എലി.
നമുക്കവളെ അങ്ങനെ വിളിക്കാം.
സംഗതി നമ്മുടെ ഒറിജിനല്‍ എലി തന്നെ. പക്ഷേ അതുകൊണ്ടൊന്നുമല്ല കേട്ടോ എല്ലാവരും അവളെ അങ്ങനെ വിളിക്കുന്നത്. എലിസബത്ത് എന്നോ മറ്റോ ആണ് അതിന്റെ ശരിക്കുള്ള പേര്. കാണാന്‍ തരക്കേടില്ലാത്തത് കൊണ്ടും സല്‍സ്വഭാവിയും ആയത് കൊണ്ട് പരിസരത്തുള്ള മൂഷികന്മാര്ക്കും അല്ലാത്തവര്‍ക്കുമൊക്കെ അവളുടെ മേല്‍ ഒരു പൊടി കണ്ണുണ്ട്. അവരെല്ലാം എലീ എന്നു വിളിച്ച് പിന്നാലെ കൂടും. എന്തിന് തൊട്ടടുത്തുള്ള തോമാച്ചന്റെ വീട്ടിലെ കിങ്ങിണി പൂച്ച വരെ അവളെ ഒന്നു രുചിച്ചു നോക്കാന്‍ എത്രയോ കൊതിച്ചിട്ടുണ്ട്. എലി ഗണപതിയുടെ വാഹനമാണെന്നും അതുകൊണ്ടാണ് അവളെ കിട്ടാത്തതെന്നും ആരോ പറഞ്ഞത് കേട്ട് പരിസരത്തുള്ള വിഗ്നേശ്വരന്റെ കോവിലില്‍ നേര്‍ച്ച വരെ നേര്‍ന്നു. പക്ഷേ ഫലം തഥൈവ. ഒന്നു രുചിക്കാന്‍ പോയിട്ട് മണത്തു നോക്കാന്‍ പോലും കിങ്ങിണിക്ക് എലിയെ ഇതുവരെ കിട്ടിയിട്ടില്ല.
കാട്ടിപറമ്പിലെ ബേബിച്ചായന് അടുത്തിടെയാണ് തറവാട് വീട് പൊളിച്ച് പുതിയ വീട് വച്ചത്. പക്ഷേ അമ്മച്ചിയുടെ നിര്‍ബന്ധം കാരണം പിന്നാമ്പുറത്തുള്ള അവരുടെ പഴയ മുറിയും അതോടു ചേര്‍ന്നുള്ള ചില ഭാഗങ്ങളും അതേ പോലെ നിലനിര്‍ത്തി. അതിന്റെ മച്ചിലാണ് നമ്മുടെ കഥാ നായികയുടെ വാസം.
അന്ന് ഈസ്റ്റര്‍ രാത്രിയായിരുന്നു.
കത്തിക്കാളുന്ന വിശപ്പുണ്ടെങ്കിലും നേരം വൈകുവോളം എലിക്ക് മുറിയില്‍ നിന്ന് പുറത്തിറങ്ങാനേ കഴിഞ്ഞില്ല. അപ്പുറത്ത് ഏറെ നേരമായി ഒച്ചയും ബഹളവും കേള്‍ക്കാം. ആരും ഉറങ്ങിയിട്ടില്ല. ഇടയ്ക്ക് ടോണിയുടെ ശബ്ദവും കേട്ടു. ബേബിച്ചായന്റെ ഇളയ മകന്. അവന് ദൂരെ എവിടെയോ നിന്ന് പഠിക്കുകയാണ്. വല്ലപ്പോഴുമേ കാണാറുള്ളു. അവധിക്ക് വന്നതായിരിക്കുമെന്ന് എലി കണക്കുകൂട്ടി.
മറ്റുള്ളവരെ പോലെയല്ല ടോണി. വല്യമ്മച്ചിയോട് ആ വീട്ടില്‍ കുറച്ചെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്നത് അവന് മാത്രമാണെന്ന് എലിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ബേബിച്ചായന് ദുബായിലാണ്. പക്ഷേ അങ്ങേരും ഭാര്യ ലില്ലിക്കുട്ടിയും മകള്‍ ജുവലുമൊക്കെ പ്രായമായ വല്യമ്മച്ചിയെ ഒരധിക പറ്റായിട്ടാണ് കാണുന്നത്. സ്നേഹത്തോടെ ഒരു വാക്ക് പോലും പറയുന്നത് എലി ഇന്നുവരെ കണ്ടിട്ടില്ല. എന്നാല്‍ ടോണി അങ്ങനെയല്ല. ഇടയ്ക്ക് ആരും കാണാതെ സമ്മാനങ്ങളുമായി അമ്മച്ചിയുടെ മുറിയില്‍ വരും. അവര്‍ക്കും കൊച്ചുമോനെ വലിയ കാര്യമാണ്. അവന് എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ടല്ലോ എന്ന് മാത്രം വല്യമ്മച്ചി പറയും. അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് എലി സിനിമാ സ്റ്റൈലില്‍ മറുപടിയും കൊടുക്കും. മറ്റുള്ളവരെ അപേക്ഷിച്ച് അവള്‍ക്ക് ടോണിയോട് മാത്രം കുറച്ചു സ്നേഹ വാത്സല്യങ്ങള്‍ തോന്നാനും കാരണം ഇതൊക്കെ തന്നെയാകണം.
ലൈറ്റണഞ്ഞു. ഇപ്പോള്‍ അങ്ങനെ ഒച്ചയും അനക്കവുമൊന്നും കേള്‍ക്കാനില്ല.
എലി പതുക്കെ മച്ചില്‍ നിന്ന് താഴേക്കിറങ്ങി. അമ്മച്ചിയുടെ മുറിയില്‍ നിന്ന് സ്റ്റോര്‍ റൂം വഴി അടുക്കളയിലേക്ക് ഒരു ഷോര്‍ട്ട് കട്ടുണ്ട്. ഒഴിഞ്ഞ വയറുമായി അവള് അതിവേഗം അതിലേ മാര്‍ച്ച് പാസ്റ്റ് ചെയ്തു.
ഹാളില്‍ മാത്രം മങ്ങിയ വെളിച്ചമുണ്ട്. അത് അമ്മച്ചി ടിവി കാണുന്നതാണ്. ഉറക്കം വരുന്നത് വരെ അവര്‍ സീരിയലും പഴയ പാട്ടുകളും കണ്ടുകൊണ്ടിരിക്കും.
എലി പതിവ് പോലെ കിച്ചന് സിങ്കിനടുത്തായി നിരത്തി വച്ച പാത്രങ്ങള്‍ ഓരോന്നായി തലയിട്ട് തുറന്നു നോക്കി. ഒരു വറ്റു ചോറോ ഇറച്ചിക്കഷണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഭക്ഷണമോ അവിടെയെങ്ങുമില്ല. അവള് ഓടിനടന്ന് എല്ലായിടത്തും പരതിയത് മാത്രം മിച്ചം. വിശപ്പ് കാരണം അവളുടെ കണ്ണു നിറഞ്ഞു.
എന്റെ വിഗ്ന്നേശ്വരാ, രാവിലെ മുതല്‍ ഈ നിമിഷം വരെ ഞാന്‍ ഒന്നും കഴിച്ചിട്ടില്ല. നല്ലൊരു ദിവസമായിട്ട് പട്ടിണി കിടക്കാനാണോ എന്റെ വിധി ?: എലി ഒരു നിമിഷം കൈ കൂപ്പി കൊണ്ട് കണ്ണടച്ചു. പേര് എലിസബത്ത് എന്നാണെങ്കിലും വിഗ്നേശ്വരനാണ് അവളുടെ ഇഷ്ട ദൈവം. എവിടെ നിന്നോ കളഞ്ഞു കിട്ടിയ ഗണപതിയുടെ ഒരു ചെറിയ കളര്‍ ചിത്രം എലി എന്നും കണി കാണാനായി മച്ചിലെ ചവറുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചിട്ടുമുണ്ട്. എലികളെ നികൃഷ്ട ജീവികളായി കാണുന്ന പൊതു രീതിയ്ക്ക് വിരുദ്ധമായി അതിനെ സ്വന്തം വാഹനമായി കൊണ്ടു നടക്കുന്ന അദ്ദേഹത്തോടുള്ള ആരാധന അവള്‍ക്ക് പറഞ്ഞറിയിക്കാനാവാത്തതിലും അധികമാണ്.
ഈ ചോറും കറിയുമൊക്കെ നീ ആര്‍ക്കു വേണ്ടിയാടീ ഉണ്ടാക്കി വച്ചിരിക്കുന്നത്? അതോ നിന്നെ കാണാന്‍ ഇന്നാരെങ്കിലും വരുമെന്ന് പറഞ്ഞിട്ടുണ്ടോ ? : പെട്ടെന്ന് ഒരശരീരി പോലെ ആ ശബ്ദം കേട്ടപ്പോള്‍ എലി ഞെട്ടിത്തരിച്ചു പോയി. കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ അവള് അടുത്തു കണ്ട കിച്ചന് ക്യാബിനറ്റിനുള്ളില്‍ കയറി ഒളിച്ചു.
ങേ എവിടെ ചോറും കറിയും ? എന്നിട്ട് അടുക്കള മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ഞാന്‍ കണ്ടില്ലല്ലോ. : എലി സ്വയം ചോദിച്ചു.
അത് അമ്മേ, ഇന്ന് സൂരജേട്ടന് ഉച്ചയ്ക്ക് വരുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാ ഞാന്‍............ : സ്വല്പം പതറിക്കൊണ്ട് മറുപടി കൊടുക്കുന്ന മറ്റൊരു പെണ്‍ശബ്ദം. ആ ശബ്ദങ്ങള്‍ കേട്ട് എവിടെയോ നല്ല പരിചയമുണ്ടല്ലോയെന്നു മൂഷിക പെണ്‍കൊടി ഓര്‍ത്തു. പൊടുന്നനെയാണ് അവളുടെ തലയില്‍ ബള്‍ബ് തെളിഞ്ഞത്.
ചന്ദനമഴ സീരിയല്‍ ! നാശം. ഈ ഞായറാഴ്ചയും അതുണ്ടോ ? ഓ. ചിലപ്പോള്‍ ഹൈലൈറ്റ് ആയിരിക്കും. ഈ വല്യമ്മച്ചിയുടെ കാര്യം. കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കും. : അമളി പറ്റിയതറിഞ്ഞു ചെറിയ ചമ്മലോടെ എലി പുറത്തേക്കിറങ്ങി. ഒന്നുമറിയാതെ ഹാളിലിരുന്ന് ടിവി കാണുന്ന അമ്മച്ചിയെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മിക്കൊണ്ട് അവള് വേസ്റ്റ് ബാസ്ക്കറ്റിലും തീന് മേശയിലുമൊക്കെ ഓടി നടന്ന് ഒരു ശ്രമം കൂടി നടത്തി നോക്കി. നിരാശയായിരുന്നു ഫലം. ഇടയ്ക്ക് ഷെല്‍ഫിനടുത്ത് ആരോ മറന്നു വച്ച പാതിയൊഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റ് കിട്ടിയത് കൊണ്ട് അവളുടെ വിശപ്പ് സ്വല്പം ശമിച്ചെന്നു പറയാം. അത് കഴിച്ച് താഴോട്ടിറങ്ങുമ്പോഴാണ് എലിയുടെ കണ്ണ് അടുത്തുണ്ടായിരുന്ന ഒരു ചെറിയ പുസ്തകത്തില്‍ ഉടക്കിയത്. നല്ല ചുവന്ന നിറം. റേഷന്‍ കാര്‍ഡ്. ബിപിഎല്കാര്ക്കുള്ളതാണ് ആ കാര്‍ഡെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അവള്‍ക്ക് മനസിലായി. അത് കടയില്‍ കാണിച്ചാല്‍ ഒരാള്‍ക്ക് മാസം അഞ്ചു കിലോ അരി കിട്ടുമെന്ന് കഴിഞ്ഞ ദിവസം തിന്ന പത്രത്തിലുണ്ടായിരുന്നത് അവള് പെട്ടെന്നോര്‍ത്തു.
ദൈവമേ, അത്രയ്ക്ക് ഗതി കെട്ട അവസ്ഥയിലാണോ ബേബിച്ചായന്റെ കുടുംബം ? ചുമ്മാതല്ല കഴിഞ്ഞ കുറച്ചു ദിവസമായി തനിക്ക് ഇവിടെ നിന്ന് തിന്നാനൊന്നും കിട്ടാത്തത്. : എലിയുടെ മനസ് പിടഞ്ഞു.
ശരിയായിരിക്കും, അതുകൊണ്ടാണല്ലോ അദ്ദേഹം ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെടുന്നത് : ബേബിച്ചായന് കഴിഞ്ഞ അവധിക്ക് വന്നപ്പോള്‍ വാങ്ങിയ എല്‍ജിയുടെ വലിയ ഫ്രിഡ്ജും ഇലക്ട്രിക് ചിമ്മിനിയും എലിയുടെ മനോഗതം കേട്ടപ്പോള്‍ ശബ്ദമുണ്ടാക്കാതെ കളിയാക്കി ചിരിച്ചു. അവള് ഓടി അടുത്ത മുറിയുടെ വാതില്ക്കല് ചെന്നു. ടോണിയുടെ മുറിയാണ്. പകുതി തുറന്നു കിടന്ന വാതിലൂടെ അവള് അകത്തു കടന്ന് മേശയില്‍ ചാടിക്കയറി. തലയണയും കെട്ടിപ്പിടിച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ടോണിയെ കണ്ടപ്പോള്‍ എലി നന്നേ വിഷമിച്ചു.
പാവം. ഈസ്റ്ററായിട്ടും മോന് ഒന്നും കഴിച്ചിട്ടുണ്ടാവില്ല. നല്ല ക്ഷീണമുണ്ട്. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും വഴിയുണ്ടാക്കാമായിരുന്നു. നാളെയും ചിലപ്പോള്‍ ഇതു തന്നെയായിരിക്കും സ്ഥിതി. വലിയ വീടും കൊട്ടാരവും ഉണ്ടായിട്ടെന്താ പ്രയോജനം ? ഒരു നേരത്തെ വകയില്ലെങ്കില്‍ എല്ലാം തീര്‍ന്നില്ലേ ? നാളത്തെയ്ക്ക് എന്തെങ്കിലും ഒപ്പിക്കാന്‍ പറ്റുമോയെന്ന് നോക്കാം : അവള് അടുക്കളയുടെ പിന്നിലുള്ള സ്റ്റോര്‍ റൂമിന്റെ ജനാല വഴി പുറത്തേയ്ക്ക് ചാടി.
വാസുച്ചേട്ടന് ഈ സമയത്ത് പറമ്പിലുണ്ടാകും. തീര്‍ച്ചയായും അദ്ദേഹം സഹായിക്കാതിരിക്കില്ല. : എലി അയല്‍ക്കാരനായ തോമാച്ചന്റെ കൃഷിയിടം ലക്ഷ്യമാക്കി ഓടി.
തുരപ്പന്‍ വാസുവിനെയാണ് അവള് വാസുച്ചേട്ടന് എന്ന് വിളിച്ചത്. നേരത്തെ പറഞ്ഞത് പോലെ നമ്മുടെ എലിയുടെ പിന്നാലെ നടക്കുന്ന സ്ഥലത്തെ പ്രധാന വായിനോക്കികളുടെ കൂട്ടത്തിലെ ഒരുവനാണ് ഈ വാസുവും. ഭാര്യ നേരത്തെ മരിച്ചതോടെ അഥവാ കിങ്ങിണി പൂച്ച പിടിച്ച് തിന്നതോടെ ഒറ്റയ്ക്കായ വാസുവിന് എലിയില്‍ നോട്ടമുണ്ട് എന്നത് മൂഷിക ലോകത്തെ പരസ്യമായ രഹസ്യമാണ്. അല്ലെങ്കിലും പണമുള്ള വീട്ടിലെ പെണ്‍കുട്ടികളെ ആര്‍ക്കാണ് നോട്ടമില്ലാത്തത് ? അവര്‍ക്ക് സൌന്ദര്യം കൂടിയുണ്ടെങ്കില്‍ പിന്നെ പറയാനുമില്ല.
പക്ഷേ വാസു ശുദ്ധനാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയും ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ സമീപിക്കാന്‍ എലി തിരുമാനിച്ചത്.
Read തീന്മേശ - കഥ
അവളുടെ ഊഹം തെറ്റിയില്ല. വാസു കപ്പയുടെയും ചീരയുടെയും ഇടയില്‍ തന്നെയുണ്ടായിരുന്നു. പതിവില്ലാതെ അസമയത്ത് എലിയെ കണ്ടപ്പോള്‍ വാസുവിന്റെ കണ്ണുകള്‍ വികസിച്ചു. അവള് തന്നേ തേടിയാണ് വന്നതെന്നറിഞ്ഞപ്പോള്‍ അയാളുടെ സന്തോഷം ഇരട്ടിച്ചു.
എനിക്ക് രണ്ടു ചുവട് കപ്പ മാന്തിതരാമോ ചേട്ടാ ? : ആദ്യമായാണ് എലി അങ്ങനെയൊരു സഹായം ആവശ്യപ്പെടുന്നത്.
അതിനെന്താ മോളേ, ഇന്ന് ഒന്നും കഴിച്ചിട്ടുണ്ടാകില്ല അല്ലേ ? : അയാളുടെ ചോദ്യത്തിന് മുന്നില്‍ അവള് മുഖം കുനിച്ചു. സമയം കളയാതെ വാസു പണി തുടങ്ങി. മിനിട്ടുകള്‍ക്കകം അവള് ആവശ്യപ്പെട്ട അത്രയും കപ്പ മാന്തി അയാള്‍ മുന്നില്‍ വച്ചു.
എലി അതെടുക്കാന്‍ തുനിഞ്ഞപ്പോഴാണ് വാസു തന്റെ തനി സ്വഭാവം കാട്ടിയത്. അയാള്‍ അവളുടെ കയ്യില്‍ കയറി പിടിച്ചു.
അങ്ങനെ പോയാലോ ? ഈ നിലാവിനെ സാക്ഷി നിര്‍ത്തി നേരം വെളുക്കുവോളം നിന്നോട് സംസാരിച്ചിരിക്കണമെന്ന് എത്രയോ നാളായി ഞാന്‍ വിചാരിക്കുന്നു. വരൂ പ്രിയേ, നമുക്ക് ആ മാഞ്ചുവട്ടില്‍ പോയിരിക്കാം. : അയാള്‍ പ്രണയാതുരനായി അവളെ വിളിച്ചു.
വിടൂ ചേട്ടാ, ഇത് എനിക്കല്ല. ടോണിക്കുട്ടന് വന്നിട്ടുണ്ട്. പാവം ഒന്നും കഴിച്ചിട്ടില്ല. നേരില്‍ വന്ന് വാങ്ങിക്കാമെന്നു വച്ചാല്‍ തോമാച്ചന് ബ്ലേഡല്ലേ ? അതുകൊണ്ടാ ഞാന്‍ ഈ വളഞ്ഞ വഴി സ്വീകരിച്ചത്. : വാസു കൊച്ചാട്ടന്റെ കൈ തട്ടിയെറിഞ്ഞ എലി കപ്പയുമായി വീട്ടിലേക്ക് തിരിഞ്ഞു. വാസുവിന് ചെറിയ നിരാശ തോന്നി. രണ്ടു ചുവട് മുന്നോട്ടു നടന്ന എലി ഒന്നു നിന്നു. തിരിഞ്ഞു അയാളെ നോക്കിയ അവളൊന്നു ചിരിച്ചു. ആ നിമിഷം നിലാവ് ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലെ വാസുവിന് തോന്നി.
ഇവിടെ കൂടുതല്‍ നേരം കറങ്ങി നടക്കണ്ട. നല്ല തണുപ്പുണ്ട്. പോരാത്തതിന് ആ ഭയങ്കരി പൂച്ച പൂമുഖത്ത് തന്നെയുണ്ട്...... : എലി പ്രണയം കത്തുന്ന കണ്ണുകളോടെ പറഞ്ഞു. വാസുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഏറെ നാളത്തെ കാത്തിരിപ്പ് സഫലമായത് പോലെ.
വരട്ടെ, എനിക്ക് പഴയ ഒരു കണക്ക് തീര്‍ക്കാനുണ്ട് : അയാള്‍ നിസാര ഭാവത്തില്‍ പറഞ്ഞു.
പഴയ കണക്കുകളില്‍ തളച്ചിടാനുള്ളതല്ല നമ്മുടെ ജീവിതം. ഇന്ന് ജീവിച്ച് ഭാവിയിലേക്ക് നോക്കാനുള്ളതാണ് : അത്രയും പറഞ്ഞ് അവള് ഒന്നു കൂടി ചിരിച്ചു. എന്നിട്ട് കപ്പക്കഷണങ്ങളുമായി വേഗം ഇരുളിലേക്ക് ഓടി മറഞ്ഞു. ആ പോക്ക് കുറച്ചു നേരം നോക്കി നിന്ന വാസു പിന്നീട് സിനിമയിലെ ഫഹദ് ഫാസിലിനെ പോലെ മതി മറന്ന് ഭാവി കാര്യങ്ങള്‍ സ്വപ്നം കണ്ട് ചുറ്റും നടക്കുന്നതൊന്നുമറിയാതെ തന്റെ മാളത്തിന് ഒഴുകി നടന്നു.
ആരാടീ ഡൈനിംഗ് ടേബിളില്‍ കപ്പ കൊണ്ടു വച്ചത് ? : ലില്ലിക്കുട്ടിയുടെ കാത് പൊട്ടുന്ന ചോദ്യം കേട്ടാണ് എലി അടുത്ത പ്രഭാതത്തില്‍ കണ്ണു തുറന്നത്.
അത് കത്രീനയായിരിക്കും. അവളോട് കുറച്ചു കപ്പ കൊണ്ടു വരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു : മറുപടിയായി വല്യമ്മച്ചിയുടെ ശബ്ദം പിന്നാമ്പുറത്ത് നിന്ന് കേട്ടു. വേലക്കാരിയാണ് കത്രീന.
അമ്മച്ചിക്ക് ഇതെന്നാത്തിന്റെ സൂക്കേടാ ? ഷുഗറും കൊളസ്ട്രോളും ഉള്ളത് മറന്നോ ? എന്നിട്ട് അവളെന്തിയേ ? : ലില്ലിക്കുട്ടി അടുക്കള വാതില്‍ തുറന്ന് തല പുറത്തേയ്ക്ക് നീട്ടി.
അവള് മുറ്റമടിച്ചോണ്ടിരുന്നതാ. എന്തോ കാര്യത്തിനെന്നും പറഞ്ഞ് കെട്ട്യോന് വന്ന് വിളിച്ചോണ്ടു പോയി. ഇപ്പൊ വരുമായിരിക്കും : വല്യമ്മച്ചി ഗേറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
ഉം. വരട്ടെ, അവള്. ഇവിടെ ഒരു പണിയും കഴിഞ്ഞിട്ടില്ല. അതിനിടയിലാ ശൃംഗരിക്കാന്‍ പോയിരിക്കുന്നത് : ലില്ലിക്കുട്ടി ദേഷ്യത്തോടെ അകത്തേയ്ക്ക് തിരിഞ്ഞു.
ഇതാണെങ്കില്‍ ഒന്നു കഴുകിയിട്ട് കൂടിയില്ല, പറിച്ച് അതുപോലെ കൊണ്ടു വന്നിരിക്കുകയാ. ഇവിടെ ആകപ്പാടെ മണ്ണും ചെളിയുമായി. വൃത്തിയില്ലാത്തവങ്ങള്.................ഇനി ഇതും ഞാന്‍ തന്നെ ചെയ്യണം : കപ്പ കയ്യിലെടുത്തുകൊണ്ട് അവര്‍ പിറുപിറുത്തു.
എല്ലാം കേട്ട്, നല്ലൊരു കാര്യം ചെയ്ത സംതൃപ്തിയോടെ എലി കോട്ടുവായിട്ടു. അനന്തരം കണ്ണുകളടച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
The End