ഷോപ്പിങ്ങ് സൈറ്റുകള്‍ മലയാളികള്‍ക്ക് അപരിചിതമല്ല. ഇന്റര്‍നെറ്റ് വഴി ഓര്‍ഡര്‍ ചെയ്താല്‍ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും തുടങ്ങി എന്തും ഏതും വീട്ടുപടിക്കല്‍ എത്തിച്ചുതരുന്ന ചെറുതും വലുതുമായ നിരവധി സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഈബേ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇവയെല്ലാം കേരളത്തിന് പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നതെങ്കിലും നമ്മുടെ നാട്ടിന്‍പുറത്ത് വരെ അവരുടെ സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഓര്‍ഡര്‍ ചെയ്താല്‍ എന്തും ഏതും വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് നമ്മുടെ നാട്ടില്‍ തന്നെ തുടക്കം കുറിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
പഴവും പച്ചക്കറിയും പലവ്യഞ്ജനങ്ങളും തുടങ്ങി അടുക്കളയില്‍ ആവശ്യമുള്ളതെന്തും എത്തിച്ചു തരാനായി ഇനി പുയ്യാപ്ലയോട് പറയാം. നേരം ഇരുട്ടുന്നതിന് മുമ്പ് അവയെല്ലാം വീട്ടിലെത്തിയിരിക്കും. ഭര്‍ത്താവിന്റെ കയ്യില്‍ ലിസ്റ്റ് കൊടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം എങ്ങാനും മറന്നാലോ എന്ന ടെന്‍ഷന്‍ വീട്ടമ്മമാര്‍ക്ക് ഇനി വേണ്ട എന്നു ചുരുക്കം. പൊതുവിപണിയെക്കാള്‍ വിലക്കുറച്ച് വില്‍ക്കുന്ന സാധനങ്ങളുടെ കൂട്ടത്തില്‍ ഗൃഹോപകരണങ്ങളും സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും വരെയുണ്ട്. മറ്റിടങ്ങളില്‍ കിലോയ്ക്ക് 60 രൂപയുള്ള ഉള്ളിയ്ക്ക് പത്ത് രൂപയാണ് പുയ്യാപ്ലയിലെ വില. പക്ഷേ ആവശ്യക്കാര്‍ കൂടുതലുള്ളതുകൊണ്ട് പരമാവധി ഒരു കിലോ ഉള്ളി മാത്രമേ ഒരു വിലാസത്തില്‍ ലഭിക്കൂ.
ആവേശം പൂണ്ട് പുയ്യാപ്ലയില് കയറി ഓര്‍ഡര്‍ ചെയ്യാന്‍ വരട്ടെ, തല്ക്കാലം കോഴിക്കോടും പരിസരത്തും ഉള്ളവര്‍ക്ക് മാത്രമാണ് വെബ്സൈറ്റിന്റെ സേവനം ലഭ്യമാകുക. മറ്റ് സ്ഥലങ്ങളില്‍ ഉള്ളവര്‍ ഈ വിലക്കുറവ് കണ്ട് പനിക്കണ്ട എന്നു ചുരുക്കം.
പുസ്തകപ്രേമികളായ തിരുവനന്തപുരം നിവാസികള്‍ക്കായി ഐ ആം ബുക്ക് ലവര് എന്ന ഓണ്‍ലൈന്‍ ലൈബ്രറിയും അടുത്തകാലത്ത് തുടങ്ങിയിട്ടുണ്ട്. ഇവിടെ കയറി ഓര്‍ഡര്‍ ചെയ്താല്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വീട്ടിലെത്തിക്കും. അവ പരമാവധി 26 ദിവസം വരെ നിങ്ങള്‍ക്ക് സൂക്ഷിക്കാം. അതിനു ശേഷം ലേയ്റ്റ് ഫീ കൊടുക്കേണ്ടി വരും. 99 രൂപയില്‍ തുടങ്ങുന്ന പ്ലാനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. പുസ്തകങ്ങള്‍ക്ക് പ്രത്യേക വാടകയൊന്നും ഈടാക്കുന്നില്ല. വൈകുന്നേരം നാലുമണി വരെ ഓര്‍ഡര്‍ ചെയ്യുന്ന പുസ്തകങ്ങള്‍ അതേ ദിവസവും ബാക്കിയുള്ളവ അടുത്ത ദിവസവുമാകും എത്തിക്കുക. എം.ടി, ബഷീര്‍, പദ്മരാജന്, സിഡ്നി ഷെല്‍ഡന്‍,നിക്കോളാസ് സ്പാര്‍ക്സ് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള നൂറുകണക്കിനു എഴുത്തുകാരുടെ പുസ്തകങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കൊച്ചിയില്‍ പലവ്യഞ്ജനങ്ങള്‍ വീട്ടിലെത്തിക്കുന്ന പലചരക്ക് എന്ന സൈറ്റ് നേരത്തെ തന്നെ നിലവിലുണ്ട്. ഓണ്‍ലൈനില്‍ കൂടിയും 98955 95545 എന്ന നമ്പര്‍ ഡയല് ചെയ്തും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 4 മണി വരെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ രാത്രി 9നു മുമ്പായി വീട്ടിലെത്തിക്കും. 53 രൂപയാണ് സര്‍വീസ് ചാര്‍ജ്.