ജീന്‍സും പര്‍ദ്ദയും ചുംബനങ്ങളും

ജീന്‍സും പര്‍ദ്ദയും ചുംബനങ്ങളും 1

ജീന്‍സും പര്‍ദ്ദയും കുറെ ചുംബനങ്ങളുമാണ് ഇപ്പോള്‍ കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. വിലക്കയറ്റവും അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളും എന്തിന് കാശ്മീരിലെ തീവ്രവാദി ആക്രമണം പോലും ഒരു പ്രശ്നമല്ലെന്ന മട്ടിലാണ് ഇന്ന്‍ ഒരു ശരാശരി മലയാളി ജീവിക്കുന്നതെന്ന് പറയാം. അടുത്ത ചുംബനം എവിടെയാണെന്ന് അറിയാനായി ആകാംക്ഷാപൂര്‍വ്വം പത്രം നോക്കി ജീവിതം തുടങ്ങുന്ന അവന്‍ പിന്നീട് അതിന് അനുകൂലമായും പ്രതികൂലമായും ഉയര്‍ന്നു വരുന്ന വാദഗതികളില്‍ ഏര്‍പ്പെട്ട് നേരം കൊല്ലുകയും എന്നും ഊണുമുറികളില്‍ അവിഹിത കഥകള്‍ മാത്രം വിളമ്പുന്ന ഒടംകൊല്ലി സീരിയലുകളില്‍ മതിമറന്നു ആ ദിനം അവസാനിപ്പിക്കുകയും ചെയ്യും.

സ്ത്രീകളാണ് ബലാല്‍സംഗത്തിന് പ്രേരണ നല്‍കുന്നതെന്ന നിരീക്ഷണം ഏറെനാളായി ചില കോണുകളില്‍ നിലനില്‍ക്കുന്നുണ്ട്. അവരുടെ വേഷവിധാനങ്ങളാണ് അരുതാത്തത് ചെയ്യാന്‍ ആണുങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ഒരു കൂട്ടം പാരമ്പര്യവാദികള്‍ പറയുന്നു. പഴയ കാലത്ത് പീഡനം എന്നത് കേട്ടുകേള്‍വിയില്‍ പോലും ഇല്ലാതിരുന്ന കാര്യമാണെന്നും പാശ്ചാത്യരെ അന്ധമായി അനുകരിച്ചു തുടങ്ങിയതാണ് ഇന്നത്തെ മൂല്യച്യുതിക്ക് കാരണമെന്നും അവര്‍ വാദിക്കുന്നു. സ്ത്രീകളുടെ ഇറക്കം കുറഞ്ഞതും ഇറുക്കം കൂടിയതുമായ വസ്ത്രങ്ങളെ പഴി ചാരുന്നവര്‍ പക്ഷേ അതെല്ലാം സര്‍വ്വസാധാരണമായ വിദേശ രാജ്യങ്ങളെ നോക്കുക. മലയാളികളും തമിഴരും ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ അന്നാടുകളിലും ഉണ്ട്. പീഡനം പോയിട്ട് മര്യാദ വിട്ടുള്ള പെരുമാറ്റം പോലും അവിടെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാറില്ല എന്നതാണു സത്യം. അപ്പോള്‍ വസ്ത്രമല്ല ആള്‍ക്കാരുടെ മനോഭാവത്തിലും നിയമ സംവിധാനങ്ങളിലുമാണ് പ്രശ്നമെന്ന് വ്യക്തമാകുന്നു.

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് അടുത്തകാലത്ത് ആദ്യമായി പറഞ്ഞത് ഗായകന്‍ യേശുദാസാണ്. മറച്ചു പിടിയ്ക്കേണ്ടതെല്ലാം മറച്ചു പിടിയ്ക്കണമെന്നും സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പല ലൈംഗിക അതിക്രമങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ട നാട്ടിലെ ഒരു പുരുഷപ്രജയുടെ അഭിപ്രായമാണ് അതെന്ന്‍ പരിഗണിക്കുക പോലും ചെയ്യാതെ നാട്ടിലുള്ള സ്ത്രീപക്ഷവാദികളെല്ലാം സട കുടഞ്ഞെഴുന്നേല്‍ക്കുകയും ഗായകനെ ആക്രമിക്കുകയും ചെയ്തു. അടുത്തകാലത്ത് ഹിന്ദു മഹാസഭയുടെ ഒരു ഉത്തരേന്ത്യക്കാരന്‍ നേതാവും സമാനമായ അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി. സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് പറഞ്ഞ അദ്ദേഹം ഒരു പടി കൂടി കടന്ന്‍ ഐറ്റം ഡാന്‍സ് ചെയ്യുന്ന നടിമാരെ അഭിസാരികകളായി മാത്രമേ കാണാന്‍ കഴിയൂ എന്നും പ്രഖ്യാപിച്ചു. പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കാതെ നടക്കുന്നതും സല്‍മാന്‍ ഖാനെ പോലുള്ള നടന്മാര്‍ ശരീര പ്രദര്‍ശനം നടത്തുന്നതും വലിയ കാര്യമല്ലെന്നാണ് സദാചാര പോലീസുകാര്‍ പറയുന്നത്. സ്ത്രീകള്‍ ഒരുമ്പെട്ടിറങ്ങിയത് കൊണ്ട് കാര്യമില്ല, പുരുഷന്മാര്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയാലേ സദാചാരം നശിക്കൂവത്രേ. അതുകൊണ്ട് അവര്‍ക്ക് പ്രലോഭനമൊന്നും ഉണ്ടാകാതെ നോക്കേണ്ടത് സ്ത്രീപ്രജകളുടെ കടമയാണെന്നും അവര്‍ കല്‍പ്പിക്കുന്നു.

ജീന്‍സും പര്‍ദ്ദയും ചുംബനങ്ങളും 2

 

ജീന്‍സിന് പകരം പര്‍ദ്ദ അടിച്ചേല്‍പ്പിക്കാമെന്ന് ചിലര്‍ ആശിച്ചെങ്കിലും ആ മോഹം എംഇഎസ് പ്രസിഡന്‍റ് ഡോ.പിഎ ഫസല്‍ ഗഫൂറിനെ പോലുള്ളവര്‍ മുളയിലേ നുള്ളിക്കളഞ്ഞു. പര്‍ദ്ദ സംസ്ക്കാര സമ്പന്നതയുടെ ലക്ഷണമല്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. നമ്മുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടാത്ത ആ വേഷം പാശ്ചാത്യ ഉല്‍പ്പന്നമാണെന്നും പര്‍ദ്ദ ധരിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്ന്‍ നേരിട്ട് കിട്ടുന്ന വിറ്റമിന്‍ ഡിയുടെ അഭാവത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത വികാരം വ്രണപ്പെടുത്തുന്നു എന്ന കുറ്റം ചുമത്തി പതിവ് പോലെ ന്യൂനപക്ഷ കമ്മീഷനും വിവാദത്തില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. യേശുദാസും ഫസല്‍ ഗഫൂറുമൊക്കെ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിച്ച് കേസില്‍ അകപ്പെട്ടു പോയവരാണെന്ന് പറയാം. വാ തുറന്നാല്‍ സ്ത്രീകളുടെ വികാരം അല്ലെങ്കില്‍ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി കേസ് കൊടുക്കുന്ന നാട്ടില്‍ എല്ലാം കണ്ടും കെട്ടും മിണ്ടാതെയിരിക്കണമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ജീന്‍സ് പോയിട്ട് ഒന്നു ചുംബിക്കാന്‍ പോലും ആളുകളെ അനുവദിക്കില്ലെന്നാണ് ചില വാനരന്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചുംബിക്കാനായി ഇറങ്ങിത്തിരിച്ചവരെ കയ്യൂക്ക് കൊണ്ടാണ് കപട പോലീസും യഥാര്‍ത്ഥ പോലീസും നേരിട്ടത്. കാക്കി പോലീസ് പിന്നീട് അവരെ വെറുതെ വിട്ടെങ്കിലും വാനരന്‍മാര്‍ കൂട്ടത്തോടെ വന്ന്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഗുണ്ടാ ആക്രമണങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കാര്യത്തില്‍ ഈ ഉത്സാഹം കാണിച്ചിരുന്നുവെങ്കില്‍ നാട് എന്നേ നന്നാകുമായിരുന്നുവെന്നാണ് ചില ദോഷൈക ദൃക്കുകള്‍ പറയുന്നത്. മദ്യപിക്കാന്‍ പോയിട്ട് ഒന്നു ചുംബിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത സ്ഥലം എന്ന പേരില്‍ ഇന്ന്‍ ലോകത്തിന് മുഴുവന്‍ കൌതുകമാകുകയാണ് കേരളം എന്ന ദൈവത്തിന്‍റെ സ്വന്തം നാട്. ദൈവത്തിന്‍റെ പേര് മാറ്റിയിട്ട് അവര്‍ ആ സ്ഥാനത്ത് എന്നാണ് വാനരന്മാരെ പ്രതിഷ്ഠിക്കുക എന്നേ ഇനി അറിയാനുള്ളൂ.

[ My article published in British Pathram on 08.12.2014]


First Image Credit:  Discover Magazine

Second Image Credit:  Indianexpress

 

Leave a Comment

Your email address will not be published. Required fields are marked *