പുണ്യാളന്‍ അഗര്‍ബത്തീസ് – സിനിമ റിവ്യൂ

പുണ്യാളന്‍ അഗര്‍ബത്തീസ് - സിനിമ റിവ്യൂ 1

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ പുണ്യാളന്‍ അഗര്‍ബത്തിസ് ഒരു യുവ വ്യവസായ സംരംഭകന്‍റെ കഥയാണ് പറയുന്നത്. ജോയ് താക്കോല്‍ക്കാരന്‍ ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിട്ട ബിസിനസ്സുകാരനാണ്. എങ്കിലും എന്നെങ്കിലും ഒരു നല്ല നാള്‍ വരുമെന്ന് അയാള്‍ സ്വപ്നം കാണുന്നു. വോഡാഫോണ്‍ കസ്റ്റമര്‍ കെയറില്‍ ജോലി ചെയ്യുന്ന ഭാര്യ അനു(നൈല ഉഷ)വാണ് അയാളുടെ ഏറ്റവും വലിയ ശക്തി.

ആന പിണ്ഡത്തില്‍ നിന്ന്‍ അഗര്‍ബത്തി ഉണ്ടാക്കുന്ന ഒരു സ്ഥാപനം അയാള്‍ തുടങ്ങുകയും അത് നല്ല രീതിയില്‍ പോകുകയും ചെയ്യുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ആ സ്ഥാപനം പ്രതിസന്ധിയിലാകുന്നത് പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് കമ്മിറ്റി അയാള്‍ക്ക് ആന പിണ്ഡം നല്‍കാന്‍ വിസമ്മതിക്കുന്നതോടെയാണ്. അയാള്‍ അഡ്വ.സായ് (രചന നാരായണന്‍കുട്ടി)യുടെ സഹായത്തോടെ ദേവസ്വം ബോര്‍ഡുമായി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു.

ഒരു ഹര്‍ത്താലാണ് തുടര്‍ന്നു ജോയിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. അന്ന്‍ ക്ഷേത്രത്തില്‍ നിന്ന്‍ ആനപ്പിണ്ഡവുമായി മടങ്ങി വരുന്ന വഴിക്കു അയാളെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിക്കുകയും സ്ഥാപനം തകര്‍ക്കുകയും ചെയ്യുന്നു. അതോടെ അയാള്‍ പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയുടെ ശത്രുവാകുകയും അവര്‍ക്കെതിരെ കോടതിയിലേക്ക് നീങ്ങുകയും ചെയ്യുന്നു.

മറ്റെന്തിനെക്കാളുമധികം തന്‍റെ തൃശൂരിനെ സ്നേഹിക്കുന്ന അച്ചായന്‍ വേഷത്തില്‍ ജയസൂര്യ തിളങ്ങിയിട്ടുണ്ട്. തൃശൂര്‍ സ്ലാങിലുള്ള സംഭാഷണവും കോമഡിയും അദ്ദേഹം മികവുറ്റതാക്കി. ശ്രീജിത്ത് രവി, ഇന്നസെന്‍റ്, അജു വര്‍ഗ്ഗീസ് എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. നൈല ഉഷ, രചന എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും നായികാ കഥാപാത്രങ്ങള്‍ക്ക് അവര്‍ ശക്തി പകര്‍ന്നു.

ഒരു ബിസിനസ്സുകാരന്‍റെ പ്രശ്നങ്ങള്‍ സരസമായി അവതരിപ്പിച്ചതിനൊപ്പം കാലിക സംഭവങ്ങള്‍ തന്‍മയത്വത്തോടെ അവതരിപ്പിക്കുന്നതിനും രഞ്ജിത് ശങ്കര്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഒരു പരിധി വരെ അദ്ദേഹം വിജയിക്കുകയും ചെയ്തു. സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും ബിജിബാലിന്‍റെ സംഗീതവും പുണ്യാളന്‍ അഗര്‍ബത്തികള്‍ക്ക് സുഗന്ധം പകര്‍ന്നു.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Leave a Comment

Your email address will not be published.