മുന്തിരിവള്ളികള്‍ പ്രതിക്ഷ തെറ്റിച്ചില്ല. മൂന്നു മെഗാഹിറ്റുകള്‍ക്ക് പിന്നാലെ പുതു വര്‍ഷത്തിലെത്തിയ ഈ മോഹന്‍ലാല്‍ ചിത്രം കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുമെന്നുറപ്പ്. പക്ഷെ പുലിമുരുകന് പോലെ ഒരു മാസ് സിനിമ പ്രതിക്ഷിച്ച് തിയറ്ററില്‍ പോകുന്നവര്‍ നിരാശപ്പെടേണ്ടി വരും. കാരണം മുന്തിരിവള്ളികള്‍ ജീവിത ഗന്ധിയായ അനവധി മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ഒരു സാധാരണ കുടുംബ ചിത്രമാണ്.
ഉലഹന്നാന് സത്യസന്ധനും നീതിമാനുമായ ഒരു പഞ്ചായത്ത് സെക്രട്ടറിയാണ്. നിയമം വിട്ടുള്ള ഒരു കളിക്കും അയാള്‍ കൂട്ടു നില്‍ക്കില്ല. അതുകൊണ്ടു തന്നെ നാട്ടില്‍ അയാള്‍ക്ക് ശത്രുക്കള്‍ ഏറെയുണ്ട്. സ്ഥലം എംഎല്‍എയും മുന്‍ പഞ്ചായത്ത് പ്രസിഡ൯റായ ചാലക്കനുമൊക്കെ അവരില്‍ ചിലരാണ്.
വീട് വിട്ടാല്‍ ഓഫിസ്, ഓഫിസ് വിട്ടാല്‍ വീട് എന്നാണ് ലൈനെങ്കിലും ഭാര്യ ആനിയമ്മയുമായി ഉലഹന്നാന് അത്ര സ്വര ചേര്‍ച്ചയിലല്ല. പ്ലസ്ടൂ വിദ്യാര്‍ഥിനിയായ മകള്‍ ജിനിയും ഇളയ മകന് ജെറിയും കൂടി അടങ്ങിയതാണ് അയാളുടെ കുടുംബം.
അല്‍പ്പ സ്വല്പ്പം ചുറ്റിക്കളികളുള്ള സമീപവാസി കൂടിയായ വേണുക്കുട്ടനാണ് ഉലഹന്നാന്റെ ഏറ്റവും അടുത്ത സുഹൃത്ത്. വേണുവിന്റെ പ്രലോഭനങ്ങളില്‍ പെട്ട് ഉലഹന്നാന് ഇടയ്ക്ക് വഴിമാറി സഞ്ചരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ അതില്‍ പരാജയപ്പെടുന്നു. യഥാര്‍ത്ഥ പ്രണയം നിലനില്‍ക്കുന്നത് സ്വന്തം കുടുംബത്തില്‍ തന്നെയാണെന്ന സത്യം അയാള്‍ ക്രമേണ തിരിച്ചറിയുന്നു. ഭാര്യയെ പ്രണയിച്ച് കുടുംബത്തെ ചേര്‍ത്തു പിടിക്കുന്നതോടെ അയാളുടെ ജീവിതത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ത്തു തുടങ്ങുന്നു.
മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി കുടുംബനാഥനായി കസറിയ സിനിമയില്‍ മീന, അനൂപ് മേനോന്, ഐമ റോസ്മി, മാസ്റ്റര്‍ സനൂപ്, അലന്‍സിയര്‍, സൃന്ദ എന്നിവരും നല്ല പ്രകടനം കാഴ്ച വച്ചു. അനൂപ് ഇതാദ്യമായാണ് ലാലിനൊപ്പം ഒരു മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നത്.
പ്രമോദിന്റെ ഛായാഗ്രഹണ മികവും എം സിന്ധുരാജിന്റെ തിരക്കഥയും സിനിമയുടെ ഏറ്റവും ശ്രദ്ധേയ ഘടകങ്ങളാണ്. വെള്ളിമൂങ്ങയുടെ വന്‍വിജയത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിര്‍മ്മിച്ചത് സോഫിയ പോളാണ്.