മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയെ നായകനാക്കി എം-പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മലബാറിന്റെ ചരിത്രവും നാട്ടുരാജാക്കന്മാരുടെ കുടിപ്പകയും അതിനിടയില്‍ പെട്ട് ജീവിതം ഹോമിക്കുന്ന സാധാരണക്കാരായ ചാവേര്‍ പോരാളികളുടെ കഥയും വരച്ചു കാട്ടുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി രണ്ടായിരത്തിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിച്ചത്.
ഒരു കാലത്ത് മലയാള സിനിമ കേരളത്തിന് പുറത്ത് വിരലില്‍ എണ്ണാവുന്ന തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തിരുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്ത കാലപാനിയിലൂടെ മറുനാട്ടിലെ കച്ചവട സാധ്യതകള്‍ നമുക്ക് മുന്നില്‍ തുറന്നു കിട്ടിയെങ്കിലും അക്കാലത്ത് ആര്‍ക്കും അത് വേണ്ടത്ര ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. പിന്നീട് ദൃശ്യം, പുലിമുരുകന് തുടങ്ങിയ ചിത്രങള്‍ ചെന്നെയിലും മുംബെയിലും മാത്രമല്ല അങ്ങ് ചൈനയിലും ആസ്ത്രേലിയയിലും യൂറോപ്പിലും വരെ എങ്ങനെയാണ് ഒരു സിനിമ മാര്‍ക്കറ്റ് ചെയ്യേണ്ടതെന്ന് നമ്മെ പഠിപ്പിച്ചു. ഇന്ന് രജനീകാന്തിന്റെയും വിജയുടെയും മാത്രമല്ല മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ പോലും മലയാളം എന്തെന്നോ കേരളം എവിടെയാണെന്നോ നിശ്ചയമില്ലാത്ത റഷ്യയിലും ആഫ്രിക്കയിലും വരെ അതേ ദിവസം റിലീസ് ചെയ്യുന്നു.
രാജമൌലി സംവിധാനം ചെയ്ത ബാഹുബലി മുതലാണ് എല്ലാവര്ക്കും ചരിത്ര സിനിമകളോടുള്ള പ്രിയം കൂടിയത്. പക്ഷേ പ്രഭാസ് നായകനായ ചിത്രം ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത മാസ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനെടുത്ത അസ്സല് കച്ചവട സിനിമയായിരുന്നു. എന്നിരുന്നാലും അതേ തുടര്‍ന്ന് തെക്ക് മുതല്‍ ബോളിവുഡ് വരെ ചരിത്ര സിനിമകളുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായി. അതില്‍ ചിലത് വിജയിച്ചു, മറ്റുള്ളവ നിലംപൊത്തി.
ചരിത്ര സിനിമകള്‍ എടുക്കുക എന്നത് ശ്രമകരമാണ്. കാലത്തെ പുന: സൃഷ്ടിച്ച് നൂറ്റാണ്ടുകള്‍ പിന്നോട്ട് സഞ്ചരിക്കണമെങ്കില്‍ ഒരുപാട് നാളത്തെ ഗവേഷണ-പരിശ്രമങ്ങളും വമ്പന്‍ മുടക്കുമുതലും വേണം. ലൈറ്റ് ബോയ് മുതല്‍ സംവിധായകന് വരെ എടുക്കുന്ന അദ്ധ്വാനവും ഒരുകാലത്ത് ജീവിച്ചിരുന്ന നല്ലവനോ ദുഷ്ടനോ ഒറ്റുകാരനോ ആകാനായി അഭിനേതാക്കള്‍ ചെയ്യുന്ന ഗൃഹപാഠവും ഇതിന് പുറമേയാണ്. ഒരു സിനിമ അര്‍ഹിക്കുന്ന വിജയം നേടാതെ പോയാല്‍ മേല്‍പ്പറഞ്ഞതെല്ലാം നിരര്‍ഥകമാകും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.
സിബിഐ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ അതിന്റെ ക്ലൈമാക്സ് പ്രചരിപ്പിച്ച് ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അക്കാലത്ത് കേരളത്തിലെ ചില കുബുദ്ധികള്‍ ചെയ്തിരുന്നു. കാലം മാറി. ഇന്ന് സമൂഹ മാധ്യമമാണ് നല്ലതും മോശമായതുമായ ഏത് കാര്യത്തിനും ചുക്കാന്‍ പിടിക്കുന്നത്. ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന ഏത് സന്ദേശവും ഞൊടിയിടയിലാണ് ലക്ഷകണക്കിന് ആളുകളില്‍ എത്തുക. അതിന്റെ ശരിതെറ്റുകള്‍ നോക്കുക പോലും ചെയ്യാതെ മറ്റുള്ളവര്‍ പ്രചരിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ എല്ലാം പൂര്‍ണ്ണമാകും. മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെയാണ് നെഗറ്റീവ് മാര്‍ക്കറ്റിങ് മലയാളത്തില്‍ ശക്തി പ്രാപിച്ചത്. സിനിമ കാണുക പോലും ചെയ്യാത്ത ആളുകള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചത് തുടക്കത്തില്‍ ഒടിയന്റെ കളക്ഷനെ ബാധിച്ചെങ്കിലും പിന്നീട് എല്ലാം തിരിച്ചു പിടിച്ചു.
അതുപോലെ തന്നെയാണ് മാമാങ്കത്തിന്റെ കാര്യവും. മലയാളത്തിലെ എക്കാലത്തെയും വലിയ ഈ സിനിമ ഒരിയ്ക്കലും ഡീഗ്രേഡ് ചെയ്യേണ്ട ഒന്നല്ല. ക്ലാസും മാസും സമര്‍ത്ഥമായി വിന്വസിപ്പിച്ച് ഉന്നത സാങ്കേതിക നിലവാരത്തില്‍ എടുത്ത ഈ ചിത്രം തീര്‍ച്ചയായും പ്രേക്ഷകരെ വിസ്മയിപ്പിക്കും.
പകരം വയ്ക്കാനാവാത്ത അഭിനയ പാടവം കൊണ്ട് പലകുറി നമ്മെ വിസ്മയിപ്പിച്ച മമ്മൂട്ടി ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന ചാവേര്‍ പടയാളിയായി മാമാങ്കത്തില്‍ ആദ്യന്തം നിറഞ്ഞു നില്ക്കുന്നു. ഒരു വടക്കന്‍ വീരഗാഥയിലും പഴശിരാജയിലും മമ്മൂട്ടി നടത്തിയ പ്രകടനത്തിന്റെ മറ്റൊരു തലമാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. യോദ്ധാവിന്റെയും പോരാട്ട വീര്യം കാത്തു സൂക്ഷിയ്ക്കുന്ന മിതവാദിയുടെയും വ്യത്യസ്ഥ ഭാവങ്ങളോടെ രണ്ടു കാലഘട്ടങ്ങളിലായി എത്തുന്ന അദ്ദേഹം ഇടയ്ക്ക് ചില നിര്‍ണ്ണായകമായ രംഗങ്ങളില്‍ സ്ത്രൈണ ഭാവങ്ങളോടെയും പ്രത്യക്ഷപ്പെടുന്നുണ്ട്.
ചന്ദ്രോത്ത് ചെറിയ പണിക്കരെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന് മലയാളത്തിലെ വരുംകാല നായകനാണ് താനെന്ന് ഒരിക്കല്‍ കൂടി സ്ഥാപിക്കുന്നു. ചന്തുണ്ണിയുടെ വേഷത്തിലെത്തിയ അച്ചുതന് ഒരു തുടക്കക്കാരന്റെ പതര്‍ച്ചയൊന്നുമില്ലാതെ ‘ചരിത്രത്തിലെ അവസാന മാമാങ്ക ചാവേര്‍ പോരാളി’യെ ഉജ്ജ്വലമായി അവതരിപ്പിച്ചു. സിദ്ദിക്ക്, മണിക്കുട്ടന്, മണികണ്ഠന് ആചാരി, സുരേഷ് കൃഷ്ണ, അനു സിതാര, കനിഹ, ഇനിയ, കവിയൂര്‍ പൊന്നമ്മ എന്നിവരും അഭിനയിച്ച മാമാങ്കത്തിന്റെ രചന നിര്‍വഹിച്ചത് ശങ്കര്‍ രാമകൃഷ്ണനാണ്.
Image Credits