ഹാപ്പി ബര്‍ത്ത്ഡേ, ഉമ്മന്‍ ചാണ്ടി

ഹാപ്പി ബര്‍ത്ത്ഡേ, ഉമ്മന്‍ ചാണ്ടി 1

 

      കണ്ണൂരില്‍വച്ച് മുഖ്യമന്ത്രിക്ക് ഇന്നലെ കിട്ടിയത് ജന്മദിനസമ്മാനമാണോ എന്ന്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നാം. കാരണം രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ ഒക്ടോബര്‍ 31നു ഉമ്മന്‍ ചാണ്ടിയുടെ പിറന്നാളാണ്. വെറും പിറന്നാളല്ല, സപ്തതി. അറിഞ്ഞോ അറിയാതെയോ ആഘോഷമായി തന്നെ മുഖ്യനെ സ്വീകരിച്ച കണ്ണൂരിലെ സഖാക്കള്‍ താമസിയാതെ അദ്ദേഹത്തെ (മെഡിക്കല്‍ കോളേജിലെ) നല്ല നിലയില്‍ എത്തിക്കുകയും ചെയ്തു. സ്വിറ്റ്സര്‍ലന്‍റിലെ മഞ്ഞില്‍ കാലു തെന്നി വീണ് ക്രച്ചസുമായി തിരഞ്ഞെടുപ്പിനെ നേരിട്ട പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് പിറന്നാള്‍ ആഘോഷം എങ്ങനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം.

തോമസ് എന്നും അലക്സാണ്ടര്‍ എന്നും പേരിനു വകഭേദങ്ങളുള്ള ഉമ്മന്‍ ചാണ്ടി എന്ന ഇന്നത്തെ കോണ്‍ഗ്രസിലെ തലതൊട്ടപ്പന്‍ 1943 ഒക്ടോബര്‍ 31നാണ് ജനിച്ചത്. അച്ഛന്‍ കെ.ഒ ചാണ്ടി. അമ്മ ബേബി. സെന്‍റ് ജോര്‍ജ് സ്കൂളിലെ പഠന കാലത്ത് കെ.എസ്.യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു എറണാകുളം ലോ കോളേജില്‍ നിന്ന്‍ എല്‍എല്‍ബിയും എടുത്തു.

1970ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായ ഉമ്മന്‍ ചാണ്ടി അതേ വര്‍ഷം തന്നെ പുതുപ്പള്ളിയില്‍ നിന്ന്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1977, 1980, 1982, 1987,1991,1996,2001,2006,2011 എന്നീ തിരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയില്‍ വിജയം ആവര്‍ത്തിച്ച അദ്ദേഹം 1977ലാണ് ആദ്യമായി സംസ്ഥാന മന്ത്രിസഭയില്‍ അംഗമാകുന്നത്. എക്കാലവും എകെ ആന്‍റണിയുടെ വിശ്വസ്തനായിരുന്ന കുഞ്ഞൂഞ്ഞ് 2004 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നു ആന്‍റണി രാജിവച്ചപ്പോഴാണ് ആദ്യമായി മുഖ്യമന്ത്രിയായത്.

ഹാപ്പി ബര്‍ത്ത്ഡേ, ഉമ്മന്‍ ചാണ്ടി 2

കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ ഉറച്ച വക്താവായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടി സ്വഭാവത്തിലും ഭരണരീതികളിലും ആന്‍റണിയില്‍ നിന്ന്‍ പലപ്പോഴും വേറിട്ടു നിന്നു. തന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും സംശയത്തിന്‍റെ ഒരു ലാഞ്ജന പോലും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള ആന്‍റണി പലപ്പോഴും തീരുമാനങ്ങള്‍ വച്ചു താമസിപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരെ തിരിച്ചായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ നിയമത്തിന്‍റെ നൂലാമാലകള്‍ അദ്ദേഹം പരിഗണിച്ചതെയില്ല. ജനസമ്പര്‍ക്കം പോലുള്ള പരിപാടികളുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഉമ്മന്‍ ചാണ്ടി ഒരര്‍ഥത്തില്‍ കെ കരുണാകരന്‍ തുടങ്ങിവച്ച സ്പീഡ് പ്രോഗ്രാമിന്‍റെ തുടര്‍ച്ചയാണ് അതുവഴി നടപ്പാക്കിയത്.

ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി ചെയ്യുന്നു എന്ന്‍ എതിരാളികള്‍ ആക്ഷേപിച്ചെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവായ അദ്ദേഹം അതൊന്നും വകവച്ചില്ല. കീഴ്തട്ടിലുള്ള ഉദ്യോഗസ്ഥരും നേതാക്കളും അവരുടെ കടമ മറന്നത് കൊണ്ടാണ് ഒരു മുഖ്യമന്ത്രിക്ക് അതൊക്കെ ചെയ്യേണ്ടി വന്നത് എന്ന സത്യത്തിനു മുന്നില്‍ വിമര്‍ശകര്‍ പോലും കണ്ണടച്ചു. പരിപാടിയുടെ നടപ്പാക്കലില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും ലക്ഷക്കണക്കിന് അപേക്ഷകളുടെ തുടര്‍നടപടികള്‍ ഒരു വ്യക്തിയെക്കൊണ്ട് വിലയിരുത്തുക ഒട്ടും പ്രായോഗികമല്ല. വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ തന്നെ ചതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

വോട്ട് അഭ്യര്‍ഥനയുമായി നിറചിരിയോടെ വരുകയും എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ പൊതുജനത്തെ ആട്ടിയകറ്റി മണിമാളികയില്‍ ഇരുന്ന്‍ ഭരണം നടത്തുകയും ചെയ്ത നേതാക്കളെ നമ്മള്‍ ഇതിനുമുമ്പ് ഒരുപാട് കണ്ടിട്ടുണ്ട്. അത്തരക്കാരെ കാത്ത് തലസ്ഥാന നഗരങ്ങളില്‍ ദിവസങ്ങളോളം തമ്പടിക്കുക എന്നത് ഒരു കാലത്ത് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിധിയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പൊഴും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയാണ് ജനങ്ങളെ തേടി അവരുടെ സമീപപ്രദേശങ്ങളില്‍ എത്തുന്ന ഒരു മുഖ്യമന്ത്രി വ്യത്യസ്ഥനാകുന്നത്. അതുതന്നെയാണ് ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയതയുടെ അടിസ്ഥാനവും.

Leave a Comment

Your email address will not be published.