ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം

oru-vadakkan-veeragatha-movie

സിനിമയിലായാലും സാഹിത്യത്തിലായാലും ക്ലാസിക്കുകള്‍ അപൂര്‍വമായേ പിറക്കാറുള്ളൂ. തകഴിയുടെ കഥയ്ക്ക് രാമു കാര്യാട്ട് ദൃശ്യഭാഷ രചിച്ച ചെമ്മീന്‍ അത്തരമൊരു ക്ലാസിക്ക് സിനിമയായിരുന്നു. അതിനു ശേഷം മലയാളം കണ്ട അപൂര്‍വമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ.

എം.ടിയുടെ രചനാവൈഭവവും ഹരിഹരന്‍റെ സംവിധാന മികവും ഭാവാഭിനയത്തിന്‍റെ അനന്തതലങ്ങളില്‍ വിരാജിക്കാനുള്ള മമ്മൂട്ടിയുടെ കഴിവും ഒത്തുചേര്‍ന്നപ്പോള്‍ മലയാളം ഒരിയ്ക്കലും മറക്കാത്ത മനോഹരമായ ദൃശ്യാനുഭവമായി ചിത്രം മാറി. ദേശീയ- സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയാലും ബോക്സ്ഓഫീസില്‍ പണക്കിലുക്കമുണ്ടാക്കാന്‍ കഴിയുമെന്ന് വടക്കന്‍ വീരഗാഥ തെളിയിച്ചു.

കഥകളുടെ അക്ഷയഖനിയായ വടക്കന്‍ പാട്ടുകളെ അവലംബിച്ച് ഇതിനുമുമ്പും മലയാളത്തില്‍ സിനിമകളുണ്ടായിട്ടുണ്ട്. തച്ചോളി ഒതേനന്‍, ആരോമല്‍ ചേകവര്‍, തച്ചോളി അമ്പു, ഒതേനന്‍റെ മകന്‍,  ഉണ്ണിയാര്‍ച്ച എന്നിങ്ങനെയുള്ള നിരവധി സിനിമകള്‍ പലപ്പോഴായി അക്കാലത്തെ സൂപ്പര്‍ നായകന്മാരെവെച്ച് മലയാളത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍ പാട്ടുകളെകുറിച്ചുള്ള സിനിമാസങ്കല്‍പ്പങ്ങളെയെല്ലാം ആ ഒരൊറ്റ ചിത്രത്തിലൂടെ എം.ടി എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്‍ പൊളിച്ചടുക്കി.

ആരോമല്‍ ചേകവര്‍ എന്ന വീരയോദ്ധാവിന്‍റെ മച്ചുനനായിരുന്ന ചന്തുവിനെ അറിയപ്പെടുന്നതുതന്നെ ചതിയന്‍ ചന്തു എന്ന പേരിലാണ്. സ്വാര്‍ഥലാഭത്തിനു വേണ്ടി അയാള്‍ പലരെയും ചതിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വായനക്കാരുടെയും മലയാള സിനിമാ പ്രേക്ഷകരുടെയും മനസില്‍ ചന്തുവിനെ കുറിച്ച് അതുവരെയുണ്ടായിരുന്ന ചിത്രം ഇതായിരുന്നു. അതുകൊണ്ടു തന്നെ അല്‍പം വെറുപ്പോടെയാണ് എല്ലാവരും ആ കഥാപാത്രത്തെ നോക്കിക്കണ്ടിരുന്നത്.

ചന്തു എന്ന പേര് തന്നെ ചതിയുടെയും വഞ്ചനയുടെയും പര്യായമായും മാറി. എന്നാല്‍ അതേ ചന്തുവിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച വടക്കന്‍ വീരഗാഥ വന്നതോടെ അന്തരീക്ഷം മാറി. ആളുകള്‍ സിനിമയോടൊപ്പം ചന്തുവിനെയും സ്നേഹിച്ചു, നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ജീവിതം മുഴുവന്‍ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ചന്തു സ്വന്തം മരണത്തിലൂടെ മറ്റുള്ളവരെ തോല്‍പ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ വിസ്മയിച്ചു. സിനിമയില്‍ ചന്തു വിജയിക്കുന്ന ഏക സന്ദര്‍ഭവും അതാണ്.

oru vadakkan veeragatha

നൂറ്റാണ്ടുകളായുള്ള കഥാപാത്ര സങ്കല്‍പങ്ങളെ തകിടം മറിച്ചുകൊണ്ട് സിനിമ എടുക്കുന്നത് ഒരു നിസാര കാര്യമല്ല. അതിനു അസാമാന്യമായ രചനാവൈഭവം തന്നെ വേണം. തെല്ലിട പിഴച്ചാല്‍ ധനനഷ്ടത്തോടൊപ്പം മാനഹാനിയുമാകും ഉണ്ടാകുക. ഇവിടെയാണ് എം.ടി വാസുദേവന്‍ നായര്‍ എന്ന ഇനിയും പകരക്കാരനില്ലാത്ത മഹാനായ എഴുത്തുകാരന്‍റെ തൂലികയുടെ മികവ് ഒരിക്കല്‍ കൂടി തെളിഞ്ഞത്.

ചന്തു എന്ന ചതിയനായ വില്ലനെ വളരെ സമര്‍ത്ഥമായി എല്ലാവരാലും ചതിക്കപ്പെട്ട ദുരന്തകഥാപാത്രമാക്കി അദ്ദേഹം മാറ്റി. എം.ടിയ്ക്ക് കൂട്ടായി ഹരിഹരനും മമ്മൂട്ടിയും കൂടി വന്നപ്പോള്‍ ജനം ചരിത്രത്തെ പോലും സംശയിച്ചു. ചരിത്ര സങ്കല്‍പങ്ങളെ ഇത്രയും തന്‍മയത്വത്തോടെ കടപുഴക്കിയെറിഞ്ഞ ഒരു സിനിമ ഒരുപക്ഷേ ലോക ചരിത്രത്തില്‍ തന്നെ വേറെയുണ്ടാവില്ല.

ഒരു സിനിമയുടെ തിരക്കഥ എങ്ങനെയാവണം എന്ന്‍ ചിത്രത്തിന്‍റെ രചനയിലൂടെ എം.ടി മാലോകരെ പഠിപ്പിച്ചു. കെ. ജയകുമാറും കൈതപ്രവും ബോംബെ രവിയും ചേര്‍ന്നൊരുക്കിയ ഗാനങ്ങളും ഹൃദ്യമായി. ചന്തുവിന്‍റെകഥാപാത്രം മമ്മൂട്ടിയുടെ പ്രശസ്തി വാനോളമുയര്‍ത്തി. അദേഹത്തിന്‍റെ അഭിനയ മികവ്, ഭാവാഭിനയം, സാഹസിക രംഗങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ്, ശബ്ദ-മുഖ ഭാവങ്ങള്‍ എന്നിവയെല്ലാം മലയാളമറിയാത്ത മറുഭാഷാ പ്രേക്ഷകരെപ്പോലും വിസ്മയിപ്പിച്ചു. വടക്കന്‍ വീരഗാഥയിലൂടെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആദ്യമായി അദേഹത്തെ തേടിയെത്തി.

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം 1

വടക്കന്‍ വീരഗാഥയ്ക്ക് മുമ്പും പിമ്പും നിരവധി നല്ല കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചെങ്കിലും  അദേഹത്തിന്‍റെ ഏറ്റവും മികച്ച കഥാപാത്രമായി പലരും ഇന്നും വാഴ്ത്തുന്നത് ‘ചതിയന്‍’ ചന്തുവിനെയാണ് . പക്ഷേ ചിത്രത്തില്‍ ചന്തുവായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നതാണ് വിചിത്രം.

ഒരു പുതുമുഖ നായകനെ അവതരിപ്പിക്കുന്ന ചിത്രം, അതായിരുന്നു വടക്കന്‍ വീരഗാഥയെ കുറിച്ചുള്ള സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും ആദ്യ സങ്കല്‍പം. ഹരിഹരന്‍ തന്നെയാണ് ഇക്കാര്യം അടുത്തിടെ വെളിപ്പെടുത്തിയത്. അതിനായി ഏറെ ശ്രമിച്ചെങ്കിലും യോജിച്ച ആളെ മാത്രം കിട്ടിയില്ല.

എം.ടിയുടെ സിനിമകളില്‍ അഭിനയിക്കാന്‍ എന്നും പ്രത്യേക താല്‍പര്യം പുലര്‍ത്തുന്ന മമ്മൂട്ടി പുതിയ ചിത്രത്തില്‍ ഒരു വേഷം ചോദിച്ച് ഹരിഹരനെ വിളിക്കുന്നത് (അന്നും അദ്ദേഹം സൂപ്പര്‍താരമാണ്!) അപ്പോഴാണ്. ആ ഒരൊറ്റ ഫോണ്‍ വിളിയിലൂടെ ചന്തുവിലേക്കുള്ള വാതില്‍ അദേഹത്തിന് മുന്നില്‍ തുറന്നു. തങ്ങള്‍ അത്രയും നാള്‍ തേടിക്കൊണ്ടിരുന്നത് മമ്മൂട്ടിയെ പോലെ ഒരാളെയായിരുന്നുവെന്ന് ഹരിഹരനും എം.ടിയും അപ്പോഴാണ് ഓര്‍ത്തത്.

കണ്ണപ്പന്‍ ചേകവരെ അവതരിപ്പിച്ച ബാലന്‍ കെ നായരും ആരോമലിനെ അവതരിപ്പിച്ച സുരേഷ് ഗോപിയും ഉണ്ണിയാര്‍ച്ചയെ അവതരിപ്പിച്ച മാധവിയും അരിങ്ങോടരെ അവതരിപ്പിച്ച ക്യാപ്റ്റന്‍ രാജുവും മുതല്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും ദേവനും ഭീമന്‍ രഘുവും ജോണിയും വരെ തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

പ്രണയാതുരയായ കാമുകിയായും വീരാംഗനയായും മാനഹാനി ഭയന്ന്‍ കാമുകനെ ചതിക്കുന്നവളായും ഭാവപ്പകര്‍ച്ചകള്‍ നടത്തിയ മാധവി പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. നടത്തത്തിലും ഭാവത്തിലും അഹങ്കാരിയായും വീര യോദ്ധാവായും പകര്‍ന്നാട്ടം നടത്തിയ സുരേഷ്ഗോപിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

എം.ടിയുടെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും അതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിയുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശവുമാണ് വടക്കന്‍ വീരഗാഥയുടെ ഏറ്റവും വലിയ പ്രത്യേകത. സര്‍ഗ്ഗം, പരിണയം, പഴശിരാജ പോലുള്ള നിരവധി സിനിമകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഹരിഹരന്‍റെ ഏറ്റവും മികച്ച ചിത്രം വടക്കന്‍ വീരഗാഥ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ക്ലാസിക്കുകള്‍ അങ്ങനെ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്.

ചെമ്മീന് ശേഷം മലയാളത്തില്‍ പ്രണയകഥകള്‍ നിരവധി വന്നെങ്കിലും അതില്‍ നിന്ന്‍ ഒരു ക്ലാസിക് പിറക്കാതെ പോയത് അതുകൊണ്ടാണ്. ഒരു വടക്കന്‍ വീരഗാഥയുടെ സ്ഥിതിയും വിഭിന്നമല്ല. സിനിമാഗവേഷകര്‍ക്കും എഴുത്തുകാര്‍ക്കും അഭിനയകുതുകികള്‍ക്കുമെല്ലാം പാഠപുസ്തകമായ ഈ സിനിമ മലയാളത്തിലെ അടുത്ത ക്ലാസിക് വരുന്നത് വരെ ഇതുപോലെ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും.


[This article first published in July 2013]