ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ക്യാഷ് ലെസ്സ് ഇക്കോണമിയെകുറിച്ചുമൊക്കെ നരേന്ദ്ര മോദി കൂടെക്കൂടെ പറയാറുണ്ട്. പണം കൈമാറ്റത്തിനായി എല്ലാവരും ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ചാല്‍ കള്ളപ്പണവും കള്ള നോട്ടുമൊക്കെ കുറയുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതുവഴി സര്‍ക്കാരിന് ലഭിക്കുന്ന നികുതി വിഹിതം കൃത്യമായി വീഴുകയും ചെയ്യും. ഭീം ആപ്പ്, ആധാര്‍ അധിഷ്ടിത പണം കൈമാറ്റ സംവിധാനം എന്നിങ്ങനെ പുതിയ ചില ആശയങ്ങളും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സംവിധാനത്തില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വയം വഴിമാറി പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.
ലയനത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ അമ്പത് ബാങ്കുകളുടെ പട്ടികയില്‍ ഇടം പിടിച്ച എസ്.ബി.ഐ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇനി മുതല്‍ ചാര്‍ജ് ഈടാക്കുമെന്ന മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ജന്‍ ധന് അക്കൌണ്ടുകള്‍ വഴി രാജ്യത്തെ കോടിക്കണക്കിനാളുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ കൊണ്ടു വന്നത്. അതുവഴി കൈകാര്യ ചെലവ് വര്‍ദ്ധിച്ചെന്ന കാരണം പറഞ്ഞ് എസ് ബി ഐ ഏപ്രില്‍ ഒന്നു മുതല്‍ മറ്റ് അക്കൌണ്ട് ഉടമകളെ പിഴിയാന്‍ തുടങ്ങിയിട്ടുണ്ട്. സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളില്‍ 2000 വും കറന്റ് അക്കൌണ്ടുകളില്‍ 10,000 വും മിനിമം ബാലന്‍സ് വയ്ക്കേണ്ടി വരും. അല്ലാത്തപക്ഷം മാസം 100 ഉം 575 മാണ് യഥാക്രമം പിഴ.
സേവിംഗ്സ് അക്കൌണ്ട് ഉടമകള്‍ക്ക് പരമാവധി 3 തവണ മാത്രമേ ബാങ്കില്‍ ചെന്ന് പണമടക്കാന്‍ സാധിക്കൂ. അതില്‍ കൂടിയാല്‍ ഓരോ പ്രാവശ്യവും 58 രൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടി വരും. പണം പിന് വലിക്കുന്നതിനും സമാനമായ നിയന്ത്രണമുണ്ട്. ഇരുപത്തയ്യായിരത്തില്‍ കുറവാണ് നിങ്ങളുടെ ബാലന്‍സെങ്കില്‍ മാസം രണ്ടു തവണ ബാങ്കില്‍ ചെന്ന് പണം പിന്‍വലിക്കാം. കൂടിയാല്‍ അതിനും കൊടുക്കണം 58 രൂപ. ആയിരം രൂപയില്‍ താഴെയാണ് അക്കൌണ്ടില്‍ ഉള്ളതെങ്കില്‍ ഓരോ മാസവും 20 തവണ ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ വഴി സൌജന്യ ഇടപാടുകള്‍ നടത്താം. ആയിരം രൂപയില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 40 ആണ് സൌജന്യ ഇടപാടുകളുടെ പരിധിയായി നിശ്ചയിച്ചിട്ടുള്ളത്. ലംഘിച്ചാല്‍ ഓരോ തവണയും ആറു രൂപ സര്‍വിസ് ചാര്‍ജ് ഇനത്തില്‍ നല്‍കണം. ഡെബിറ്റ് കാര്‍ഡുകള്‍ സ്വന്തം എടിഎമ്മുകളിലും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലുമായി അഞ്ചു തവണ വീതം സൌജന്യമായി ഉപയോഗിക്കാം. അതില്‍ കൂടിയാല്‍ സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളാണെങ്കില് 12 രൂപയും മറ്റ് എടിഎമ്മുകളാണെങ്കില് 23 രൂപയും ഫൈന്‍ അടയ്ക്കേണ്ടി വരും.
Image credit: Marunadan Malayali
എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പുതിയത് ഇഷ്യു ചെയ്യുന്നതിന് 345 രൂപയാണ് ഇനി മുതല്‍ നല്‍കേണ്ടി വരുക. പിന് മറന്നു പോയാല്‍ പുതിയത് കിട്ടുന്നതിന് 58 രൂപയും കൊടുക്കണം. നേരിട്ടും ഓണ്‍ലൈന്‍ വഴിയും പണം കൈമാറ്റം ചെയ്യുന്നതിനുള്ള പുതുക്കിയ നിരക്കും എസ്.ബി.ഐ ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. അക്കൌണ്ടില്‍ പണമില്ലാത്തതിന്റെ പേരില്‍ ചെക്ക് മടങ്ങിയാല്‍ 575 രൂപ ഫൈന്‍ അടക്കേണ്ടി വരുമെന്ന ഭീഷണി എല്ലാത്തരം ഉപഭോക്താക്കളെയും വലയ്ക്കുമെന്നുറപ്പ്.
ഇതെല്ലാം അറിഞ്ഞു മടുത്ത് അക്കൌണ്ട് ക്ലോസ് ചെയ്യാനാണ് നിങ്ങളുടെ തിരുമാനമെങ്കില്‍ അവിടെയും കൊടുക്കണം 575 മുതല്‍ 1150 രൂപ. അക്കൌണ്ട് ക്ലോഷര്‍ ചാര്‍ജസ് എന്ന പേരിലാണ് ബാങ്ക് ഇത്രയും തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ഒരുങ്ങുന്നത്.
കേന്ദ്ര സര്‍ക്കാരോ കോടതികളോ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ ഒന്നടങ്കമായിരിക്കും എസ്.ബി.ഐയുടെ പുതിയ തിരുമാനം ബാധിക്കുക. അംഗീകൃത സമ്പദ് വ്യവസ്ഥയുടെ ഭാഗമാകേണ്ട ജനലക്ഷങ്ങള്‍ സമാന്തര സംവിധാനങ്ങള്‍ തേടിപ്പോകുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാത്ത മറ്റ് ബാങ്കുകളുടെയോ പോസ്റ്റ് ഓഫിസ് പോലുള്ള സംവിധാനങ്ങളുടെയോ വഴിയേ പോകുന്നതാണ് ഇനിയുള്ള കാലത്ത് ജനത്തിന് ഗുണകരമാകുക. അങ്ങനെ സംഭവിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ നാല്പ്പതഞ്ചാമത്തെ ബാങ്കെന്ന അലംകൃത പദവി മാത്രമാകും സ്റ്റേറ്റ് ബാങ്കിന് ബാക്കിയുണ്ടാകുക.
The End