സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍

Sathyan Anthikad

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം. ഈ ആപ്തവാക്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ സത്യന്‍ അന്തിക്കാട് സിനിമകളേയാവും പലപ്പോഴും നമ്മള്‍ കൂട്ടു പിടിക്കുക. കണ്ടു ശീലിച്ച നന്മകള്‍ ആധുനിക കാലത്ത് വര്‍ണ്ണ ചിത്രങ്ങളിലെ കാഴ്ചകള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ സത്യന്‍ സിനിമകളാണ് ഏറെക്കുറെ അപവാദമായുള്ളത്. കുറുക്കന്‍റെ കല്യാണത്തില്‍ തുടങ്ങിയ ആ സ്വതന്ത്ര സിനിമാ ജീവിതം ഇപ്പോള്‍ നാല്അ പതിറ്റാണ്ട് പിന്നിടുമ്പോൾ അപൂർവ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹം വേറിട്ട വഴിയില്‍ കൂടി സഞ്ചരിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളത്. 

ഒരു സാധാരണക്കാരന്‍റെ എല്ലാ നിഷ്ക്കളങ്കതയും നിറഞ്ഞ ശിവസുബ്രമണ്യ ഹരിരാമചന്ദ്രന്‍റെ കഥ പറഞ്ഞുകൊണ്ടാണ് സത്യന്‍ അന്തിക്കാട് തുടങ്ങിയത്. പേടിത്തൊണ്ടനും നാണം കുണുങ്ങിയുമൊക്കെയാണ് കുറുക്കന്‍റെ കല്യാണത്തില്‍ സുകുമാരന്‍ അവതരിപ്പിച്ച നായക കഥാപാത്രം. അച്ഛന്‍റെ തന്‍പ്രമാണിത്വം സഹിക്കാനാവാതെ അയാള്‍ അടുത്ത പട്ടണത്തിലേക്ക് പലായനം ചെയ്യുകയാണ്. കുട്ടിക്കാലം മുതല്‍ വളര്‍ത്തിയെടുത്ത ജീവിത രീതികളില്‍ നിന്ന് പുറത്തു കടക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെങ്കിലും ശിവ സുബ്രമണ്യന്‍ അതില്‍ പരാജയപ്പെടുന്നു. സുകുമാരന്‍ വ്യത്യസ്ഥ ഭാവങ്ങളോടെ എത്തിയ കുറുക്കന്‍റെ കല്യാണത്തില്‍ മാധവി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 

നെടുമുടി വേണുവിന്‍റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായ അപ്പുണ്ണി മുതലാണ്‌ സത്യന്‍ അന്തിക്കാട് മുഴുനീള ഗ്രാമീണ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു വച്ചതെന്ന് പറയാം. ഭരത് ഗോപി അവതരിപ്പിച്ച സ്വാര്‍ത്ഥനും അത്യാഗ്രഹിയുമായ അയ്യപ്പന്‍ നായരെ പോലെയുള്ളവരെ ഇന്നും ഏത് നാട്ടിന്‍പുറത്തും കാണാം. മകള്‍ അമ്മുക്കുട്ടിയാണ് അയാളുടെ സകല സ്വത്തിന്‍റെയും അവകാശി. അവളെ ജീവന് തുല്യം സ്നേഹിക്കുന്ന മുറചെറുക്കനായ അപ്പുണ്ണിയെ മറന്ന് മേനോന്‍ മാഷുമായുള്ള വിവാഹം ഉറപ്പിക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ മാത്രമാണ് അയ്യപ്പന്‍ നായര്‍ നോക്കിയത്- മാഷിന്‍റെ തറവാട്ടു മഹിമയും സ്വത്തും.

സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍ 1

ഒരു പ്രത്യേക സാഹചര്യത്തില്‍ അപ്പുണ്ണി അമ്മുക്കുട്ടിയെ വിവാഹം കഴിച്ചെങ്കിലും ദുരാഗ്രഹ ചിന്തകള്‍ നായരെ വിട്ടു പോകുന്നില്ലെന്ന് അവസാന രംഗങ്ങളില്‍ നിന്ന് നമുക്ക് മനസിലാകും. ഒട്ടും ഏച്ചുകെട്ടലില്ലാതെ സ്വാഭാവികമായ ചുറ്റുപാടില്‍ നിന്നെടുത്ത കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ അഭിനേതാക്കള്‍ക്കും ആ ജീവിതങ്ങളെ ക്യാമറയിലേക്ക് പകര്‍ത്താന്‍ ആനന്ദക്കുട്ടനും കഴിഞ്ഞു എന്നത് പ്രത്യേകം പറയണം.

സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ ഛായാഗ്രഹണത്തിനു വലിയ പ്രാധാന്യമുണ്ട്. നാടോടിക്കാറ്റിലെ കേരളീയ ഗ്രാമീണ ജീവിതവും മദ്രാസിലെ നഗര ജീവിതവും മനോഹരമായി സന്നിവേശിപ്പിച്ചതില്‍ വിപിന്‍ മോഹനുള്ള പങ്ക് ആര്‍ക്കാണ് മറക്കാനാവുക ? പിന്നീട് സന്മനസ്സുള്ളവര്‍ക്ക് സമാധാനം, മഴവില്‍ക്കാവടി എന്നി സിനിമകളിലൂടെയും ആ സത്യന്‍- വിപിന്‍ മോഹന്‍ കൂട്ടുക്കെട്ടിന്‍റെ മാന്ത്രികത നാം അനുഭവിച്ചറിഞ്ഞു.

സംവിധായകന്‍റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വിപിന്‍ മോഹനാണ് ഏറ്റവും കൂടുതല്‍ തവണ സത്യന്‍ സിനിമകള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. എണ്ണം പറഞ്ഞ സിനിമകളിലേ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളൂ എങ്കിലും മനസിനക്കരെ കണ്ട ആരും അതിന്‍റെ ഛായാഗ്രാഹകനായ അഴഗപ്പനെ മറക്കാനിടയില്ല. അത്ര വിദഗ്ദമായാണ് അദ്ദേഹം നാഗര്‍കോവില്‍ എന്ന യഥാര്‍ത്ഥ സിനിമ ലൊക്കേഷനെ മധ്യ തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തിലേക്ക് പറിച്ചു നട്ടത്. 

നിഷ്ക്കളങ്ക ഹാസ്യവും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറുന്ന മനുഷ്യ മനസ്സുകളുടെ ചിത്രീകരണവുമാണ് സത്യന്‍ സിനിമകളുടെ മുഖമുദ്ര. അതാത് സന്ദര്‍ഭങ്ങളില്‍ നമ്മളില്‍ ആരും പറയുന്ന സ്വാഭാവികമായ നര്‍മ്മ ശകലങ്ങളേ നമുക്ക് ആ സിനിമകളില്‍ നിന്ന് പ്രതിക്ഷിക്കാനാവൂ. പ്രേക്ഷകരെ ചിരിപ്പിക്കാനായി കൃത്രിമമായി ഉണ്ടാക്കുന്ന രംഗങ്ങള്‍ എന്നും അദ്ദേഹത്തിന് അന്യമാണ്. അതുകൊണ്ടാണ് സത്യന്‍ സിനിമകളിലെ പല രംഗങ്ങളും കാലത്തെ അതിജീവിച്ച് ഇന്നും നമ്മുടെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നത്. നാടോടിക്കാറ്റിലെയും ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റിലെയും സന്ദേശത്തിലെയുമൊക്കെ രംഗങ്ങള്‍ തലേന്ന് കണ്ട സിനിമകളേക്കാള്‍ ഓര്‍മയില്‍ വരുന്നതിന്‍റെ കാരണവും വേറൊന്നല്ല. 

sathyan anthikad

sathyan anthikad

മോഹന്‍ലാലിനെയാണ് സാധാരണക്കാരനായ നായകനായി സത്യന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത്. ലാലിന്‍റെ സ്വാഭാവികമായ അഭിനയ ശൈലിയും ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവും അതിന് കാരണമായിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടനെ കേരളത്തിലെ സ്ത്രീ മനസ്സുകളില്‍ പ്രതിഷ്ടിക്കുന്നതിന് സത്യന്‍ അന്തിക്കാടിന്‍റെ സിനിമകള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്‌. അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താല്‍ അതില്‍ സത്യന്‍റെ രണ്ടു സിനിമകളെങ്കിലും ഉണ്ടാകും എന്നുറപ്പ്.

ശ്രീനിവാസനെയും ഒടുവില്‍ ഉണ്ണികൃഷ്ണനെയും മാമുക്കോയയെയും തിലകനെയും നെടുമുടി വേണുവിനെയും കെപിഎസി ലളിതയെയും തുടങ്ങി ജയറാമിനെയും സിദ്ദിക്കിനെയും വരെ മലയാളി ജീവിതത്തിന്‍റെ വിവിധ വകഭേദങ്ങള്‍ അവതരിപ്പിക്കുന്നതിന് സംവിധായകന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. 

Read  മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും

നാടോടിക്കാറ്റ്, വരവേല്‍പ്പ്, ഗോളാന്തര വാര്‍ത്ത എന്നിങ്ങനെ സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച സിനിമകളില്‍ പോലും സത്യന്‍ കഥയെയാണ് കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചതെന്ന് കാണാം. രാജാവിന്‍റെ മകന്‍ കഴിഞ്ഞ് അധികം വൈകാതെയെത്തിയ നാടോടിക്കാറ്റില്‍ ലാലിന് തുല്യ പ്രധാനമായ വേഷമാണ് ശ്രീനിവാസന്‍ ചെയ്തത്. അതേക്കുറിച്ച് പറഞ്ഞ് ആദ്യം പരിഹസിച്ചവര്‍ക്ക് മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫിസ് വിജയത്തില്‍ കൂടിയാണ് സംവിധായകന്‍ മറുപടി കൊടുത്തത്. ആ വലിയ വിജയം മോഹന്‍ലാല്‍- ശ്രീനിവാസന്‍ ഹിറ്റ് ജോഡികളുടെ പിറവിക്കും കാരണമായി.

സത്യന്‍ അന്തിക്കാട് അന്ന് വലിയൊരു ചൂതാട്ടമാണോ നടത്തിയത് എന്ന് ചിലര്‍ക്കെങ്കിലും ഇപ്പോള്‍ സംശയം തോന്നാം. പക്ഷെ ഒരു നായകനായി പേരെടുത്തില്ലെങ്കിലും ശ്രീനിവാസന്‍ മലയാള സിനിമയില്‍ അതിനകം തന്‍റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു- ഒരു തിരക്കഥാകൃത്തെന്ന നിലയിലും അഭിനേതാവെന്ന നിലയിലും. ഒരാളുടെ കഴിവ് തിരിച്ചറിഞ്ഞ് വേണ്ട സമയത്ത് അവതരിപ്പിക്കാനുള്ള മനോധര്‍മ്മമാണ് സത്യന്‍ അന്ന് പുറത്തെടുത്തത്.

സാധാരണക്കാരുടെ സങ്കീര്‍ണ്ണമായ ജീവിത പ്രശ്നങ്ങളിലേക്കാണ് സത്യന്‍ അന്തിക്കാട് തന്‍റെ സിനിമാ ജീവിതത്തിന്‍റെ ഏറിയ പങ്കും ക്യാമറ തിരിച്ചു വച്ചതെന്ന് കാണാം. പുതു തലമുറ സംവിധായകര്‍ കഥാ തന്തു തേടി ഫ്രഞ്ചും കൊറിയനും തുടങ്ങി പേരറിയാത്ത ഭാഷകളിലെ സിനിമകള്‍ വരെ ഇന്‍റര്‍നെറ്റിലൂടെ അരിച്ചു പെറുക്കുമ്പോള്‍ അടുത്ത സിനിമയ്ക്കുള്ള ആശയങ്ങള്‍ നമ്മുടെ നാട്ടിന്‍പുറത്ത് നിന്ന് തന്നെ കണ്ടെത്താനാണ്‌ അദ്ദേഹം താല്പര്യപ്പെട്ടത്. വളരെ അപൂര്‍വ്വമായി മാത്രമേ അദ്ദേഹം തന്‍റെ ശൈലിയില്‍ നിന്ന് വ്യതിചലിച്ചിട്ടുള്ളൂ. അര്‍ഥം, ലാല്‍ അമേരിക്കയില്‍, പിന്‍ഗാമി തുടങ്ങിയ സിനിമകളെ അക്കൂട്ടത്തില്‍ പെടുത്താം.

ശുദ്ധ നര്‍മ്മവും ഇണക്കങ്ങളും പിണക്കങ്ങളും ജീവിത പ്രാരാബ്ധങ്ങളും നിറഞ്ഞ സത്യന്‍ അന്തിക്കാട് ടച്ച് നിര്‍മാതാക്കള്‍ക്ക് മാത്രമല്ല പണം മുടക്കി തിയറ്ററില്‍ കയറുന്ന കുടുംബ പ്രേക്ഷകര്‍ക്കും മിനിമം ഗ്യാരന്‍റിയാണ് ഉറപ്പ് കൊടുക്കുന്നത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ജനപ്രിയ സീരിയലുകളുടെ അവിഭാജ്യ ഘടകമായ അവിഹിതമോ തിരുകി കയറ്റിയിട്ടില്ല എന്നതിന്‍റെ ഉറപ്പ്. ആളെ കൂട്ടുന്ന ഏത് രംഗമാണെങ്കിലും കുടുംബത്തിന് നിരക്കാത്തതാണെങ്കില്‍ അവയ്ക്ക് ഈ തൃശൂര്‍ക്കാരന്‍റെ സിനിമ ഫ്രെയിമിന് പുറത്തായിരിക്കും സ്ഥാനം. ആ വിശ്വാസം തന്നെയാണ് തിയറ്ററിനകത്തും ടിവിക്ക് മുന്നിലും സത്യന്‍ സിനിമകള്‍ക്ക് ആളെക്കൂട്ടുന്നതും. 

The End