മനോജ്, ഉണ്ണിച്ചേട്ടന് തീരെ സുഖമില്ല. നിന്നെ കാണണമെന്ന് പറയുന്നു : ജയ ടീച്ചറുടെ ശബ്ദം ഫോണില്‍ കൂടി ഒഴുകിയെത്തിയപ്പോള്‍ ഞാന്‍ ഒന്ന് സ്തബ്ധനായി. കുറച്ചു നാളായി അദ്ദേഹം അസുഖബാധിതനാണ് എന്നറിയാമെങ്കിലും സ്ഥിതി വളരെ മോശമാണ് എന്ന് അപ്പോഴാണ് ഞാനറിഞ്ഞത്. പക്ഷേ പെട്ടെന്ന് നാട്ടില്‍ പോകാവുന്ന സ്ഥിതിയിലുമായിരുന്നില്ല ഞാന്‍.
അന്ന് ഞാന്‍ കോയമ്പത്തൂരില്‍ ജോലി ചെയ്യുകയാണ്. അതോടൊപ്പം ഒരു മള്‍ട്ടിമീഡിയ കോഴ്സ് ചെയ്യുന്നുമുണ്ട്. അതിന്റെ ഒരു ഇന്റര്‍വ്യൂവിനുവേണ്ടി അടുത്ത ദിവസം മുംബെയില്‍ പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് ശരിയാക്കി മടങ്ങി വരുമ്പോഴാണ് അപ്രതീക്ഷിതമായി ടീച്ചറുടെ ഫോണ്‍ എന്നെ തേടിയെത്തിയത്.ഉണ്ണിച്ചേട്ടന്റെ ഭാര്യയും അദ്ദേഹത്തിന് സ്വന്തമായുള്ള യു.പി സ്കൂളിലെ ടീച്ചറുമാണ് അവര്‍.
നാട്ടില്‍ എന്റെ അയല്‍ക്കാരനും അടുത്ത കുടുംബ സുഹൃത്തുമായിരുന്നു ഉണ്ണിച്ചേട്ടന് എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന ബാലകൃഷ്ണന്. അദ്ദേഹം നാട്ടിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവും ഒരു എയ്ഡഡ് സ്കൂള്‍ മാനേജരുമൊക്കെയാണ്. മികച്ച പ്രാസംഗികന്, നല്ല പൊതുജന സ്വാധീനം, ഒരുപാട് ഭൂസ്വത്തുക്കള്‍. ഉല്‍സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് പോലെ നല്ല തലയെടുപ്പോടെ ഉണ്ണിച്ചേട്ടന് നടന്നുവരുമ്പോള്‍ ആളുകള്‍ ബഹുമാനത്തോടെ ഒതുങ്ങി നില്‍ക്കുന്നത് പലകുറി ഞാന്‍ കണ്ടിട്ടുണ്ട്. ആവലാതികള്‍ പറയാന്‍ നാട്ടുകാര്‍ എത്തുന്നതും അദ്ദേഹം അവയ്ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതും അന്നൊക്കെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെ സ്ഥിരം കാഴ്ചയായിരുന്നു.
കഞ്ഞി മുക്കിയ നല്ല തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും. അതാണ് അദ്ദേഹത്തിന്റെ സ്ഥിരം വേഷം. കെ.കരുണാകരനെയും എ.കെ ആന്റണിയെയും പോലുള്ള വലിയ വലിയ നേതാക്കള്‍ ഉണ്ണിച്ചേട്ടനെ കാണാന്‍ വരുന്നത് കണ്ടപ്പോള്‍ ആ മനുഷ്യനോടുള്ള എന്റെ ആരാധന കൂടി. വലുതായി അദ്ദേഹത്തെ പോലെയാകാന്‍ ഞാന്‍ ആശിച്ചു. പക്ഷേ ബഹുമാനത്തോടെ അകലെ നിന്ന് നോക്കികണ്ടതല്ലാതെ അദ്ദേഹവുമായി അടുത്തിടപെടാന്‍ എന്തോ എനിക്ക് ധൈര്യം വന്നില്ല. പക്ഷേ ഉണ്ണിച്ചേട്ടന് എന്നെ വലിയ കാര്യമായിരുന്നു. തിരക്കിനിടയിലും എന്റെയും വീട്ടുകാരുടെയും കാര്യങ്ങളന്വേഷിക്കാന്‍ അദ്ദേഹം പലപ്പോഴും സമയം കണ്ടെത്തി.
ആ ഉണ്ണിച്ചേട്ടനല്ലേ നിന്റെ ഹീറോ ? പക്ഷേ അയാളെ പോലെ ആകാണ്ടിരുന്നാല്‍ മതി. : ഒരിക്കല്‍ സ്കൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ കൂട്ടുകാരന് അനിയന് എന്നോട് പറഞ്ഞു.
അതെന്താ ? : ഞാന്‍ സംശയത്തോടെ അവനെ നോക്കി.
അതോ ? അയാള്‍ വെള്ളമടിക്കും. അതുതന്നെ കാര്യം : അനിയന് നിസ്സാരമായി പറഞ്ഞു.
സത്യം. : എന്റെ കണ്ണുകളിലെ അവിശ്വസനീയത കണ്ടപ്പോള്‍ അവന് വീണ്ടും പറഞ്ഞു.
പോടാ, നീ കമ്യൂണിസ്റ്റല്ലേ. അതാ ഇങ്ങനെയൊക്കെ തോന്നുന്നത് : അങ്ങനെ പറഞ്ഞ് ഞാന്‍ അമര്‍ഷത്തോടെ വേഗം വീട്ടിലേയ്ക്ക് നടന്നു.
അല്ലടാ, എന്റെ ഇളയപ്പനാ പറഞ്ഞത്. അങ്ങേര് പണിയെടുക്കുന്ന മിഥിലാ ബാറില്‍ ഇദ്ദേഹം ഇടയ്ക്കിടെ കൂട്ടുകാരുമൊത്ത് വരാറുണ്ടെന്നും വെള്ളമടിയ്ക്കാറുണ്ടെന്നുമൊക്കെ. ചിലപ്പോഴൊക്കെ ഇളയപ്പനെ കൊണ്ട് കുപ്പി വാങ്ങിപ്പിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടിലിരുന്നും അയാള്‍ കുടിയ്ക്കാറുണ്ട്. : അനിയന് എന്റെ വഴി തടഞ്ഞുകൊണ്ട് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
അത് സത്യമാണെങ്കിലും അല്ലെങ്കിലും അച്ഛന്റെ മരണത്തോടെ ഉണ്ണിച്ചേട്ടന് ആകെ തകരുന്നത് ഞാന്‍ കണ്ടു. നാട്ടുകാരുടെ ഏത് പ്രശ്നത്തിലും നിസ്വാര്‍ഥമായി ഇടപ്പെട്ടിരുന്ന, അവരെ സഹായിച്ചിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് രാമകൃഷ്ണന്. പഞ്ചായത്ത് പ്രസിഡന്റ് വരെയായ രാമേട്ടനെ പ്രസിഡന്റ് എന്ന വിളിപ്പേരിലാണ് പിന്നീട് മരണം വരെ നാട്ടുകാരില്‍ പലരും വിളിച്ചുകൊണ്ടിരുന്നത്. ആലപ്പുഴ ബസ് സ്റ്റാന്റിനു സമീപവും ചേര്‍ത്തല അമ്പലത്തിനു മുന്നിലുമൊക്കെയുള്ള കണ്ണായ ചില സ്ഥലങ്ങള്‍ അദ്ദേഹത്തിന്റേതായിരുന്നുവെന്നും കഷ്ടപ്പാട് പറഞ്ഞുവന്ന പലര്‍ക്കും അതെല്ലാം അദ്ദേഹം വെറുതെ കൊടുക്കുകയായിരുന്നുവെന്നും ഇടയ്ക്ക് ഞാന്‍ കേട്ടു.
പിന്നീട് ഉണ്ണിച്ചേട്ടന്റെ കൂടെ പരിചയമില്ലാത്ത ചില പുതിയ മുഖങ്ങള്‍ കണ്ടുതുടങ്ങി. അനിയന് പറഞ്ഞത് വെറും വാക്കല്ല സത്യമാണെന്ന് എനിക്കും ബോധ്യപ്പെട്ടു. സ്വസ്ഥതയില്ലാത്ത കുടുംബാന്തരിക്ഷവും നിയന്ത്രിക്കാന്‍ ആരുമില്ലാത്ത സാഹചര്യവും ഒത്തു ചേര്‍ന്നപ്പോള്‍ മദ്യം അദ്ദേഹത്തിന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി.
Read കടല്‍
ഞാന്‍ ജോലി കിട്ടി ചെന്നൈയിലേയ്ക്ക് പോയതോടെ നാടിന്റെ തല്‍സമയ ചിത്രങ്ങള്‍ എനിക്ക് അന്യമായെങ്കിലും ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അനിയന് വഴിയും വീട്ടില്‍ നിന്നുമെല്ലാം ഞാന്‍ അറിഞ്ഞുകൊണ്ടിരുന്നു. കാണുമ്പോഴെല്ലാം ഉണ്ണിച്ചേട്ടന് എന്നെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് അച്ഛനും പറഞ്ഞു.
നിന്റെ എഴുത്തൊക്കെ എങ്ങനെയുണ്ട് ? തിരക്കിനിടയില്‍ അതൊന്നും വിട്ടുകളയരുത്. ഞാന്‍ ചില പുസ്തകങ്ങള്‍ വീട്ടില്‍ ഏല്‍പ്പിക്കാം. നിനക്ക് പ്രയോജനപ്പെടും: ഒരിക്കല്‍ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എന്നില്‍ അമ്പരപ്പാണ് ഉളവാക്കിയത്. ഞാന്‍ വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിച്ചിരുന്നുവെങ്കിലും അത് വീട്ടിലും ചുരുക്കം ചില സുഹൃത്തുക്കള്‍ക്കുമല്ലാതെ വേറെയാര്ക്കുമറിയില്ല. പക്ഷേ അടുത്തകാലത്ത് ഒരു പ്രാദേശിക ക്ലബ്ബിന്റെ മാസികയില്‍ എന്റെ ഒരു കഥ വന്നിരുന്നു. അത് വായിച്ചിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ പിന്നീടറിഞ്ഞു. പറഞ്ഞത് പോലെ അടുത്ത ദിവസം ഉറൂബിന്റെയും എം.ടിയുടെയും ചില പുസ്തകങ്ങള്‍ അദ്ദേഹം എനിക്കായി വീട്ടിലെത്തിക്കുകയും ചെയ്തു.
മാസങ്ങള്‍ കഴിഞ്ഞ് അവധിക്ക് വന്നപ്പോഴാണ് ഞാന്‍ പിന്നെ ഉണ്ണിച്ചേട്ടനെ കണ്ടത്. അനിയനുമായി സംസാരിച്ച് പാടത്തിനടുത്തുള്ള കലുങ്കില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം നടന്നുപോകുന്നത് ദൂരെ നിന്ന് കണ്ടെങ്കിലും എനിക്കാദ്യം മനസിലായില്ല. പഴയ ആരോഗ്യമില്ല. ക്ഷീണിച്ച എല്ലുന്തിയ രൂപം. തിരിച്ചറിയാന്‍ കുറച്ചു സമയമെടുത്തു.
ആ സ്കൂളാ അയാളെ തകര്‍ത്തത് : ആ പോക്ക് നോക്കിയിരിക്കുമ്പോള്‍ അനിയന് എന്നോട് പറഞ്ഞു. ഒന്നും മനസിലാകാതെ ഞാന്‍ അവനെ നോക്കി.
സ്കൂളില്‍ ഇപ്പോള്‍ വേക്കന്സിയൊന്നുമില്ല. പക്ഷേ അവിടെ ജോലി കൊടുക്കാമെന്ന് പറഞ്ഞ് അങ്ങേര് കുറെ പേരുടെ കയ്യില്‍ നിന്ന് കാശ് വാങ്ങി. അവസാനം ജോലിയുമില്ല, കാശുമില്ല എന്ന സ്ഥിതി വന്നപ്പോള്‍ കേസായി. കടം തീര്‍ക്കാനായി കുറെ സ്ഥലം വിറ്റു. ബാക്കിയെല്ലാം അങ്ങേര് കുടിച്ചു തുലച്ചു. ഇനിയും ലക്ഷങ്ങളുടെ കടമുണ്ടെന്നാ കേള്‍ക്കുന്നത്. : അനിയന് പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ഉണ്ണിച്ചേട്ടന് നടന്ന് ദൂരെയെത്തി. രാഷ്ട്രീയത്തില്‍ അദ്ദേഹം വളര്‍ത്തി വലുതാക്കിയ പലരും അതിനകം ഉന്നത സ്ഥാനങ്ങളിലെത്തിയിരുന്നു. പക്ഷേ മദ്യവും എണ്ണിയാലൊടുങ്ങാത്ത കടങ്ങളും പിടിമുറുക്കിയ ഉണ്ണിച്ചേട്ടന്റെ ജീവിതം കോടതികളിലും പലിശക്കാരുടെ കയ്യിലും ചുറ്റിത്തിരിയുകയാണെന്നറിഞ്ഞപ്പോള് എനിക്ക് വിഷമം തോന്നി.
നിനക്കവിടെ സുഖമാണോ ? : തിരികെ പോകുന്നതിനു മുമ്പായി വീട്ടില്‍ ചെന്നുകണ്ടപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു. വാര്‍ദ്ധക്യം ബാധിച്ചത് പോലെ അദ്ദേഹത്തിന്റെ ശബ്ദം വിറച്ചു. നാല്പതുകള് മാത്രം പിന്നിട്ട ഉണ്ണിച്ചേട്ടനെ കണ്ടാല്‍ പക്ഷേ അതില്‍ കൂടുതല്‍ തോന്നിക്കുമെന്ന് എന്റെ മനസ്സ് പറഞ്ഞു. ആദരവോടെയുള്ള അകല്‍ച്ചയല്ല മറിച്ച് സഹതാപമാണ് അപ്പോള്‍ അദ്ദേഹത്തോട് എനിക്ക് തോന്നിയത്.
വിചാരിച്ചപ്പോലെ ഒന്നും നടന്നില്ല. : ഏറെ നേരത്തെ മൌനത്തിന് ശേഷം എന്റെ മനസ്സ് വായിച്ചെന്ന മട്ടില്‍ ഉണ്ണിച്ചേട്ടന് പറഞ്ഞു.
വേണ്ട വേണ്ട എന്നു വിചാരിക്കും, ഓരോ ദിവസവും. പക്ഷേ മനസ് നില്ക്കുന്നില്ല. : മുറിയുടെ ഒരു മൂലയില്‍ വെച്ചിരിക്കുന്ന ഒഴിഞ്ഞ ബ്രാണ്ടി കുപ്പികള്‍ നോക്കി അദ്ദേഹം തുടര്‍ന്നു. ഉണ്ണിച്ചേട്ടന് കോണ്‍ഗ്രസ്സിന്റെ ഏതോ പ്രാദേശിക യോഗത്തില്‍ പ്രസംഗിക്കുന്ന പഴയ ഒരു ചിത്രം ഫ്രെയിം ചെയ്തു വെച്ചത് എന്റെ കണ്ണില്‍പ്പെട്ടു. ആ ആള് തന്നെയാണ് മുന്നിലിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം തോന്നി.
ഇനി എന്റെ കാര്യം ഇങ്ങനെയൊക്കെ തന്നെയായിരിക്കും. എല്ലാം എന്റെ തെറ്റാണ്. അതിന് ഞാന്‍ ആരെയും പഴിക്കുന്നില്ല. ജയ ഇടക്കൊക്കെ നിന്നെകുറിച്ച് പറയാറുണ്ട്. അടുത്തിടെ മാതൃഭൂമിയില്‍ നിന്റെ ഒരു കഥ വന്നിരുന്നു, അല്ലേ ? അവള് പറഞ്ഞു. ഞാന്‍ നോക്കിയില്ല. അതെന്നല്ല ഇപ്പോ പത്രം പോലും നോക്കാനുള്ള മാനസികാവസ്ഥ എനിക്കില്ല. നീ നന്നാവും. എനിക്കുറപ്പുണ്ട്. പക്ഷേ ഈ എഴുത്തുകാര്‍ക്കുള്ള ചില ദു:ശ്ശീലങ്ങളുണ്ട്. അതിലൊന്നും ചെന്നു ചാടരുത്. അച്ഛനെയും അമ്മയെയും കഷ്ടപ്പെടുത്തരുത്. : പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞോ എന്ന് എനിക്കു സംശയം തോന്നി. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിക്കതിന് കഴിഞ്ഞില്ല. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ച.
കാലം കടന്നുപോയപ്പോള്‍ ഞാന്‍ നാട്ടിലേയ്ക്ക് അധികം വരാതെയായി. ഇടക്ക് ചെന്നൈ വിട്ടെങ്കിലും അധികം താമസിയാതെ ഞാന്‍ വീണ്ടും തമിഴകത്ത് തന്നെയെത്തി. കോയമ്പത്തൂരില്‍. നാട്ടിലെ ചില പ്രശ്നങ്ങളും കടങ്ങളും കാരണം അവിടത്തെ വീടും സ്ഥലവും വിറ്റ് അച്ഛനും അമ്മയും കൂടി എന്റെ കൂടെവന്നതോടെ ചേര്ത്തലയുമായുള്ള ബന്ധം ഏറെക്കുറെ അറ്റു. പക്ഷേ ചില സുഹൃത്തുക്കള്‍ ഫോണിലൂടെയും മെയിലിലൂടെയുമൊക്കെ നാട്ടിലെ പല കാര്യങ്ങളും എന്നെ ഇടക്കിടെ അറിയിച്ചുകൊണ്ടിരുന്നു. ഉണ്ണിച്ചേട്ടന് സുഖമില്ലെന്ന് അങ്ങനെയാണ് ഞാനറിഞ്ഞത്.
ഒരിക്കല്‍ രക്തം ഛര്‍ദ്ദിച്ച അദ്ദേഹത്തെ ആദ്യം ഏറണാകുളത്തെ ഒരു ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും സ്ഥിതി മെച്ചപ്പെടാത്തത് കൊണ്ട് ചെന്നൈ അപ്പോളോയിലേക്ക് മാറ്റിയ കാര്യം സ്കൂളിലെ പ്യൂണ്‍ വിജയനാണ് വീട്ടിലേയ്ക്ക് വിളിച്ചുപറഞ്ഞത്. അവിടത്തെ ചികില്‍സയില്‍ ഉണ്ണിച്ചേട്ടന്റെ അസുഖം കുറഞ്ഞെങ്കിലും പൂര്‍ണമായി മാറണമെങ്കില്‍ ഇനിയും മുപ്പത് ലക്ഷം രൂപയെങ്കിലും മുടക്കണം. ഇടയ്ക്കിടെ വയര്‍ വീര്‍ത്തുവരുന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രശ്നം. അനിയന്ത്രിത മദ്യപാനം മൂലം കരള്‍ തകര്‍ന്നതാണ് എല്ലാത്തിനും കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഉണ്ണിച്ചേട്ടനെ നേരില്‍ കാണണമെന്ന് തോന്നിയെങ്കിലും അടുത്തിടെ ഞാന്‍ കമ്പനി മാറിയതു കൊണ്ട് ലീവ് കിട്ടിയില്ല. പോരാത്തതിന് അടുത്ത് തന്നെ ഒരു മുംബൈ യാത്രയുമുണ്ട്. ഏതായാലും അവധി കഴിഞ്ഞ് തിരിച്ചുകയറുന്നതിന് മുമ്പായി അദ്ദേഹത്തെ നേരില്‍ കാണണമെന്ന് ഞാനുറപ്പിച്ചു.
ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം എനിക്ക് മുംബൈയില്‍ നില്‍ക്കേണ്ടി വന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും എടുത്ത് ലഞ്ച് പാഴ്സല്‍ വാങ്ങിക്കാന്‍ കാന്റീന് നേരെ നടക്കുമ്പോഴാണ് പോക്കറ്റിലെ മൊബൈല്‍ ശബ്ദിച്ചത്. പരിചയമില്ലാത്ത നമ്പറാണെങ്കിലും എടുത്തു.
മോനേ, ഉണ്ണിച്ചേട്ടന് പോയി. ഇന്നലെ രാത്രി………………..
വിങ്ങിപ്പൊട്ടലോടെ വന്ന ജയ ടീച്ചറുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം സ്തബ്ദനായി. മറുപടി പറയാന്‍ എനിക്ക് പെട്ടെന്ന് വാക്കുകള്‍ കിട്ടിയില്ല.
ചെന്നൈയിലായിരുന്നു. ഞങ്ങള്‍ ഉടനെ ഇവിടെനിന്ന് തിരിക്കും. നാട്ടില്‍ നിന്ന് പോരുമ്പോഴും നിന്നെ കുറിച്ച് ചോദിച്ചിരുന്നു : ടീച്ചര്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. മറുവശത്ത് വാക്കുകള്‍ മുറിയുന്നതും അതിനു പിന്നാലെ ഫോണ്‍ കട്ടാകുന്നതും ഞാനറിഞ്ഞു. എന്റെ കുട്ടിക്കാലത്ത് നാട്ടില്‍ രാജകീയമായി ജീവിച്ചിരുന്ന ഉണ്ണിച്ചേട്ടന് അങ്ങകലെ ചെന്നൈയിലെ ഏതോ ഹോസ്പിറ്റലിലെ ശീതീകരിച്ച മോര്ച്ചറിമുറിയില് ഒന്നുമറിയാതെ കിടന്നുറങ്ങുന്ന രംഗം മുന്നില്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ കണ്ണുകള്‍ അടച്ചു.
രാജ്യഭരണം നഷ്ടപ്പെട്ട് പേര്‍ഷ്യന്‍ മണലാരണ്യങ്ങളില്‍ കാലങ്ങളോളം അലഞ്ഞു തിരിയേണ്ടിവന്ന അറേബ്യന്‍ രാത്രികളിലെ പേരറിയാത്ത സുല്‍ത്താന്‍ ഉണ്ണിച്ചേട്ടന്റെ ഛായയാണെന്ന് എനിക്കു തോന്നി. ശിവാജി ടെര്‍മിനലിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ മറാത്തിയും തെലുഗുവും ഹിന്ദിയും നിറഞ്ഞുനിന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴും ആജാനുബാഹുവായ ആ പഴയ ഖദര്‍ധാരി എന്നിലെ വേദനിപ്പിക്കുന്ന ഒരോര്‍മയായി അവശേഷിച്ചു.
The End