മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ തലമുറയോട് ചെയ്തത്

മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ തലമുറയോട് ചെയ്തത് 1

 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മമ്മൂട്ടിക്കും മോഹന്‍ലാലിനും പകരം വയ്ക്കാനുള്ള ഒരു താരോദയം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ദിലീപിനെയും പൃഥ്വിരാജിനെയും പോലുള്ളവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണെങ്കിലും സെക്കന്‍റ് ചോയ്സ് മാത്രമായി പലപ്പോഴും അവര്‍ക്ക് ഒതുങ്ങേണ്ടി വരുന്നു. ജാതി മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി ഞാന്‍ ഉള്‍പ്പെടുന്ന തലമുറയെ ഇത്ര മാത്രം സ്വാധീനിച്ച ആളുകള്‍ വേറെയുണ്ടാവില്ല.  പൊതു ചടങ്ങുകളില്‍ അവര്‍ പങ്കെടുക്കുന്നത് മുതല്‍ വിവാദ വിഷയങ്ങളില്‍ പറയുന്ന അഭിപ്രായം വരെ വാര്‍ത്തയാകുന്നു.അറുന്നൂറില്‍ പരം ചിത്രങ്ങളില്‍ വേഷമിട്ട പ്രേംനസീറിന് പോലും കൈവരിക്കാനാവാത്ത ഉയരങ്ങളില്‍ വിരാജിക്കുവാനും വന്‍ ആരാധക വൃന്ദത്തെ സ്വന്തമാക്കുവാനും ഈ രണ്ടു സൂപ്പര്‍താരങ്ങള്‍ക്ക് കഴിഞ്ഞതിന്‍റെ കാരണമെന്താവും ?

കാലത്തിന്‍റെ മാറ്റവും സിനിമയുടെ വര്‍ദ്ധിച്ച ജനപ്രീതിയുമെല്ലാം അതിന്‍റെ കാരണമായി പറയാമെങ്കിലും മറ്റു ചില വസ്തുതകള്‍ കൂടി ഇതിനു പിന്നിലുണ്ട്. പണ്ട് സിനിമ സംവിധായകനില്‍ കേന്ദ്രീകൃതമായിരുന്നെങ്കിലും ഇന്ന്‍ നായകനാണ് ചലച്ചിത്രങ്ങളുടെ അമരക്കാരന്‍. ഹീറോ പറയുന്നതിനപ്പുറം സിനിമാലോകത്ത് ഒന്നും നടക്കില്ല എന്ന്‍ ഇന്നെല്ലാവര്‍ക്കും അറിയാം. നടനില്‍ നിന്ന്‍ താരത്തിലേക്കുള്ള പരിണാമത്തിന്‍റെ ഫലമായി അവരെ ചുറ്റിപ്പറ്റിയുള്ള ഫാന്‍സ് അസോസിയേഷനുകളും നിലവില്‍ വന്നു. ഇഷ്ടസിനിമകളുടെ റിലീസിങ് ദിവസം കണ്‍കണ്ട ദൈവമായ താരത്തിന്‍റെ കട്ടൌട്ടിന് മുകളില്‍ ആരാധകര്‍ പാലഭിഷേകം നടത്തുന്നതും വഴിപാടുകള്‍ നടത്തുന്നതും കാവടി എടുക്കുന്നതുമൊക്കെ തെന്നിന്ത്യയില്‍ അതോടെ ഒഴിവാക്കാനാവാത്ത കീഴ്വഴക്കമായി മാറി.

പക്ഷേ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും കാര്യങ്ങള്‍ കുറച്ചു വ്യത്യസ്ഥമാണ്. അവരെ താരങ്ങളായല്ല മറിച്ച് സ്വന്തം ജ്യേഷ്ഠന്‍മാരായോ അല്ലെങ്കില്‍ സുഹൃത്തുക്കളായോ ഒക്കെയാണ് മിക്കവരും കാണുന്നത്. വാല്‍സല്യവും വല്ല്യേട്ടനും നരസിംഹവുമൊക്കെ കണ്ട് ഇതുപോലൊരു സഹോദരന്‍ തനിക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. കിരീടത്തിലെയും രസതന്ത്രത്തിലെയും നായകനെ പല കുടുംബങ്ങളും തങ്ങളില്‍ ഒരാളായി കണ്ടു. മഴയെത്തും മുമ്പേയിലെയും ചിത്രത്തിലെയും നായകന്മാരെ അക്കാലത്ത് അനവധി പെണ്‍കുട്ടികള്‍ പ്രണയിച്ചിട്ടുമുണ്ടാവും.അത് വെള്ളിത്തിരയിലെ കഥാപാത്രം ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അപൂര്‍വ്വ അനുഭവമാണ്.

ഇരുവരെയും പ്രേക്ഷകരിലേക്കടുപ്പിച്ച അത്തരം കഥാപാത്രങ്ങള്‍ പക്ഷേ എംടിയുടെയോ പദ്മരാജന്‍റെയോ അല്ലെങ്കില്‍ ലോഹിതദാസിന്‍റെയോ ഒക്കെ സൃഷ്ടികളാണ്. പക്ഷേ അവയ്ക്കു ജീവന്‍ വച്ചപ്പോള്‍ ഈ രണ്ടു നടന്മാരുടെ മുഖമാണ് കാണികളുടെ മുന്നില്‍ തെളിഞ്ഞത്. അത് മനോഹരമായ എഴുത്തും അതുല്യ അഭിനയവും ഇഴചേര്‍ന്ന ഒരു നല്ല സിനിമാ അനുഭവത്തിന്‍റെ വിജയമാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ തലമുറയോട് ചെയ്തത് 2

പ്രായം അറുപതിനോടടുത്തപ്പോള്‍ തന്നെ പ്രേംനസീര്‍ അച്ഛന്‍ വേഷങ്ങളിലേക്ക് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും അവിവാഹിതരോ മദ്ധ്യവയസ്ക്കരോ ഒക്കെയായി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. സിനിമയുടെ മാര്‍ക്കറ്റും ഇതില്‍ പ്രധാന ഘടകമാണ്. മലയാളത്തില്‍ ഇന്ന്‍ നായകനടന്മാര്‍ ഒരുപാട് ഉണ്ടെങ്കിലും ചിത്രങ്ങള്‍ക്ക് ഏറ്റവുമധികം ഇനിഷ്യല്‍ കളക്ഷന്‍ നേടിക്കൊടുക്കാന്‍ പറ്റുന്ന നടന്മാര്‍ ഇവര്‍ രണ്ടു പേരാണ്. അതുകൊണ്ടാണ് ഇവരുടെ മോശം പടങ്ങള്‍ക്ക് പോലും വലിയ തുടക്കവും ജനശ്രദ്ധയും കിട്ടുന്നത്. ശരാശരി ചിത്രം മാത്രമായ ജില്ല സൂപ്പര്‍ഹിറ്റായതിന്‍റെ ഒരു പ്രധാന കാരണം മോഹന്‍ലാലിന്‍റെ സാന്നിധ്യമാണെന്ന്‍ കടുത്ത വിജയ് ആരാധകര്‍ പോലും സമ്മതിക്കും. ശിവയുടെ വേഷം പലരും സൂചിപ്പിച്ചത് പോലെ പ്രകാശ് രാജോ നാസറോ ആണ് ചെയ്തിരുന്നെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു.

താരനിശകളുടെയും മറ്റ് ഉത്ഘാടന ചടങ്ങുകളുടെയും കാര്യമെടുത്താലും ഇതു തന്നെയാണ് സ്ഥിതി. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം കാരണം മറ്റ് പ്രമുഖ വ്യക്തികളും എന്തിന് ഭരണാധികാരികള്‍ പോലും പൊതുവേദികളില്‍ പലപ്പോഴും നിഷ്പ്രഭരാകുന്നു.വിവിധ മാധ്യമ സ്ഥാപനങ്ങള്‍ വര്‍ഷാവര്‍ഷം കൊടുക്കുന്ന മികച്ച നടനുള്ള അവാര്‍ഡ് മാറി മാറി മമ്മൂട്ടിക്കും മോഹന്‍ലാലിനും തന്നെ കിട്ടുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.അതൊക്കെ കച്ചവട തന്ത്രത്തിന്‍റെ ഭാഗമാണ് എന്നു പറഞ്ഞൊഴിയാമെങ്കിലും ഇന്നത്തെ തലമുറയെ ഏറ്റവുമധികം സ്വാധീനിച്ച നടന്മാര്‍ ഇവര്‍ രണ്ടുപേരാണ് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. മമ്മൂട്ടിയുടെ സ്വഭാവ വിശേഷങ്ങളും ലാലിന്‍റെ മാനറിസങ്ങളും കുട്ടികള്‍ക്ക് പോലും മനപാഠമാണ്. അവര്‍ ഇരുവരെയും വെറും നടന്മാര്‍ എന്നതിനെക്കാളുപരി സ്വന്തം കുടുംബാംഗത്തെപ്പോലെ അല്ലെങ്കില്‍ അതിലുമേറെ നാം ഇഷ്ടപ്പെടുന്നു. അത്തരമൊരു ഭാഗ്യം ഇനിയാര്‍ക്കെങ്കിലും കിട്ടുമോ എന്നത് സംശയമാണ്.

Leave a Comment

Your email address will not be published.