അശാന്തി കടന്ന്‍ ദുരിതക്കയത്തിലേക്ക്

അശാന്തി കടന്ന്‍ ദുരിതക്കയത്തിലേക്ക് 1

അഫ്ഗാനിസ്ഥാനിലും ലിബിയയിലും സുഡാനിലും വര്‍ഷങ്ങളായി നടക്കുന്ന സായുധ പോരാട്ടത്തിന്‍റെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഇറാക്ക് യുദ്ധം. ലിബിയയിലും സുഡാനിലും ഈജിപ്തിലുമൊക്കെ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തല്‍ ഭരണം നടത്തിയ നേതാക്കള്‍ക്കെതിരെയാണ് ഒരു വിഭാഗം ആയുധമെടുത്തത്. അഫ്ഗാനില്‍ റഷ്യ സ്ഥാപിച്ച പാവ സര്‍ക്കാരിനെ തൂത്തെറിയാന്‍ താലിബാന്‍ തീവ്രവാദികളെ അമേരിക്ക ആദ്യം ചെല്ലും ചെലവും കൊടുത്ത് സഹായിച്ചതും പിന്നീട് അവര്‍ തന്നെ ലോക പോലീസിനെതിരെ തിരിഞ്ഞതും ഇന്ന്‍ ചരിത്രമാണ്. ഇപ്പോള്‍ ഇറാക്കിലും അമേരിക്കയാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സദ്ദാമിന്‍റെ മരണത്തിന് ശേഷം അവര്‍ രാജ്യത്തു പ്രതിഷ്ഠിച്ച മാലികി സര്‍ക്കാരിന് സുന്നികളെയും കുര്‍ദുകളെയും ഒന്നിപ്പിച്ച് ഭരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഷിയാ വിഭാഗക്കാര്‍ക്ക് വേണ്ടി മാത്രം ഭരിച്ച മാലികി സ്വാഭാവികമായും മറ്റുള്ളവരുടെ അപ്രീതി ക്ഷണിച്ചു വരുത്തി.

രാജ്യത്തിന്‍റെ ഒരു വശത്തുനിന്ന് ഐഎസ്ഐഎസ് ഭീകരര്‍ ആക്രമണം തുടങ്ങിയപ്പോള്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ കുര്‍ദുകളും വെറുതെയിരുന്നില്ല. ഇറാക്കിലെ വടക്കന്‍ മേഖലയില്‍ കുര്‍ദ്ദിസ്ഥാന്‍ എന്ന സ്വന്തം രാജ്യം സ്ഥാപിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. നാലു വശത്തു നിന്നുമുള്ള ആക്രമണത്തില്‍ സൈന്യം പകച്ചു നില്‍ക്കുക കൂടി ചെയ്തതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന്‍ ഉപജീവനത്തിനായെത്തിയ ആയിരക്കണക്കിന് ആളുകളാണ് പ്രതിസന്ധിയിലായത്. രക്ഷപ്പെടാന്‍ ഒരു വഴിയും അവര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു. അവസരം മുതലെടുത്ത ചില കമ്പനികള്‍ ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചു വയ്ക്കുകയും ചെയ്തു. നവംബര്‍ വരെ കോണ്ട്രാക്ട് ഉള്ള 39 ഇന്ത്യക്കാര്‍ ഇപ്പൊഴും മൊസുളിലെ ഒരു നിര്‍മ്മാണ കമ്പനിയുടെ തടവറയിലാണ്. ഭക്ഷണമോ മറ്റ് അടിസ്ഥാന സൌകര്യങ്ങളോ ഇല്ലാതെ അവര്‍ വിഷമിക്കുന്ന കാര്യം കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിക്രിത്തിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന നഴ്സുമാരെ ഏറെ പണിപ്പെട്ടാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് മോചിപ്പിച്ചത്. കുവൈത്ത്, സൌദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ നിര്‍ലോഭമായ സഹായവും ഇക്കാര്യത്തില്‍ ഇന്ത്യക്കു ലഭിച്ചു. ഫെബ്രുവരിയില്‍ ജോലിയില്‍ പ്രവേശിച്ച നഴ്സുമാരെ 40,000 ഇന്ത്യന്‍ രൂപ മുതല്‍ ശമ്പളം വാഗ്ദാനം ചെയ്താണ് എറണാകുളത്തെ ട്രാവല്‍ ഏജന്‍സി വഴി ആശുപത്രി അധികൃതര്‍ കൊണ്ടുപോയത്. രണ്ടു മാസത്തിനു ശേഷമേ ശമ്പളം ലഭിച്ചു തുടങ്ങൂ എന്ന്‍ ആദ്യമേ അവര്‍ പറഞ്ഞിരുന്നെങ്കിലും ഒരു നയാപൈസ അവര്‍ക്ക് ലഭിച്ചതുമില്ല. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ മാലാഖമാരില്‍ പലരുടേയും കയ്യില്‍ ഉടുതുണിയും കൊണ്ടുപോയ സാധനങ്ങളുമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. വിദേശ ജോലിയുടെ പേരില്‍ നമ്മുടെ ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന തട്ടിപ്പിനൊപ്പം രാജ്യത്തെ ആതുര സേവനരംഗം നഴ്സിങ് മേഖലയോട് കാണിക്കുന്ന തികഞ്ഞ അവഗണനയുടെയും സാക്ഷ്യപത്രമായി ആ മടങ്ങിവരവ്.

അശാന്തി കടന്ന്‍ ദുരിതക്കയത്തിലേക്ക് 2

ഇറാക്കില്‍ നിന്ന്‍ ഇപ്പോള്‍ തിരിച്ചു വന്നവരും ഇനിയും അകപ്പെട്ട് കിടക്കുന്നവരുമെല്ലാം വിവിധ ഏജന്‍റുമാരുടെയും ട്രാവല്‍ ഏജന്‍സികളുടെയും ചതിക്കിരയായാണ് അവിടെയെത്തിയത്. കുവൈറ്റിലെ അമേരിക്കന്‍ കമ്പനിയില്‍ ജോലിക്കെന്ന് പറഞ്ഞു വിമാനം കയറിയ ചിലര്‍ ഇറാക്ക് അതിര്‍ത്തി കടന്നതിന് ശേഷമാണ് സത്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അവരുടെ പാസ്പോര്‍ട്ടും മറ്റ് വിലപ്പെട്ട രേഖകളും കമ്പനിയുടെ കൈവശമെത്തിക്കഴിഞ്ഞിരുന്നു. ചോദ്യം ചെയ്ത പലരും ക്രൂര മര്‍ദ്ദനത്തിനിരയായി. ചെയ്ത ജോലിക്കുള്ള കൂലി പോലും നിഷേധിക്കപ്പെട്ടു. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയുടെ നിസ്സംഗ മനോഭാവം കൂടി ചേര്‍ന്നതോടെ മോചനത്തിനുള്ള എല്ലാ വാതിലുകളും അവര്‍ക്ക് മുന്നില്‍ അടക്കപ്പെട്ടു.

ജീവനോപാധി തേടി കടല്‍ കടക്കാന്‍ ശ്രമിക്കുന്നവരെ ഏജന്‍റുമാര്‍ ചതിക്കുന്നത് ഇതാദ്യമല്ല. ദുബായില്‍ പോകാന്‍ ശ്രമിച്ച വിജയനെയും ദാസനെയും ഗഫൂര്‍ എന്ന വിസ ഏജന്‍റ് ചതിച്ച് മദ്രാസില്‍ ഇറക്കുന്നത് കണ്ട് നമ്മള്‍ തലതല്ലി ചിരിച്ചിട്ടുണ്ട് പലവട്ടം. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ ചതിക്കപ്പെട്ട പലരും ഗള്‍ഫിലും മലേഷ്യയിലും മുതല്‍ ആസ്ത്രേലിയയില്‍ വരെ ജയിലിലായി. വിസ തട്ടിപ്പുകള്‍ നേരിടാന്‍ വിവിധ നിയമങ്ങള്‍ രാജ്യത്തുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്ന് കൂടെക്കൂടെ വെളിച്ചത്തുവരുന്ന ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു. പലപ്പോഴും ഉന്നത രാഷ്ട്രീയ നേതാക്കളുടെ സഹായം തട്ടിപ്പുകാര്‍ക്ക് ലഭിക്കാറുമുണ്ട്. ലീവ് കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസിയെ കബളിപ്പിച്ച്, അയാളുടെ കൈവശം മയക്കുമരുന്ന് കൊടുത്തു വിട്ട പ്രതിയെ രക്ഷിക്കാന്‍ സ്ഥലം എംഎല്‍എയാണ് അടുത്തിടെ ഇടപെട്ടത്. പ്രവാസി കുവൈറ്റില്‍ ജയിലിലായെങ്കിലും അതിനു കാരണക്കാരനായ വ്യക്തി കേരളത്തില്‍ സസുഖം ജീവിക്കുകയാണ്. അതിനായി ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസ് ഷീറ്റ് തയ്യാറാക്കിയ നമ്മുടെ പോലീസ് ആവോളം സഹായിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ യഥാര്‍ത്ഥ വകുപ്പുകളോടെ അവര്‍ക്ക് പുതിയ കേസെടുത്തു.

ഇന്ത്യയിലെ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് തുച്ഛമായ വേതനമേ നല്‍കാറുള്ളൂ എന്ന്‍ എല്ലാവര്‍ക്കുമറിയാം. ഏത് വന്‍കിട ആശുപത്രികളിലും 1500 മുതലാണ് അവരുടെ ശമ്പള സ്കെയില്‍ തുടങ്ങുന്നത്. ലക്ഷങ്ങള്‍ വായ്പയെടുത്ത് പഠിക്കുന്ന അവര്‍ സ്വാഭാവികമായും കോഴ്സ് പൂര്‍ത്തിയായ ഉടന്‍ വിദേശത്തു പോകാന്‍ ശ്രമിക്കുന്നു. പക്ഷേ അവിടെയും ബോണ്ടിന്‍റെ പേരിലും അല്ലാതെയും നഴ്സുമാരെ പീഡിപ്പിക്കുന്ന സമീപനം ആശുപത്രി മാനേജ്മെന്‍റുകളുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. കോഴ്സില്‍ ചേരുമ്പോള്‍ തന്നെ അവരുടെ സര്‍ട്ടിഫിക്കറ്റുകളെല്ലാം മാനേജ്മെന്‍റ് പിടിച്ചു വയ്ക്കും. കാന്‍സര്‍ ബാധിതയായ അമ്മയെ ചികിത്സിക്കുന്നതിന് ജോലി രാജിവയ്ക്കാന്‍ ശ്രമിച്ച നഴ്സിനോട് ചെന്നൈയിലെ ഒരു ആശുപത്രി അടുത്തിടെ പതിനായിരങ്ങളാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഇടപ്പെട്ട കോടതി ആശുപത്രി അധികൃതരെ നിശിതമായി വിമര്‍ശിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തിരമായി നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

ഇറാക്ക് ഉള്‍പ്പടെയുള്ള പ്രശ്നബാധിത മേഖലകളില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍ തട്ടിപ്പുകള്‍ തടയാനും സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കണം. തീവ്രവാദികള്‍ മാന്യമായാണ് ഇടപെട്ടതെന്ന് നഴ്സുമാര്‍ പറഞ്ഞുകഴിഞ്ഞു. പക്ഷേ ആ മാന്യത രാജ്യത്തെ ചെറുതും വലുതുമായ ആശുപത്രി മാനേജുമെന്‍റുകളും ചില റിക്രൂട്ടിങ് ഏജന്‍സികളും കാണിക്കുന്നില്ല എന്നത് ഖേദകരമാണ്. അവരെ നിലക്ക് നിര്‍ത്താന്‍ ഇനി ഒട്ടും വൈകിക്കൂടാ. പക്ഷേ യുദ്ധമേഖലകളില്‍ നിന്ന്‍ ആളുകളെ രക്ഷിക്കാന്‍ കാണിച്ച കൂടിയാലോചനകളുടെയും മെയ് വഴക്കത്തിന്‍റെയും പല മടങ്ങ് അടവുകള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുറത്തെടുക്കേണ്ടി വരും. കാരണം മറുവശത്തുള്ളത് തീവ്രവാദികളെ പോലെ വെറും വെറും നിസാരക്കാരല്ല.

The End 

[ My article published in British Pathram on 06.07.2014]

Leave a Comment

Your email address will not be published. Required fields are marked *