കുമുദവല്ലി കണ്ട കനവ് – നർമ്മം

political satire

“കുമുദവല്ലിയായ ഞാന്‍, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്‍റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്ഥതയും കൂറും പുലര്‍ത്തുമെന്നും………………………..” ഘനഗാംഭിര്യം നിറഞ്ഞ ആ ശബ്ദം രാജ്ഭവന്‍ അങ്കണത്തില്‍ അലയടിച്ചു.

കുമുദവല്ലി ദ്രാവിഡ ദേശത്തിന്‍റെ പുതിയ അമരക്കാരിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങാണ്. ഗവര്‍ണ്ണറും കേന്ദ്ര മന്ത്രിമാരും മുതല്‍ ദേശിയ സംസ്ഥാന നേതാക്കളും സിനിമാ താരങ്ങളും വരെ പുതിയ മുഖ്യമന്ത്രിക്ക് മുന്നില്‍ ഓഛാനിച്ചു നില്‍ക്കുന്ന കാഴ്ച ചാനല്‍ ക്യാമറകളെ പുളകം കൊള്ളിച്ചു. എല്ലാവരെയും രാജകീയ ഭാവത്തില്‍ നോക്കിയെന്നു വരുത്തി കുമുദവല്ലി ഔദ്യോഗികമായി തന്‍റെ ചുമതല ഏറ്റെടുത്തു.

പാര്‍ട്ടിയിലെ മുടിചൂടാമന്നയായ പൊന്നമ്മയാണ് അടുത്ത കാലം വരെ ദ്രാവിഡ ദേശം ഭരിച്ചിരുന്നത്. അവര്‍ പെട്ടെന്ന് മരിച്ചതോടെയാണ് ആയമ്മയുടെ വേലക്കാരിയായിരുന്ന കുമുദവല്ലിക്ക് നാടിനെ നയിക്കാനുള്ള യോഗം വന്നത്. ഒരു വേലക്കാരിക്ക്‌ അങ്ങനെ എളുപ്പത്തില്‍ മുഖ്യമന്ത്രിയാകാമോ എന്നാരും ചോദിക്കരുത്. വേലക്കാരിയായിരുന്നാലും നീ എന്‍ മോഹവല്ലി എന്ന് മഹാകവിയായിരുന്ന ജഗതി തന്നെ പാടിയിട്ടുണ്ടല്ലോ. പോരാത്തതിന് പൊന്നമ്മ ഭരിക്കുമ്പോഴും ഈ കുമുദവല്ലിയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് എന്നത് നാട്ടില്‍ പാട്ടാണ്.

വയറില്‍ കൂടിയാണ് ഒരു പുരുഷന്‍റെ മനസ്സില്‍ കയറേണ്ടതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ നല്ല ഭക്ഷണം കൊടുത്ത് വീട്ടില്‍ വരുന്നവരെയെല്ലാം കയ്യിലെടുത്ത കുമുദവല്ലി ക്രമേണ പാര്‍ട്ടിയെയും കയ്യിലെടുത്തു. ദോഷം പറയരുതല്ലോ, അപാരമായ കൈപുണ്യമാണ് അവര്‍ക്ക്. അതിലാണ് ആരെയും കൂസാതെ തന്‍ പ്രമാണിയായി നടന്നിരുന്ന പൊന്നമ്മ പോലും വീണത്. ഇടക്കാലത്ത് ഒരു കേസില്‍ കുടുങ്ങി പൊന്നമ്മ ജയിലില്‍ കിടന്നപ്പോള്‍ കോടതിയുടെ അനുമതിയോടെ കുമുദവല്ലിയെ പാചകത്തിനായി പ്രത്യേകം നിയോഗിക്കുക വരെയുണ്ടായി. അത്രയ്ക്കുണ്ട് അവരുടെ പാചക നൈപുണ്യം.

പൊന്നമ്മ പനി പിടിച്ച് ആശുപത്രിയിലായപ്പോഴാണ് അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം അകത്തളങ്ങളില്‍ സജീവമായത്. ഒടുവില്‍ അമ്മയ്ക്ക് വേണ്ടി ആ ഭാരം ഏറ്റെടുക്കാന്‍ കുമുദവല്ലി കണ്ണീരോടെ തയ്യാറായി. അമ്മയുടെ സ്വത്തുവകകള്‍ അവര്‍ പോലുമറിയാതെ സ്വന്തം പേരിലേക്ക് മാറ്റി സൂക്ഷിച്ച ത്യാഗമനസ്ഥിതി ഒരിക്കല്‍ കൂടി കണ്ടപ്പോള്‍ മാര്‍ബിള്‍ മിനുക്കിയ കൊട്ടാരത്തിലെ ചുവരുകള്‍ പോലും കരഞ്ഞിട്ടുണ്ടാകണം.

“വേലുച്ചാമീ, നമ്മള്‍ പ്രതിക്ഷിച്ച എല്ലാവരും ചടങ്ങിനെത്തിയല്ലോ അല്ലേ ? ” സെന്‍റ് ജോര്‍ജ് കോട്ടയിലെ ഓഫിസിലേക്ക് ധൃതിയില്‍ നടക്കുന്നതിനിടയില്‍ കുമുദവല്ലി തന്‍റെ വിശ്വസ്ഥനോട് ചോദിച്ചു.

“ഉവ്വ്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആഭ്യന്തര മന്ത്രിയാ വന്നത്. ഉട്ടോപ്യ എന്നൊരു ദേശത്തെ കുറിച്ച് പെട്ടെന്ന് കേട്ടത് കൊണ്ട് പ്രധാനമന്ത്രി അങ്ങോട്ട്‌ പോയെന്നും അതുകൊണ്ട് വരാന്‍ സാധിക്കില്ലെന്നും ഓഫിസില്‍ നിന്ന് വിളിച്ചു പറഞ്ഞിരുന്നു. ചിന്നമ്മ ക്ഷമിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ” വേലുച്ചാമി ഭയ ഭക്തി ബഹുമാനങ്ങളോടെ താണുവണങ്ങിക്കൊണ്ട് പറഞ്ഞു.

“ശരി” ചീഫ് സെക്രട്ടറി തുറന്നു പിടിച്ച വാതില്‍ കടന്ന് കുമുദവല്ലി ഓഫിസില്‍ കയറി.

“പക്ഷെ ആ സകലകലാ വല്ലഭന്‍ വന്നിട്ടില്ല ” അവര്‍ കസേരയില്‍ ഇരിക്കുന്നതിനിടയില്‍ തെല്ല് ആശങ്കയോടെ വേലുച്ചാമി തുടര്‍ന്ന് പറഞ്ഞു.

കുമുദവല്ലിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.

Read  കേരളം ഏറെ പ്രിയപ്പെട്ടത്; മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ്

“ഹും. അന്ന് വിശ്വരൂപം കാണിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ അയാള്‍ക്കിട്ട്‌ പണി കൊടുത്തതാണ്. അതൊന്നും പോരാ എന്നു തോന്നുന്നു. സാരമില്ല, അയാളുടെ പുതിയ ഒരു പടം വരുന്നില്ലേ ? അപ്പോള്‍ അനുഭവിച്ചോളും. ” എന്തോ കരുതിക്കൂട്ടിയത് പോലെ അവര്‍ മൊഴിഞ്ഞു. ഏതാനും നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവര്‍ ചീഫ് സെക്രട്ടറിക്ക് നേരെ തിരിഞ്ഞു.

“ജോര്‍ജ്, ഇങ്ങോട്ട് വരുന്ന വഴിക്ക് അണ്ണാ സ്കയറിനടുത്തായി ഒരു പുതിയ ബംഗ്ലാവ് കണ്ടല്ലോ. അതാരുടെതാണ് ? ” മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം തെല്ലും താമസിച്ചില്ല.

” ലണ്ടനില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെയാണ്. പ്രായമായ അച്ഛനും അമ്മയ്ക്കും താമസിക്കാന്‍ അടുത്തിടെയാണ് അത് പണി കഴിപ്പിച്ചത് ” ജോര്‍ജ് പറഞ്ഞു.

“ഒരു ഡോക്ടര്‍ക്ക് അത്ര വലിയ വീടോ ? വേണ്ട. അത് ഇന്ന് തന്നെ എന്‍റെ അനന്തരവന്‍ സത്യപാലന്‍റെ പേരിലേക്ക് മാറ്റണം. അതുപോലെ തന്നെ സിറ്റിയിലുള്ള സകല ഷോപ്പിംഗ്‌ മാളുകളുടെയും ബംഗ്ലാവുകളുടെയും ലിസ്റ്റ് ഇന്ന് വൈകുന്നേരത്തിനകം എനിക്ക് ഈ മേശപ്പുറത്ത് കിട്ടണം. എല്ലാം ആ സത്യപാലന്‍റെയും മരുമകള്‍ സാവിത്രിയുടെയും പേരിലാക്കിയിട്ടു വേണം എനിക്ക് സിംഗപ്പൂരില്‍ പോയി ഒരാഴ്ച വിശ്രമിക്കാന്‍.  ഒരു പണിയും ചെയ്യാതെ തിന്നു കൊഴുത്തു ശീലിച്ച എന്‍റെ ബന്ധുക്കള്‍ക്ക് വേണ്ടി എനിക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ. ” ഒരു ദീര്‍ഘ നിശ്വാസത്തോടെ കുമുദവല്ലി സീറ്റില്‍ ചാരിയിരുന്നു.

മുന്തിയ ഇനം കുഷ്യന്‍ സീറ്റാണ്. അമ്മ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇതിലൊന്ന് ഇരിക്കാന്‍ എത്രയോ കൊതിച്ചതാണ്. അപ്പോഴൊക്കെ ചായ കൊണ്ടു വാ, പരിപ്പുവട കൊണ്ടു വാ എന്നൊക്കെ പറഞ്ഞ് ഓടിക്കുകയായിരുന്നു അവരുടെ പതിവ്. താടക എന്ന് എത്ര പ്രാവശ്യമാണ് ആരും കാണാതെ അവരെ വിളിച്ചത്.

കുമുദവല്ലി ആരോ മുന്നില്‍ കൊണ്ടു വച്ച പാത്രം തുറന്ന് നോക്കി. ഉണ്ടന്‍ പൊരി. ഒരു കഷണം വായിലെടുത്തിട്ടതും നീട്ടി തുപ്പിയതും ഒരുമിച്ചായിരുന്നു.

“ഫൂ, ആരാ ഇതുണ്ടാക്കിയത് ? ” ദേഷ്യത്തോടെ അവര്‍ ചോദിച്ചു.

“ഞാനാ, ചിന്നമ്മാ ” പേടിച്ചു വിറച്ച് ഒരു പയ്യന്‍ മുന്നോട്ടു വന്നു.

“ഉണ്ടന്‍പൊരി ഉണ്ടാക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം, മനസിലായോ ? ഇത് അപ്പടി വെന്തിട്ടില്ല. എണ്ണ നന്നായി തിളച്ചതിനു ശേഷം വേണം ഇത് പാത്രത്തിലേക്കിടേണ്ടത്. അതെങ്ങനെയാ പാചകത്തിന്‍റെ എബിസിടി അറിയാന്‍ മേലാത്തവരാണ്…………………. ” അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് ചുറ്റുമുള്ളവര്‍ അമര്‍ത്തിച്ചിരിക്കുന്നത് പുതിയ നേതാവ് കണ്ടത്. അമളി മനസിലായ അവര്‍ പിന്തിരിയുമ്പോഴേക്കും ആ ചോദ്യം എത്തി.

“ചിന്നമ്മ അപ്പോള്‍ വന്ന വഴി മറന്നിട്ടില്ല, അല്ലേ ?” പരിഹാസ ചുവയോടെയുള്ള ആ ചോദ്യം അവരെ ഞെട്ടിച്ചു കളഞ്ഞു. പ്രതിപക്ഷ നേതാവ് ലെനിന്‍. എല്ലാം കേട്ടുകൊണ്ട് വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന അയാള്‍ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് വന്നു.

ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളിയ കുമുദവല്ലി മുന്നിലെ കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയ അയാളുടെ നെഞ്ച് നോക്കി ഒരു ചവിട്ട് കൊടുത്തു.

“കടവുളേ ”

കട്ടിലില്‍ നിന്ന് താഴേക്ക് ഒറ്റ വീഴ്ചയായിരുന്നു. ശബ്ദം കേട്ട്  ജയില്‍ വാര്‍ഡന്‍ ഓടിവന്ന് സെല്ലിലേക്ക് എത്തിനോക്കി. തറയില്‍ നിന്ന് പിടഞ്ഞെഴുന്നെല്‍ക്കുന്ന കുമുദവല്ലിയെയാണ് അയാള്‍ കണ്ടത്.

“എന്നത് ? കനവാ ? ” : അയാളുടെ വാക്കുകളിലെ പരിഹാസം തിരിച്ചറിഞ്ഞ കുമുദവല്ലി ഇളിഭ്യതയോടെ മുഖം കുനിച്ചു. കാര്യം മനസിലായ അയാള്‍ ഒരു നിമിഷം നിന്ന ശേഷം ലാത്തി കൊണ്ട് അഴികളില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് കടന്നു പോയി.

സ്ഥാനാരോഹണത്തിനുള്ള വട്ടം കൂട്ടുന്നതിനിടയിലാണ് ആഹാരത്തില്‍ മായം ചേര്‍ത്തു വില്പന നടത്തിയ പഴയ ഒരു കേസില്‍ കുമുദവല്ലി അകത്തായത്. തൊട്ടുപിന്നാലെ സ്വത്ത്‌ കേസും തലപൊക്കി. സ്റ്റാമ്പ് ശേഖരണം പോലെ ചെരിപ്പ് ശേഖരണം തന്‍റെ ഹോബിയായിരുവെന്ന കുമുദവല്ലിയുടെ വാദഗതികളൊന്നും അന്വേഷകര്‍ക്ക് മുന്നില്‍ വിലപ്പോയില്ല. ആരാധനാലയങ്ങള്‍ക്ക് മുന്നില്‍ പമ്മി നിന്ന് തീര്‍ഥാടകരുടെ ചെരിപ്പ് മോഷണം നടത്തുന്ന ഗൂഡ സംഘത്തിന്‍റെ നേതാവായിരുന്നു അവരെന്നാണ് കോടതി കണ്ടെത്തിയത്. ആദായ നികുതി വകുപ്പിന്റെ പിടിയില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ അവരുടെ സ്വത്തുവകകള്‍ സ്വന്തം പേരിലാക്കി സൂക്ഷിച്ച ആ നല്ല മനസ്‌ ദുഷ്ടനായ ജഡ്ജി  കണ്ടില്ലെന്ന് നടിക്കുക കൂടി ചെയ്തപ്പോള്‍ അഗ്രഹാരയിലെ വാതിലുകള്‍ ചിന്നമ്മയ്ക്ക് മുന്നില്‍ തുറന്നു. അലക്സാണ്ടറെ പോലെ സ്ഥലങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ആശിച്ച അവര്‍ക്ക് അതോടെ ആ ഇരുണ്ട സെല്‍ മുറിയില്‍ ഒതുങ്ങിക്കൂടേണ്ടി വന്നു. ഒരിക്കല്‍ ഉണ്ടന്‍ പൊരിയുടെ പേരില്‍ വഴക്കുണ്ടാക്കിയെന്ന് സ്വപ്നം കണ്ട അവര്‍ ജയിലിലെ നിലവാരം കുറഞ്ഞ റാഗി ഉണ്ടയും ഉണക്ക ചപ്പാത്തിയും കഴിച്ച് വിശപ്പടക്കാനും ശീലിച്ചു.

“നാളെ നിങ്ങള്‍ക്ക് ഫ്ലോര്‍ ടെസ്റ്റാണ്  ” : രാത്രി പതിവ് ചപ്പാത്തിയും കറിയും സെല്ലില്‍ എത്തിക്കുന്നതിനിടയില്‍ കൂടെയുണ്ടായിരുന്ന പോലീസുകാരി കുമുദവല്ലിയോട് പറഞ്ഞു. അത് കേട്ടതും കുമുദവല്ലിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.

“നിജമാ ? അപ്പൊ എന്നെ മുതലമ്മച്ചര്‍ ആക്കിട്ടാരാ ? ” (സത്യമാണോ ? അപ്പോള്‍ എന്നെ മുഖ്യമന്ത്രി ആക്കിയോ ?): ആഹ്ളാദം അടക്കാനാവാതെ അവര്‍ ചെറുപ്പക്കാരിയോട് ചോദിച്ചു.

“ഇത് ആ ഫ്ലോര്‍ ടെസ്റ്റ്‌ അല്ല. നാളെ നിങ്ങള്‍ ഈ തറയെല്ലാം തുടക്കണം. അതാണ്‌ ഇവിടത്തെ ഫ്ലോര്‍ ടെസ്റ്റ്‌. അതു കഴിഞ്ഞാല്‍ അടുക്കള കാര്യങ്ങളില്‍ സഹായിക്കുകയും വേണം. : പോലീസുകാരി പറഞ്ഞു തീര്‍ന്നതും വെട്ടിയിട്ട തടി പോലെ കുമുദവല്ലി ബോധം കെട്ടു വീണതും ഒരുമിച്ചായിരുന്നു.

കുറുക്കുവഴിയില്‍ കൂടി മുഖ്യമന്ത്രിയാകാന്‍ കൊതിച്ച കുമുദവല്ലി അങ്ങനെ വീണ്ടും പാചകക്കാരിയായി.

The End


Image Credit: Satish Acharya