മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി

മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി 1

എഴുതുമ്പോഴോ സംസാരിക്കുമ്പോഴോ അക്ഷരത്തെറ്റ് വരുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല.

മമ്മൂട്ടിയുടെ വാക്കുകളില്‍ അക്ഷരപിശാച് കടന്നുകൂടുകയും അത് ശ്രീനിവാസന്‍ മുതലെടുക്കുകയും ചെയ്ത ഒരു സംഭവമുണ്ട്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം സിനിമയുടെ ലൊക്കേഷനിലാണ് സംഭവം.

ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒഴിവ് നേരത്ത് മമ്മൂട്ടിയും മറ്റുള്ളവരും എന്നത്തേയും പോലെ ഓരോ വിഷയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. തലയില്‍ തേയ്ക്കുന്ന എണ്ണയായിരുന്നു അന്നത്തെ വിഷയം. മുരളി, ശ്രീനിവാസന്‍ തുടങ്ങിയവരും കൂടെയുണ്ട്.

ഞാന്‍ നല്ല തുളസിയിലയും ചില നാട്ടു മരുന്നുകളും ചേര്‍ത്ത് ചൂടാക്കിയ എണ്ണയാണ് ഉപയോഗിക്കുന്നത് : മുരളി പറഞ്ഞു.

മമ്മൂട്ടിയും വിട്ടില്ല.

ഞാന്‍ ഭാര്യയെ കാച്ചിയ എണ്ണയാണ് പതിവായി ഉപയോഗിക്കുന്നത് : അദ്ദേഹം പറഞ്ഞു. ഭാര്യ കാച്ചിയത് എന്നാണ് പറയാന്‍ വന്നതെങ്കിലും പറഞ്ഞു വന്നപ്പോള്‍ ഭാര്യയെ കാച്ചിയത് എന്നായിപ്പോയി.

അപ്പോഴേക്കും ശ്രീനിവാസന്‍ എഴുന്നേറ്റു. എന്നിട്ട് മമ്മൂട്ടിക്കു നേരെ കൈക്കൂപ്പി കൊണ്ട് പറഞ്ഞു. :

സമ്മതിച്ചിരിക്കുന്നു. അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തിക്കുള്ള കിരീടം അങ്ങേക്ക് തന്നെ……………………….

മമ്മൂട്ടിക്ക് ചമ്മലായി. ദയവായി ഇതാരോടും പറയരുത്, അദ്ദേഹം ശ്രീനിയോട് അപേക്ഷിച്ചു. ശ്രീനി സമ്മതിച്ചു.

അന്നുരാത്രി ഹോട്ടല്‍ മുറിയില്‍ ഇരിക്കുമ്പോള്‍ മമ്മൂട്ടിക്ക് ഒരു ഫോണ്‍ കാള്‍ വന്നു. മറുവശത്ത് മോഹന്‍ലാലാണ്.

എന്തോ കിരീടം കിട്ടിയെന്നറിഞ്ഞു  ? അഭിനന്ദനങ്ങള്‍………………. : ലാല്‍ പറഞ്ഞു.

ശ്രീനി സംഭവം നാട് മുഴുവന്‍ പാട്ടാക്കിയിരിക്കുകയാണെന്ന് മമ്മൂട്ടിക്ക് മനസിലായി.

നാവ് പിഴയുടെ പേരില്‍ മമ്മൂട്ടിയെ കളിയാക്കിയ ശ്രീനിക്കും സമാനമായ അബദ്ധം പറ്റിയിട്ടുണ്ട്

തലയണമന്ത്രം സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നു. കുടുംബത്തില്‍ നിന്ന്‍ പിരിഞ്ഞു പോയ മൂത്ത മകന്‍ ഭാഗം ചോദിച്ച് വരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. മൂത്ത മകനെ ശ്രീനിവാസനും അനുജനെ ജയറാമുമാണ് അവതരിപ്പിക്കുന്നത്. ഉറ്റ സുഹൃത്തായ ഇന്നസെന്‍റിനെയും കൊണ്ടാണ് ശ്രീനിയുടെ കഥാപാത്രം വരുന്നത്.

സംഭാഷണത്തിനിടയില്‍ ജയറാം ഇന്നസെന്‍റിനെ അടിക്കുന്നു. അപ്പോള്‍ ശ്രീനി ചാടിക്കേറി അനിയനോട് പറയണം : എന്‍റെ സുഹൃത്തിനെ തല്ലിയത് എന്നെ തല്ലിയതിന് തുല്യമാണെടാ……….

പക്ഷേ സംവിധായകന്‍ ടേക്ക് പറഞ്ഞപ്പോള്‍ ആവേശം മൂത്ത് ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ :

എന്‍റെ സുഹൃത്തിനെ തല്ലിയത് എന്നെ തുല്ലിയതിന് തല്ല്യമാണെടാ……………

(ശ്രീനിവാസന്‍റെ ഓര്‍മക്കുറിപ്പുകളില്‍ നിന്ന്)


[This article is first published on Feb 25, 2014 and modified later]

Leave a Comment

Your email address will not be published. Required fields are marked *