ക്ഷമിക്കുക ! ഇത് കേരളമാണ്……… ഇവിടെ കലാകാരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്രം ഇല്ല !!!

ക്ഷമിക്കുക ! ഇത് കേരളമാണ്......... ഇവിടെ കലാകാരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്രം ഇല്ല !!! 1

സഞ്ജയ് ദത്തിന് പിന്തുണയുമായി മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ രംഗത്ത് വന്നത് സോഷ്യല്‍ മീഡിയകളും  ചാനലുകളും  ഇപ്പോള്‍ ആഘോഷിക്കുകയാണ്. തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ കൂടിയാണ് സഞ്ജയ് ദത്ത് ദയ അര്‍ഹിക്കുന്നുവെന്നും പ്രതിസന്ധികളെ അതിജീവിച്ച നല്ലവനായ വ്യക്തിയായ ദത്തിന് മാപ്പ് നല്‍കണമെന്നും  മോഹന്‍ലാല്‍  ആവശ്യപ്പെട്ടത്.

ഒരു സിനിമാ താരത്തിന് മറ്റേതു വ്യക്തിയെയും പോലെ അഭിപ്രായം പറയാനുള്ള സ്വാത്രന്ത്രമുണ്ട്. എന്നാല്‍ കേരളത്തില്‍  സ്ഥിതി വ്യത്യസ്തമാണെന്ന മട്ടിലാണ് കുറച്ചു നാളായി കാര്യങ്ങള്‍ പോകുന്നത്.  ആ രീതിയിലാണ് ഫേസ്ബുക്കിലെ ബുദ്ധിജീവികള്‍ താരത്തെ ഇപ്പോള്‍ നേരിട്ടതും. മോഹന്‍ലാല്‍ ചെയ്തത് രാജ്യ ദ്രോഹമാണെന്നും  അദേഹത്തിന്‍റെ കേണല്‍ പദവി തിരിച്ചെടുക്കണമെന്നും വരെ ചില മഹാന്മാര്‍ പറഞ്ഞു വെച്ചു. ഈ ആവശ്യം പറഞ്ഞ് ഇനി ആരെങ്കിലും കോടതി കയറുമോ അതോ അതിനു മുമ്പ് താരം പോസ്റ്റ് പിന്‍വലിക്കുമോ എന്നു മാത്രമേ  ഇനി അറിയാനുള്ളൂ.

മുമ്പ് സമാനമായ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തില്‍ വെച്ച് ഗുജറാത്ത് കലാപത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയതിന് നടന്‍ മമ്മൂട്ടിയും  ഒരുപാട് പഴി കേട്ടിരുന്നു.  മോഹന്‍ലാലിനും ഇത് പുത്തരിയല്ല. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് അദ്ദേഹം  കഴിഞ്ഞ വര്‍ഷം എഴുതിയ ഒരു ബ്ലോഗ് പോസ്റ്റ്  പലരെയും ചൊടിപ്പിച്ചിരുന്നു.  ഇവര്‍ക്ക് മാത്രമല്ല , മലയാളത്തിലെ പല മുന്‍ നിര നടന്‍മാര്‍ക്കും ഇതു തന്നെയാണ് അനുഭവം. അതിനു ശേഷം നാട്ടില്‍ എന്തു നടന്നാലും നമ്മുടെ താരങ്ങള്‍ മൌനം പാലിക്കുന്നതാണ് പതിവ്. ഏതായാലും മലയാള സിനിമയിലെ ഹാസ്യ താരങ്ങള്‍ക്ക് ഇത്തരം ഒരു വിലക്ക് ആരും  കല്‍പ്പിച്ചു കൊടുത്തിട്ടില്ല. അത്രയും ഭാഗ്യം ! അതു കൊണ്ടാണ് ജഗതി ശ്രീകുമാറിനെയും ഇന്നസെന്‍റിനെയും പോലുള്ളവര്‍ക്കു തങ്ങളുടെ അഭിപ്രായംതുറന്നു പറയാന്‍ കഴിയുന്നത്.

രജനി കാന്തിനെയും കമല്‍ ഹാസനെയും പോലുള്ളവര്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ അതിനെ കലാകാരന്‍റെഅഭിപ്രായ സ്വാതന്ത്രം എന്നു പറഞ്ഞ് വാനോളം പുകഴ്ത്തുന്നവര്‍ നമ്മുടെ നടന്മാരോട് കാണിക്കുന്ന ഈ ചിറ്റമ്മനയം എന്തു മാത്രം അപഹാസ്യമാണ്.

സഞ്ജയ് ദത്ത് ചെയ്തത് തെറ്റ് തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഒരു തോക്ക് കൈവശംവെച്ചതിന്‍റെ പേരില്‍  അദേഹത്തിനെതിരെ വാളെടുക്കുന്നവര്‍ ഓര്‍ക്കേണ്ട മറ്റു ചിലതു കൂടിയുണ്ട്.

ക്ഷമിക്കുക ! ഇത് കേരളമാണ്......... ഇവിടെ കലാകാരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്രം ഇല്ല !!! 2

ഞാന്‍ ഇന്ത്യക്കു വേണ്ടിയല്ല , മറിച്ച് ഛോട്ടാ ഷക്കീലിന് വേണ്ടിയാണ് കളിക്കുന്നത്എന്നു പറഞ്ഞ ഒരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ നമുക്കുണ്ടായിരുന്നു. കോഴക്കളിയുടെ അവസാനം കാലിടറി കളത്തിന് പുറത്തായ ആ വ്യക്തി ഇപ്പോള്‍  നമ്മുടെ പരമോന്നത നിയമ നിര്‍മ്മാണ സഭയിലുണ്ട്. വോട്ട് ബാങ്ക് മാത്രം നോക്കി അദേഹത്തിന് സീറ്റ് നല്കിയ നമ്മുടെപ്രബുദ്ധ രാഷ്ട്രീയ നേതൃത്വം നാളെ ആ ആളെ മന്ത്രിയുമാക്കും. മിക്കവാറും നമ്മുടെ കായിക രംഗത്തെപുനരുദ്ധരിക്കാന്‍ തന്നെ നിയോഗിക്കാനും സാധ്യതയുണ്ട്. അപ്പോഴും ആകാശത്ത് പാറി പറക്കുന്ന ത്രിവര്‍ണ്ണ പതാക മനസ്സില്‍ കണ്ട് ഭാരതീയനായി പിറന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനം കൊള്ളാം.  എന്നിട്ട് പോലീസ് കാഴ്ചക്കാര്‍ മാത്രമായിരുന്ന , തൊണ്ണൂറുകളിലെ ബോംബെയില്‍ , സ്വയ രക്ഷാര്‍ഥം  സുഹൃത്തില്‍ (അധോലോകം) നിന്നു അറിയാതെ വാങ്ങിയ  ഈ തോക്കിന്‍റെയും അതിന്‍റെ കൈവശക്കാരന്‍റെയും പിന്നാലേ പായാം.

തൊണ്ണൂറുകളിലെ ബോംബെയില്‍ ഹിന്ദി സിനിമയിലും ക്രിക്കറ്റിലും അരങ്ങു വാണിരുന്ന പലര്‍ക്കും അധോലോകവുമായി ബന്ധമുണ്ടായിരുന്നു എന്നത് രഹസ്യമല്ല. മാഫിയകള്‍ നേരിട്ട് സിനിമ നിര്‍മിച്ച കാലമായിരുന്നു അത്. അങ്ങനെയാണ് അക്കാലത്ത് അധോലോക രാജാക്കന്മാരുടെ വീരഗാഥകളും   പോലീസിന്‍റെ ദുഷ്ടത്തരങ്ങളും വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നത്. ബോംബെ സ്ഫോടനത്തിനു ശേഷം ദുബായില്‍ നടന്ന ദാവൂദ് ഇബ്രാഹിമിന്‍റെ ജന്മദിന ആഘോഷത്തിന് അക്കാലത്തെ പല വമ്പന്‍മാരും തോളോട് തോള്‍ ചേര്‍ന്ന് പങ്കെടുത്തിരുന്നു. അങ്ങനെയുള്ള വമ്പന്‍ സ്രാവുകള്‍ക്കിടയിലെ ഒരു പരല്‍ മീന്‍ മാത്രമായിരുന്നു സഞ്ജയ് ദത്ത്.  ആ കാലഘട്ടത്തിലെ പരാജയപ്പെട്ട നമ്മുടെ പോലീസ് സംവിധാനത്തിന്റെയും കഴിവുകെട്ട ഭരണകൂടത്തിന്‍റെയും പ്രതീകം.

പ്രധാന കുറ്റവാളികളില്‍ പലരും, അധോലോക രാജാക്കന്മാരും അവരെ സഹായിച്ച ഉന്നതരുമെല്ലാം,  രണ്ടു പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും തിരശീലക്ക് പിന്നിലാണ്. ഉന്നത സഹായമില്ലാതെ ഇന്ത്യ പോലൊരു മഹാ രാജ്യത്ത് ഒരിയ്ക്കലും കേവലം ഒരു സിനിമാ നടന്‍റെ സഹായം കൊണ്ട് അധോലോകം  ഇത്ര കണ്ട് വളരില്ല. പക്ഷേ സുരേഷ് ഗോപി ഒരു സിനിമയില്‍ പറഞ്ഞതു പോലെ നമ്മുടെ സ്വതന്ത്ര സുന്ദര ഭാരതം ഒരിയ്ക്കലും ഒരു രാഷ്ട്രീയ നേതാവിനെയും ശിക്ഷിക്കില്ലല്ലോ.  അതു കൊണ്ട് നമുക്ക് മുറവിളി കൂട്ടിക്കൊണ്ടേയിരിക്കാം, കേവലം ഒരു സഞ്ജയ് ദത്തിനെ തൂക്കിലേറ്റുന്നത് വരെയെങ്കിലും……………………. അതുവരെ നമ്മുടെ ബുദ്ധിജീവികള്‍ക്ക് കടിച്ചു പറിക്കാനുള്ളത് സോഷ്യല്‍ മീഡിയകളും മോഹന്‍ലാലിനെപോലുള്ളവരും   നല്‍കിക്കൊണ്ടേയിരിക്കും……………………………

3 thoughts on “ക്ഷമിക്കുക ! ഇത് കേരളമാണ്……… ഇവിടെ കലാകാരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്രം ഇല്ല !!!”

    1. മനോജ്, സഞ്ജയ് ദത്തിനെ കുറിച്ച് ഒരു വിശകലനം എന്നതല്ല ഞാന്‍ ഉദേശിച്ചത്. ഒരു കലാകാരന്‍ ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ മാന്യമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതിന് പകരം ചിലര്‍ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ പറഞ്ഞപ്പോഴാണ് ഇത് എഴുതിയത്. അത് മോഹന്‍ ലാലിന് എതിരെയല്ല, സലിം കുമാറിന് എതിരെ പറഞ്ഞാലും ഞാന്‍ ഇതുപോലെ തന്നെ എഴുതും……………

Leave a Comment

Your email address will not be published. Required fields are marked *