നാലു മദ്യപാനികള്‍

 

നാലു മദ്യപാനികള്‍ 1

മദ്യം വിഷമാണ്, അത് കഴിക്കരുത് എന്നൊക്കെ നമ്മള്‍ പൊതുവേ പറയാറുണ്ട്. എന്നാല്‍ സാക്ഷര കേരളത്തില്‍ ഏറ്റവും വേരോട്ടമുള്ളതും വിജയ സാധ്യതയുള്ളതുമായ വ്യവസായം മദ്യത്തിന്‍റെ നിര്‍മ്മാണവും വിതരണവുമാണ് എന്നതാണ് സത്യം. കാര്‍ഷിക വൃത്തിയും മറ്റ് വ്യവസായങ്ങളും അനുദിനം നഷ്ടത്തിലേക്ക് കൂപ്പു കുത്തുമ്പോഴും ബിവറേജസും വിവിധ മദ്യ കമ്പനികളും കോടികളാണ് ഈ മലയാള നാട്ടില്‍ നിന്നു കൊയ്യുന്നത്. കെഎസ്ആര്‍ടിസിയുടെയും കെഎസ്ഇബി യുടെയും നഷ്ടത്തെ കുറിച്ച് പറയുന്ന സര്‍ക്കാരിന് പോലും ബിവറേജസിനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. അത്താഴ പട്ടിണിക്കാരായ മലയാളികളുടെ ദയാ ദാക്ഷിണ്യം കൊണ്ടു മാത്രം കോടീശ്വരന്മാരായ മദ്യ വ്യവസായികളും നിരവധി.

പറഞ്ഞു വരുന്നത് മദ്യപാന ശീലത്തെ കുറിച്ചല്ല, മദ്യപിക്കുന്ന രീതിയെ കുറിച്ചാണ്. ഏതൊരാള്‍ക്കും മദ്യപിക്കുന്നതിന് തന്‍റേതായ ഒരു ശൈലിയുണ്ടാകും. ചിലര്‍ മദ്യപിക്കുമ്പോള്‍ പാട്ട് പാടും, അടിയുണ്ടാക്കും അല്ലെങ്കില്‍ രണ്ടാമത്തെ പെഗ്ഗില്‍ തന്നെ ഫ്ലാറ്റാകും. എത്ര ശ്രമിച്ചാലും ഇതിനൊന്നും മാറ്റം വരുത്താനും പറ്റില്ല.

ജീവിതത്തിലെ അത്തരം കാഴ്ചകള്‍ സിനിമയിലേക്ക് പകര്‍ത്തുമ്പോഴും മാറ്റങ്ങള്‍ അസംഭവ്യമാണ്. ഒരു നടനോ നടിയോ മദ്യപാന രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഏതാണ്ടെല്ലാ സിനിമകളിലും ഒരുപോലെയാകും മദ്യപിക്കുക. അത് ഒരാളുടെ ശൈലിയുടെ ഭാഗമാണ്. അത് മാറ്റി മറ്റൊരാളെ തന്നിലേക്ക് ആവാഹിക്കുക എന്നത് വിഷമകരമാണ്. ഒരു മുഴുനീള മദ്യപാനിയുടെ വേഷമാണെങ്കില്‍ പിന്നെ പറയാനുമില്ല. ഇവിടെയാണ് മോഹന്‍ലാല്‍ എന്ന നടന്‍ വ്യത്യസ്തനാകുന്നത്.

നാലു മദ്യപാനികള്‍ 2

മോഹന്‍ലാല്‍ മദ്യപാനിയായി വേഷമിട്ട നാലു ചിത്രങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. അന്‍വര്‍ റഷീദ് ഒരുക്കിയ ഛോട്ടാ മുംബൈ ആണ് ആദ്യത്തേത്. മോഹന്‍ലാല്‍ ചേരിനിവാസിയും ഗുണ്ടയും മുഴുനീള മദ്യപാനിയുമായ വാസ്കോ ഡ ഗാമയെ അവതരിപ്പിച്ച സിനിമയില്‍ ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, കലാഭവന്‍ മണി, ഭാവന, സായ് കുമാര്‍, ഇന്ദ്രജിത്ത്,രാജന്‍ പി ദേവ്, രാജു എന്നിവരും മികച്ച വേഷങ്ങള്‍ ചെയ്തു. ഫോര്‍ട്ട് കൊച്ചിയിലെ ചേരിപ്രദേശത്തെ ആറംഗ സുഹൃത്ത് സംഘത്തിന്‍റെ കഥ പറഞ്ഞ ചിത്രം നിരൂപകരുടെയും ആസ്വാദകരുടെയും വ്യാപക പ്രശംസ നേടി.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോയാണ് തുടര്‍ന്നു വന്നത്. ലാല്‍ അഡ്വക്കേറ്റ് ശിവരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നല്ലൊരു എന്‍റര്‍ടെയ്നറായിരുന്നു. കാമുകിയുടെ മരണത്തില്‍ മനം നൊന്ത് തിരക്കേറിയ തന്‍റെ പ്രൊഫഷണല്‍ ജീവിതം മദ്യത്തിന് അടിയറ വച്ച നായകവേഷം അദ്ദേഹം സരസമായി അവതരിപ്പിച്ചു. ജഗതി ശ്രീകുമാറിനോടൊപ്പം മദ്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരാക്രമങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളും നിറഞ്ഞ മനസോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സുരാജ് വെഞ്ഞാറമൂട്, മധു, പാര്‍വതി മില്‍ട്ടന്‍, സിദ്ധിക്ക്, ജഗദീഷ്, സലീം കുമാര്‍ എന്നിവരും വേഷമിട്ട ചിത്രം ബോക്സ്ഓഫീസില്‍ നിന്നു 15 കോടി രൂപ കളക്റ്റ് ചെയ്തു.

ഓരോ ചേഷ്ടകളിലും ചലനത്തിലും ഹ്യൂമര്‍ നിറഞ്ഞ അഡ്വ.ശിവരാമനില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായിരുന്നു സ്പിരിറ്റിലെ രഘുനന്ദനന്‍. എഴുത്തുകാരനും ചാനല്‍ അവതാരകനുമാണ് അയാള്‍. മദ്യം ബലഹീനതയായ അയാള്‍ക്കും ശിവരാമനെ പോലെ വേദനിപ്പിക്കുന്ന ഒരു ഭൂതകാലമുണ്ട്.

സമൂഹത്തില്‍ ബഹുമാന്യനായ വ്യക്തിയാണെങ്കിലും വിവാഹ ജീവിതത്തില്‍ രഘുനന്ദനന്‍ പരാജയപ്പെട്ടു. ഭാര്യ മീരയുമായി അയാള്‍ക്ക് നിയമപരമായി പിരിയേണ്ടി വന്നു. എങ്കിലും മീരയും അവളുടെ പുതിയ ഭര്‍ത്താവ് അലക്സിയും ഇന്നും അയാളുടെ നല്ല സുഹൃത്തുക്കളാണ്. മദ്യത്തിനെതിരെ വ്യക്തമായ സന്ദേശം നല്‍കിയ ചിത്രത്തില്‍ ഒരു മദ്യപാനിയുടെ വിവിധ ഘട്ടങ്ങളിലൂടെയാണ് ലാലിന്‍റെ കഥാപാത്രം കടന്നു പോയത്. അതിനിടയില്‍ ഒരിക്കല്‍ പോലും രഘുനന്ദനന്‍ പ്രേക്ഷകരെ ചിരിപ്പിച്ചില്ല, മറിച്ച് ചിന്തിപ്പിച്ചു.

ഒരു ഹൈ ക്ലാസ് മദ്യപാനിയുടെ വികാര വിചാരങ്ങള്‍ ലാല്‍ അതേ പടി പകര്‍ത്തിയ ചിത്രം ഒരുക്കിയത് രഞ്ജിത്താണ്. കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍, മധു, കല്‍പന എന്നിവരും അഭിനയിച്ച സിനിമ എട്ടു കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നു നേടിയത്.

നാലു മദ്യപാനികള്‍ 3

ആദ്യ രണ്ടു സിനിമകളില്‍ നിന്നു വ്യത്യസ്ഥനായ മൂന്നാമതൊരു മദ്യപാനിയെ ലാലിന്‍റെ രൂപത്തില്‍ പ്രേക്ഷകര്‍ കണ്ടത് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍ എന്ന ചിത്രത്തില്‍ കൂടിയാണ്. ഒരു മദ്യപാനിക്ക് ഇരുണ്ട ഭൂതകാലം ഉണ്ടായിരിക്കണമെന്ന പതിവ് തത്ത്വം സംവിധായകന്‍ ഇവിടെയും പാലിച്ചു.

ഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് ഈ സിനിമയിലെ നായകന്‍ ചന്ദ്രബോസ് മദ്യപാനിയായത്. അവളെ അളവറ്റു സ്നേഹിച്ചിരുന്ന അയാള്‍ അതോടെ സ്ത്രീകളില്‍ നിന്നകന്നു. മീര ജാസ്മിന്‍, മമ്ത മോഹന്‍ദാസ്, പദ്മപ്രിയ, കലാഭവന്‍ ഷാജോണ്‍, മിത്ര കുര്യന്‍, മനോജ് കെ ജയന്‍ എന്നിവരും അണിനിരന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്തത് സിദ്ധിക്കാണ്.

നേരത്തെ ചെയ്ത കഥാപാത്രങ്ങളുടെ ചലനങ്ങളും രീതികളും പിന്നീടുള്ള സിനിമകളില്‍ വരുക ഒരു കലാകാരന്‍റെ അഭിനയ ജീവിതത്തില്‍ സ്വാഭാവികമാണ്. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എന്നാല്‍ ഇവിടെ വാസ്ക്കോയും ശിവരാമനും രഘുനന്ദനനും ചന്ദ്രബോസും ഒരിക്കല്‍ പോലും അതാത് സിനിമകള്‍ വിട്ട് പുറത്തേക്ക് വന്നില്ല. സ്പിരിറ്റ് കാണുമ്പോള്‍ ഈ നടന്‍ തന്നെയാണല്ലോ ഹലോയിലും ഛോട്ടാ മുംബെയിലും അഭിനയിച്ചത് എന്ന കാര്യം നമ്മള്‍ വിസ്മരിച്ചു. ബോസിന്‍റെ മാനറിസങ്ങളില്‍ മുഴുകി നിന്നവര്‍ സ്പിരിറ്റിനെയും മറന്നു. അത് ഒരു നടന്‍റെ വിജയമാണ്. ഒരു കഥാപാത്രത്തിന്‍റെ അത്ഭുതകരമായ ഭാവ പകര്‍ച്ചകള്‍ എന്നും വേണമെങ്കില്‍ അതിനെ വിളിക്കാം.

Leave a Comment

Your email address will not be published. Required fields are marked *