
സിനിമയിലും നാടകത്തിലും മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമൊക്കെ അഭിനയിക്കുന്നത് വലിയ കാര്യമല്ല. പ്രേംനസീർ മുതൽ സുരേഷ് ഗോപി വരെയുള്ളവർ മലയാള സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ മൂന്നു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച അഭിനേതാക്കൾ അപൂർവമായേ ഉണ്ടാകൂ.
മലയാളത്തിൻ്റെ മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച് ആ അപൂർവ്വ നേട്ടം കൈവരിച്ചത്. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കൾ ആട്ചി എന്ന ചിത്രത്തിലൂടെ തമിഴകത്ത് അധികാരത്തിലെത്തിയ അദ്ദേഹം വൺ എന്ന മലയാള ചിത്രത്തിലൂടെയാണ് കേരളത്തിൽ അധികാരത്തിൽ എത്തിയത്.
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച മൂന്നു ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1 . മക്കൾ ആട്ചി

മമ്മൂട്ടിയെ നായകനാക്കി ആർ കെ ശെൽവമണി സംവിധാനം ചെയ്ത ചിത്രം. സേതുപതി എന്ന സാധാരണക്കാരൻ്റെ രാഷ്ട്രീയ പ്രവേശനവും മുഖ്യമന്ത്രി പദത്തിലേക്കുള്ള അയാളുടെ വളർച്ചയും ഇതിവൃത്തമാക്കിയ സിനിമ ഇന്നും തമിഴകത്തെ ഏറ്റവും നല്ല രാഷ്ട്രീയ ചിത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്.
പണത്തിൻ്റെ പിൻബലത്തിൽ നേട്ടങ്ങൾ ഓരോന്നായി സ്വന്തമാക്കിയ സേതുപതിയ്ക്ക് ഒരു നിർണ്ണായക സന്ദർഭത്തിൽ വീണ്ടു വിചാരമുണ്ടാകുകയും നന്മയുടെ പാതയിലേക്ക് മടങ്ങി വരുകയും ചെയ്യുന്നു. മൗനം സമ്മതം, അഴകൻ , ദളപതി എന്നിങ്ങനെയുള്ള ശ്രദ്ധേയമായ ചിത്രങ്ങൾ തമിഴിൽ ഇതിനു മുമ്പ് ചെയ്തിട്ടുള്ള മമ്മൂട്ടിയുടെ മലയാളത്തിന് പുറത്തുള്ള ആദ്യ സോളോ ഹിറ്റ് കൂടിയായ മക്കൾ ആട്ചിയിൽ റോജ, രഞ്ജിത, രാധാരവി , ലിവിങ്സ്റ്റൺ, മൻസൂർ അലിഖാൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.
രജനികാന്തിൻ്റെ മുത്തുവിനൊപ്പം 1995 ലെ ദീപാവലി റിലീസായി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫിസ് വിജയം മാത്രമല്ല നിരൂപക പ്രശംസയും നേടി. ആർതി ഇൻറർനാഷണലിൻ്റെ ബാനറിൽ തിരുപ്പൂർ എ ശെൽവരാജ് നിർമിച്ച സിനിമയ്ക്ക് സംഗീതം നൽകിയത് ഇളയരാജയാണ്.
2. വൈ എസ് ആർ യാത്ര

മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്‌ഡിയുടെ രാഷ്രീയ പോരാട്ടം ഇതിവൃത്തമാക്കിയ ചിത്രം. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് വൈ എസ് ആർ നടത്തിയ 900 മൈൽ പദയാത്രയാണ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആന്ധ്രയുടെ ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ്സിനെ സഹായിച്ചത്. ആ യാത്രയാണ് സിനിമയ്ക്ക് അവലംബമായത്.
വൈ എസ് ആറിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ജയിക്കുന്നത് വരെയുള്ള സംഭവങ്ങളാണ് യാത്രയിൽ മമ്മൂട്ടിക്ക് അഭിനയിക്കാനുണ്ടായിരുന്നത്. വൈ എസ് ആർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന യഥാർത്ഥ രംഗങ്ങളാണ് തുടർന്നുള്ള രംഗങ്ങളിൽ സിനിമയിൽ ഉപയോഗിച്ചത്. വൈ എസ് ആർ കോൺഗ്രസിനു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ ഈ ചിത്രം നൽകിയ സഹായം ചെറുതല്ല. ജഗപതി ബാബു, സുഹാസിനി എന്നിങ്ങനെയുള്ള വാൻ താര നിര അണിനിരന്ന യാത്ര സംവിധാനം ചെയ്തത് മഹി വി രാഘവ് ആണ്.
3. വൺ

ബോബി- സഞ്ജയുടെ രചനയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയത്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നടന്ന ഒരു പ്രധാന സംഭവത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമയിൽ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുമ്പോൾ അദ്ദേഹത്തിൻ്റെ സഹോദരി ലതികയായി നിമിഷ സജയനാണ് അഭിനയിച്ചത്.
ജോജു ജോർജ്, മുരളി ഗോപി, മധു, ബാലചന്ദ്ര മേനോൻ, സലിം കുമാർ, ജഗദിഷ്, രഞ്ജിത്ത്, മാമുക്കോയ എന്നിങ്ങനെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന വൺ ബോബിയും സഞ്ജയും മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി തൂലിക ചലിപ്പിച്ച ചിത്രം കൂടിയാണ്. ഇച്ഛായിസ് പ്രൊഡക്ഷൻസ് നിർമിച്ച സിനിമ പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ല.
Read ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം
[The article is first published on March 3, 2020]
Image Credit