മുംബൈ പോലീസ് : ത്രസിപ്പിക്കുന്ന ആക്ഷന്‍ ചിത്രം

മുംബൈ പോലീസ് : ത്രസിപ്പിക്കുന്ന ആക്ഷന്‍ ചിത്രം 1

 

ബോബി-സഞ്ജയ് തിരക്കഥ എഴുതി, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് ഇന്ന്‍ തിയറ്ററുകളില്‍ എത്തി. പൃഥ്വിരാജും ജയസൂര്യയും റഹ്മാനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ക്കാലത്തിന് ശേഷം മലയാളം കണ്ട നല്ലൊരു പോലീസ് സ്റ്റോറിയാണ്. കാസനോവയുടെ   പരാജയത്തിന്‍റെ ക്ഷീണം റോഷന്‍ ഈ ചിത്രത്തിലൂടെ തീര്‍ത്തിരിക്കുന്നു.

അയാളും ഞാനും തമ്മിലിനും സെല്ലുലോയ്ഡിനും ശേഷം പൃഥ്വിരാജിന്‍റെ  മറ്റൊരു മികച്ച പ്രകടനമാണ് മുംബൈ പോലീസില്‍ കാണാന്‍ സാധിക്കുന്നത്. എറണാകുളം അസിസ്റ്റന്‍റ്  പോലീസ് കമ്മീഷണറായ ആന്‍റണി മോസസ്സായി പൃഥ്വി തകര്‍ത്തഭിനയിച്ചിരിക്കുന്നു. ആക്ഷന്‍ മാത്രമല്ല നല്ലൊരു സൌഹൃദത്തിന്‍റെ കഥ കൂടി ചിത്രത്തില്‍ കാണാം. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ ഫര്‍ഹാനും (റഹ്മാന്‍) അസിസ്റ്റന്‍റ് കമ്മീഷണറായ ആന്‍റണി(പൃഥ്വി രാജ്), മട്ടാഞ്ചേരി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറായ ആര്യന്‍ ജോണ്‍ ജേക്കബ് (ജയസൂര്യ) സുഹൃത്തുക്കളാണ്. മൂവരുടെയും മുംബൈ ബന്ധമാണ് ചിത്രത്തിന്‍റെ പേരിന്‍റെ അടിസ്ഥാനം. നഗരത്തിലെ മാഫിയകളുടെ പേടി സ്വപ്നം കൂടിയാണ് ഈ മൂവര്‍ സംഘം.

ആര്യന്‍ കൊല്ലപ്പെടുന്നതോടെയാണ് കഥ തുടങ്ങുന്നത്. അദേഹത്തിന്‍റെ സുഹൃത്ത് കൂടിയായ ആന്‍റണി   കൊലപാതകിയെ കണ്ടെത്തുന്നു എങ്കിലും ആ പേര് ആരോടെങ്കിലും വെളിപ്പെടുത്തുന്നതിന് മുമ്പ് ഒരു അപകടത്തില്‍ പെടുന്നു. തുടര്‍ന്നു  അയാളുടെ ഓര്‍മ ശക്തി നശിക്കുന്നു.  അതോടെ കൊലയാളി രക്ഷപ്പെടുകയാണ്. ആശുപത്രിയില്‍ നിന്ന്‍ ഡിസ്ചാര്‍ജ് ആയതിനു ശേഷം, ക്രമേണ പഴയ നിലയിലേക്ക് തിരിച്ചു വരുന്ന ആന്‍റണിവീണ്ടും അന്വേഷണം   തുടങ്ങുന്നു. സംഭ്രമജനകമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് ശേഷം അയാള്‍ ആര്യന്‍റെകൊലയാളിയെ കണ്ടെത്തുന്നു.

എന്നും നല്ല പുതുമയുള്ള കഥകള്‍ അവതരിപ്പിക്കുന്ന ബോബി സഞ്ജയ് ടീമിന്‍റെ ആദ്യ പോലീസ് സ്റ്റോറി കൂടിയാണ് മുംബൈ പോലീസ്. റോഷനും ഇതിന് മുമ്പ് പോലീസ് കഥ ഒരുക്കിയിട്ടില്ല. ആക്ഷനും സൌഹൃദവുമെല്ലാം   സമാസമം ചേര്‍ത്ത നല്ലൊരു എന്‍റര്‍ടെയിനര്‍ ആണ് ചിത്രം. അപര്‍ണാ നായര്‍, ഹിമ ഡേവിസ്, ശ്വേത മേനോന്‍, കുഞ്ചന്‍ എന്നിവരാണ് ചെറുതെങ്കിലും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.