ഘാതകന്‍

almond-house-painting

Image Credit: www.usgennet.org

 ഇവര്‍ എങ്ങനെയോ പൂട്ട് പൊളിച്ച് അകത്തു വന്നതാകാമെന്ന് അദേഹത്തിന്‍റെ മനസ് പറഞ്ഞു. പക്ഷേ തനിച്ച് അതു ചെയ്യാനുള്ള ശേഷി ഏതായാലും ഈ വൃദ്ധയ്ക്കില്ല. ആരെങ്കിലും ഇവരെ സഹായിച്ചിട്ടുണ്ടാവാമെന്നും ഒരു പക്ഷേ മോഷണമായിരിക്കാം സംഘത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കണക്കു കൂട്ടി.

ആരാണ് നിങ്ങള്‍ക്ക് ഗെയ്റ്റ് തുറന്നു തന്നത് ? നിങ്ങളുടെ കൂടെ വന്നവരൊക്കെ എവിടെ ?: ഹബീബ് റഹ്മാന്‍ ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല.

അപ്പോഴേക്കും ആ സ്ത്രീ അദേഹത്തിന്‍റെ അടുത്തേക്ക് വന്നു.

ഞാന്‍ തനിച്ചാണ് വന്നത്…….. സാര്‍, എനിക്കൊരു സഹായം വേണം : അവര്‍ പറഞ്ഞു.

കുലീനത്വമുള്ള മുഖ ഭാവം. ഏറെക്കുറെ നരച്ച മുടിയിഴകള്‍ ദൈന്യ ഭാവമാണ്. പക്ഷേ അങ്ങനെ കണ്ണടച്ച് അവരെ വിശ്വസിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.

എന്താ വേണ്ടത് ? :

അദ്ദേഹം സംശയത്തോടെ അവരുടെ മുഖത്തേക്ക് നോക്കി. അസമയത്ത് തന്നെ വന്നു ശല്യപ്പെടുത്തിയതിലുള്ള ഈര്‍ഷ്യ അദ്ദേഹത്തിന്‍റെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞു നിന്നു. പെട്ടെന്ന് അദ്ദേഹം ഒരപകടം മണത്തു. ചുറ്റും ഇരുട്ടാണ്. താനാണെങ്കില്‍ തനിച്ചും. ഈ സ്ത്രീയുടെ കൂടെ ആരെങ്കിലുമുണ്ടോ എന്നു വ്യക്തമല്ല. വേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള പിസ്റ്റള്‍ ഹാളിലെ മേശയുടെ ഡ്രോയറിലാണുള്ളത്. അതെടുക്കാനായി തിടുക്കത്തിൽ അദ്ദേഹം അകത്തേക്ക് നടന്നു.

Read  ശ്രദ്ധാഞ്ജലി

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ആ സ്ത്രീ മടിച്ചു മടിച്ചു അകത്തേക്കു വന്നു. അതിനകം ഡ്രോയര്‍ തുറന്ന്‍ പിസ്റ്റള്‍ കയ്യിലെടുത്ത ഹബീബ് റഹ്മാന്‍ അവരെ ആകപ്പാടെ ഒന്നു നോക്കി.

കണ്ടാലേ അറിയാം, താഴെക്കിടയിലുള്ള, കഷ്ടപാട് നിറഞ്ഞ ജീവിതമാണ് അവരുടേത്. മുഷിഞ്ഞ വേഷം. വില കുറഞ്ഞ, പ്ലാസ്ടിക്കിന്‍റെതോ മറ്റോ കമ്മല്‍, മാല…….. സാരി അങ്ങിങ്ങായി കീറി പറിഞ്ഞത് തുന്നി ചേര്‍ത്തിട്ടുണ്ട്. എന്തോ അവര്‍ മോശപ്പെട്ട ഒരു സ്ത്രീയല്ലെന്നു ഹബീബ് റഹ്മാന് അപ്പോള്‍ തോന്നി.

ഞാന്‍ വന്നത് എന്‍റെ മകന് വേണ്ടിയാണ്. അവനെ രക്ഷിക്കണം……….. : യാചിക്കുന്നതു പോലെ വൃദ്ധ പറഞ്ഞു.

അവരുടെ കണ്ണുനീര്‍ കണ്ടപ്പോള്‍ അദേഹത്തിന്‍റെ മനസ്സൊന്നലിഞ്ഞു. അത് ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പോ അല്ലെങ്കില്‍ അഭിനയമോ ആണെന്ന് അദ്ദേഹത്തിന് തോന്നിയില്ല. തന്‍റെ കയ്യിലെ തോക്ക് കണ്ടെങ്കിലും അവരുടെ മുഖത്ത് ഭാവവ്യത്യാസമൊന്നും വരാത്തത് ജസ്റ്റിസിനെ അത്ഭുതപ്പെടുത്തി.

എന്താ അയാള്‍ക്ക് പറ്റിയത് ?: പിസ്റ്റള്‍ അരയില്‍ വെച്ചു കൊണ്ട് അടുത്തുള്ള സോഫയില്‍ ഇരിക്കുമ്പോള്‍ ഹബീബ് റഹ്മാന്‍ ചോദിച്ചു. ആ സമയത്ത് അദേഹത്തിന് എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നി. അപ്പോഴും അവര്‍ തനിച്ചാണോ വന്നത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന്‍റെ സംശയം ബാക്കിയായിരുന്നു.

പാതിരാത്രി. ആ സ്ത്രീയെ പരിസരത്തൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല. അപരിചിതമായ സ്ഥലത്ത് അതും അസമയത്ത് തനിച്ചു വരാന്‍ ഇവര്‍ക്കു കഴിയില്ലെന്നു തന്നെ അദ്ദേഹത്തിനു തോന്നി. അങ്ങനെയെങ്കില്‍ തന്‍റെ സംശയം ശരിയാണ്. വൃദ്ധയുടെ കൂടെ വന്ന ആരോ പുറത്തെ ഇരുട്ടിലുണ്ടാവും. എന്താണ് അവരുടെ ഉദേശമെന്ന് അറിയണം. പിസ്റ്റള്‍ ഫുള്‍ ലോഡായതുകൊണ്ട് തല്‍ക്കാലം ഭയപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹത്തിന്‍റെ മനസ് പറഞ്ഞു.

അവന്‍ ഇപ്പോള്‍ ജയിലിലാണ്. നാളെ സാര്‍ അവന്‍റെ വിധി പറയും. അവനെ രക്ഷിക്കണം: സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞു. സാരിത്തലപ്പ് കൊണ്ട് അവര്‍ കണ്ണു തുടച്ചു. അവരുടെ വാക്കുകള്‍ കേട്ട് ജസ്റ്റിസ് ഹബീബ് റഹ്മാന്‍ ഞെട്ടിത്തരിച്ചു.

ആന്‍റണി ?……….: അദ്ദേഹത്തിന്‍റെ നാവില്‍ നിന്ന് അറിയാതെ ആ പേര് പുറത്ത് വന്നു. ദേഹമാസകലം ഒരു തരിപ്പ് വരുന്നതുപോലെ ഹബീബ് റഹ്‌മാന്‌ തോന്നി.

ജസ്റ്റിസ് അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയെങ്കിലും ആ സ്ത്രീ മരിച്ചതാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് പ്രയാസംതോന്നി. അവരുടെ ദേഹത്ത് എന്തെങ്കിലും പരുക്കുള്ളതായും ഒറ്റനോട്ടത്തില്‍ തോന്നിയില്ല. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ജസ്റ്റിസിന് തോന്നി.

അത് മനസിലാക്കിക്കൊണ്ട് അവര്‍ പറഞ്ഞു: അതെ. അവന്‍ എന്‍റെ മകനാണ്. പാവമാണ് അവന്‍…………എന്തോ ഒരു കയ്യബദ്ധം പറ്റിയതാണ്………….. ആ സ്ത്രീ പൊട്ടിക്കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണു. ജസ്റ്റിസ് വിറച്ചു പോയി. കണ്‍മുന്നില്‍ നടക്കുന്നതു സത്യമോ മിഥ്യയോ എന്നുറപ്പിക്കാന്‍ കുറച്ചു സമയമെടുത്തു ജസ്റ്റിസ് ഹബീബ് റഹ്മാന്‍…………

ശരിയാണ്. ഇത് ആ അമ്മ തന്നെയാണ്. എഫ്.ഐ.ആറില്‍ പറയുന്ന ഇരയുടെ അടയാളങ്ങളെല്ലാം കൃത്യമായി ഒത്തു വരുന്നുണ്ട്. പക്ഷെ അപ്പോഴും അദ്ദേഹത്തിന്‍റെ മനസില്‍ എന്തൊക്കെയോ സംശയങ്ങളും അവിശ്വസനീയതയും നിറഞ്ഞു നിന്നു.

നിങ്ങള്‍ മരിച്ചതല്ലെ ? അയാളല്ലെ ഇത് ചെയ്തത് ? : ഒടുവിലെപ്പോഴോ ഹബീബ് റഹ്മാന്‍ ചോദിച്ചു. അദ്ദേഹത്തിന് എന്തെന്നില്ലാത്ത ഭയം തോന്നി. അരയില്‍ വില കൂടിയ വിദേശ നിര്‍മിത ആയുധം ഉള്ളപ്പോഴും താന്‍ അപ്പോള്‍ ഒട്ടും സുരക്ഷിതനല്ലെന്ന് ജസ്റ്റിസ് തിരിച്ചറിഞ്ഞു.

ശരിയാണ്. പക്ഷെ എനിക്കതില്‍ പരാതിയില്ല. കാത്തു കാത്ത് എനിക്ക് ലഭിച്ച കണ്മണിയല്ലേ അവന്……………….സ്നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല എനിക്ക് : വൃദ്ധ ജസ്റ്റിസിന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു. പ്രതീക്ഷയ്ക്ക് വക നല്‍കുന്ന എന്തെങ്കിലും അദ്ദേഹം പറയുമെന്ന് അവര്‍ ആശിച്ചു.

അദ്ദേഹം പക്ഷേ നിശബ്ദനായി ഇരുന്നതേയുള്ളൂ. തന്‍റെ പതിറ്റാണ്ടുകളായുള്ള നിയമവൃത്തിക്കിടയ്ക്ക് ഇങ്ങനെയൊരു അവസ്ഥയില്‍കൂടി കടന്നു പോകുന്നത് ആദ്യമാണെന്ന് ഹബീബ് റഹ്മാന് തോന്നി.

അവന്‍റെ പിറന്നാളായിരുന്നു അടുത്ത ദിവസം. പക്ഷെ അതിനു മുമ്പേ…………………: അപ്പോഴും മകനെ പ്രാണനു തുല്യം സ്നേഹിക്കുന്ന ആ അമ്മയ്ക്ക് പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. ആ സ്നേഹം കണ്ടപ്പോള്‍ ആ മാതൃ വാത്സല്യത്തിന്‍റെ മനസാക്ഷിയെ സാക്ഷി നിര്‍ത്തുമ്പോള്‍ തന്‍റെ ഭയം പതുക്കെ വിട്ടകന്നു പോകുന്നത് ജസ്റ്റിസ് ഹബീബ് റഹ്മാന്‍ അറിഞ്ഞു. താന്‍ പഠിച്ചതിനൊക്കെ അപ്പുറമാണ് മാതൃസ്നേഹമെന്ന മഹാസത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ദാരുണമായി കൊല്ലപെട്ടതിനു ശേഷവും, ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുമോ എന്നോര്‍ത്തപ്പോള്‍ അദേഹത്തിന് അത്ഭുതം തോന്നി. നിസ്സാര പ്രശ്നങ്ങളുടെപേരിലോ അല്ലെങ്കില്‍ സ്വത്തിനു വേണ്ടിയോ കുടുംബത്തില്‍ തമ്മിലടിക്കുന്നവര്‍ക്ക് ഈ അമ്മ ഒരു മാതൃകയാണല്ലോ എന്നദ്ദേഹത്തിന് തോന്നി.

എനിക്ക് കഴിയുമായിരുന്നെങ്കില്‍, അവനല്ല ഇത് ചെയ്തത്, മറിച്ച് ഇരുട്ടത്ത് ആരോ ചെയ്തതാണെന്ന് പറയാന്‍ ഞാന്‍ കോടതിയില്‍ വരുമായിരുന്നു. അങ്ങനെയെങ്കിലും അവനെ വെറുതെ വിടുമല്ലോ. പക്ഷെ……………………..: അവര്‍ വീണ്ടും ഒരു യാചകയെ പോലെ ഹബീബ് റഹ്മാന്‍റെ മുഖത്തേക്ക് നോക്കി. തന്‍റെ കണ്ണുനീര്‍ ആ സ്ത്രീ കാണാതിരിക്കാന്‍ അദ്ദേഹം ഒരു നിമിഷം കണ്ണടച്ചിരുന്നു. ആ ദുഷ്ടനായ മകന് ഏതാനും ചില്ലിക്കാശിന് വേണ്ടി ഇത്ര നല്ലവളായ തന്‍റെ അമ്മയെ കൊലപ്പെടുത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ജസ്റ്റിസ് അപ്പോള്‍ ആലോചിച്ചു.

ശക്തമായ കാറ്റ്. തുറന്നു കിടന്ന വാതിലിലൂടെ അപ്രതീക്ഷിതമായി ഇരച്ചെത്തിയ കാറ്റില്‍ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദം കേട്ട് ജസ്റ്റിസ് കണ്ണു തുറന്നു. അപ്പോള്‍ അടുത്തുള്ള മേശപ്പുറത്ത് ഉണ്ടായിരുന്ന പത്രവും മാസികകളും മുറിയുടെ പല സ്ഥലത്തായി ചിതറിക്കിടന്നിരുന്നു. കുറച്ചു നാള്‍ മുമ്പ് വാങ്ങിയ ക്രിസ്റ്റലിന്‍റെ വില കൂടിയ പ്രതിമ താഴെ വീണു പൊട്ടിച്ചിതറി.

പക്ഷെ ആ അമ്മ ……………………….

അവര്‍ നിന്ന സ്ഥലം ശൂന്യമായിരുന്നു. ഹബീബ് റഹ്മാന്‍ എല്ലായിടത്തും തിരഞ്ഞെങ്കിലും ആ പരിസരത്തൊന്നും അവരുടെ നിഴല്‍ പോലുമുണ്ടായിരുന്നില്ല. പുറത്തിറങ്ങിയ അദ്ദേഹം റോഡിലൂടെ കടന്നു പോയ ഏതോ വലിയ വാഹനത്തിന്‍റെ ലൈറ്റിന്‍റെ വെളിച്ചത്തില്‍ ഗെയ്റ്റ് ലോക്ക് ചെയ്തിരിക്കുന്നത് മാത്രം കണ്ടു.

അപ്പോള്‍ അകലെ സെന്‍ട്രല്‍ ജയിലിലെ ഒരു ഇരുണ്ട മുറിയില്‍, ഒരു കൊടും കുറ്റവാളി, ചെയ്തു പോയ മഹാപാതകത്തിന്‍റെ പേരില്‍, അനിവാര്യമായ തൂക്കു കയറും കാത്തു കഴിയുകയായിരുന്നു. വളരെ പ്രിയപ്പെട്ട ആരോ, തന്‍റെ അവസ്ഥയില്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട്, അദൃശ്യമായി, തന്‍റെ അടുത്തു തന്നെ നില്‍ക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. പക്ഷെ ആ ആളെ കാണാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല, ഒരിക്കലും…………….

ആദ്യ ഭാഗം വായിക്കാം

16 thoughts on “ഘാതകന്‍”

Leave a Comment

Your email address will not be published. Required fields are marked *