മോഡീ തരംഗത്തില്‍ ഒലിച്ചുപോയ രാഷ്ട്രീയ സ്വപ്നങ്ങള്‍

മോഡീ തരംഗത്തില്‍ ഒലിച്ചുപോയ രാഷ്ട്രീയ സ്വപ്നങ്ങള്‍ 1

 

പെട്ടി പൊട്ടിച്ചപ്പോള്‍ മോഡി ചിരിച്ചു, രാഹുല്‍ കരഞ്ഞു. മറ്റു ചിലര്‍ ജയിച്ചെങ്കിലും മനസ് നിറഞ്ഞ് സന്തോഷിക്കാനാവാത്ത അവസ്ഥ. പതിനാറാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ ഒറ്റനോട്ടത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

തിരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ മോഡിക്കും ബിജെപി നേതൃത്വത്തിനും ഏറെ ആശ്വാസമായിട്ടുണ്ടാവും. 1984നുശേഷം ഏതെങ്കിലും ഒരു കക്ഷി തനിച്ച് ഭൂരിപക്ഷം നേരിടുന്നത് ഇതാദ്യമാണ്. 280ലധികം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ബിജെപിക്ക് ഇനി രാമജന്‍മഭൂമി ഉള്‍പ്പടെ പല വിവാദ വിഷയങ്ങളും ഇനി പൊടിതട്ടിയെടുക്കാം. വാജ്പേയിക്കും അദ്വാനിക്കും സാധിക്കാതിരുന്നത് മോഡിയ്ക്ക് സാധിച്ചു. എന്‍ഡിഎക്കു മുന്നൂറിലധികം സീറ്റുകള്‍ സമ്മാനിച്ച ഈ വമ്പന്‍ വിജയം മോഡിതരംഗത്തിന്‍റെ ഫലമാണെന്ന് എതിരാളികള്‍ പോലും പറയും.

പാര്‍ട്ടി ഇരുന്നൂറില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങിയാല്‍ ഘടക കക്ഷികളെ കൂട്ടു പിടിച്ച് പ്രധാനമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഒരു കാലത്ത് സംഘപരിവാറിന്‍റെ മുന്നണി പോരാളിയായിരുന്ന എല്‍കെ അദ്വാനി. ആ മോഹം മനസില്‍ വച്ചാണ് ഗാന്ധിനഗറില്‍ നിന്ന്‍ പാര്‍ലമെന്‍റിലേക്ക് മല്‍സരിക്കാന്‍ അദ്ദേഹം നിര്‍ബന്ധം പിടിച്ചത്. രാജ്യസഭ സീറ്റ് നല്‍കാമെന്ന് മോഡി പക്ഷം പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങാതിരുന്നത് പ്രധാനമന്ത്രി പദത്തെ കുറിച്ചുള്ള ബിജെപിയുടെ പ്രഖ്യാപിത നിലപാട് മനസില്‍ കണ്ടാണ്. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കുന്നയാളെ മാത്രമേ പ്രധാനമന്ത്രിയാക്കൂ എന്ന്‍ പാര്‍ട്ടി ആദ്യം മുതലേ പറയുന്നതാണ്. ജനങ്ങളെ നേരിടാതെ പിന്‍വാതില്‍ വഴി നേതാവായ ആള്‍ എന്ന്‍ മന്‍മോഹന്‍ സിങ്ങിനെ ബിജെപി പലകുറി വിശേഷിപ്പിച്ചിട്ടുണ്ട്. ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം രാജ്യ സഭാ അംഗമായിരുന്നു.

മോഡീ തരംഗത്തില്‍ ഒലിച്ചുപോയ രാഷ്ട്രീയ സ്വപ്നങ്ങള്‍ 2

സ്പീക്കറാകണം എന്ന അഭ്യര്‍ഥനയുമായി കഴിഞ്ഞ ദിവസം സമീപിച്ച പാര്‍ട്ടി പ്രസിഡണ്ട് രാജ്നാഥ് സിങ്ങിനോട് രണ്ടു ദിവസം കൂടി കാത്തു നില്‍ക്കാനാണ് അദ്വാനി ആവശ്യപ്പെട്ടത്. ഫിനിഷിങ് പോയിന്‍റിനോട് അടുക്കുമ്പോഴും അദ്ദേഹത്തില്‍ പ്രതീക്ഷ ബാക്കിയായിരുന്നു. എന്‍ഡിഎക്കു ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ തൃണമൂല്‍ ഉള്‍പ്പടെയുള്ള മതേതര കക്ഷികളെ കൂടെകൂട്ടി പ്രധാനമന്ത്രി പദത്തിനു അവകാശ വാദമുന്നയിക്കാം എന്നദ്ദേഹം കണക്കുകൂട്ടി. ഗുജറാത്ത് കലാപമായിരുന്നു ഇക്കാര്യത്തില്‍ അദ്വാനി വിഭാഗത്തിന്‍റെ തുറുപ്പ് ചീട്ട്. പക്ഷേ ഇപ്പോള്‍ അതെല്ലാം വെറുതെയായി. എന്‍ഡിഎ ചെയര്‍മാന്‍ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് നരേന്ദ്ര മോഡി നേരത്തെ തന്നെ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് സ്പീക്കര്‍ സ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയേ പാര്‍ട്ടിയുടെ സ്ഥാപക നേതാവിന് ഇനി നിര്‍വാഹമുള്ളൂ. അതല്ലെങ്കില്‍ കേവലം ഒരു സാധാരണ പാര്‍ലമെന്‍റ് അംഗമായി ഇരിക്കണം.

തമിഴ്നാട് തൂത്തുവാരിയ ജയലളിതയ്ക്കും ഏറെ പ്രതീക്ഷയ്ക്ക് വകയില്ല. തൂക്കു പാര്‍ലമെന്‍റ് വന്നാല്‍ ശക്തമായ വിലപേശല്‍ നടത്തി മുന്നില്‍ നില്‍ക്കുന്ന കക്ഷിയെ പിന്തുണയ്ക്കാം എന്നതായിരുന്നു അവരുടെ കണക്കുകൂട്ടല്‍. തന്‍റെ പാര്‍ട്ടിക്കു വേണ്ടി പല മുന്തിയ വകുപ്പുകളും അവര്‍ കണ്ടു വച്ചിരുന്നു. പക്ഷേ ഇപ്പോള്‍ സംസ്ഥാനത്തെ ഏതാണ്ടെല്ലാ സീറ്റുകളും ജയിച്ചെങ്കിലും കാഴ്ചക്കാരിയായി ഇരിക്കുകയേ അവര്‍ക്ക് നിര്‍വാഹമുള്ളൂ. വാജ്പേയ് മന്ത്രിസഭയുടെ കാലത്ത് സര്‍ക്കാരിനെ പലവട്ടം മുള്‍മുനയില്‍ നിര്‍ത്തിയ അവര്‍ ബാലിശമായ ആവശ്യങ്ങള്‍ ഉന്നയിച്ച് അവസാനം പിന്തുണ പിന്‍വലിച്ചു. അതിനിടയില്‍ അവരെ കൂടെ നിര്‍ത്താനായി എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എത്രയോ വട്ടം ചെന്നെയ്ക്ക് വിമാനം കയറി. ഏതായാലും അതിനുശേഷം ഇന്ന് വരെ എഐഡിഎംകെക്കു കേന്ദ്ര ഭരണത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല. അവസരത്തിനൊത്തു ബിജെപിയെയും കോണ്‍ഗ്രസിനെയും മൂന്നാം മുന്നണിയെയും മാറി മാറി പിന്തുണച്ച ഡിഎംകെ പക്ഷേ കേന്ദ്രത്തിലെ നിത്യ സാന്നിധ്യമായി.

ബംഗാളിലെ മമതയുടെയും ഉത്തര്‍പ്രദേശിലെ മുലായത്തിന്‍റെയും മായാവതിയുടെയും ഒഡീഷയിലെ നവീന്‍ പട്നായിക്കിന്‍റെയും സ്ഥിതി വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പ് വേളയില്‍ മോഡീ വിരോധം പ്രസംഗിച്ചു നടന്നെങ്കിലും വ്യക്തമായ ഉറപ്പ് കിട്ടിയാല്‍ സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ അവര്‍ തയ്യാറായതാണ്. പലപ്പോഴായി ബിജെപിയുമായി ബാന്ധവത്തില്‍ ഏര്‍പ്പെട്ട ഈ ചെറു കക്ഷികള്‍ക്ക് അതില്‍ യാതൊരു സങ്കോചവും ഇല്ലായിരുന്നു. യുപിഎയുടെ ഭാഗമായ എന്‍സിപിയും മറുകണ്ടം ചാടുമെന്ന സൂചന കഴിഞ്ഞ ദിവസം നല്‍കി. പക്ഷേ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഈ ചെറുകക്ഷികളുടെ സ്വപ്നങ്ങള്‍ വൃഥാവിലായി.

മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ച നരേന്ദ്ര മോഡിയ്ക്ക് ആരുടേയും പിന്തുണയോ സമ്മര്‍ദമോ കൂടാതെ മനസമാധാനത്തോടെ ഭരിക്കാം, കാര്യങ്ങള്‍ തീരുമാനിക്കാം. പക്ഷേ എല്ലാം കണ്ടുകൊണ്ട് രാഹുല്‍ മാത്രമല്ല മറ്റു പലരും കരയുന്നുണ്ടെന്ന് അദ്ദേഹം ഓര്‍ക്കണം. കാരണം അവരുടെയെല്ലാം സ്വപ്നങ്ങളാണ് ഏകപക്ഷീയമായ ജയത്തിലൂടെ അദ്ദേഹം തല്ലിക്കെടുത്തിയത്.

The End

[My article originally published in British pathram on 16.05.2014]

Leave a Comment

Your email address will not be published. Required fields are marked *