മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും

Manichitrathazhu

പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകൾ ആയെങ്കിലും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. 1993ലെ ക്രിസ്തുമസ് അവധിക്കാലത്താണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത ഈ സൈക്കോ ത്രില്ലര്‍ തിയറ്ററുകളില്‍ എത്തിയത്.

മോഹൻലാൽ, സുരേഷ്‌ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെൻറ് , കെപിഎസി ലളിത, തിലകൻ, കുതിരവട്ടം പപ്പു എന്നിങ്ങനെയുള്ള ഒരു വൻ താരനിരയാണ് സിനിമയിൽ അണി നിരന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമിച്ച മണിച്ചിത്രത്താഴ് അക്കാലത്തെ ഏറ്റവും  ഹിറ്റായിരുന്നു. അന്നു വരെയുണ്ടായിരുന്ന സകല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ച സിനിമ അഞ്ചു കോടിയില്‍പരം രൂപയാണ്  എ ക്ലാസ്, ബി ക്ലാസ് തിയറ്ററുകളില്‍ നിന്നു മാത്രം നേടിയത്.

മണിച്ചിത്രത്താഴ് ഉണ്ടാക്കിയ ഓളങ്ങളില്‍ പെട്ട് മുങ്ങാനായിരുന്നു കൂടെയിറങ്ങിയ മറ്റു ചിത്രങ്ങളുടെ വിധി. മികച്ച  നിലവാരമുണ്ടായിട്ടും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഗോളാന്തര വാര്‍ത്തകളും വേണു നാഗവള്ളി ഒരുക്കിയ കളിപ്പാട്ടവും ബോക്സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന് കാരണവും മറ്റൊന്നല്ല.

കളക്ഷൻ റെക്കോർഡുകൾ മാത്രമല്ല, അക്കാലത്തുണ്ടായിരുന്ന പല സിനിമാ സങ്കല്പങ്ങളെയും മണിച്ചിത്രത്താഴ് പൊളിച്ചെഴുതി. ഇടവേളക്ക് തൊട്ടുമുമ്പ് മാത്രം പ്രത്യക്ഷപ്പെടുന്ന മോഹൻലാലിൻ്റെ നായക കഥാപാത്രം പ്രേക്ഷകർക്ക് നവ്യാനുഭവമായി. സുരേഷ് ഗോപിയുടെ നായികയായി ശോഭന എത്തിയപ്പോൾ താരതമ്യേന ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന വിനയ പ്രസാദാണ് മോഹൻലാലിൻ്റെ നായികാ തുല്യമായ വേഷത്തിൽ എത്തിയത്.

അഭിനയിച്ച ഒട്ടു മിക്ക താരങ്ങൾക്കും പെർഫോം ചെയ്യാനുള്ള അവസരം ലഭിച്ചു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കാലമിത്ര കഴിഞ്ഞെങ്കിലും സുധീഷും വിനയ പ്രസാദും ശ്രീധറും ഉൾപ്പടെയുള്ള പല അഭിനേതാക്കളും ഇന്നും അറിയപ്പെടുന്നത് ഈ ചിത്രത്തിൻ്റെ പേരിലാണെന്നത് പ്രത്യേകം ഓർക്കണം.

ബിച്ചു തിരുമലയും മധു മുട്ടവും വാലിയും എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.ജി രാധാകൃഷ്ണനാണ്. മണിച്ചിത്രത്താഴ് സംവിധാനം ചെയ്തത് ഫാസിലാണെങ്കിലും ചില രംഗങ്ങൾ ചിത്രീകരിച്ചത് പ്രിയദർശൻ, സിദ്ദിക്ക്, സിബി മലയിൽ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ഗംഗയായും നാഗവല്ലിയായുമുള്ള ശോഭനയുടെ ഭാവ പകർച്ചകൾ ഏറെ ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്. നടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന വേഷത്തിനു വേണ്ടി ഭാഗ്യലക്ഷ്മിയും ദുർഗ്ഗയുമാണ് ഡബ്ബ് ചെയ്തത്. ഗംഗയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മി ശബ്ദം കൊടുത്തപ്പോൾ തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റായ ദുർഗ്ഗയാണ് നാഗവല്ലിക്ക്  ശബ്ദം കൊടുത്തത്.

ബോക്സ് ഓഫിസിൽ മാത്രമല്ല അംഗീകാരങ്ങളുടെ നിറവിലും ചിത്രം തിളങ്ങി. നിരവധി സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമ ദേശിയ തലത്തിലെ ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രവുമായി. ഗംഗയായും നാഗവല്ലിയായും ഇരട്ട വ്യക്തിത്വങ്ങളില്‍ തിളങ്ങിയ ശോഭനയാണ് ഏറ്റവും നല്ല നടിയായത്.

മലയാളത്തില്‍ നിന്ന്  മറ്റു ഭാഷകളിലേക്കുള്ള റീമേക്കുകള്‍ക്ക് വന്‍ തോതില്‍ തുടക്കം കുറിച്ചത് മണിച്ചിത്രത്താഴാണെന്ന് പറയാം. കന്നടയിലും ബംഗാളിയിലും തമിഴിലും ഹിന്ദിയിലും വരെ പുന:സൃഷ്ടിക്കപ്പെട്ട സിനിമ എല്ലായിടത്തും വന്‍ വിജയമായി.

Manichitrathazhu-Movie

ബാബ എന്ന സിനിമയുടെ കനത്ത പരാജയത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ രക്ഷിച്ചത് സിനിമയുടെ തമിഴ് റീമേക്കായ ചന്ദ്രമുഖിയാണ്. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലിറങ്ങിയ ചിത്രം അക്കാലത്ത് വിദേശത്ത് നിന്ന്  ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറുകയും ചെയ്തു. ശോഭനയുടെ മാസ്മരിക പ്രകടനം ആവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞില്ലെങ്കിലും തമിഴിലും കന്നടയിലും നായികമാര്‍ക്ക് (യഥാക്രമം ജ്യോതികയും സൗന്ദര്യയും) ആ വര്‍ഷത്തെ അതാത് സംസ്ഥാനങ്ങളിലെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ്  കിട്ടിയിരുന്നു.

മലയാളത്തിൽ മോഹൻലാൽ അവിസ്മരണീയമാക്കിയ നായക വേഷം തമിഴിൽ രജനിയും കന്നടയിൽ വിഷ്ണു വർദ്ധനും ബംഗാളിയിൽ പ്രോസെൻജിത്ത്  ചാറ്റർജിയും ഹിന്ദിയിൽ അക്ഷയ് കുമാറുമാണ് ചെയ്തത്. മണിച്ചിത്രത്താഴിൻ്റെ  വൻവിജയത്തിന് പിന്നാലെ ഫാസിൽ തമിഴ് പതിപ്പ് ചെയ്യാൻ ആലോചിച്ചിരുന്നുവെങ്കിലും മോഹൻലാലിൻ്റെ വേഷം ചെയ്യാൻ യോജിച്ച ആരെയും കിട്ടാത്തത് കൊണ്ട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മലയാളി കൂടിയായ സംവിധായകൻ പി. വാസുവാണ് കഥയിൽ മാറ്റങ്ങൾ വരുത്തി ചിത്രത്തിൻ്റെ  കന്നഡ, തമിഴ് പതിപ്പുകൾ ഒരുക്കിയത്. കന്നഡ പതിപ്പായ ആത്മമിത്ര കണ്ട് ഇഷ്ടപ്പെട്ട രജനികാന്ത് അതിൻ്റെ തമിഴ് റീമേക്ക് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

Rajmohol movie
മണിച്ചിത്രത്താഴിന്‍റെ ബംഗാളി റീമേക്കായ രാജ്മൊഹലിന്റെ (Rajmohol) പോസ്റ്റർ

മണിച്ചിത്രത്താഴിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ് അന്യ ഭാഷാ പതിപ്പുകളെന്ന് ആ ചിത്രങ്ങൾ കണ്ടവർക്കെല്ലാം അറിയാം. ചന്ദ്രമുഖിയിൽ രജനിയുടെ കഥാപാത്രം തുടക്കം മുതലേയുണ്ട്. പ്രഭുവിൻ്റെയും ജ്യോതികയുടെയും കഥാപാത്രങ്ങൾ (നകുലനും ഗംഗയും) പോലും വരുന്നത് പിന്നീടാണ്.

മലയാളത്തിൻ്റെ പ്രിയ നടി ഷീലയാണ് നെടുമുടി വേണുവിന് പകരം വരുന്ന തമിഴിലെ കഥാപാത്രം ചെയ്തത്. നയൻതാരയ്ക്ക് സിനിമയിലെ പിന്നീടുള്ള കുതിപ്പിന് ദുർഗ എന്ന നായിക കഥാപാത്രം ഏറെ തുണച്ചു. 2005 ഏപ്രിലിൽ റിലീസ് ചെയ്ത ചന്ദ്രമുഖിക്ക് വേണ്ടി ഏകദേശം 20 കോടി രൂപയാണ് ചെലവായത്. പക്ഷെ ലോകമെമ്പാടും നിന്ന് 75 കോടിയിലധികം കളക്റ്റ് ചെയ്തു. ശിവാജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ (50-ാമത്തെ സിനിമ) നടൻ പ്രഭു നിർമിച്ച ചന്ദ്രമുഖി അവരുടെ സ്വന്തം തിയറ്ററായ ചെന്നൈ ശാന്തിയിൽ 890 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച് റെക്കോർഡ് ഇടുകയും ചെയ്തു.

മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും 1

മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്കായ ആപ്തമിത്രയുടെ രണ്ടാം ഭാഗത്തില്‍ വിഷ്ണു വര്‍ദ്ധനും വിമലാ രാമനും

ആപ്തമിത്ര എന്ന കന്നഡയിലെ മണിച്ചിത്രത്താഴിന്‍റെ രണ്ടാം ഭാഗമായ ആപ്തരക്ഷകയിലും വിഷ്ണുവർദ്ധനാണ് പ്രധാന വേഷം ചെയ്തത്. പി. വാസു സംവിധാനം ചെയ്ത രണ്ടു ഭാഗങ്ങളും വൻ വിജയമായിരുന്നു. തുടർന്ന് അദ്ദേഹം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചെയ്യാനായി രജനിയെ സമീപിച്ചെങ്കിലും നടൻ്റെ തിരക്ക് കാരണം അത് നടന്നില്ല. പിന്നീട് വെങ്കിടേഷിനെയും അനുഷ്ക ഷെട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗവല്ലി എന്ന പേരിൽ സിനിമയുടെ രണ്ടാം ഭാഗം തെലുഗുവിൽ പുറത്തിറങ്ങിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

മോഹൻലാലിൻ്റെയും ശോഭനയുടെയും മാസ്മരിക പ്രകടനമാണ് മണിച്ചിത്രത്താഴിൻ്റെ ആകർഷക ഘടകങ്ങളിൽ ഒന്ന്. ഡോ. സണ്ണി ജോസഫായി ലാലിനെയല്ലാതെ മറ്റാരെയും നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. എന്നാൽ ആ വേഷം  ചെയ്യാനായി മമ്മൂട്ടിയെയാണ് ഫാസിൽ ആദ്യം മനസ്സിൽ കണ്ടത് എന്നതാണ് കൗതുകകരം. പക്ഷെ തിരക്കഥ പൂർത്തിയായപ്പോൾ ചിത്രത്തിലെ ഹാസ്യ രംഗങ്ങൾ ചെയ്യാൻ മമ്മൂട്ടിക്കാവുമോ എന്ന സംശയം വന്നു. അങ്ങനെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ വന്നത്. പിന്നീട് ഗീതാഞ്ജലി എന്ന സിനിമയിലൂടെ പ്രിയദർശൻ ഡോക്ടർ സണ്ണിയെ തിരിച്ചു കൊണ്ടു വന്നെങ്കിലും അത് പരാജയപ്പെട്ടു.

മണിച്ചിത്രത്താഴിന്‍റെ വന്‍ വിജയത്തിന് കാരണമായി ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. നല്ല തിരക്കഥ, നിലവാരമുള്ള ഹാസ്യം, തന്‍മയത്വം നിറഞ്ഞ അവതരണം, അഭിനേതാക്കളുടെ മികച്ച പ്രകടനം, പ്രഗത്ഭരായ അണിയറ പ്രവർത്തകർ എന്നിവയെല്ലാം ചേര്‍ന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സിനിമ.

സിനിമ സംവിധാനം ചെയ്ത ഫാസിലിനും രചയിതാവ് മധു മുട്ടത്തിനും പിന്നീട് ആ വിജയം പിന്നീട് ആവർത്തിക്കാൻ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. പല റിലീസിംഗ് കേന്ദ്രങ്ങളിലും മുന്നൂറിലധികം ദിവസങ്ങൾ പ്രദർശിപ്പിച്ച മണിച്ചിത്രത്താഴ് മലയാളത്തിലെ ഏറ്റവും കലാമൂല്യമുള്ളതും ജനപ്രീയവുമായ സിനിമകളിൽ ഒന്നായി ഇന്നും കരുതപ്പെടുന്നു.

The End


[This post is originally published on June 28, 2013]

 Image Credit: Forumreelz

Times of India