ അവര്‍ പുറം പണിക്കു പോകാറുണ്ടായിരുന്നുവെങ്കിലും അവശത കാരണം പിന്നീട് അതെല്ലാം നിര്‍ത്തി. പണിയൊന്നുമില്ലാത്ത ആന്‍റണി പകല്‍ മുഴുവന്‍ എവിടെയെങ്കിലും കറങ്ങി തിരിഞ്ഞു നടന്ന് വൈകുന്നേരം മദ്യപിക്കാനുള്ള പണത്തിനായി അമ്മയോട് വഴക്ക് കൂടുക പതിവായിരുന്നു.
പതിവ് പോലെ അന്നും പണത്തിനു വേണ്ടി അമ്മയുമായി വഴക്ക് കൂടുകയും, കിട്ടാതെവന്നപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കയ്യില്‍ കിട്ടിയ വാക്കത്തികൊണ്ട് അവരെ മാറി മാറിവെട്ടുകയുമായിരുന്നുവെന്ന് ആന്‍റണി പോലീസിനു മൊഴി നല്കി. മരണം ഉറപ്പു വരുത്തിയ ശേഷം, കയ്യില്‍ കിട്ടിയ കാശുമായി താന്‍ രക്ഷപെടുകയായിരുന്നുവെന്നും അയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
കേസ് എത്തിയത് ജസ്റ്റിസ് ഹബീബ് റഹ്മാന്‍റെ സിംഗിള്‍ ബെഞ്ചിലാണ്.
നരച്ച വടിവൊത്ത താടിയുള്ള, വിദേശ ഫ്രെയിമിന്‍റെ കണ്ണട വെച്ച, ഗാംഭിര്യം നിറഞ്ഞ മുഖം. ബ്ലഡ് പ്രഷര്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് അസുഖങ്ങളൊന്നുമില്ലാത്ത നല്ല ആരോഗ്യമുള്ള അമ്പതുകാരന്‍. നിയമവ്യവസ്ഥയില്‍ അഗാധ പാണ്ഡിത്യം. നിയമത്തിലും നടപടിക്രമങ്ങളിലും അണുവിട വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവം. അതായിരുന്നു ഹബീബ് റഹ്മാന്‍. ജഡ്ജിമാരും അഭിഭാഷകരും കോടതിയുമായി ബന്ധപ്പെട്ട മറ്റു സുഹൃത്തുക്കളുമൊക്കെ അദേഹത്തെ വിശേഷിപ്പിക്കുന്നതു തന്നെ ചലിക്കുന്ന ലോ എന്‍സൈക്ലോപീഡിയ എന്നാണ്.
ആ രാത്രി ജഡ്ജസ് അവന്യൂവിലെ തന്‍റെ ബംഗ്ലാവില്‍ ഡ്രോയിംഗ് റൂമിനോട് ചേര്‍ന്നുള്ള, അടുത്തിടെ മാര്‍ബിള്‍ പാകിയ തന്‍റെ വായന മുറിയിലിരുന്ന് വിധിന്യായം തയ്യാറാക്കുമ്പോള്‍ അദേഹത്തിന് തെല്ലും ആശയ കുഴപ്പമില്ലായിരുന്നു. വധശിക്ഷ ! നിരാലംബയും വയോധികയുമായ തന്‍റെ മാതാവിനെ നിഷ്കരുണം കൊലപ്പെടുത്തിയ പ്രതിക്ക് അതില്‍ കുറഞ്ഞതൊന്നും നല്‍കാനാവില്ലെന്ന് അദ്ദേഹം വിലയിരുത്തി.
ഭാര്യ അഞ്ചു വര്‍ഷം മുമ്പ് മരിച്ചതിന് ശേഷം ജസ്റ്റിസ് ബംഗ്ലാവില്‍ തനിച്ചാണ് താമസിക്കുന്നത്. അദേഹത്തിന്‍റെ പെണ്‍മക്കള്‍ രണ്ടു പേരും വിവാഹിതരായി അമേരിക്കയില്‍ സ്ഥിര താമസമാണ്. അടുക്കള പണിക്കും മറ്റുമായി രണ്ടു പേര്‍ സഹായത്തിനുണ്ട്. ഒരു കട്ടപ്പനക്കാരന്‍ ജോസഫും ഭാര്യയും. രണ്ടു പേര്‍ക്കും നാല്‍പ്പതിന് മേല്‍ പ്രായമുണ്ട്. പക്ഷേ കുട്ടികളില്ല. അവര്‍ ബംഗ്ലാവിനോട് ചേര്‍ന്നുള്ള ജോലിക്കാര്‍ക്കുള്ള ഔട്ട്ഹൌസിലാണ് താമസം.
ക്ലോക്ക് പന്ത്രണ്ടു വട്ടം അടിച്ചു. വിധി ന്യായത്തിന്‍റെ അവസാന പേജുകള്‍ തയാറാക്കുന്നതിനിടയിലെപ്പോഴോ പുറത്ത് രണ്ടു വട്ടം കാളിംഗ് ബെല്‍ അടിക്കുന്നത് അദ്ദേഹം കേട്ടു.
ജസ്റ്റിസ് അല്പം അസ്വസ്ഥനായി. ഗെയ്റ്റ് ലോക്കാണ്. അപ്പോള്‍ ജോസഫല്ലാതെ വേറാരുമാവില്ല. പക്ഷെ എന്താണ് ഈ അസമയത്ത്………എന്തെങ്കിലും അത്യാവശ്യകാര്യമായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി.
ഹബീബ് റഹ്മാന്‍ പുസ്തകം മടക്കിവെച്ച് എഴുന്നേറ്റു. എന്നിട്ട് ടോര്‍ച്ചുമെടുത്ത് ഹാളിലേക്ക് നടന്നു. സിറ്റൌട്ടിലെ ലൈറ്റ് അന്നു വൈകീട്ട് ഫ്യൂസായതു കൊണ്ട് ഹാളില്‍ നിന്നു വരുന്ന ചെറിയ വെളിച്ചം മാത്രമേ പുറത്തുണ്ടാവൂ. ഹാളിലെ ലൈറ്റ് ഇട്ടതിനു ശേഷം അദ്ദേഹം വാതില്‍ തുറന്ന്‍ പുറത്തേക്കിറങ്ങി. സിറ്റൌട്ടിനു താഴെ പടിക്കെട്ടുകള്‍ക്കടുത്താണ് കാളിങ് ബെല്‍. ആരോ ഒരു നിഴല്‍ പോലെ ബെല്ലിന്‍റെയടുത്ത്, കാര്‍ പോര്‍ച്ചില്‍ നില്‍ക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹം കണ്ടു. പക്ഷേ ആരാണെന്ന് വ്യക്തമായില്ല. ശരീര ഭാഷ കണ്ടിട്ട് ജോസഫാണെന്ന് തോന്നിയതുമില്ല.
ആരാണ്, ജോസഫാണോ ? ടോര്‍ച്ച് തെളിച്ചു കൊണ്ട് ഹബീബ് റഹ്മാന്‍ ചോദിച്ചു.
അപ്പോള്‍ ആള്‍ പടി കയറി മുകളില്‍ വന്നു. ഒരു സ്ത്രീയാണ്. കണ്ടു പരിചയമില്ല. അറുപതിനു മേല്‍ പ്രായമുണ്ടാവും. ജോസഫിനെ പക്ഷെ അവിടെയെങ്ങും കണ്ടില്ല. അയാളോ ഭാര്യയോ ഗേറ്റ് തുറക്കാതെ ആര്‍ക്കും അകത്തേക്ക് വരാനാകില്ല. അസമയത്ത് ആരെങ്കിലും വന്നാല്‍ പക്ഷേ ജോസഫും കൂടെ വരാറുണ്ട്. ഇനി വൈകീട്ട് അയാള്‍ ഗേറ്റ് ലോക്ക് ചെയ്യാന്‍ മറന്നതാണോയെന്ന്‍ ജസ്റ്റിസിന് സംശയം തോന്നി. പക്ഷേ അങ്ങനെ മറവിയുള്ള കൂട്ടത്തിലല്ല ജോസഫും ഭാര്യയും. ഔട്ട്ഹൌസിന്‍റെ ഭാഗത്ത് നല്ല ഇരുട്ടായിരുന്നു. അതുകൊണ്ട് അയാള്‍ അറിഞ്ഞുകൊണ്ടല്ല അവര്‍ അകത്തേക്ക് വന്നതെന്ന് ഹബീബ് റഹ്മാന് മനസിലായി.
നിങ്ങള്‍ ആരാണ് ? എങ്ങനെ അകത്തു വന്നു ? : സ്വല്‍പ്പം പരുഷമായി തന്നെ ജസ്റ്റിസ് ചോദിച്ചു.
ഞാന്‍……………..: ആ സ്ത്രീ പരുങ്ങുന്നത് പോലെ തോന്നി.