
പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വേയ്സിന്‍റെ അന്നത്തെ ബീജിംഗ് ഫ്ലൈറ്റില്‍ വന്നിറങ്ങുന്ന കിരണിന്‍റെ കൂടെ ഗൈഡായി, അയാള്‍ തിരിച്ചു പോകുന്നത് വരെ ഉണ്ടാകണമെന്ന് അമേരിക്കന്‍ എംബസിയിലെ അലക്സ് ഇന്നലെ രാത്രിയാണ് മിസ് ലീചുംഗിനെ വിളിച്ചു പറഞ്ഞത്. ചൈനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന അമേരിക്കയില്‍ നിന്നുള്ള ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥനോ രാഷ്ട്രീയ പ്രമുഖനോ ആയിരിക്കും ആഗതനെന്നാണ് ചുംഗിന് അപ്പോള്‍ തോന്നിയത്. സാധാരണ അത്തരം സന്ദര്‍ഭങ്ങളിലാണ് അലക്സ് ചുംഗിന്‍റെ സേവനം ആവശ്യപ്പെടാറുള്ളത്.
സര്‍ക്കാര്‍ ലൈസന്‍സുള്ള ഒരുപാട് പ്രൊഫഷനല്‍ ടൂര്‍ ഗൈഡുകള്‍ ബീജിംഗ് നഗരത്തിലെ ഇടുങ്ങിയ ചേരികളിലും അതിനോട് ചേര്‍ന്നുള്ള ഇടത്തരം പാര്‍പ്പിട സമുച്ചയങ്ങളിലും വസിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്‍റെ ഭാഗമായുണ്ടായ ഇംഗ്ലിഷ് വിദ്യാഭ്യാസം പച്ചപിടിച്ചതോടെ പാശ്ചാത്യ ഭാഷ മൊഴിയുന്നവരുടെ ഒരു കുത്തൊഴുക്ക് തന്നെ തൊഴിലന്വേഷകര്‍ക്കിടയിലുണ്ടായി. ചൈനിസ് സംസ്ക്കാരവും ജീവിതരീതികളും കണ്ടറിയാന്‍ വിദേശികള്‍ പറന്നിറങ്ങിയപ്പോള്‍ വിനോദ സഞ്ചാരത്തിന്‍റെ അനന്ത സാധ്യതകളാണ് രാജ്യത്തിന് മുന്നില്‍ തുറന്നുകിട്ടിയത്. അതുവരെ മാന്‍റരിന്‍ മാത്രം വഴങ്ങിയിരുന്ന ചൈനിസ് നാവുകള്‍ അതോടെ ആംഗലേയം കൂടി പഠിച്ച് തങ്ങളാലാവും വിധം ചാകരകൊയ്ത്തിനിറങ്ങി.
മിസ് ലീ ചുംഗ് ഒരു അംഗീകൃത ടൂര്‍ ഗൈഡാണ്. ഇംഗ്ലിഷിനു പുറമേ ഫ്രഞ്ചും അവര്‍ക്ക് നന്നായി വഴങ്ങും. മുപ്പതിനടുത്ത് പ്രായം. നഗരത്തില്‍ നിന്ന് കുറച്ചു മാറി താഴ്ന്ന വരുമാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ഒരു പഴയ ഫ്ലാറ്റില്‍ മാതാപിതാക്കളോടും കോളേജില്‍ പഠിക്കുന്ന അനുജനോടുമൊപ്പം താമസിക്കുന്നു. അവിവാഹിത.
കിരണിനെ ആദ്യം കണ്ടപ്പോള്‍ തന്നെ കണ്ടുമറന്ന ഏതോ ഹോളിവുഡ് സിനിമയിലെ നായകനെയാണ് അവള്‍ക്ക് ഓര്‍മ വന്നത്. നാല്പതിനടുത്ത് പ്രായം. ടീ ഷര്‍ട്ടും ജീന്‍സുമാണ് വേഷം. കയ്യില്‍ റോളക്സ് വാച്ച്. തലമുടി അലസമായാണ് ചീകിയിരിക്കുന്നത്. പോക്കറ്റില്‍ സണ്‍ ഗ്ലാസ്. വളര്‍ന്നു വന്ന താടിരോമങ്ങള്‍ അയാള്‍ ഒരു പരുക്കനാണെന്ന് തോന്നിപ്പിച്ചു. ക്ഷീണിതനും അസ്വസ്ഥനുമായി കാണപ്പെട്ട കിരണ്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ഹോട്ടല്‍ മുറിയിലേക്കാണ് പോയത്.
അയാള്‍ ചീച്ചെങ്ങിലെ ഒരു പഴയ സുഹൃത്തിനെ കാണാനാണ് വരുന്നതെന്ന് അലക്സ് ചുംഗിനോട് നേരത്തെ പറഞ്ഞിരുന്നു. ബീജിംഗില്‍ നിന്ന് തെക്ക് പടിഞ്ഞാറായുള്ള ലൈഷുയി എന്ന ചെറുപട്ടണത്തിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമ പ്രദേശമാണ് ചീച്ചെങ്ങ്. ഏകദേശം മൂന്നു മണിക്കൂര്‍ ദൂരമുണ്ട്. അല്പം വിശ്രമിച്ചശേഷം കിരണ്‍ അന്നത്തെ സായാഹ്നം ബീജിംഗ് നഗരം കാണാന്‍ ചെലവഴിക്കട്ടെയെന്നു നിര്‍ദേശിച്ചതും അലക്സ് തന്നെയാണ്. കമ്മ്യുണിസ്റ്റ് ചൈനയെ അടുത്തു കാണണമെന്ന ആഗ്രഹം ഏറെ നാളായി താലോലിച്ചിരുന്നത് കൊണ്ട് കിരണും മറുത്തൊന്നും പറഞ്ഞില്ല.
വൈകുന്നേരങ്ങളില്‍ ബീജിംഗ് നഗരം കൂടുതല്‍ സുന്ദരിയായി കാണപ്പെടുന്നു എന്ന് വിനോദ സഞ്ചാരികള്‍ പറയാറുള്ളത് മിസ് ചുംഗ് ഓര്‍ത്തു. വന്മതില്‍ കൂടി കാണണമെന്ന് ഇതിനിടയില്‍ കിരണ്‍ പറഞ്ഞത് കൊണ്ട് ഹോട്ടലില്‍ നിന്ന് പ്രതിക്ഷിച്ചതിലും നേരത്തെ ഇറങ്ങേണ്ടി വന്നു. ആറു മണി വരെയാണ് അവിടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്.
വെക്കേഷന്‍ സമയമായത് കൊണ്ട് ലോകാത്ഭുതത്തെ അടുത്തു കാണാന്‍ കുടുംബവും കുട്ടികളുമുള്‍പ്പടെ ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ഇരുപതിനായിരം കിലോമീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന മതിലിന്‍റെ ചരിത്രം ചുംഗ് അയാള്‍ക്ക് വിവരിച്ചു കൊടുത്തു. കോളേജില്‍ ചരിത്രം ഐശ്ചികമായി എടുത്തതിന്‍റെ പ്രയോജനം ഇത്തരം സന്ദര്‍ഭങ്ങളിലാണ് അവള്‍ക്ക് അനുഭവപ്പെടാറുള്ളത്.
ചൈനിസ് ചരിത്രത്തെ സാക്ഷി നിര്‍ത്തി സെല്ഫി എടുക്കാന്‍ വിവിധ നാട്ടുകാരും പ്രായക്കാരുമായവര്‍ മത്സരിക്കുന്നത് കണ്ടു. മതിലിന്‍റെ ഉയരക്കൂടുതല്‍ കാരണം ചിലര്‍ക്കൊന്നും മുകളില്‍ കയറാന്‍ സാധിച്ചില്ല. അത്തരക്കാര്‍ താഴെ നിന്ന് എല്ലാം നോക്കിക്കണ്ട് തൃപ്തിപ്പെട്ടു.
എനിക്ക് കാണേണ്ടത് ചീച്ചെങ്ങിലുള്ള സുഹൃത്ത് ജാനറ്റിനെയാണ്. ഞങ്ങള്‍ കുറേക്കാലം വാഷിങ്ങ്ടണില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു :
ചുംഗിനെ ചേര്‍ത്ത് നിര്‍ത്തി ഒരു സെല്ഫി എടുത്തതിനു ശേഷം കിരണ്‍ പറഞ്ഞു. അവള്‍ തലയാട്ടിയതല്ലാതെ അക്കാര്യം അലക്സ് തന്നോട് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്ന് പറഞ്ഞില്ല.
അവരെ കാണാന്‍ വേണ്ടി മാത്രമാണോ ഈ വരവ് ? : ചുംഗ് ഇടയ്ക്ക് ചോദിച്ചു.
അതേ. സുഖമില്ലാത്ത അച്ഛനെ കാണാനാണ് അവള്‍ ഒരു മാസം മുമ്പ് ഇങ്ങോട്ട് വന്നത്. പിന്നെ ഒരു വിവരവും ഇല്ല. ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നത്. കുടുംബത്തില്‍ വേറെയും എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു……….. : താരതമ്യേന തിരക്കില്ലാത്ത ഭാഗത്ത് കൂടെ നടക്കുന്നതിനിടയില്‍ അയാള്‍ തെല്ല് വിഷമത്തോടെ പറഞ്ഞു. പെട്ടെന്ന് എന്തോ ഓര്‍ത്തത് പോലെ കയ്യിലുള്ള ക്യാമറ ബാഗ് തുറന്ന കിരണ്‍ അതില്‍ നിന്ന് ഒരു കവറെടുത്ത് ചുംഗിന് നേരെ നീട്ടി. അയാള്‍ക്കൊപ്പമുള്ള ജാനറ്റിന്‍റെ വിവിധ തരം ചിത്രങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. തരക്കേടില്ലാത്ത സൌന്ദര്യം. റോസ് നിറത്തിലുള്ള മുടി. ഫോട്ടോകളിലെ ഇരുവരുടെയും രൂപഭാവങ്ങള്‍ ചില കമിതാക്കളെ ഓര്‍മിപ്പിച്ചു.
കൊള്ളാം. പക്ഷെ അവള്‍ നിങ്ങളുടെ ഒരു സുഹൃത്ത് മാത്രമാണോ ? : ഒരു ചെറു ചിരിയോടെ ചുംഗ് ചോദിച്ചു. എന്തും തുറന്ന് ചോദിക്കാവുന്ന ഒരാളാണ് തന്‍റെ പുതിയ കസ്റ്റമറെന്ന് ഇതിനകം അവള്‍ മനസിലാക്കിയിരുന്നു. അവധിയില്‍ പോയ ഒരു സാധാരണ സുഹൃത്തിനെ തിരക്കിയാണ് അയാള്‍ ഇത്ര ദൂരം സഞ്ചരിച്ചു വന്നതെന്ന് വിശ്വസിക്കാന്‍ ചുംഗ് മടിച്ചു. മലമടക്കുകളിലേക്ക് നീളുന്ന മതിലിന്‍റെ ഭാഗം ലക്ഷ്യമാക്കി ഒരു തായ്വാനീസ് കുടുംബം അവരെ കടന്നു പോയി. ഒരു പുരുഷനും സ്ത്രീയും മൂന്നു കുട്ടികളും.
നിങ്ങളുടെ ഊഹം ശരിയാണ്. ജാനറ്റ് എന്‍റെ എല്ലാമാണ്. അതുകൊണ്ടാണ് അവള്‍ ഒരു പ്രശ്നത്തില്‍ അകപെട്ടു എന്നു തോന്നിയപ്പോള്‍ ഞാന്‍ ഓടിവന്നത്. എത്രയും പെട്ടെന്ന് എനിക്കവളെ കാണണം. യാഥാസ്ഥിതികരായ അവളുടെ വീട്ടുകാരെ കണ്ട് വിവാഹത്തിന് സമ്മതം വാങ്ങിക്കണം. : ഫോട്ടോകള്‍ തിരിച്ച് ബാഗില്‍ വച്ചുകൊണ്ട് കിരണ്‍ പറഞ്ഞു. അപ്രതിക്ഷിതമായി വീശിയ കിഴക്കന്‍ കാറ്റില്‍ പാറിപ്പറന്ന മുടി ഒതുക്കാന്‍ ചുംഗ് കുറച്ചു പാടുപെട്ടു. അവളുടെ പരിശ്രമം ശ്രദ്ധയില്‍ പെട്ട കിരണ്‍ അത് തല്‍ക്ഷണം ക്യാമറയിലാക്കി. ചിത്രത്തിന് അയാള്‍ പറഞ്ഞ അടിക്കുറിപ്പാണ് അവളെ കൂടുതല്‍ ചിരിപ്പിച്ചത് – ‘ഒരു കിഴക്കന്‍ കാറ്റിന്‍റെ പരാക്രമം‘.
നേരത്തെ കണ്ട തായ്വാനിസ് കുടുംബം ഒരുമിച്ചുള്ള ഫോട്ടോ എടുക്കാന്‍ കഷ്ടപ്പെടുന്നത് കണ്ട് കിരണ്‍ അവരെ സഹായിച്ചു. ചെറുപ്പക്കാരന്‍റെ കയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ വാങ്ങി അയാള്‍ കുടുംബത്തിന്‍റെ ഒന്നിലധികം ചിത്രങ്ങള്‍ എടുത്തുകൊടുത്തു.
കിരണിന് സമ്മര്‍ പാലസിനടുത്തുള്ള മക്ഡോണാള്‍ഡ് ഔട്ട്‌ലെറ്റിലെ ഇന്ത്യക്കാരന്‍ മാനേജരുടെ ഛായയുണ്ടെന്ന് ലീ ചുംഗിന് തോന്നി. ഒരുപക്ഷെ അയാള്‍ ഇന്ത്യക്കാരനോ പാക്കിസ്ഥാനിയോ അല്ലെങ്കില്‍ ബംഗ്ലാദേശിയോ ആയിരിക്കും.
ബംഗ്ലാദേശാണ് എന്‍റെ സ്വദേശം : അവളുടെ മനസ്സ് വായിച്ചത് പോലെ പിന്നീട് കിരണ്‍ പറഞ്ഞു. മടക്കയാത്രയില്‍ ഒരു കൊറിയന്‍ തെരുവോര ഭക്ഷണ ശാലയില്‍ വച്ച് തന്‍റെ ജീവ ചരിത്രം ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുകയും ചെയ്തു അയാള്‍.
അച്ഛന്‍ ധാക്കയില്‍ തുകല്‍ വ്യാപാരിയായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം രണ്ടാനച്ഛനായി വന്ന കുടുംബ സുഹൃത്തിന്‍റെ പീഡനം സഹിക്കാനാവാതെയാണ് അവിടം വിട്ടത് : വെജിറ്റബിള്‍ സൂപ്പ് നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് കിരണ്‍ പറഞ്ഞു.
കൊല്‍ക്കത്തയിലുള്ള ഒരു അകന്ന ബന്ധുവിന്‍റെ അടുത്തേക്കാണ് ആദ്യം പോയത്. പിന്നീട് അവിടെ നിന്ന് മുംബെക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കടന്നു. രണ്ടാം ഭര്‍ത്താവിന്‍റെ പീഡനം മൂലം അമ്മ അധികം താമസിയാതെ മരിച്ചെന്ന് അടുത്തിടെ അവിടെയുള്ള ഒരു സുഹൃത്ത് വഴിയറിഞ്ഞു : കിരണ്‍ പറഞ്ഞു നിര്‍ത്തി.
പിന്നെ ഇതുവരെ നാട്ടില്‍ പോയില്ലേ ? : ചുംഗ് പെട്ടെന്ന് ചോദിച്ചു.
എന്തിന് ? : കിരണ്‍ നിര്‍വികാരതയോടെ തിരിച്ചു ചോദിച്ചു. ഒരു നിമിഷത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു പറഞ്ഞു.
എനിക്ക് രണ്ടു പെങ്ങള്‍മാരും ഒരു അനിയനും കൂടിയുണ്ടായിരുന്നു. ഞാനെന്നു വച്ചാല്‍ വലിയ കാര്യമായിരുന്നു അവര്‍ക്ക്. അമ്മ മരിച്ചതോടെ രണ്ടാനഛന്‍ അവരെയും കൊണ്ട് സ്വന്തം നാട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. പക്ഷെ അതെവിടെയാണെന്നോ അവര് ഇപ്പോള്‍ എന്ത് ചെയ്യുകയാണെന്നോ ഒന്നും എനിക്കറിയില്ല. എംബസി വഴിയും പോലിസ് വഴിയുമൊക്കെ കുറേ അന്വേഷിച്ചെങ്കിലും പ്രതിക്ഷയ്ക്ക് വകയുള്ളതൊന്നും ഇതുവരെ കിട്ടിയില്ല. : പറഞ്ഞു നിര്‍ത്തുമ്പോള്‍ കിരണിന്‍റെ ശബ്ദം ഇടറി. എല്ലാം മറക്കാനെന്നോണം അയാള്‍ കുറച്ചുനേരം കണ്ണടച്ചിരുന്നു.
കിരണിന്‍റെ കഥ അറിഞ്ഞപ്പോള്‍ ലീ ചുംഗിന് വിഷമം തോന്നി. ഇനിയെങ്കിലും അയാള്‍ക്ക് ജാനറ്റിനൊപ്പം ഒരു നല്ല ജീവിതം ഉണ്ടാകട്ടെ എന്നവള്‍ ആശിച്ചു.

അടുത്തുള്ള സബ്‌വേ സ്റ്റേഷന്‍ കവാടത്തില്‍ പൊടുന്നനേ രൂപപ്പെട്ട തിരക്ക് ഏതോ ട്രെയിന്‍ കടന്നു പോയ കാര്യം വിളിച്ചു പറഞ്ഞു.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ അടുത്തുള്ള ചൈനിസ് റസ്റ്റോറന്‍റിന്‍റെ ചില്ലുക്കൂട്ടില്‍ കിടന്നിഴയുന്ന പലതരം പാമ്പുകളെ അവര്‍ കണ്ടു. അവ ഓരോന്നിന്‍റെയും ഗുണഗണങ്ങള്‍ ചുംഗ് അയാള്‍ക്ക് വിവരിച്ചു കൊടുത്തു.
താരതമ്യേന തിരക്ക് കുറഞ്ഞ ഒരു ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അവള്‍ യാത്ര പറഞ്ഞ് കാറില്‍ നിന്നിറങ്ങി.
ഇവിടെ അടുത്താണോ നിന്‍റെ ഫ്ലാറ്റ് ? : തല ജനലില്‍ നിന്ന് പുറത്തേക്കിട്ട് ചുറ്റും നോക്കിക്കൊണ്ട് കിരണ്‍ ചോദിച്ചു.
അല്ല. അതിവിടെ നിന്ന് കുറച്ചു ദൂരമുണ്ട്. വാന്‍ഷുവോവിലാണ്. കുപ്രസിദ്ധമായ ദിയു മാര്‍ക്കറ്റ് കഴിഞ്ഞു വേണം അങ്ങോട്ട് പോകാന്‍. കുറ്റവാളികളുടെ കേന്ദ്രമാണ്. ഈ രാജ്യത്ത് നിയമവിരുദ്ധമായതെന്തും ഇപ്പോള്‍ അവിടെ വാങ്ങാന്‍ കിട്ടും. അസമയത്തുള്ള റിസ്ക്ക് ഒഴിവാക്കാനായി വൈകി വരുന്ന സമയങ്ങളില്‍ ഞാന്‍ അടുത്തുള്ള ഹോസ്റ്റലിലാണ് താമസിക്കാറ്. : അല്‍പ്പം അകലെയുള്ള ബഹുനില കെട്ടിടത്തിലേക്ക് നോക്കിക്കൊണ്ട് ലീ ചുംഗ് പറഞ്ഞു. അവള്‍ യാത്ര പറഞ്ഞ് പോയപ്പോള്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു.
രാവേറെയായെങ്കിലും ബീജിംഗ് പകല്‍ നേരത്തേക്കാള്‍ സജീവമാണെന്ന് കിരണിന് തോന്നി. യാത്രികരും വാഹനങ്ങളും നിറഞ്ഞൊഴുകുന്ന തെരുവുകള്‍. ചെറു തെരുവുകളില്‍ കച്ചവടക്കാരുടെയും ടാക്സി ഡ്രൈവര്‍മാരുടെയും കോലാഹലങ്ങള്‍. വീഥികളെ പ്രകാശത്തില്‍ മുക്കിയ കൃത്രിമ ദീപങ്ങള്‍ സൂര്യന്‍റെ അഭാവം മറയ്ക്കാന്‍ മത്സരിച്ചു.
ഹോട്ടലിലെത്തി, മുറിയിലേക്ക് പോകാനായി ലിഫ്റ്റിനു നേരെ നടക്കുമ്പോഴാണ് വാഷിങ്ങ്ടണില്‍ നിന്ന് രണ്ടു വട്ടം തന്നേ വിളിച്ച കാര്യം കിരണ്‍ അറിഞ്ഞത്. ഒരു മാര്‍ട്ടിനാണ് വിളിച്ചത്. എഫ്.ബി.ഐ ഏജന്‍റ്. പരിചയക്കാരനാണ്. അയാള്‍ തന്‍റെ യാത്രയുടെയും താമസിക്കുന്ന ഹോട്ടലിന്‍റെയും വിവരങ്ങള്‍ എങ്ങനെയാണ് അറിഞ്ഞതെന്നോര്‍ത്ത് കിരണിന് അത്ഭുതപ്പെട്ടു.
ജാനറ്റിനെ സംബന്ധിച്ച് കിരണ്‍ നേരത്തെ പറഞ്ഞതെല്ലാം കള്ളമായിരുന്നു. പെന്‍റഗണില്‍ നിന്ന് വിലപ്പെട്ട സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോയെന്നു സംശയിക്കുന്ന ജാനറ്റിനെ അന്വേഷണത്തിന്‍റെ ഭാഗമായി തിരികെയെത്തിക്കാനാണ് അവരുടെ സുഹൃത്ത് കൂടിയായ കിരണ്‍ നിയോഗിക്കപ്പെട്ടത്. അവര്‍ രാജ്യം വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ചാരവൃത്തിയിലെ ഒരു നിര്‍ണ്ണായക കണ്ണി ന്യൂയോര്‍ക്ക് പോലിസിന്‍റെ പിടിയിലായത്. പക്ഷെ അപ്പോഴേക്കും ജാനറ്റ് തന്ത്രപ്രധാനമായ രേഖകളുമായി ഏറ്റവും സുരക്ഷിത അകലത്തിലെത്തിയിരുന്നു.
ചൈനിസ് സര്‍ക്കാരാണ് ചോര്‍ത്തലിന് പിന്നിലെന്നാണ് എഫ്ബിഐ സംശയിക്കുന്നത്. പക്ഷെ വ്യക്തമായ തെളിവില്ലാത്തത് കൊണ്ട് ജാനറ്റിന്‍റെ അടുത്ത സുഹൃത്തും അവള്‍ ജോലി ചെയ്തിരുന്ന ലാബിന്‍റെ ഡയറക്ടറും ഏജന്‍സിയുടെ ഇന്‍ഫോര്‍മറുമൊക്കെയായ കിരണിനെയാണ് സത്യം കണ്ടെത്താനായി അന്വേഷകര്‍ ആശ്രയിച്ചത്.
മിസ് ലീ ചുംഗില്‍ നിന്ന് സത്യം മറച്ചു വയ്ക്കേണ്ടി വന്നതില്‍ കിരണിന് പക്ഷെ കുറ്റബോധമൊന്നും തോന്നിയില്ല.
മുറിയില്‍ ചെന്ന് കുളിച്ച് വേഷം മാറി, നഗരം മുഴുവന്‍ കാണാവുന്ന ഗ്ലാസ് ചുവരുകള്‍ക്ക് അഭിമുഖമായി നിന്നുകൊണ്ട് ടേബിളിലുള്ള ഗ്ലാസിലേക്ക് സ്കോച്ച് വിസ്ക്കി പകരുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. മാര്‍ട്ടിനാണ്. കിരണ്‍ റിസീവര്‍ കാതോടു ചേര്‍ത്തു– ഹലോ……………..
പോലീസ് സൂപ്രണ്ട് സണ്ണി ബീജിങ്ങിലുള്ള മകളോടൊപ്പം അവധിക്കാലം ചെലവഴിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. റിട്ടയര്‍ ചെയ്യാന്‍ അയാള്‍ക്ക് ഇനി രണ്ടു മാസം കൂടിയേ ഉള്ളൂ. അന്വേഷണ മികവ് കൊണ്ടും കുശാഗ്ര ബുദ്ധി കൊണ്ടും പേരു കേട്ടിരുന്ന സണ്ണിക്ക് അടുത്തിടെ കഷ്ടകാലമാണ്. കസ്റ്റഡിയില്‍ നിന്ന് രണ്ടു ഗുണ്ടകള്‍ ചാടിപ്പോയതോടെ കഴിവുകെട്ട ഉദ്യോഗസ്ഥന്‍ എന്ന ദുഷ്പേരും അയാള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സമ്പാദിച്ചു. വിരമിക്കുന്നതിന് മുമ്പ് ഏതെങ്കിലും ഒരു നല്ല കേസ് തെളിയിക്കണമെന്നും സത്പേര് വീണ്ടെടുക്കണമെന്നുമാണ് സണ്ണിയുടെ ഇപ്പോഴത്തെ ഏക ആഗ്രഹം.
ചൈനിസ് ഡെയ്ലി പത്രം വായിക്കുന്നതിനിടയില്‍ അയാളുടെ കണ്ണുകള്‍ പലപ്പോഴും അടുത്ത ബര്‍ത്തിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷനിലും സ്ത്രീയിലും ഉടക്കി. സ്ത്രീ ചൈനക്കാരിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെയറിയാം. പുരുഷന്‍ പക്ഷെ ഏഷ്യന്‍ വംശജനാണ്. അയാളെ ഇതിനു മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് സണ്ണി ഓര്‍ത്തു.
കുറച്ചു കഴിഞ്ഞപ്പോള്‍ യുവതി എഴുന്നേറ്റ് ബാത്ത്റൂമിന് നേരെ പോകുന്നത് കണ്ടു. അധികം വൈകാതെ ചെറുപ്പക്കാരനും അവളെ അനുഗമിച്ചു. കമ്പാര്‍ട്ട്മെന്‍റില്‍ തിരക്ക് നന്നേ കുറവാണ്.
ഒരു സ്റ്റേഷന്‍ അടുത്തപ്പോള്‍ മടങ്ങി വന്ന ഏഷ്യക്കാരന്‍ ധൃതിയില്‍ ബാഗുമെടുത്ത് വാതിലിന് നേരെ നീങ്ങി. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങിയ അയാള്‍ ആരുടേയും കണ്ണില്‍ പെടാതെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു. യുവതിയെ പക്ഷെ എങ്ങും കണ്ടില്ല. അവരുടെ ബാഗ് അനാഥമായി സീറ്റില്‍ തന്നെയുണ്ട്.
പോലിസ് ബുദ്ധിയില്‍ എന്തോ പന്തികേട് മണത്ത സണ്ണി ചാടിയെഴുന്നേറ്റ് സ്റ്റേഷന്‍റെ പേര് നോക്കി– ലൈ ഷുയി ! അയാള്‍ ഉടനെ ബാത്ത് റൂമിന് നേരെ ഓടി. അത് പുറത്തു നിന്ന് ലോക്ക് ചെയ്തിരുന്നു. സണ്ണി വാതില്‍ തള്ളി തുറന്നു. യുവതി ബോധം കെട്ടു കിടക്കുകയാണ്. ഗാര്‍ഡിന്‍റെ സഹായത്തോടെ അവളെ കോരിയെടുത്ത് സണ്ണി പുറത്തേക്കിറങ്ങി.
പട്ടണത്തില്‍ നിന്ന് കുറച്ചു മാറി, പൈന്‍ മരങ്ങള്‍ അതിരിടുന്ന ഒരു ഉള്‍നാടന്‍ പ്രദേശത്തെ ഒറ്റപ്പെട്ട പഴയ ഇരുനില വീടിന് മുന്നില്‍ ആ കറുത്ത കാര്‍ നിന്നു.
മിനിട്ടുകള്‍ക്കകം ആ വീടിന്‍റെ സ്വീകരണ മുറിയില്‍ നിന്ന് പകയും നിരാശയും നിറഞ്ഞ ഒരു സ്ത്രീ ശബ്ദം ഉയര്‍ന്നു കേട്ടു.
നീ എന്തിനാ വന്നത് ? എന്നെ തിരിച്ചു കൊണ്ടു പോകാനോ അതോ എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാനോ ? : ജാനറ്റിന്‍റെ വാക്കുകള്‍ ചുവരില്‍ തട്ടിത്തെറിച്ചു. അതു കേള്‍ക്കാന്‍ കണ്ണില്‍ കുടിലതയും ക്രൌര്യവുമായി നിന്ന ഒരുകാലത്തെ അവരുടെ സുഹൃത്തല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല.
ചുവര്‍ ചിത്രങ്ങളില്‍ തളയ്ക്കപ്പെട്ട സെന്‍ ഭരണകാലത്തെ ധീര യോദ്ധാക്കള്‍ ശത്രു രാജ്യത്തെ പടയാളിയെ കണ്ടത് പോലെ കിരണിനെ തുറിച്ചു നോക്കി. ജാക്കറ്റിനുള്ളില്‍ റിവോള്‍വര്‍ ഒളിപ്പിച്ചുനിന്ന അയാളെ ആക്രമിക്കാന്‍ അവര്‍ വെമ്പല്‍ കൊണ്ടു.
അവളുടെ ചോദ്യത്തിന് മറുപടിയായി കിരണ്‍ ചിരിച്ചു : എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍…….. എല്ലാത്തിനും പിന്നില്‍ ഞാനാണെന്ന് പിന്നെ തെളിവൊന്നും ഉണ്ടാകില്ലല്ലോ. പത്ത് ബില്യണ്‍ ഡോളറിന് പകരം ശത്രു രാജ്യത്തിന് വിലപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ജാനറ്റ് എന്ന യുവതി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു. അതിനു പെന്‍റഗണിലെ വിശ്വസ്ഥനും പ്രഗത്ഭനുമായ ഗവേഷകനെന്ന് പേരെടുത്ത ഈ പാവം ഡേവിഡ് ജോണ്‍ എന്തു പിഴച്ചു ?
അതേക്കുറിച്ച് എന്തെങ്കിലും അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇപ്പോഴത്തെ ഈ കള്ള പാസ്പോര്‍ട്ടില്‍ ഞാന്‍ രാജ്യം വിട്ടിരിക്കും. പിന്നെ ഞാന്‍ ചൈനയില്‍ എത്തി എന്നതിന് ഒരു തെളിവും ഉണ്ടാകില്ല. ഏതോ ഒരു കിരണ്‍ ഇസ്താംബൂളില്‍ നിന്ന് ഇവിടെ വന്നു പോയതിന് ആര്‍ക്കും എന്നെ ഒന്നും ചെയ്യാനാവില്ല.
തന്‍റെ താടിരോമങ്ങളില്‍ കയ്യോടിച്ചുകൊണ്ട് അയാള്‍ നിന്ന നില്‍പ്പില്‍ ഒന്നു കറങ്ങി. ഓരോ പദ്ധതിയും താന്‍ ആസൂത്രണം ചെയ്തത് പോലെ നടക്കുന്നതിലുള്ള സന്തോഷം അയാളുടെ ഓരോ ചലനത്തിലും പ്രകടമായിരുന്നു.
ചൈനിസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ ഒരു ഇടനിലക്കാരി മാത്രമായിരുന്നു ജാനറ്റ്. തിരശീലയ്ക്ക് പിന്നില്‍ നിന്ന് ഡേവിഡ് ജോണ്‍ എന്ന പെന്‍റഗണിന്‍റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥന്‍ കളിച്ച കളിയില്‍ പക്ഷെ കുടുങ്ങിയത് ജാനറ്റ് മാത്രമാണ്. ചില കണ്ണികള്‍ കഴിഞ്ഞ ദിവസം പോലിസ് പിടിയിലായെങ്കിലും അവരുമായി കിരണ്‍ എന്ന പേരില്‍ നാം അറിയുന്ന യഥാര്‍ത്ഥ ഡേവിഡിന് നേരിട്ട് യാതൊരു ഇടപാടും ഉണ്ടായിരുന്നില്ല. ജാനറ്റും അവരുമൊക്കെ ഡേവിഡും ചൈനയിലെ ഉന്നതനും തമ്മില്‍ രഹസ്യമായി ഉറപ്പിച്ച ഇടപാടിലെ പുറംലോകം അറിയുന്ന കണ്ണികള്‍ മാത്രമായിരുന്നു. പക്ഷെ ജാനറ്റിലെത്തുന്ന എതൊരന്വേഷണവും തന്നേ വെളിച്ചത്ത് കൊണ്ടുവരുമെന്ന് ഡേവിഡിന് ഉറപ്പായിരുന്നു.
ഇന്നലെ എഫ്ബിഐയില്‍ നിന്ന് ഫോണ്‍ വന്നെന്ന് കേട്ടപ്പോള്‍ ഡേവിഡ് ശരിക്കും പകച്ചു. രഹസ്യങ്ങളെല്ലാം പൊളിഞ്ഞോ എന്നാണ് ആദ്യം തോന്നിയത്.
പക്ഷെ വിളിച്ചത് മറ്റൊരു മാര്‍ട്ടിനാണ്. ഫിലാഡെല്‍ഫിയയിലെ ഒരു മയക്കുമരുന്ന് കടത്തുകാരന്‍. സുഹൃത്താണ്. തുര്‍ക്കി വഴി ചൈനയിലേക്ക് കടക്കാനുള്ള പാസ്പോര്‍ട്ട് സംഘടിപ്പിച്ചു തന്നത് കക്ഷിയാണ്. ബീജിംഗിലെ ഹോട്ടല്‍ മുറി വരെ ചെന്നെത്തുന്ന വിപുലമായ അധോലോക ശൃംഖലയാണ് അയാളുടെ കൂടെയുള്ളതെന്നറിഞ്ഞപ്പോള്‍ അമ്പരപ്പാണ് തോന്നിയത്. ടെക്സാസില്‍ ജോലിയും കുടുംബവുമായി കഴിയുന്ന സഹോദരി വഴി എഫ്ബിഐ താമസിയാതെ ജാനറ്റിലെത്തുമെന്ന വിലപ്പെട്ട വിവരമാണ് അയാള്‍ ഡേവിഡിന് കൈമാറിയത്.
പ്രാദേശിക ഭാഷ വശമില്ലാത്തത് കൊണ്ടും സ്ഥലത്തെ അനധികൃത ആയുധ കച്ചവടക്കാരെ കണ്ടെത്താനുമായിട്ടാണ് ഡേവിഡിന് ബീജിംഗിലെത്തിയപ്പോള്‍ ഗൈഡിനെ ആശ്രയിക്കേണ്ടി വന്നത്. തലേന്ന് കാഴ്ചകള്‍ കണ്ട് മടങ്ങുന്ന വഴി യാദൃശ്ചികമായി ചുംഗില്‍ നിന്ന് കിട്ടിയ സൂചനകളില്‍ നിന്ന് അയാള്‍ അങ്ങനെയൊരു കേന്ദ്രം കണ്ടെത്തുകയും ചെയ്തു. അവിടെ നിന്നാണ് അയാള്‍ കയ്യിലുള്ള തോക്ക് സ്വന്തമാക്കിയത്.
ലൈഷുയിയിലേക്കുള്ള യാത്രാ മദ്ധ്യേ ലീ ചുംഗിനെ ഒഴിവാക്കാന്‍ ഡേവിഡ് പല രീതിയില്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ജാനറ്റിനെ കാണുമ്പോള്‍ അവള്‍ കൂടെയുണ്ടാകുന്നത് അപകടമാണെന്ന് അയാള്‍ക്കുറപ്പായിരുന്നു. അങ്ങനെയാണ് ചുംഗ് ട്രെയിനിലെ ബാത്ത്റൂമിനകത്ത് ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് വീണത്. അപ്രതിക്ഷിതമായ തന്‍റെ പെരുമാറ്റത്തിലും ആക്രമണത്തിലും അവള്‍ ശരിക്ക് പകച്ചു പോയി.
യൂ ആര്‍ മൈ സ്വീറ്റ് ഹാര്‍ട്ട് : ജാനറ്റിന്‍റെ അടുത്തേക്ക് വന്ന ഡേവിഡ് അവളെ ചുംബിക്കാവുന്ന അകലത്തിലേക്ക് മുഖം അടുപ്പിച്ചു. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു.
ബട്ട് ദിസ് ഈസ് ദി ടൈം ഓഫ് ഫെയര്‍വെല്‍…………. : അത്രയും പറഞ്ഞ് അയാള്‍ പൊടുന്നനെ റിവോള്‍വര്‍ പുറത്തെടുത്തു. അത് ജാനറ്റിന്‍റെ അരക്കെട്ടിനു നേരെ ചൂണ്ടുമ്പോഴേക്ക് അവള്‍ അടുത്തുണ്ടായിരുന്ന ഫെംഗ് ഷുയി പ്രതിമ കയ്യിലെടുത്തതും അടിച്ചതും ഒരുമിച്ചായിരുന്നു. ഒരു അലര്‍ച്ചയോടെ ഡേവിഡ് പുറകോട്ട് മലച്ചു. അയാളുടെ ഇടത്തെ ചെവിക്ക് മുകളിലായി തലഭാഗം പൊട്ടി ചോരച്ചാലുകള്‍ ഒലിച്ചിറങ്ങി.

Image credit P: Martial arts
ശത്രു സമചിത്തത വീണ്ടെടുക്കും മുന്‍പേ ജാനറ്റ് അയാളുടെ അടിവയര്‍ ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി. ഡേവിഡ് അത്രയും പ്രതിക്ഷിച്ചില്ല. പിന്നിലുണ്ടായിരുന്ന ടെലിഫോണ്‍ സ്റ്റാന്‍റ് മറിച്ച് അയാള്‍ താഴെ വീണു. അവള്‍ കുംഗ്ഫൂ അഭ്യാസിയാണെന്നും വളര്‍ത്തച്ചന്‍ മാസ്റ്ററാണെന്നുമൊക്കെ പണ്ട് പറഞ്ഞത് അയാള്‍ ഓര്‍ത്തു. ഒരു പോരാട്ടം മുന്നില്‍ കണ്ട ഡേവിഡിന്‍റെ ചുണ്ടുകളില്‍ ഒരു ചെറു ചിരി വിടര്‍ന്നു.
കയ്യില്‍ നിന്ന് വഴുതിപ്പോയ തോക്കിനായി ഡേവിഡ് ചുറ്റും പരതി. അത് മനസിലാക്കിയ ജാനറ്റ് സോഫക്ക് പിന്നിലായി നിലത്ത് കിടന്ന തോക്കിനു നേരെ കുതിച്ചെങ്കിലും അവള്‍ അതെടുക്കും മുന്‍പേ അയാള്‍ കയ്യില്‍ കിട്ടിയ കസേരയെടുത്ത് അവളെ ആഞ്ഞടിച്ചു. ജാനറ്റ് വേദന കൊണ്ട് പുളഞ്ഞു. ശക്തിയേറിയ പ്രഹരത്തില്‍ കസേര പല കഷണങ്ങളായി ഒടിഞ്ഞു പോയി. പക്ഷെ അതിനകം അവള്‍ ആയുധം അടുത്തുള്ള വാതിലിനു നേരെ എറിഞ്ഞിരുന്നു. അടിവശം പൊളിഞ്ഞ അതിന്‍റെ വിടവിലൂടെ നിലവറയിലെക്കെന്ന പോലെ തോക്ക് താഴേക്ക് വീണു. ചാടിയെത്തിയ ഡേവിഡ് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പൂട്ട് തുറക്കാന്‍ കഴിഞ്ഞില്ല. പകയോടെ തിരിഞ്ഞ അയാള്‍ പിടിച്ചെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ജാനറ്റിനെയാണ് കണ്ടത്.
ഡേവിഡ് ദേഷ്യത്തോടെ അവളുടെ കഴുത്തില്‍ പിടിച്ച് ചുവരിലും തുടര്‍ന്ന് പുരാവസ്തുക്കളും പുസ്തകങ്ങളും നിരത്തി വച്ച ഡസ്ക്കിലും ഇടിച്ചു. ഒരു കൂട്ടം വിഗ്രഹങ്ങളും ക്ലോക്കും താഴെ വീണ് ചിതറി. അതിനിടയില്‍ ജാനറ്റ് ഒരു ചില്ല് കഷണം കയ്യിലൊളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡേവിഡ് അത് കണ്ടുപിടിച്ചു. അയാള്‍ അവളുടെ കൈ പിടിച്ച് പുറകിലേക്ക് തിരിച്ച് ആ കൈക്കുമ്പിള്‍ ഞെരിച്ചു. ചുവപ്പ് നിറത്തില്‍ മുങ്ങി ഗ്ലാസ് തറച്ചു കയറിയപ്പോള്‍ ജാനറ്റ് അലറിക്കരഞ്ഞു.
നീ സ്മാര്‍ട്ടാണെന്നറിയാം. പക്ഷെ അത് എന്‍റെ അടുത്തെടുക്കണ്ട………………………. : ഡേവിഡ് കനത്ത ശബ്ധത്തില്‍ അവളുടെ കാതില്‍ പറഞ്ഞു. ജാനറ്റ് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പെട്ടെന്നാണ് ഡേവിഡിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തൊട്ടു പിന്നിലുള്ള പലകയില്‍ ചിത്രപ്പണികള്‍ ചെയ്ത ഒരു കഠാര തറച്ചു കയറിയത്. ഇരുവരും ഒരുപോലെ നടുങ്ങി. പക്ഷെ അതിലെ അടയാളം തിരിച്ചറിഞ്ഞപ്പോള്‍ ജാനറ്റിന്‍റെ മുഖത്ത് ആശ്വാസം നിറഞ്ഞു. ഡേവിഡിനെ തുറിച്ചു നോക്കിക്കൊണ്ട് അകത്തേയ്ക്ക് വരുന്ന വാംഗിനെയെയാണ് വാതില്‍ക്കല്‍ കണ്ടത്. ജാനറ്റിന്‍റെ വളര്‍ത്തച്ചന്‍.
ബാബാ : അച്ഛനെ കണ്ടതും ഡേവിഡിന്‍റെ കൈ വിടുവിച്ച് ജാനറ്റ് കരഞ്ഞുകൊണ്ട് അടുത്തേയ്ക്ക് ഓടിച്ചെന്നു. ഒരു നിമിഷം ആശ്വസിപ്പിക്കാനെന്ന പോലെ അവളുടെ തലയില്‍ കൈവച്ചതിനു ശേഷം, വാംഗ് അവളെ ബലമായി പിന്നിലേക്ക് തള്ളി മാറ്റി. കത്തുന്ന കണ്ണുകളോടെ അയാള്‍ ഡേവിഡിന് നേരെ ചുവടു വച്ചു.
കുങ്ങ്ഫു യൂണിഫോമിലാണ് വാംഗിന്‍റെ വരവ്. പതിവ് ക്ലാസ് കഴിഞ്ഞുള്ള വരവാണെന്ന് വ്യക്തം. അറുപതിനടുത്ത് പ്രായമുണ്ടെങ്കിലും ആ മുഖത്ത് നല്ല പ്രസരിപ്പാണ്. അളന്നു കുറിച്ച ചുവടുകള്‍. പ്രദേശത്തെ അറിയപ്പെടുന്ന കുങ്ങ്ഫു മാസ്റ്ററാണ് വാംഗ്. ജാനറ്റാണ് അയാളുടെ പാരമ്പര്യത്തിന്‍റെ ഒരേ ഒരു അവകാശി. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അവളെയും സഹോദരിയെയും, പിതാവിന്‍റെ അടുത്ത സുഹൃത്തായിരുന്ന വാംഗ് ദത്തെടുക്കുകയായിരുന്നു.
അയാള്‍ അടുത്തുവന്നപ്പോള്‍ ഡേവിഡ് രണ്ടു ചുവട് പിന്നോട്ട് വച്ചു. ഭിത്തിയില്‍ തറച്ചു കയറിയ കഠാര ഊരിയെടുത്ത് വാംഗ് അരയിലെ ഉറയില്‍ തിരുകി. അനന്തരം അയാള്‍ ശത്രുവിന് നേരെ തിരിഞ്ഞു. അപ്രതിക്ഷിതമായി ഒരു പുതിയ പ്രതിയോഗി വന്നു പെട്ടതിന്‍റെ അങ്കലാപ്പ് ഡേവിഡിന്‍റെ കണ്ണുകളില്‍ അയാള്‍ വായിച്ചറിഞ്ഞു.
മുഖത്തിന് നേരെയുള്ള വാംഗിന്‍റെ പെട്ടെന്നുള്ള പഞ്ച് ഡേവിഡിനെ ഞെട്ടിച്ചു കളഞ്ഞു. അതോടെ ഇടിയേറ്റ ഭാഗത്തെ നിറം മാറി, ചുണ്ട് മുറിയുകയും ചെയ്തു. എതിരാളിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും മിന്നല്‍ പോലെയുള്ള മാസ്റ്ററുടെ രണ്ടാമത്തെ ഇടി ഡേവിഡിന്‍റെ നെഞ്ചിലാണ് കൊണ്ടത്. വേദനയോടെ അയാള്‍ താഴേക്ക് കുനിഞ്ഞു. ശത്രുവിനെ വട്ടം പിടിച്ച വാംഗ് അയാളെ ഒരു ഭാഗത്തേയ്ക്ക് ചുഴറ്റിയെറിഞ്ഞു. വാംഗ് പിന്നാലെ എത്തുമ്പോഴേക്ക് സമചിത്തത വീണ്ടെടുത്ത ഡേവിഡ് പുറംതിരിഞ്ഞ് കാലുയര്‍ത്തി അയാളെ ചവിട്ടി. വാംഗ് കസേരയിലേക്കാണ് വീണത്. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ഉത്കണ്ഠയില്‍ ജാനറ്റ് ഓടി വന്നെങ്കിലും ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ച് വാംഗ് എഴുന്നേറ്റു. ശത്രു നിസ്സാരക്കാരനല്ലെന്ന് അയാള്‍ക്ക് മനസിലായി.
ഓവര്‍ക്കോട്ട് വലിച്ചൂരിക്കളഞ്ഞ് വാംഗ് രണ്ടു ചുവട് മുന്നോട്ടു വച്ചു.
ക്യാന്‍ വീ ഗോ ടു ദി ഫ്ലോര്‍ ? : അയാളുടെ ചോദ്യത്തിന് മറുപടിയായി വെറുതെ നോക്കിയതല്ലാതെ ഡേവിഡ് ഒന്നും പറഞ്ഞില്ല. പക്ഷെ അത് സമ്മതമായെടുത്ത വാംഗ് അടുത്ത ഹാളിലേക്ക് നടന്നു.
അത്യാവശ്യ ഘട്ടങ്ങളില്‍ വാംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന ഹാളായിരുന്നു അത്. ഒരു ചെറിയ സംഘത്തിന് കുങ്ങ്ഫു പരിശീലിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം അവിടെയുണ്ട്. ചൈനിസ് ചിത്രകലയുടെ മാഹാത്മ്യം വിളിച്ചോതുന്ന പോരാട്ട വീര്യങ്ങള്‍ ചുവരുകളെ അലങ്കരിച്ചിരിക്കുന്നു. വാംഗിനും ജാനറ്റിനും ശേഷം കുറച്ചു പിന്നിലായി ഡേവിഡും ഹാളിലേക്ക് വന്നു.
ചൈനിസ് ആയോധനകലയുടെ സമ്പന്നതയും പകിട്ടും ഡേവിഡിനെ ഒരുവേള മായാലോകത്തോ അല്ലെങ്കില്‍ ആശങ്കയുടെ ഗിരിശൃംഗങ്ങളിലോ എത്തിച്ചു. വാംഗിന്‍റെ ചലനങ്ങളിലെ ചടുലതയും ആത്മവിശ്വാസവും കൂടി കണ്ടപ്പോള്‍ സിംഹത്തിന്‍റെ മടയിലാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അയാള്‍ക്ക് തോന്നി.
വാംഗിന്‍റെ നീക്കങ്ങളില്‍ ഡേവിഡിന് പലപ്പോഴും പിഴച്ചു. പക്ഷെ തോല്‍ക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. വര്‍ദ്ധിച്ച കൌര്യത്തോടെ അയാള്‍ തിരിച്ചടിച്ചപ്പോള്‍ വാംഗും ഇടയ്ക്കിടെ അടിയുടെ ചൂടറിഞ്ഞു. ജാനറ്റിനെ കാഴ്ച്ചക്കാരിയാക്കി ഇരുവരും അങ്കക്കോഴികളെ പോലെ വായുവില്‍ പോരടിച്ചു. അങ്ങനെ മുഖാമുഖം വന്ന ഒരു നിമിഷത്തിലാണ് ഡേവിഡ് എതിരാളിയുടെ അരയില്‍ നിന്ന് കഠാര കൈക്കലാക്കിയത്. അയാളുടെ ആ നീക്കം വാംഗിനെ ഞെട്ടിച്ചു കളഞ്ഞു. വാംഗിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ ഒരിക്കല്‍ കൂടി പറന്നെത്തിയ ഡേവിഡ് കഠാര അയാളുടെ കഴുത്തില്‍ കുത്തിയിറക്കി. ആയുധത്തിന്‍റെ പിടിയില്‍ പിടിച്ചുകൊണ്ട് ഒരു ഞരക്കത്തോടെ വാംഗ് പിന്നിലേക്ക് മറിഞ്ഞു. ഒരു നിലവിളിയോടെ ഓടിയെത്തിയ ജാനറ്റ് പിതാവിനെ മടിയില്‍ കിടത്തി.
ഓ വോ ബാബ. ദകൈ നി ദേ യന്ജിംഗ്. സഹെ ഷി നി ദേ നൌര്‍ ( കണ്ണു തുറക്കൂ അച്ഛാ. ഇത് താങ്കളുടെ മകളാണ്. )
നി ദേ ഉഖിന്‍ മെഇയൌ ഫഷേങ്ങ് ശെന്മേ ഷി. വോ ഐ നി ( നിന്‍റെ അച്ഛന് ഒന്നുമില്ല. ഐ ലവ് യു ) : വേദന കൊണ്ട് പുളയുന്നതിനിടയില്‍ അയാള്‍ അവ്യക്തമായി പറഞ്ഞു.
എല്ലാം കണ്ട് അകത്തെത്തിയ വാംഗിന്‍റെ ശിഷ്യന്മാര്‍ ഡേവിഡിന് നേരെ ഇരച്ചു ചെന്നു. അവര്‍ നാലുപേരെയും ഏകാംഗ സൈന്യത്തെ പോലെയാണ് അയാള്‍ നേരിട്ടത്. വാംഗ് അപ്പോഴേക്കും കണ്ണടച്ചിരുന്നു. ജാനറ്റിന്‍റെ അടക്കിപ്പിടിച്ച കരച്ചില്‍ ശബ്ദം അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്ന യോദ്ധാക്കളുടെ സീല്‍ക്കാര ശബ്ദങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. പൂമുഖം കടന്ന് അകത്തെത്തിയ ഒരു അപരിചിതനില്‍ അവളുടെ കണ്ണുകള്‍ ഉടക്കിയത് പെട്ടെന്നാണ്.
അമ്പതിന് മുകളില്‍ പ്രായം. മുടി അങ്ങിങ്ങായി നരച്ചിട്ടുണ്ട്. ഷര്‍ട്ടിനു മുകളില്‍ ജാക്കറ്റും ജീന്‍സുമാണ് വേഷം. സണ്ണി. പോലിസ് സൂപ്രണ്ട്.
അടുത്ത നീക്കത്തിനായി വാംഗിന്‍റെ പടയാളികള്‍ തയ്യാറെടുക്കുമ്പോള്‍ സണ്ണി ഡേവിഡിന് മുന്നിലെത്തി.
ക്യാന്‍ വീ ? : ഒരു ചെറു ചിരിയോടെ സണ്ണി ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല ഡേവിഡിന്. സണ്ണിയുടെ കൃത്യതയാര്‍ന്ന ചുവടുകളില്‍ എതിരാളിയുടെ കാലിടറി. പിടിച്ചു നില്‍ക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഡേവിഡ് കയ്പ്പ് നീര് കുടിച്ചു കൊണ്ടിരുന്നു. അവസാനം അടിവയര്‍ ലക്ഷ്യമാക്കിക്കൊണ്ടുള്ള സണ്ണിയുടെ ഊക്കനിടിയില്‍ പന്ത് പോലെ തെറിച്ച അയാള്‍ വീണിടത്ത് കിടന്ന് ചോര തുപ്പുകയും ചെയ്തു.
സണ്ണി ആരെന്ന് മനസിലായില്ലെങ്കിലും അയാളുടെ മികവിലും നേടിയ ജയത്തിലും ജാനറ്റിന് അതിയായ സന്തോഷം തോന്നി. പോരാളികള്‍ ആരാധനയോടെ അയാളെ നോക്കി. ഡേവിഡ് എഴുന്നേല്‍ക്കും മുമ്പ് അടുത്തെത്തിയ സണ്ണി അയാളുടെ കൈകള്‍ പുറകിലേക്കാക്കി പോക്കറ്റില്‍ നിന്ന് വിലങ്ങെടുത്ത് അണിയിച്ചു.
ഐ ആം സണ്ണി. പോലിസ് സൂപ്രണ്ട് : ഡേവിഡ് പകച്ചു കൊണ്ടു നോക്കിയപ്പോള്‍ ആ മുഖത്തേക്ക് നോക്കി അയാള്‍ പറഞ്ഞു.
ഇന്നലെ രാത്രി ദിയു മാര്‍ക്കറ്റില്‍ എത്തിയത് മുതല്‍ ഞാന്‍ നിന്‍റെ പിന്നാലെയുണ്ട്. അവിടത്തെ ക്രിമിനല്‍സിന്‍റെ കേന്ദ്രത്തില്‍ നിന്നെ പോലൊരു വിദേശി വന്നത് കൊണ്ടാണ് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത്. പിന്നീട് ട്രെയിനില്‍ വച്ച് നടന്ന സംഭവം എന്‍റെ സംശയം വര്‍ദ്ധിപ്പിച്ചു. നിന്‍റെ കൂട്ടുകാരന്‍ മാര്‍ട്ടിന്‍ നേരത്തെ തന്നെ എഫ്ബിഐയുടെ പിടിയിലായിരുന്നു. ഇന്നലെ അയാളെ വച്ച് അവര്‍ നിനക്ക് വല വിരിച്ചത് കാര്യങ്ങള്‍ ഒന്നു കൂടി ഉറപ്പിക്കാനാണ്. നീ എല്ലാം തുറന്ന് പറഞ്ഞത് അന്വേഷണം എളുപ്പമാക്കി.
ഒരു കള്ള പാസ്പ്പോര്‍ട്ടില്‍ ഇവിടെ വന്ന്, തെളിവുകളെല്ലാം ഇല്ലാതാക്കി, ഒന്നുമറിയാത്തവനെ പോലെ തിരിച്ചുപോകാന്‍ ഞങ്ങളെന്താ മണ്ടന്മാരാണെന്ന് വിചാരിച്ചോ മിസ്റ്റര്‍ ഡേവിഡ് ജോണ്‍ ? : സണ്ണി പറഞ്ഞു തീരുമ്പോഴേക്കും പോലീസുകാര്‍ അങ്ങോട്ട് വന്നു. കണക്കുക്കൂട്ടലുകള്‍ തെറ്റിയ നിരാശയില്‍ ചലനമറ്റ് നിന്ന ഡേവിഡിനെ അവര്‍ക്ക് കൈമാറി സണ്ണി ജാനറ്റിന് നേരെ തിരിഞ്ഞു.
സണ്ണിയുടെ അനുതാപത്തോടെയുള്ള നോട്ടം അവള്‍ക്ക് താങ്ങാനായില്ല. ജാനറ്റ് കരഞ്ഞുകൊണ്ട് അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.
വാംഗിന്‍റെ കോട്ടയെ വലയം ചെയ്തു നിന്ന ചീച്ചെങ്ങ് കാടുകള്‍ക്ക് മുകളില്‍ നിന്ന ചുവന്ന സൂര്യന്‍ പതുക്കെ താഴെയിറങ്ങി മരക്കൂട്ടത്തിലൊളിച്ചു. അതിനിടയില്‍ വളഞ്ഞു പുളഞ്ഞു കിടന്ന വിജനമായ ടാര്‍ റോഡിലൂടെ ഡേവിഡിനെയും വഹിച്ചുകൊണ്ടുള്ള പോലിസ് വാഹനം ഓട്ടം തുടങ്ങി.
The End