ചില തുണ്ട് കഥകള്‍ – ഭാഗം ഒമ്പത്

malayalam story writers

മൊസൂളിലെ പ്രതികാരം

അള്ളാ…………….: ഒരു ആര്‍ത്ത നാദം ആ യെമനിയുടെ തൊണ്ടയില്‍ നിന്ന് പുറത്തേക്കൊഴുകി. അയാളുടെ വയറ്റില്‍ നിന്ന് ചീറ്റിയൊഴുകിയ രക്തം ചുറ്റുപാടുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ തീര്‍ത്തു.

ചോരയില്‍ മുങ്ങിക്കുളിച്ച ഇരുമ്പ് കമ്പിയുമായി നില്‍ക്കുന്ന മിസയുടെ രൂപം സയ്യിദിന്‍റെ കണ്ണുകളില്‍ ഇതാദ്യമായി മരണഭയം നിറച്ചു.

മൊസൂളിലെ ഒരു അടിമച്ചന്തയില്‍ നിന്നാണ് രണ്ടു ദിവസം മുമ്പ് അയാള്‍ അവളെ വാങ്ങിയത്. അതും രണ്ടായിരത്തി നാന്നൂറ് ദിനാറിന് അഥവാ നൂറ്റമ്പത് ഇന്ത്യന്‍ രൂപയ്ക്ക്.

സുന്ദരി. പല കൈകള്‍ മറിഞ്ഞതാണെങ്കിലും അവളുടെ ചിരിയും ഉടലഴകും വശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് സയ്യിദ് അത്രയും തുക മുടക്കാന്‍ തയ്യാറായത്. എന്നാല്‍ കേവലം ഒരു ചിരിയിലൂടെ മിസ തനിക്കായി കെണി വച്ചതാണെന്നു അയാള്‍ അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു.

മൊസൂളിലെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ മാതാപിതാക്കള്‍ക്കും കുഞ്ഞനിയത്തി നിസക്കുമൊപ്പം ഒതുങ്ങി കൂടിയിരുന്ന ഒരു സാധാരണ യസീദി പെണ്‍കുട്ടി മാത്രമായിരുന്നു മിസ, കുറച്ചു ദിവസം മുമ്പ് വരെ. നര്‍ത്തകി. ആരും നോക്കിപ്പോകുന്ന ഒരു മൊഞ്ചത്തി.

പക്ഷെ ഒരു സുപ്രഭാതത്തില്‍ പ്രദേശം പിടിച്ചടക്കിയ ഭീകരര്‍ യസീദി പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടു പോയി ലൈംഗിക അടിമകളാക്കുകയും അവരുടെ വീട്ടുകാരെ കൊലപ്പെടുത്തുകയും ചെയ്തു. മിസയുടെ മാതാപിതാക്കള്‍ അവളുടെ കണ്മുന്നിലാണ് പിടഞ്ഞു വീണത്. ആറു വയസുകാരി നിസയെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരു യെമനി ബലാല്‍സംഗം ചെയ്യുന്നതും അവള്‍ക്ക് കാണേണ്ടി വന്നു.

മുഖത്ത് മുറിവേറ്റ പാടുള്ള, ആ കുറ്റിത്താടിക്കാരനെ ആഴ്ചകള്‍ക്ക് ശേഷം അടിമച്ചന്തയില്‍ വച്ച് കണ്ടപ്പോള്‍ വല വിരിക്കാന്‍ മിസ മടിച്ചില്ല.

സയ്യിദ് ഇപ്പോള്‍ ഒരു നിശ്ചല ചിത്രമാണ്. അയാളുടെ അവസാന പിടച്ചിലും നിലച്ചപ്പോള്‍ ഒരു വിശുദ്ധ യുദ്ധം ജയിച്ച സംതൃപ്തിയോടെ അവള്‍ നേരത്തെ തയ്യാറാക്കി തൂക്കിയിരുന്ന ഷാളിന്‍റെ കുരുക്കില്‍ അഭയം തേടി.

അപ്പോഴും രാജ്യത്ത് പ്രഭാതം അകലെയായിരുന്നു.

The End


ആത്മഹത്യ

ജീവിതം വഴിമുട്ടിയ കുമാരന്‍ ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു.

പട്ടിണിയും പരിവട്ടവുമാണെങ്കിലും മരിക്കുന്നതിനു മുമ്പ് വിഭവ സമൃദ്ധമായ ഭക്ഷണം തന്നെയാവാം. അതിനായി കയ്യിലിരുന്ന വാച്ച് വിറ്റുകിട്ടിയ പണവുമായി അയാള്‍ ഒരു മുന്തിയ ഹോട്ടലില്‍ കയറി. ഇഷ്ട ഭക്ഷണമായ പൊറോട്ടയും ചിക്കനും വാങ്ങിച്ചു. പാഴ്സലുമായി പഞ്ചായത്ത് ഓഫിസിനു പുറകിലുള്ള ആളൊഴിഞ്ഞ പറമ്പിനെയാണ് കുമാരന്‍ ആശ്രയിച്ചത്.

കാടു പിടിച്ചു കിടക്കുന്ന ആ സ്ഥലത്ത് ആഴമുള്ള ഒരു കിണറുണ്ട്. ഞായറാഴ്ച ആയതുകൊണ്ട് ഓഫിസില്‍ ആളനക്കവുമില്ല.

മൃഷ്ടാന ഭോജനത്തിനു ശേഷം ജീവിതം അവസാനിപ്പിക്കാനായി കുമാരന്‍ കിണറ്റിലേക്കെടുത്തു ചാടി. മരണക്കയത്തില്‍ മുങ്ങിത്താഴുമ്പോഴാണ്‌ എവിടെനിന്നെന്നറിയാതെ പൊട്ടിവീണ ഭ്രാന്തന്‍ വേലായുധന്‍ വെള്ളത്തില്‍ ചാടി അയാളെ രക്ഷിച്ചത്.

ബോധം വീണ കുമാരനെ നോക്കി പല്ലിളിച്ചു കാണിച്ച് ഭ്രാന്തന്‍ ഓടിപ്പോയി.

നിരാശനായ കുമാരന്‍ അന്നുരാത്രി ജയന്തി ജനതയ്ക്ക് തലവയ്ക്കാന്‍ തിരുമാനിച്ചു. പക്ഷെ അവിടെയും നിര്‍ഭാഗ്യം അയാളെ വിടാതെ പിടികൂടി.

ട്രെയിന്‍റെ വരവ് കണ്ട് പാളത്തില്‍ തല വച്ചെങ്കിലും ജയന്തി അയാളെ കൂകി വിളിച്ചുകൊണ്ട് അടുത്തുള്ള പാളത്തില്‍ കൂടി കടന്നു പോയി.

പരിശ്രമിക്കുകില്‍ ഭാഗ്യം തുണക്കുമെന്നാണല്ലോ. ആ വിശ്വാസം മുറുകെ പിടിച്ച് കുമാരന്‍ അടുത്ത ട്രെയിനിനായി കാത്തിരുപ്പ് തുടര്‍ന്നെങ്കിലും അവസാന നിമിഷം രംഗത്തെത്തിയ ലൈന്മാന്‍ നല്ലവന്‍ അയാളെ പിടിച്ചു മാറ്റി. നല്ലവനെ കാത് പൊട്ടുന്ന വിധത്തില്‍ ചീത്തവിളിച്ചാണ് കുമാരന്‍ സ്ഥലം വിട്ടത്.

പോകുന്ന വഴിക്ക് നല്ല ബുദ്ധി തോന്നിയ കുമാരന്‍ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞ് പിന്നെയും ഏറെക്കാലം ജീവിച്ചു.

The End


പേരറിയാത്തവര്‍

അങ്ങ് ഇന്നലെ വരെ ഇടതായിരുന്നല്ലോ. ഇപ്പോള്‍ ആകപ്പാടെ ഒരു മാറ്റം. ഇന്നേതാ പാര്‍ട്ടി ? : കഴുത്തില്‍ ത്രിവര്‍ണ്ണ ഷാളും മുഖത്തൊരു പാല്‍ പുഞ്ചിരിയും ഫിറ്റ് ചെയ്ത് മുന്നിലെത്തിയ സ്ഥാനാര്‍ഥിയെ കണ്ട് വോട്ടര്‍ ചോദിച്ചു.

അപ്രതിക്ഷിതമായ ചോദ്യം കേട്ടപ്പോള്‍ സ്ഥാനാര്‍ഥിയും ആകെ കണ്‍ഫ്യൂഷനിലായി. മറുപടിക്കായി പരതി അനുയായികളെ നോക്കിയ നേതാവിന്‍റെ കണ്ണുകള്‍ അവരുടെ ഖദര്‍ കുപ്പായം കണ്ടപ്പോള്‍ പുതിയ എല്‍ഇഡി ബള്‍ബ് പോലെ പ്രകാശിച്ചു.

വലത് : അയാള്‍ ആവേശത്തോടെ പറഞ്ഞു.

അപ്പോള്‍ നിങ്ങള്‍ ഇന്നലെ വരെ സര്‍ക്കാരിനെതിരെ പറഞ്ഞതൊക്കെ ? : വോട്ടറുടെ സംശയം തീര്‍ന്നില്ല.

പിന്‍വലിച്ചിരിക്കുന്നു. അതൊക്കെ മറ്റവന്മാരുടെ കൂടെയായിരുന്നപ്പോള്‍ പറഞ്ഞതാണ് : നേതാവ് ഒരു തികഞ്ഞ അഭ്യാസിയെ പോലെ പറഞ്ഞു.

ഇന്ന് അവര്‍ക്കെതിരെ പറയുന്നതും നാളെ ഇതുപോലൊരു സാഹചര്യത്തില്‍ അങ്ങ് പിന്‍വലിക്കുമായിരിക്കും അല്ലേ ? : തിരഞ്ഞെടുപ്പു കാലത്തെ മാത്രം രാജാവിന്‍റെ കുനിഷ്ടു ചോദ്യം കേട്ട് സ്ഥാനാര്‍ഥിയും പരിവാരങ്ങളും അരിശത്തോടെ ചവിട്ടികുലുക്കി നടന്നു പോയി.

പോകുന്ന വഴിക്ക് ഒരപരിചിതന്‍ ഒരു ഒഴിഞ്ഞ ചാക്കും ഒരുപിടി വാഗ്ദാനങ്ങളുമായി അയാളെ കാത്തുനിന്നിരുന്നു. പേര് പോലുമറിയാത്ത അയാളുടെ മധുരഭാഷണം ശ്രവിച്ച നേതാവ് പിന്നെയൊന്നുമാലോചിക്കാതെ മണ്ഡലത്തെയും പരിവാരങ്ങളെയും ഉപേക്ഷിച്ച് ചാക്കില്‍ കയറി പുതിയ മേച്ചില്‍പ്പുറം തേടി യാത്രയായി.

The End

ചില തുണ്ട് കഥകള്‍- ഭാഗം എട്ട് വായിക്കാം


ആത്മരോഷം

ടിവിയില്‍ വാര്‍ത്തയാണ് അവള്‍ കണ്ടുകൊണ്ടിരുന്നത്. കാമുകനൊപ്പം ജീവിക്കാനായി പെരുവണ്ണാപുരത്തെ യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ട് കണ്ട് വാല്‍പ്പാറയിലെ ലോഡ്ജ് മുറിയിലിരുന്ന് അവള്‍ ആത്മരോഷത്തോടെ തിളച്ചു.

ചാരിത്ര്യ ശുദ്ധിയില്ലാത്ത ഇവളെയൊക്കെ ചാട്ടവാറിനടിക്കണം. എന്നാലും എങ്ങനെ തോന്നി അവള്‍ക്ക് ? :വാക്കുകള്‍ അറിയാതെ അവളില്‍ നിന്ന് പുറത്തു ചാടി.

പെട്ടെന്നാണ് മുറിയുടെ വാതില്‍ ചവിട്ടി തുറക്കപ്പെട്ടത്. ചാടിയെഴുന്നേറ്റ അവള്‍ പുറത്തു നില്‍ക്കുന്ന കാക്കിക്കൂട്ടത്തെ കണ്ടു പകച്ചു.

ഭര്‍ത്താവിനെയും രണ്ടു മക്കളെയും വെട്ടിക്കൊന്ന് നീ ഇവിടെ ഹണിമൂണ്‍ ആഘോഷിക്കുകയാണ് അല്ലെടീ : കൊമ്പന്‍ മീശക്കാരനായ എസ് ഐ ആക്രോശിച്ചു. ഭയന്ന് പോയ അവള്‍ അറിയാതെ പുറകോട്ടു നീങ്ങി.

എവിടെയാടീ നിന്‍റെ മറ്റവന്‍ ? അതോ കാര്യം കഴിഞ്ഞപ്പോള്‍ നീ അവനെയും തീര്‍ത്തോ ? : വനിതാ പോലിസിന്‍റെ അകമ്പടിയോടെ അകത്തു കയറിയ എസ്ഐ ചോദിച്ചതും ബാത്ത്റൂമിന്‍റെ വാതില്‍ തുറന്ന് ജാരന്‍ പുറത്തു ചാടിയതും ഒരുമിച്ചായിരുന്നു.

ഓ നീ ഇവിടെയുണ്ടായിരുന്നോ ? ഭര്‍ത്താവിനെയും മക്കളെയും കൊല്ലാനായി വീട്ടിലേക്കുള്ള വഴി കാണിച്ച് ഇവള്‍ അയച്ചു തന്ന വാട്ട്സ്ആപ്പ് വീഡിയോ ഇപ്പോഴും നിന്‍റെ കയ്യില്‍ ഭദ്രമായി ഉണ്ടല്ലോ, അല്ലേടാ പുന്നാര മോനെ ? : സംസ്കൃതം പറയാനുള്ള വെമ്പലോടെ പോലീസുകാരന്‍ മുരണ്ടു. ചെറുപ്പക്കാരന്‍ നിസ്സഹായതയോടെ തലയാട്ടി.

ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്തൃമതിയായ യുവതിയും ജാരനും ചേര്‍ന്ന് അവളുടെ ഭര്‍ത്താവിനെയും രണ്ടു മക്കളെയും വകവരുത്തിയ വാര്‍ത്ത സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തന്‍റെ ഭാര്യയേയും കുഞ്ഞിനേയും കൊല്ലാന്‍ കാമുകന്‍ പദ്ധതിയിട്ടെങ്കിലും പിടിയിലാകുമെന്ന് ഉറപ്പായതോടെ കാമുകിയെയും കൊണ്ട് സ്ഥലം വിടുകയായിരുന്നു.

എങ്കില്‍ ശരി, ബാക്കിയൊക്കെ സ്റ്റേഷനില്‍ ചെന്നിട്ട്………….. :

ഇരുവരെയും വിലങ്ങു വച്ച് കാക്കിക്കൂട്ടം പുറത്തേക്ക് മാര്‍ച്ച് പാസ്റ്റ് ചെയ്തു.

മഞ്ഞു പെയ്യുന്ന ആ രാത്രിക്ക് വേണ്ടി ബെഡ് ലാമ്പിനടുത്ത്‌ ഒരുക്കി വച്ചിരുന്ന ലൈംഗിക ഉത്തേജന മരുന്നുകള്‍ അതുകണ്ട് അവരെ നോക്കി കളിയാക്കി ചിരിച്ചു.

പെരുവണ്ണാപുരം സംഭവത്തെക്കുറിച്ച് ആത്മരോഷം കൊണ്ട യുവതി അതു മറന്ന് ആറ്റിങ്ങല്‍ സ്റ്റേഷനിലെ ഭേദ്യമുറകളും തുടര്‍ന്നുള്ള ശിക്ഷാ വിധിയും മുന്നില്‍ കണ്ട് വിയര്‍ത്തു കുളിച്ചു.

The End


അസുരവിത്ത്

അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയെ അയാള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തെ പോലെ സമൂഹത്തിലെ ജാതി മത ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടാന്‍ അയാള്‍ വെമ്പല്‍ കൊണ്ടു.

ജാതി മത സംഘടനകള്‍ക്കെതിരെയും ഉന്നത കുലജാതരുടെ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അയിത്തത്തിനെതിരെയും അയാള്‍ ഘോരഘോരം പ്രസംഗിച്ചു.

അയാളുടെ വാക്കുകളില്‍ നിന്ന്‍ പ്രചോദനം കൊണ്ടോ എന്തോ സ്വന്തം അനുജത്തി ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് ഒരു താഴ്ന്ന ജാതിക്കാരന്‍റെ കൂടെ ഒളിച്ചോടിപ്പോയി.

പേരറിയാത്ത കഥകളിലെ രാക്ഷസകോമരങ്ങളെ പോലെ അന്നയാള്‍ അട്ടഹസിച്ചു. :

കൊല്ലും ഞാനവളെ…………….. കുലം മുടിപ്പിക്കാന്‍ പിറന്നവള്‍………….

പോട്ടെ,രാമാ……………… ഈ ലോകത്ത് ജാതിയും മതവുമൊന്നും ഇല്ല എന്നും നമ്മളെല്ലാവരും മനുഷ്യജാതിയാണെന്നും നീ തന്നെയല്ലേ പറഞ്ഞത് ? നീ തന്നെ മുന്‍കയ്യെടുത്ത് എത്രയോ കമിതാക്കളെ ഒന്നിപ്പിക്കുകയും ചെയ്തു ? :

ആരൊക്കെയോ അയാളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

മാങ്ങാത്തൊലി…………. നാട്ടില്‍ നമുക്ക് എന്തും ചെയ്യാം,പ്രവര്‍ത്തിക്കാം. അതുപോലെയാണോ കുടുംബത്ത് ? കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയ അവളെ കൊല്ലും ഞാന്‍ : കോപം കൊണ്ടു വിറച്ച അയാള്‍ ചില ചാത്തന്‍മാരേയും കൂട്ടി മാരകായുധങ്ങളുടെ അകമ്പടിയോടെ സഹോദരി ഓടിയ വഴിയേ പാഞ്ഞു. എല്ലാ അര്‍ഥത്തിലും അയാള്‍ അപ്പോള്‍ അസുരവിത്തായി മാറി.

The End

ചില തുണ്ട് കഥകള്‍ – പഴയ ലക്കങ്ങള്‍ വായിക്കാം

Leave a Comment

Your email address will not be published. Required fields are marked *