ഭരണത്തിന്റെ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആകപ്പാടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സമസ്ത മേഖലകളെയും ബാധിച്ച കുംഭകോണങ്ങളുടെ ഒരു പരമ്പര തന്നെയാണ് രാജ്യത്തുണ്ടായത്. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന മട്ടില്‍ അവ ഓരോന്നായി ഈ സര്‍ക്കാരിനെ ഒരു ദുര്‍ഭൂതം കണക്കെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം വിവിധ രംഗങ്ങളിലെ പിടിപ്പുകേട് കൂടിയാവുമ്പോള്‍ മന്മോഹന് സര്‍ക്കാരിന്റെ പതനം പൂര്‍ണമാകുന്നു.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തുടങ്ങിയ 2 ജി സ്പെക്ട്രം അഴിമതിക്കേസിന്റെ അന്വേഷണത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇടപാടില്‍ പാര്‍ട്ടിക്കൊ ധനവകുപ്പിനോ ഒരു പങ്കുമില്ലെന്ന കോണ്‍ഗ്രസ്സിന്റെ പല്ലവി സി.ബി.ഐയും ആവര്‍ത്തിച്ചിട്ടും പലരും അത് വിശ്വസിച്ച മട്ടില്ല. അതേ കാര്യം ഏറ്റു പാടിയ ജെ.പി.സി അധ്യക്ഷനെ അതുവരെയുള്ള ആനൈക്യമെല്ലാം മറന്ന് പ്രതിപക്ഷം ഒന്നടങ്കമാണ് നേരിട്ടത്. സമിതിയിലെ ഭൂരിപക്ഷവും അംഗീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇതിനൊക്കെ പുറമേയാണ് മറ്റു വകുപ്പുകളില്‍ നിന്നു ദിനം പ്രതി പുറത്തു വരുന്ന വിവിധങ്ങളായ അഴിമതി കഥകള്‍.
ആദര്‍ശ് കുംഭകോണത്തിന് ശേഷം പ്രതിരോധ വകുപ്പില്‍ നിന്നു പുറത്തു വന്നത് ഹെലികോപ്റ്റര്‍ കോഴ ഇടപാടാണ്. കോടികളുടെ കോഴ ഇടപാടില്‍ ആരോപണ വിധേയനായ മുന്‍ വ്യോമസേന മേധാവി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിക്കഴിഞ്ഞു.ടാങ്ക് ഇടപാടിലും കോടികളുടെ കോഴ കൈ മറിഞ്ഞിട്ടുണ്ടെന്ന മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിന്റെ ആരോപണത്തെ കുറിച്ച് നേരത്തെ തന്നെ മറ്റൊരു സി.ബി ഐ അന്വേഷണം നടക്കുന്നുണ്ട്. മികച്ച പ്രതിച്ഛായയുള്ള എ.കെ ആന്റണി പ്രതിരോധ വകുപ്പിന്റെ തലപ്പത്തുള്ളത് കൊണ്ട് മാത്രമാണ് പ്രതിപക്ഷം സര്‍ക്കാരിനെ കൂടുതല്‍ ആക്രമിക്കാതിരുന്നത്. ആന്റണിയെ പ്രതിപക്ഷത്തിനും വിശ്വാസമാണ്.
പ്രതിപക്ഷം ദുര്‍ബലമായത് സര്‍ക്കാരിനെ തെല്ലൊന്നുമല്ല സഹായിച്ചത്. ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോഴും ഫലപ്രദമായ ഒരു യോജിച്ച ആക്രമണത്തിന് പ്രതിപക്ഷത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ജെ.പി.സി അദ്ധ്യക്ഷനായ പി.സി ചാക്കോയെ നേരിടുന്ന കാര്യത്തില്‍ മാത്രമാണ് ബി.ജെ.പിയുമായി യോജിക്കാന്‍ സി.പി.ഐ.എം ഉള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികള്‍ തയ്യാറായത്. പ്രധാനമന്ത്രിയെ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭിന്നിച്ചു നില്ക്കുന്ന ബി.ജെ.പി ക്ക് സര്‍ക്കാരിനെതിരെയുള്ള രണ്ടും കല്‍പ്പിച്ചുള്ള ഒരു ആക്രമണത്തിന് നേതൃത്വം നല്കാന് കഴിയുന്നുമില്ല.
സി.ബി.ഐ യുടെ അന്വേഷണ പരമ്പര കല്ക്കരിക്കേസും കടന്ന് ഇപ്പോള്‍ റെയില്‍വേയിലെ കോടികളുടെ കോഴ ഇടപാടില്‍ എത്തിനില്‍ക്കുകയാണ്. റെയില്‍വേ മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും ബന്ധുവുമായ വിജയ് സിംഗ്ല നടത്തിയ ഇടപാടില്‍ പാര്‍ട്ടിക്കൊ മന്ത്രിക്കോ ഒരു പങ്കുമില്ലെന്ന പതിവ് നിലപാട് തന്നെയാണ് സര്‍ക്കാര്‍ ഇത്തവണയും ആവര്‍ത്തിച്ചത്.
അഴിമതിക്കേസുകള്‍ മാത്രമല്ല വിവിധ മേഖലകളിലെ കെടു കാര്യസ്ഥതയും സര്‍ക്കാരിന്റെ മുഖം വികൃതമാക്കുകയാണ്.സര്‍ബ്ജിത് വിഷയത്തില്‍ യുക്തമായ ഒരു ഇടപെടല്‍ നടത്താനോ ചൈനയുടെ ലഡാക്ക് അധിനിവേശത്തിന് ഒരു മറുപടി നല്‍കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല. നെഹ്രുവിനു ശേഷം ഭരണത്തില്‍ രണ്ടു കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയുടെ പ്രാഗത്ഭ്യമോ കയ്യടക്കമോ പലപ്പോഴും മന്മോഹനില് കാണുന്നുമില്ല. പ്രധാനമന്ത്രി ദുര്‍ബലനാണെന്ന് പ്രതിപക്ഷം പറയുന്നത് അതുകൊണ്ടാണ്.വരുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളും ആ വഴിക്ക് ചിന്തിച്ചാല്‍ യു.പി.എ ക്ക് ഒരു തിരിച്ചുവരവ് ദുഷ്കരമാകും. അധികാരം നഷ്ടപ്പെടുന്നതോടെ രണ്ടു ദശകങ്ങളായി അണിയുന്ന രാഷ്ട്രീയ കുപ്പായം മന്മോഹന് എന്നന്നേക്കുമായി ത്യജിക്കേണ്ടി വരും. വി പി സിങ്ങിനെ പോലെ, ഐ. കെ ഗുജറാളിനെ പോലെ , മറ്റൊരു രാഷ്ട്രീയ വനവാസമായിരിക്കും പിന്നെ അദേഹത്തിന് മുന്നിലുള്ള ഒരേ ഒരു വഴി………………………