ട്രെയിന്‍ ടു പാക്കിസ്ഥാന്‍ (2014 Version)

train to pakistan

 

ട്രെയിന്‍ പുറപ്പെടാറാകുന്നതേയുള്ളൂ. യാത്രക്കാര്‍ അധികവും ഇനിയും എത്തിയിട്ടില്ല.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ആറാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പതിവില്ലാത്ത വിധം മൂകത തളം കെട്ടി നിന്നു. ആളുകള്‍ അങ്ങിങ്ങായി നില്‍ക്കുന്നുണ്ടെങ്കിലും ആരും അധികം സംസാരിക്കുന്നില്ല. ടീ ഷോപ്പുകളിലും തിരക്ക് നന്നേ കുറവ്. വരാനിരിക്കുന്ന ഏതോ ദുരന്തത്തിന്‍റെ ചിന്തകള്‍ എല്ലാവരെയും അലട്ടുന്നുണ്ടെന്ന് തോന്നി.

ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്മെന്‍റിലെ തൊട്ടടുത്ത കുപ്പയില്‍ ആളനക്കം കേട്ടപ്പോള്‍ അനന്തമൂര്‍ത്തി സീറ്റില്‍ നിന്നെഴുന്നേറ്റ് അങ്ങോട്ട് ചെന്നു. ഉച്ചക്ക് രണ്ടരക്കാണ് ട്രെയിന്‍ പുറപ്പെടുന്നത് എന്ന്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം രാവിലെ തന്നെ സ്റ്റേഷനിലെത്തിയിരുന്നു. ഏറെ നേരം വിശ്രമ മുറിയില്‍ ചെലവഴിച്ച അദ്ദേഹം ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്നു എന്ന അറിയിപ്പ് ലഭിച്ച ഉടനെ അതിനകത്ത് സ്ഥാനം പിടിക്കുകയായിരുന്നു. പക്ഷേ ഒറ്റയ്ക്കായിരുന്നത് കൊണ്ട് അദ്ദേഹത്തിന് ശരിക്ക് ബോറടിച്ചു. അവസാന നിമിഷം എല്ലാവരും കാലു മാറിയോ എന്നാണ് അദ്ദേഹം ഭയപ്പെട്ടത്.

അടുത്ത മുറിയില്‍ നാട്ടുകാരനെ തന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി. മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൌഡ. കണ്ടമാത്രയില്‍ പതിവ് വിഷാദഭാവത്തില്‍ ഒന്നു ചിരിച്ചതിന് ശേഷം അദ്ദേഹം തൊട്ടടുത്ത സീറ്റില്‍ ഇരിക്കാനായി ആംഗ്യം കാണിച്ചു.

ഒരുവേള എല്ലാവരും വാക്ക് മാറിയോ എന്ന്‍ ഞാന്‍ ഭയന്നു. ഏതായാലും അങ്ങെത്തിയല്ലോ. എനിക്കു സന്തോഷമായി…………….. : ഇരിക്കുന്നതിനിടയില്‍ മൂര്‍ത്തി പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ഗൌഡ ചിരിച്ചെന്നു വരുത്തി. തിരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന ഭാവം ആ മുഖത്തുണ്ടെന്ന് അദ്ദേഹത്തിന് തോന്നി.

അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് അവിടെയെത്തുമായിരിക്കും അല്ലേ ? : മൂര്‍ത്തി ചോദിച്ചു.

അറിയില്ല. എവിടെയൊക്കെയാ സ്റ്റോപ്പുള്ളതെന്ന് ആരോടെങ്കിലും ചോദിക്കണം. ഇത് സ്പെഷ്യല്‍ ട്രെയിനാണല്ലോ. ഏതായാലും ഇരുട്ടുന്നതിന് മുമ്പ് പാക്കിസ്ഥാനിലെത്തും. : ഗൌഡ മറുപടി നല്‍കി.

അതു നന്നായി. ഞാന്‍ ഏതായാലും ഇന്നത്തേക്ക് സ്റ്റേഷന്‍ ഡോര്‍മിറ്ററിയില്‍ റൂം ബുക്ക് ചെയ്തിട്ടുണ്ട്. നാളെ വേറെ എവിടെയെങ്കിലും നോക്കണം…………. : മൂര്‍ത്തി തന്‍റെ അലസമായ താടിയില്‍ കയ്യോടിച്ചുകൊണ്ട് പറഞ്ഞു.

പ്ലാറ്റ്ഫോമില്‍ തിരക്ക് കൂടിയത് പോലെ തോന്നി. യാത്രക്കാര്‍ ആരൊക്കെയോ വരുകയാണ്.

എനിക്കേതായാലും അത് വേണ്ടി വരില്ല. മകന്‍റെ ഒരു കൂട്ടുകാരന്‍ അവിടെയുണ്ട്. അദ്ദേഹത്തിന്‍റെ ഒരു വീട് ഞങ്ങള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. : ഗൌഡ സന്തോഷത്തോടെ പറഞ്ഞു.

ഉവ്വോ ? : അനന്തമൂര്‍ത്തിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു. : എന്നിട്ട് കുമാരസ്വാമി എവിടെ? വന്നില്ലേ ?

അടുത്ത ബോഗിയിലുണ്ട്. അവന് വരാന്‍ ആദ്യം മടിയായിരുന്നു. അവസാന നിമിഷം ബുക്ക് ചെയ്തത് കൊണ്ട് ഇവിടെ ഫസ്റ്റ്ക്ലാസില്‍ കിട്ടിയില്ല. അതുകൊണ്ട് അവനും കുടുംബവും ത്രീ ടയറിലാണ്. അവിടെ ചെന്നിട്ട് വേണം അവന്‍റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍………….. : ഗൌഡ നെടുവീര്‍പ്പെട്ടു. ഒന്നും മനസിലാകാത്ത ഭാവത്തില്‍ ചോദ്യ രൂപേണ മൂര്‍ത്തി അദ്ദേഹത്തെ നോക്കി.

അവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കണം. നാട്ടില്‍ ഇനി രക്ഷയില്ല. ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തന്നെ അതുകൊണ്ടാണ്. അവിടെയുള്ളവര്‍ക്ക് നമ്മുടെയത്ര വിവരമില്ല എന്നാണ് കേട്ടത്. അങ്ങനെയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. അവനെ അവിടെ ഗവര്‍ണറോ മുഖ്യമന്ത്രിയോ ആക്കണം : ഗൌഡ കയ്യിലെ ടര്‍ക്കി ടവ്വല്‍ കൊണ്ട് മുഖം തുടച്ചുകൊണ്ട് പറഞ്ഞു.

Also Read  പൊറിഞ്ചുവിന്‍റെ സത്യാന്വേഷണ പരീക്ഷകള്‍ – കഥ

അത്രയ്ക്ക് വേണോ എന്ന്‍ അനന്തമൂര്‍ത്തിയുടെ മനസ് ചോദിച്ചു. ഗൌഡയുടെ ചെയ്തികള്‍ കാരണം കര്‍ണ്ണാടകയില്‍ താമര വിടര്‍ന്ന കഥ അദ്ദേഹം ഓര്‍ത്തെടുത്തു. അതുപോലെ പാക്കിസ്ഥാനില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ താന്‍ എവിടെ പോയി ഒളിക്കുമെന്ന ചിന്ത അദ്ദേഹത്തെ വേട്ടയാടി.

ഗൌഡയോട് യാത്ര പറഞ്ഞ് അദ്ദേഹം തന്‍റെ സീറ്റിലേക്ക് മടങ്ങി. അവിടെ തന്‍റെ എതിര്‍വശത്ത് പുതുതായി സ്ഥാനമുറപ്പിച്ച അപരിചിതനെ കണ്ട് മൂര്‍ത്തി കൌതുകത്തോടെ നോക്കി. എഴുപതിനടുത്ത് പ്രായം. ഏറെക്കുറെ കഷണ്ടി കയറിയ തല. അലക്കിത്തേച്ച വെള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം. കയ്യിലൊരു കാലന്‍ കുട. കണ്ണട വച്ചിട്ടുണ്ട്.

മൂര്‍ത്തിയെ കണ്ട് സഹയാത്രികന്‍ ഒന്നു ചിരിച്ചു.

എന്താ പേര് ? : മൂര്‍ത്തി ചോദിച്ചു.

കേളുണ്ണി നായര്‍. കേളു അമ്മാവന്‍ എന്ന് എല്ലാവരും വിളിക്കും…………..കേരളത്തില്‍ നിന്നാണ്. ഇപ്പോള്‍ കുറച്ചുനാളായി ഇവിടെ ഡല്‍ഹിയില്‍ മകളുടെ കൂടെയാണ്. : അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്തു പറ്റി ? മോദി വന്നാല്‍ രാജ്യം വിടുമെന്ന് പറഞ്ഞിരുന്നോ ? : അനന്തമൂര്‍ത്തിയുടെ ചോദ്യം കേട്ട് നിഷേധ ഭാവത്തില്‍ അദ്ദേഹം തല വെട്ടിച്ചു.

ഹെയ്…… ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. പിന്നെ എല്ലാം നമ്മുടെ പഴയ നാടല്ലേ ? അവിടെയെല്ലാം ഒന്നു ചുറ്റിക്കാണണം എന്നത് ഏറെ നാളത്തെ എന്‍റെ ആഗ്രഹമാണ്. ഇനി എത്ര നാളെന്ന് അറിയില്ലല്ലോ. അതാ ഇപ്പോ ഇങ്ങനെ ഇറങ്ങിത്തിരിച്ചത്……………….. : അദ്ദേഹം കയ്യിലുള്ള ബാഗ് ലഗേജ് കാരിയറില്‍ ഒതുക്കി വച്ചു.

കയ്യില്‍ കാശുണ്ടായിട്ടൊന്നുമല്ല കേട്ടോ, ഇതിപ്പോ മകളാ ബുക്ക് ചെയ്തത്. ഏതായാലും പോകുന്നു അപ്പോ ഭേഷായിട്ട് തന്നെ പൊയ്ക്കൂടെ എന്നവള്……….. ഞാന്‍ പിന്നെ എതിരൊന്നും പറഞ്ഞില്ല. : കേളുവമ്മാവന്‍ പറഞ്ഞു. : അതോ എങ്ങനെയും ശല്യം ഒഴിയട്ടെ എന്നു വിചാരിച്ചാണോ എന്നറിയില്ല കേട്ടോ. ഏതായാലും തിരിച്ചു വരുന്ന കാര്യം ആരും ഒന്നും ചോദിച്ചില്ല………………

അവസാന വാചകം പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇടറി, ശബ്ദം താഴ്ന്നു.

പെട്ടെന്നാണ് പുറത്തെന്തോ പൊട്ടുന്ന ശബ്ദം കേട്ടത്. ആളുകളില്‍ ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടു.

ഇനി ബോംബാണോ ഈശ്വരാ………………. : കേളുവമ്മാവന്‍ നെഞ്ചില്‍ കൈ വച്ചു.

തുടര്‍ന്നു വായിക്കുക

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

4 Comments

 1. Viddi Man

  ഉമ്മൻ ‌ചാണ്ടിയെ കണ്ടപ്പോൾ കരുതി ഇന്ത്യ വിടാനൊരുങ്ങിയവരെയെല്ലാം കൂട്ടി അദ്ദേഹം ട്രെയിൻ കേരളത്തിലേക്ക് കൊണ്ടു വരികയാണെന്ന്. ബി ജെ പി യുടെ തീവണ്ടിയ്ക്ക് പ്രവേശനം ഇല്ലാതെ പോയത് കേരളത്തിലാണല്ലോ.

  രസകരമായി എഴുതി. 🙂

  1. MANOJ

   പക്ഷേ ഇതിലെ കഥാപാത്രങ്ങളില്‍ പലരും ഇന്ത്യ വിടുമെന്നാണല്ലോ പറഞ്ഞത്. മോദിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ചില ബിജെപി നേതാക്കളും പറഞ്ഞു. അതിന്‍റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയത്. മണി ശങ്കര്‍ അയ്യരെ പോലുള്ളവരെ ഉല്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

   അഭിപ്രായത്തിന് വളരെ നന്ദി, ചേട്ടാ

 2. Viddi Man

  ഉമ്മൻ ‌ചാണ്ടിയെ കണ്ടപ്പോൾ കരുതി ഇന്ത്യ വിടാനൊരുങ്ങിയവരെയെല്ലാം കൂട്ടി അദ്ദേഹം ട്രെയിൻ കേരളത്തിലേക്ക് കൊണ്ടു വരികയാണെന്ന്. ബി ജെ പി യുടെ തീവണ്ടിയ്ക്ക് പ്രവേശനം ഇല്ലാതെ പോയത് കേരളത്തിലാണല്ലോ.

  രസകരമായി എഴുതി. 🙂

  1. MANOJ

   പക്ഷേ ഇതിലെ കഥാപാത്രങ്ങളില്‍ പലരും ഇന്ത്യ വിടുമെന്നാണല്ലോ പറഞ്ഞത്. മോദിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ചില ബിജെപി നേതാക്കളും പറഞ്ഞു. അതിന്‍റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയത്. മണി ശങ്കര്‍ അയ്യരെ പോലുള്ളവരെ ഉല്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

   അഭിപ്രായത്തിന് വളരെ നന്ദി, ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *