വിവാഹവും വിവാഹമോചനവും വെള്ളിത്തിരയില്‍ പുത്തരിയല്ല. കാലങ്ങളായി നടക്കുന്നു, ഇനിയും നടക്കും. ഹോളിവുഡെന്നോ ബോളിവുഡെന്നോ മലയാളമെന്നോ അതിനു വ്യത്യാസവുമില്ല. സാധാരണക്കാരുടെ ഇടയിലും അടുത്ത കാലത്തായി ദാമ്പത്യ തകര്‍ച്ചയുടെ നിരക്ക് കൂടിയിട്ടുണ്ട്. പക്ഷേ അതേക്കുറിച്ച് അറിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. എല്ലാവരും പാപ്പരാസി കണ്ണുകളോടെ താരങ്ങളുടെ പുറകെയാണ്. ഏതെങ്കിലും നായകനും നായികയും രണ്ടു പടങ്ങളില്‍ ഒരുമിച്ചഭിനയിച്ചാല്‍ പിന്നെ അവരെ സിനിമാ മാസികകളുടെ ഗോസിപ്പ് കോളങ്ങളില്‍ നോക്കിയാല്‍ മതി. ഇനി അഥവാ പ്രണയിച്ചാലോ അവരെ പിരിക്കാനായിരിക്കും പിന്നെ എല്ലാവര്‍ക്കും ഉത്സാഹം. ആ താല്‍പര്യം വിവാഹം കഴിഞ്ഞ് അവര്‍ അടിച്ചുപിരിയുന്നത് വരെയുണ്ടാകും. അതുവരെ താരങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയും ചെയ്യും നമ്മളില്‍ ചിലര്‍.
മലയാള സിനിമയിലെ എണ്‍പതോളം പ്രശസ്ത വ്യക്തികളാണ് ഇതിനകം വിവാഹ മോചനം നേടിയിട്ടുള്ളത്. അതില്‍ തറവാട്ടിലെ കാരണവര്‍ തിക്കുറുശ്ശി സുകുമാരന്‍ നായര്‍ മുതല്‍ അടുത്തിടെ പിരിഞ്ഞ മമ്ത മോഹന്‍ദാസ് വരെയുള്ളവര്‍ പെടും. അങ്ങനെയുള്ള ചില ആളുകളെ പരിചയപ്പെടാം.
1. കാവ്യ മാധവന്‍
കാവ്യയുടെ ദാമ്പത്യ തകര്‍ച്ചയോടെയാണ് താരങ്ങളിലെ വിവാഹമോചനങ്ങള്‍ വീണ്ടും വാര്‍ത്തയായത്. 2009 ഫെബ്രുവരി 5നാണ് കാവ്യയും കുവൈറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാലും വിവാഹിതരായത്. 2010 ജൂലൈ മാസത്തില്‍ എറണാകുളം കുടുംബ കോടതിയില്‍ നടി വേര്‍പിരിയാനുള്ള അപേക്ഷ നല്‍കിയെങ്കിലും പരസ്പര സമ്മത പ്രകാരം 2011 മേയിലാണ് കോടതി ഇരുവരുടെയും വിവാഹ മോചനം അനുവദിച്ചത്. നിശാല്‍ അടുത്തിടെ വീണ്ടും വിവാഹിതനായി.
2. ദിലീപ്
ദിലീപും മഞ്ജു വാര്യരും മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ ദമ്പതികളായിരുന്നു. ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്ന് ഏറെ നാളായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ദിലീപ് തന്നെ എല്ലാം സ്ഥിതീകരിച്ചു. വേര്‍പിരിയാനുള്ള അപേക്ഷ ഇന്ന്‍ എറണാകുളം കുടുംബകോടതിയില്‍ ഔദ്യോഗികമായി നല്‍കുകയും ചെയ്തു. മഞ്ജുവില്‍ നിന്നുള്ള മാനസിക പീഡനമാണ് ദിലീപ് വിവാഹ മോചനത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്.
3. മുകേഷ്
പഴയ കാല നടി കൂടിയായിരുന്ന സരിതയാണ് മുകേഷിന്‍റെ ആദ്യ ഭാര്യ. അവരുമായി വേര്‍പ്പിരിഞ്ഞ നടന്‍ അടുത്തിടെ നര്‍ത്തകി കൂടിയായ മേതില്‍ ദേവികയെ വിവാഹം കഴിച്ചു. ദേവികയുടേതും രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തില്‍ ഒരു മകനുണ്ട്. മുകേഷിന്‍റെ ആദ്യ വിവാഹത്തിലെ രണ്ട് ആണ്‍മക്കളും സരിതയുടെ കൂടെ ദുബായിലാണ് താമസം.
സരിതയുടെ രണ്ടാം വിവാഹമാണ് മുകേഷുമായി നടന്നത്. തെലുഗു നടനായ വെങ്കട സുബ്ബയ്യയായിരുന്നു അവരുടെ ആദ്യ ഭര്‍ത്താവ്.
4. രചന നാരായണന്‍കുട്ടി
മലയാളത്തിലെ ശ്രദ്ധേയയായ യുവനടി. ഭര്‍ത്താവായ അരുണില്‍ നിന്ന്‍ അടുത്ത കാലത്താണ് അവര്‍ വേര്‍പിരിഞ്ഞത്. ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് രചന വിവാഹ മോചനത്തിനുള്ള കാരണമായി പറഞ്ഞത്.
5. മനോജ് കെ ജയന്‍
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ 2008ല്‍ അവര്‍ പിരിഞ്ഞു. ഇരുവര്‍ക്കും ഒരു മകളുണ്ട്.
മനോജ് പിന്നീട് ലണ്ടന്‍ മലയാളിയായ ആശയെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു മകനുണ്ട്. ഉര്‍വശിയും അടുത്തിടെ പുനര്‍വിവാഹിതയായി. കുടുംബ സുഹൃത്തും ചെന്നൈയില്‍ സ്ഥിര താമസവുമായ ശിവനെയാണ് അവര്‍ വിവാഹം കഴിച്ചത്.
6. സായ് കുമാര്‍
നാടകത്തില്‍ ഒരുമിച്ച് അഭിനയിച്ച പ്രസന്ന കുമാരിയെയാണ് സായ്കുമാര്‍ വിവാഹം കഴിച്ചത്. വൈഷ്ണവിയാണ് മകള്‍. പക്ഷേ പിന്നീട് ഭര്‍ത്താവില്‍ നിന്ന്‍ സംരക്ഷണം തേടി പ്രസന്ന കുമാരിയും വിവാഹ മോചനം തേടി സായ് കുമാറും കോടതിയിലെത്തി. ഭാര്യക്ക് തന്നെക്കാള്‍ ആറു വയസ് കൂടുതലാണെന്നും അത് മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു. തുടര്‍ന്നു അദ്ദേഹം നടി ബിന്ദു പണിക്കരെ വിവാഹം കഴിച്ചു. ആദ്യ ഭര്‍ത്താവ് മരിച്ച ബിന്ദുവിനും ഇത് രണ്ടാം വിവാഹമാണ്.
7. ബാബുരാജ്
വില്ലന്‍ വേഷങ്ങളില്‍ നിന്ന്‍ സാള്‍ട്ട് ആന്‍റ് പെപ്പറിലൂടെ കോമഡി വേഷങ്ങളിലേക്ക് മാറിയ നടന്‍. ആദ്യ വിവാഹം പരാജയമായ അദ്ദേഹം പിന്നീട് നടി വാണി വിശ്വനാഥിനെയാണ് വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ ബാബുരാജിന് രണ്ട് ആണ്‍കുട്ടികളുണ്ട്.
8. ലെന
ന്യൂ ജനറേഷന്‍ സിനിമയിലൂടെ മുന്‍ നിരയിലേക്ക് വന്ന ലെന അടുത്തിടെയാണ് വിവാഹ മോചിതയായത്. 22 എഫ്കെ എന്ന ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് ആയിരുന്നു ഭര്‍ത്താവ്. കുട്ടികളില്ല.
9. മമ്ത മോഹന്‍ദാസ്
മമ്തയുടെ ഭര്‍ത്താവ് പ്രജിത്ത് അവരുടെ ബാല്യകാല സുഹൃത്ത് കൂടിയായിരുന്നു. 11.11.11നു നിശ്ചയം കഴിഞ്ഞ ഇരുവരും പിരിയാനുള്ള തീരുമാനം പുറത്തുവിട്ടത് 12.12.12നാണ് എന്നത് മാധ്യമങ്ങളും ആരാധകരും ശരിക്ക് ആഘോഷിച്ചു. മറ്റ് പല നടിമാരെയും പോലെ വിവാഹത്തിന് ശേഷം അഭിനയിക്കാന്‍ തീരുമാനിച്ചതാണ് മമ്തയ്ക്കും വിനയായതെന്ന് പറയപ്പെടുന്നു.
10. ജഗതി ശ്രീകുമാര്‍
പൃഥ്വിരാജിന്‍റെ അമ്മയായ മല്ലികയുമായാണ് ജഗതിയുടെ ആദ്യ വിവാഹം നടന്നത്. അവരുമായി പിരിഞ്ഞതിന് ശേഷം അദ്ദേഹം രണ്ടു വട്ടം കൂടി വിവാഹിതനായി.. ഇപ്പോഴത്തെ ഭാര്യയായ ശോഭയില്‍ രണ്ടു മക്കളുണ്ട്- രാജ്കുമാര്‍, പാര്‍വതി. തലസ്ഥാനത്ത് തന്നെയുള്ള ഒരു പഴയകാല നടിയില്‍ തനിക്ക് ഒരു മകള്‍ കൂടിയുണ്ടെന്ന് അപകടത്തിന് തൊട്ടു മുമ്പ് ജഗതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശ്രീലക്ഷ്മി എന്ന ആ മകള്‍ ഇപ്പോള്‍ തിരക്കേറിയ ഒരു ടെലിവിഷന്‍ അവതാരിക കൂടിയാണ്.
ഇവര്‍ മാത്രമല്ല, കമല്‍ ഹാസന്‍, തിലകന്‍, ശങ്കര്‍, പ്രകാശ് രാജ്, ശരത് കുമാര്‍, അരവിന്ദ് സ്വാമി,പ്രഭുദേവ, രഘുവരന്‍, സന്തോഷ് പണ്ഡിറ്റ്, സിദ്ധാര്‍ഥ് ഭരതന്‍, ഗണേഷ് കുമാര്‍, വിജയ് മേനോന്‍ പഴയ കാല നടിമാരായ ശാരദ, ഷീല, ജയഭാരതി,രേവതി, രോഹിണി, ഗൌതമി, മോഹിനി, ശ്രീവിദ്യ, മാതു, സുകന്യ, കല്‍പന, ജ്യോതിര്‍മയി, മഞ്ജു പിള്ള, ലക്ഷ്മി, ഐശ്വര്യ,തെസ്നി ഖാന്‍ എന്നിവരും ദാമ്പത്യ തകര്‍ച്ചയെ അതിജീവിച്ചവരാണ്. പരസ്പരമുള്ള അഭിപ്രായ വ്യത്യാസമാണ് അധികം പേരുടെയും ജീവിതത്തില്‍ വില്ലനായത്. ഈഗോ, പുതിയ മേച്ചില്‍പ്പുറത്തിനുള്ള സാധ്യതകള്‍, സിനിമയെ വിട്ടുപിരിയാനുള്ള വൈമുഖ്യം എന്നിവ വിനയായവരും ഇക്കൂട്ടത്തിലുണ്ട്.
[My article originally published in Kvartha on 05.06.2014]