സ്കൂള്‍ ഡയറി

school diary

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഈ സംഭവം നടക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അഞ്ചാം ക്ലാസ്സില്‍ ഞാനായിരുന്നു സ്കൂള്‍ ഫസ്റ്റ്. ആ സമയങ്ങളിലൊക്കെ ഞാനും എന്‍റെ സുഹൃത്ത് ഗോകുല്‍ കുമാറും തമ്മിലായിരുന്നു, ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം.

ഞങ്ങളില്‍ ഒരാള്‍ ഒന്നാമനും മറ്റവന്‍ രണ്ടാമനും എന്നതായിരുന്നു സ്കൂളിലെ സ്ഥിതി. എന്നിരുന്നാലും ഞാന്‍ ശാസ്ത്ര വിഷയങ്ങളില്‍ കുറച്ചു പുറകിലായിരുന്നു. ഓരോന്നിന്‍റെയും ശാസ്ത്ര നാമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചാല്‍ എനിക്കൊന്നും അറിയില്ല. എന്നാല്‍ എന്‍റെ സുഹൃത്ത് നേരെ മറിച്ചായിരുന്നു. അവനു ശാസ്ത്രത്തിലും എനിക്ക് സാമൂഹ്യ പാഠത്തിലുമായിരുന്നു കൂടുതല്‍ മാര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്.

യുറീക്ക പരീക്ഷയ്ക്ക് പേര് കൊടുക്കേണ്ട ദിവസം. സയന്‍സില്‍ എന്‍റെ അറിവ് പരിമിതമായത് കൊണ്ട് ഞാന്‍ അതില്‍ താല്പര്യം കാണിച്ചില്ല. എന്നാല്‍ അതേ വിഷയത്തില്‍ നല്ല അറിവുള്ള എന്റെ കൂട്ടുകാരന്‍ പങ്കെടുക്കാന്‍ പേര് നല്‍കി, അതിന്‍റെ കൂടെ ഒരു പണി കൂടി ഒപ്പിച്ചു. കൂട്ടത്തില്‍ എന്‍റെ പേരും നല്‍കി. എന്നാല്‍ എഴുതില്ല എന്ന ദൃഢനിശ്ചയമുള്ളതു കൊണ്ട്, ഞാന്‍ അത് കാര്യമാക്കിയില്ല.

അവസാനം പരീക്ഷ ദിവസം വന്നെത്തി. എഴുതാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും റെഫര്‍ ചെയ്തതുമില്ല. ക്ലാസ് നടക്കുന്നതിനിടയില്‍, സയന്‍സ് എടുക്കുന്ന ശ്രീദേവി ടീച്ചര്‍ വന്ന്, പരീക്ഷ എഴുതാനുള്ളവര്‍ മറ്റൊരു ഹാളില്‍ മാറി ഇരിക്കാന്‍ പറഞ്ഞു. എന്‍റെ സുഹൃത്ത് ഉള്‍പ്പടെ കുറച്ചു പേര്‍ എഴുന്നേറ്റു പോയെങ്കിലും ഞാന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ മിണ്ടാതിരുന്നു.

വാതില്‍ക്കല്‍ വരെ പോയ ഗോകുല്‍ ഞാന്‍ കൂടെയില്ല എന്നറിഞ്ഞപ്പോൾ തിരിച്ചു വന്ന്, എന്നെ വിളിച്ചു. ഞാന്‍ പക്ഷെ പോകാന്‍ കൂട്ടാക്കിയില്ല.

“എന്നാല്‍ ഞാനും എഴുതുന്നില്ല” എന്ന് പറഞ്ഞ്  അവനും തിരിച്ചു വന്നിരുന്നു. ഇതെല്ലാം  കണ്ട്, ക്ലാസ് ടീച്ചര്‍ വന്ന് കാര്യം തിരക്കിയപ്പോള്‍ അവന്‍ ഉള്ളതെല്ലാം പറഞ്ഞു. ഉടനെ ടീച്ചര്‍ എന്നോട് ചോദിച്ചു:

മനോജ്‌ എന്താ എഴുതാത്തത് ?

ഞാന്‍ പറഞ്ഞു:

ഞാന്‍ ഒന്നും പ്രിപ്പയര്‍ ചെയ്തീട്ടില്ല.  അത് കൊണ്ടാ……………..

അത് സാരമില്ല. അറിയാവുന്നത് മാത്രം എഴുതിയാല്‍ മതി:   എന്ന് പറഞ്ഞു ടീച്ചര്‍ ഞങ്ങള്‍ രണ്ടു പേരെയും ഇറക്കി വിട്ടു.

ഈശ്വരാ:  എന്‍റെ കണ്ണില്‍ ഇരുട്ട് കയറി. ഈ കാര്യത്തില്‍ എന്‍റെ അറിവ് എനിക്കല്ലേ അറിയൂ………..  കഴിഞ്ഞ ദിവസം വരെ സ്കൂള്‍ ഫസ്റ്റ് എന്ന ഗമയില്‍ നടന്ന എനിക്ക് ഈ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയാലത്തെ അവസ്ഥ. ആരുടെയെങ്കിലും മുഖത്ത് നോക്കാന്‍ പറ്റുമോ ?

Read  രാജ്യസ്നേഹി

പ്രതീക്ഷിച്ച പോലെ പരീക്ഷയില്‍ ചോദിച്ചതെല്ലാം കടു കട്ടിയായ ചോദ്യങ്ങള്‍ ………. എനിക്ക് ഒന്നിന്‍റെയും ഉത്തരം അറിയില്ല. ടീച്ചർ ചോദ്യങ്ങൾ ചോദിക്കും, നാല് ഓപ്‌ഷനും പറയും. അതിൽ ശരിയെന്ന് തോന്നുന്ന ഓപ്‌ഷൻ മാത്രം എഴുതിയാൽ മതി. എ, ബി, സി, ഡി എന്നിങ്ങനെ………

ഒന്നും അറിയാത്തത് കൊണ്ട് ഞാന്‍ കറക്കി കുത്താന്‍ നിശ്ചയിച്ചു. ആദ്യത്തേതിന് “ബി” ഓപ്ഷന്‍ ഉത്തരമായി നല്‍കി. അടുത്തതിനു “എ”, അതിന്റെ അടുത്തതിനു”സി”, പിന്നെ”ഡി” എന്നിങ്ങനെ……

പരീക്ഷ ഹാളില്‍ കേറുമ്പോള്‍ , സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചിരുന്നു, ഏതു പുസ്തകമാണ് ഞാന്‍ റെഫര്‍ ചെയ്തതെന്ന്. ഞാന്‍ ഒന്നും റെഫര്‍ ചെയ്തില്ല എന്ന് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. പഠിക്കുന്ന കുട്ടികള്‍ ഇപ്പോഴും “ഞാന്‍ ഒന്നും പഠിച്ചിട്ടില്ല” എന്നാണല്ലോ, പറയുക……… ഞാന്‍ നുണ പറയുകയാണെന്ന് എല്ലാവരും കരുതി.

പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ആരോടും ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല. ഇത്രയും നാളത്തെ സൽപ്പേര് ഒരു ചീട്ടു കൊട്ടാരം പോലെ തകരാന്‍ പോകുമ്പോള്‍ ഞാന്‍ എന്ത് പറയാന്‍?

ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം. സയന്‍സ് ക്ലാസിന്‍റെ അവസാനം എല്ലാവരും കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്‍റെ ഇടയില്‍ ടീച്ചര്‍ എന്നോട് പറഞ്ഞു:

മനോജ്‌, ഞാന്‍ വിചാരിച്ച പോലെയല്ലല്ലോ………………..

ശ്രീദേവി ടീച്ചറാണ് യുരീക്കയുടെ പേപ്പർ നോക്കുന്നത് എന്നെനിക്കറിയാം, അത് കൊണ്ട് തന്നെ എന്‍റെ തല കുനിഞ്ഞു. വട്ട പൂജ്യമായിരിക്കും എന്‍റെ മാര്‍ക്ക് എന്നറിയാം. കൂട്ടുകാര്‍ എന്നെ നോക്കി കളിയാക്കി ചിരിക്കുകയാണോ എന്ന് തോന്നി.

അപ്പോഴേക്കും ടീച്ചറുടെ അടുത്ത വാക്കുകള്‍ എന്‍റെ കാതിൽ മുഴങ്ങി:

ഈ പ്രാവശ്യം മനോജിനാണ് സ്കൂള്‍ തലത്തില്‍ രണ്ടാം റാങ്ക്. കഴിഞ്ഞ വര്‍ഷം നമ്മുടെ സ്കൂളിനു വേണ്ടി ജില്ലാ തല ശാസ്ത്ര അഭിരുചി പരീക്ഷയില്‍ പങ്കെടുത്ത സനിത്തിനെക്കാള്‍ രണ്ടു മാര്‍ക്ക് കുറവ്.

ഈശ്വരാ: എനിക്ക് ഞെട്ടലാണുണ്ടായത്. തോല്‍ക്കും എന്നുറപ്പിച്ച എനിക്ക് സ്കൂള്‍ സെക്കന്റ്‌…. !!! പക്ഷെ ഞാന്‍ ഒന്നും പുറത്ത് കാണിച്ചില്ല. ഇതെല്ലാം പ്രതീക്ഷിച്ചതാണെന്ന മട്ടില്‍ നിസ്സംഗഭാവത്തിൽ ഇരുന്നു.

ഗോകുലിനു വളരെ കുറച്ചു മാര്‍ക്കെയുള്ളൂ. ഏതായാലും സനിത്ത് സ്കൂള്‍ മാറി പോകുന്നത് കൊണ്ട്, ജില്ലാ തലത്തിനു മനോജാണ് പോകുന്നത്. : ടീച്ചര്‍ വീണ്ടും പറഞ്ഞു.

ഞാന്‍ ഒന്നും പറഞ്ഞില്ല. കറക്കി കുത്തി കുത്തി ഇവിടെ വരെയെത്തിയല്ലോ എന്നാണു ഞാന്‍ ചിന്തിച്ചത്. ചിലപ്പോഴെല്ലാം കഥയേക്കാള്‍ വിചിത്രമാണല്ലോ ജീവിതം എന്ന് എനിക്ക് തോന്നി.

അടുത്ത ദിവസം, സ്കൂള്‍ അസ്സംബ്ലിയില്‍ വെച്ച് ഹെഡ്മിസ്ട്രെസ്സ് സർട്ടിഫിക്കറ്റ് തന്ന് എന്നെ അഭിനന്ദിച്ചു. പിന്നീട് എന്ത് സംശയത്തിനും സനിത്ത് എന്നെ സമീപിക്കാന്‍ തുടങ്ങി. അവന്റെ കണ്ണില്‍, അവനെക്കാള്‍ വെറും രണ്ടു മാര്‍ക്ക് പുറകിലാണല്ലോ ഞാന്‍………… ഞാനോ കഥയറിയാതെ ആട്ടം കാണുകയും……………

The End

Leave a Comment

Your email address will not be published. Required fields are marked *