എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ?

എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ? 1

Image courtesy : Moonstone

ഉള്ളിക്ക് പിന്നേയും വില കൂടി. ഇവിടെയാണെങ്കില്‍ ഒരെണ്ണം പോലും എടുക്കാനില്ല : പൂമുഖത്ത് ചാരു കസേരയില്‍ പത്രം വായിച്ചുകൊണ്ടു കിടന്ന കേളുണ്ണി നായരെ അകത്ത് വാതില്‍ക്കല്‍ നിന്ന ഭാര്യ സാവിത്രിയമ്മ ഓര്‍മിപ്പിച്ചു.

കോടതി പറഞ്ഞത് നീയും കേട്ടതല്ലേ ? ഉള്ളിയെ ഇനി ഈ പടിക്കകത്തേക്ക് കേറ്റണ്ട. ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യമാകും : തിരിഞ്ഞു നോക്കാതെ തന്നെ കേളുണ്ണി നായര്‍ കല്‍പ്പിച്ചു.

നായര്‍ നാട്ടില്‍ അറിയപ്പെടുന്നതു തന്നെ പിശുക്കന്‍ നായര്‍ എന്ന പേരിലാണ്. ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ ആസ്ഥാന പിശുക്കന്‍. ഇതുപോലൊരു അറു പിശുക്കനെ വേറെ കണ്ടിട്ടില്ലെന്ന് അയാളെ അറിയുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറയും.

അറുപതിന് മേല്‍ പ്രായം. ഏറെക്കുറെ നരച്ച മുടി. നാട്ടിലെ ഒരു എയ്ഡഡ് പ്രൈമറി സ്കൂള്‍ മാനേജരാണെങ്കിലും അതിന്‍റെ അഹംഭാവമൊന്നും അയാള്‍ക്കില്ല. പ്രദേശത്ത് എന്തു പരിപാടി നടന്നാലും അതിനി ഉല്‍സവമോ പള്ളിപ്പെരുന്നാളോ ആയാല്‍ കൂടി നൂറു രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുകയുമില്ല. സദാ കാല്‍നടയായാണ് സഞ്ചാരം.

ഭാര്യ, രണ്ടു കുട്ടികള്‍. മകള്‍ ദേവികയുടെ വിവാഹം കഴിഞ്ഞു. സ്വന്തമായി നടത്തിയാല്‍ ചെലവ് കൂടുമെന്ന് ഭയന്ന്‍ നഗരത്തില്‍ നടന്ന ഒരു സമൂഹ വിവാഹ വേദിയില്‍ വച്ചാണ് അവളുടെ മംഗല്യം നടത്തിയത് എന്നു പറയുമ്പോള്‍ തന്നെ കേളുണ്ണി നായരുടെ പിശുക്കിന്‍റെ ആഴം വ്യക്തമാകും. ഇളയ മകന്‍ ഉണ്ണി കോളേജില്‍ പഠിക്കുന്നു.

നായരുടെ പിശുക്ക് ഇഷ്ടമല്ലെങ്കിലും വേറെ വഴിയൊന്നുമില്ലാത്തത് കൊണ്ട് ഭാര്യയും മക്കളും സഹിക്കുന്നു. എന്നാല്‍ മരുമകന്‍ അനിരുദ്ധന്‍റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. മാസം പതിനായിരത്തിന് മുകളില്‍ ശമ്പളമുള്ള ജോലിയുണ്ടെങ്കിലും പിശുക്കിന്‍റെ കാര്യത്തില്‍ അയാള്‍ അമ്മായിയപ്പനെയും തോല്‍പ്പിക്കും.

അരിഷ്ടിച്ചു ജീവിച്ച് കിട്ടുന്ന പണം മുഴുവന്‍ നാളത്തേക്കു വേണ്ടി കരുതി വയ്ക്കുന്നതാണ് അയാളുടെ രീതി. തന്‍റെ സ്വഭാവവുമായി സാമ്യമുള്ളത് കൊണ്ട് പിശുക്കന്‍ നായര്‍ക്ക് തുടക്കത്തില്‍ അയാളെ വലിയ കാര്യമായിരുന്നുവെങ്കിലും മറ്റുള്ളവരെ പരമാവധി മുതലാക്കുന്ന മരുമകന്‍റെ സ്വഭാവം തീരെ പിടിക്കാറില്ല.

ശരി. പക്ഷേ, ഗ്യാസ് തീര്‍ന്നു.ആ കൃഷ്ണനോട് പറഞ്ഞ് ഒരു കുറ്റി എടുപ്പിച്ചിരുന്നെങ്കില്‍………….. : ഭാര്യ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്നേ നായര്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.

അക്കാര്യം കൂടി അങ്ങ് മറന്നേക്കുക. ഇനി ഗ്യാസ് കിട്ടണമെങ്കില്‍ ആധാരം ബന്ധിപ്പിക്കണമെന്നാ കേട്ടത്. കിടപ്പാടം കൂടി പോയാല്‍ തീര്‍ന്നില്ലേ ? അതുകൊണ്ട് ഇവിടെ പറമ്പില്‍ ഇഷ്ടം പോലെ വിറക് സമാനങ്ങളുണ്ട്. അതുവച്ച് വെച്ചുണ്ടാക്കിയാല്‍ മതി ഇനി മുതല്‍………….. : പത്രത്തിന്‍റെ പേജ് മറിക്കുന്നതിനിടയിലുള്ള അയാളുടെ കല്‍പന കേട്ട് സഹധര്‍മ്മിണി തലകുലുക്കി.

അകത്തേക്ക് തിരിയുന്നതിനിടയിലാണ് ഉണ്ണി എന്തിനോ വേണ്ടി നില്‍ക്കുന്നത് അവര്‍ കണ്ടത്. പെട്ടെന്ന് ഓര്‍മ വന്ന മട്ടില്‍ അവര്‍ പുറത്തേക്ക് തിരിഞ്ഞു.

ഉണ്ണി കോളേജില്‍ പോകാന്‍ നില്‍ക്കുന്നു. ബസ് ചാര്‍ജ് കൂട്ടിയത് കൊണ്ട് കാശു തീര്‍ന്നത്രേ. അതുകൊണ്ട് എന്തെങ്കിലും കൊടുക്കണം : സാവിത്രി ഒരു ഭാര്യയുടെ സ്വതസിദ്ധമായ അപേക്ഷാ സ്വരത്തില്‍ പറഞ്ഞു.

ഇവിടെ നിന്ന് നാലഞ്ച് കിലോമീറ്ററല്ലെ ഉള്ളത്. നടക്കട്ടെ. ഞാനും നടന്നാ വളര്‍ന്നത്. അല്ലെങ്കില്‍ തന്നെ നടക്കുന്നതു നല്ലതാണെന്ന് വലിയ വലിയ ഡോക്ടര്‍മാര്‍ വരെ പറയാറില്ലേ ? : ഭര്‍ത്താവിനോട് മറുത്തൊന്നും പറഞ്ഞു ശീലിച്ചിട്ടില്ലാത്ത അവര്‍ പിന്നെയൊന്നും പറഞ്ഞില്ല. പറഞ്ഞാലും അയാളുടെയടുത്ത് അതൊന്നും വിലപോകില്ലെന്ന് ആ സാധു സ്ത്രീയ്ക്ക് നന്നായറിയാം. അല്ലെങ്കില്‍ തന്നെ പൂജാമുറിയില്‍ ദൈവിക രൂപങ്ങളുടെ മറവില്‍ നോട്ടുകെട്ടുകളെ പ്രതിഷ്ഠിച്ചിരിക്കുന്ന ദിനവും അവയെ പൂവിട്ടു പൂജിക്കുന്ന ആളോട് വേറെ എന്തു പറയാനാണ് ?

നിസ്സഹായതയോടെ അകത്തേക്ക് പിന്‍വലിയുന്നതിനിടയിലാണ് സാവിത്രിയമ്മ ദൂരെ നിന്ന് നടന്നു വരുന്ന മകളേയും മരുമകനെയും കണ്ടത്. മാസങ്ങള്‍ക്ക് ശേഷമാണെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള വരവാണ്. അടുത്തെത്തിയപ്പോള്‍ ആകപ്പാടെ കോലം കെട്ട മകളെ തിരിച്ചറിയാന്‍ അച്ഛനും അമ്മയും കുറച്ചു കഷ്ടപ്പെട്ടു.

എന്തു പറ്റി മോളെ ? നീ ആകപ്പാടെ ക്ഷീണിച്ചല്ലോ ? : ദേവികയെ ചേര്‍ത്തു പിടിച്ച് അമ്മ ചോദിച്ചു. പക്ഷേ മറുപടി പറഞ്ഞത് മരുമകന്‍ അനിരുദ്ധനാണ്.

എന്തു പറയാനാ അമ്മേ ? അരിക്കും ഗോതമ്പിനുമൊക്കെ ഇപ്പോ എന്താ വില ? അതുകൊണ്ട് ഒരു നേരമേ ഞങ്ങള്‍ വെച്ചുണ്ടാക്കാറുള്ളൂ. പിന്നെ പറമ്പില്‍ ഇഷ്ടം പോലെ കാച്ചിലും കിഴങ്ങുമൊക്കെയുള്ളതു കൊണ്ട് അങ്ങനെ കഴിഞ്ഞു പോകുന്നു. : സ്വതസിദ്ധമായ ഭാവത്തില്‍ അയാള്‍ പറഞ്ഞതു കേട്ട് സാവിത്രിയമ്മ കേളുണ്ണി നായരെ നോക്കി. പിശുക്കിന്‍റെ കാര്യത്തില്‍ രണ്ടു പേരും ഒന്നിനൊന്ന് മെച്ചമാണല്ലോ എന്ന ചിന്ത ആ നോട്ടത്തിലുണ്ടായിരുന്നു. അതു മനസിലാക്കിയ നായര്‍ ഒന്നും അറിയാത്ത ഭാവത്തില്‍ പറമ്പിലെ പ്ലാവിലേക്ക് കണ്ണും നട്ടു നിന്നു.

നല്ല ചൂടുണ്ടല്ലോ. നിനക്കു സുഖക്കേട് എന്തെങ്കിലുമുണ്ടോ ? : മകളുടെ നെറ്റിയില്‍ കൈവച്ചുകൊണ്ട് സാവിത്രി ചോദിച്ചു. മറുപടിയായി ദേവിക ഒന്നമര്‍ത്തി മൂളുകയും അമ്മയുടെ മാറിലേക്ക് തല ചായ്ക്കുകയും ചെയ്തു. സാവിത്രിയമ്മ ചോദ്യ രൂപേണ അനിരുദ്ധനെ നോക്കി.

അതൊന്നും പറയണ്ട അമ്മേ. കഴിഞ്ഞ ദിവസം ഞങ്ങള്‍ രണ്ടു പേരും കൂടി തിരുനെല്ലി അമ്പലത്തില്‍ പോയിരുന്നു. അതിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഒരു പതിനഞ്ച് കിലോ മീറ്റര്‍ നടക്കേണ്ടി വന്നു. വണ്ടിയില്‍ പോകാമെന്ന് വച്ചാല്‍ എന്താ ഇവന്മാരുടെ ചാര്‍ജ് ? അസ്സല്‍ കൊള്ളയല്ലേ ? അപ്പോ തുടങ്ങിയതാ ഇവള്‍ക്ക് പനി, ശ്വാസം മുട്ടല്‍. അതു പിന്നെയും കൂടിയെങ്കിലും ഞാന്‍ ഡോക്ടറെയൊന്നും കാണിച്ചില്ല കേട്ടോ. നാട്ടിന്‍പുറത്തുള്ള ഏത് ഒടന്‍കൊല്ലി വൈദ്യനാണെങ്കിലും ഒന്നു കാണണമെങ്കില്‍ ഒരു അമ്പതു രൂപയെങ്കിലും കയ്യില്‍ വച്ചു കൊടുക്കണം. അവന്മാര്‍ എഴുതുന്ന മരുന്നിന്‍റെ ചെലവ് വേറെയും. അതിനു പകരം നല്ല തുളസിയും ചുക്കും കുരുമുളകും കൂടിയിട്ട് തിളപ്പിച്ച കാപ്പിയിട്ടു കൊടുത്തു ഞാന്‍. അതോടെ പനി കുറഞ്ഞു. അപ്പോ തുടങ്ങിയതാ അച്ഛനെയും അമ്മയെയും കാണണമെന്നും പറഞ്ഞുള്ള ബഹളം. എന്നാ പിന്നെ അതാവട്ടെ എന്നു വച്ചു. അല്ലെങ്കില്‍ തന്നെ ഭാര്യ വീട്ടുകാരുടെ ചെലവില്‍ കുറച്ചു നാള്‍ ഉണ്ടുറങ്ങി കഴിയുന്നതിന്‍റെ സുഖം ഒന്നു വേറെ തന്നെയാണ്. : എല്ലാവരെയും മാറി മാറി നോക്കിക്കൊണ്ട് അനിരുദ്ധന്‍ ചിരിയോടെ പറഞ്ഞു.

Read  ഇന്‍ഷുറന്‍സ്

അവസാന വാചകത്തില്‍ പിശുക്കന്‍ നായരുടെ ചങ്ക് തകര്‍ന്നെങ്കിലും അയാള്‍ അത് പുറത്തു കാണിച്ചില്ല.അനിരുദ്ധന്‍റെ കഴിഞ്ഞ വരവില്‍ കുടുംബ ബജറ്റ് ആകപ്പാടെ താളം തെറ്റിയത് അയാള്‍ ഓര്‍ത്തു. സ്വന്തം വീട്ടില്‍ അരിഷ്ടിച്ചു ജീവിക്കുന്ന മരുമകന് പക്ഷേ ഭാര്യയുടെ വീട്ടില്‍ ചെന്നാല്‍ ആക്രാന്തമാണെന്ന കാര്യം കേളുണ്ണി നായര്‍ക്ക് കടുത്ത ഹൃദയ വേദനയുണ്ടാക്കി.

സാവിത്രിയമ്മ ഒന്നും പറയാതെ ദേവികയെയും ചേര്‍ത്തു പിടിച്ച് അകത്തേക്ക് നടന്നു. കേളുണ്ണി നായരും പിന്നാലേ നടന്നെങ്കിലും അനിരുദ്ധന്‍ പുറകെ നിന്ന്‍ അയാളെ തട്ടി വിളിച്ചു.

അമ്മാവാ, ഇവിടെ നല്ല പുഴമീന്‍ കിട്ടുമല്ലോ അല്ലേ ? : മരുമകന്‍ ചോദിച്ചപ്പോള്‍ മറുത്തൊന്നും പറയാനാവാതെ നിസഹായതയോടെ നായര്‍ തലയാട്ടി.

എങ്കില്‍ കുറച്ചു സംഘടിപ്പിക്കണം. രാത്രി പുഴമീനും കൂട്ടിയുള്ള ചോറ് ബെസ്റ്റാണ്. : അയാള്‍ പറഞ്ഞു.

കോഴിയോ താറാവോ വേണ്ടി വരുമോ ? : വാതില്‍പ്പടി കടന്ന്‍ അകത്തേക്ക് കയറിയ അനിരുദ്ധനോട് പരിഹാസരൂപേണ കേളുണ്ണി നായര്‍ വിളിച്ചു ചോദിച്ചു.

അതു നാളെ. ഏതായാലും കുറച്ചു ദിവസം ഞങ്ങള്‍ ഇവിടെയുണ്ടാകുമല്ലോ. അമ്മാവനെ ഒരു വഴിക്കാക്കിയീട്ടെ ഈ അനിരുദ്ധന്‍ തിരിച്ചു പോകൂ:

അമ്മാവന്‍റെ ചോദ്യത്തിലെ ദ്വയാര്‍ഥം മനസിലാക്കിയ മരുമകന്‍ മുറിയില്‍ നിന്ന്‍ തല പുറത്തേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.

കേളുണ്ണി നായര്‍ ഇടിവെട്ടേറ്റവനെ പോലെ തരിച്ചു നിന്നു. വെറും പാമ്പിനെയല്ല മൂര്‍ഖന്‍ പാമ്പിനെ തന്നെയാണ് അന്ന്‍ സമൂഹ വിവാഹ വേദിയില്‍ വച്ച് താന്‍ ചവിട്ടിയതെന്ന് അയാള്‍ക്ക് തോന്നി.

അന്നു മുതല്‍ ഉള്ളി തൊട്ട് മട്ടനും ചിക്കനും പോര്‍ക്കും വരെ ആ വീടിന്‍റെ തീന്‍മേശയില്‍ നിറയാന്‍ തുടങ്ങി.

ഗ്യാസ് തീര്‍ന്നതു കൊണ്ട് സാവിത്രിയമ്മക്ക് കൃഷ്ണന്‍ കൊണ്ടുവന്ന അഡീഷണല്‍ സിലിണ്ടറിനെയും ഇന്‍റക്ഷന്‍ സ്റ്റൌവിനെയും വരെ ആശ്രയിക്കേണ്ടി വന്നു.

ഉണ്ണി കോളേജിലേക്ക് പതിവു പോലെ ബസില്‍ പോകാന്‍ തുടങ്ങി.

വീട്ടു ചെലവുകള്‍ക്കായി കേളുണ്ണി നായര്‍ക്ക് സ്കൂളിന്‍റെ പിടിഎ ഫണ്ടിനെ ആശ്രയിക്കേണ്ടി വന്നു.

എഡ്വേര്‍ഡ് സ്നോഡന്‍റെ മോസ്കോ എയര്‍പോര്‍ട്ടിലെ കുടികിടപ്പ് പോലെ അനിരുദ്ധന്‍റെ ഭാര്യാ വീട്ടിലെ താമസവും അനന്തമായി നീണ്ടു പോയി.

The End