സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇപ്പോൾ 48 വയസ്. അത്ഭുതപ്പെടേണ്ട, അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. 1975 ആഗസ്റ്റ് 18നാണ് രജനിയുടെ ആദ്യ ചിത്രമായ അപൂര്‍വരാഗങ്ങള്‍ റിലീസ് ചെയ്തത്. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവായിട്ടാണ് അദ്ദേഹം അഭിനയിച്ചത്.
ശ്രീവിദ്യയുടെ ബംഗ്ലാവിന്റെ പടുകൂറ്റന്‍ ഗേയ്റ്റ് മലര്‍ക്കേ തുറന്ന് കടന്നുവന്ന രജനി അതുവഴി തമിഴകത്തിന്റെ സൂപ്പര്‍താര പദവിയിലേക്കാണ് നടന്നു കയറിയത്. യാഥാസ്ഥിതിക തമിഴ് ജീവിതത്തിന്റെ സദാചാര സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സിനിമ ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചു. അപൂര്‍വ രാഗങ്ങള്‍ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും രജനിയുടെ പ്രതിനായക വേഷം നിരൂപക ശ്രദ്ധ നേടി.
രജനി–കമല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അനവധി സിനിമകള്‍ പിന്നീട് തിയറ്ററുകള്‍ നിറച്ചു. ആദ്യ കാലങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിയ ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന ഇന്നത്തെ തലൈവര്‍ 1977ല്‍ പുറത്തിറങ്ങിയ ഭുവന ഒരു കേള്‍വിക്കുറി എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകനായത്. എസ്പി മുത്തുരാമനായിരുന്നു സംവിധാനം. സിനിമയുടെ മികച്ച വിജയം രജനിയെ തമിഴ് സിനിമയുടെ ഉന്നതങ്ങളില്‍ എത്തിച്ചു.
തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രജനിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്നത്തെ മുടിചൂടാമന്നനായിരുന്ന എംജിആര്‍ താരത്തിന്റെ വഴിയില്‍ ഏറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നത് ഇന്ന് ചരിത്രം.അതുകൊണ്ടാവണം സൂപ്പര്‍സ്റ്റാര്‍ ഇന്നും ഒരു വേദിയിലും എംജിആറിനെ കുറിച്ച് ഒരു വാക്ക് പോലും പറയാറില്ല.
രജനികാന്തിനെ കുറിച്ച് അധികമാരും അറിയാത്ത രസാവഹമായ ചില കാര്യങ്ങളുണ്ട്. അതില്‍ ചിലത് പരിശോധിക്കാം.
- തമിഴ് സിനിമയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ തിയറ്ററുകളില്‍ ഏറ്റവുമധികം കാലം തുടര്‍ച്ചയായി ഓടിയ ചിത്രം എന്ന ബഹുമതി രജനി ചിത്രമായ ചന്ദ്രമുഖിക്കാണ്. മണിച്ചിത്രത്താഴിന്റെ റീമേക്കായ സിനിമ ചെന്നെയിലെ കമല തിയറ്ററില്‍ 804 ദിവസമാണ് കളിച്ചത്.
- രജനി നായകനായ സയന്‍സ് ഫിക്ഷന്‍ ചിത്രം ഏന്തിരനും 2.0 നും തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളാണ്. ഷങ്കര്‍ സംവിധാനം ചെയ്ത എന്തിരൻ 300 കോടിയിലധികം കളക്റ്റ് ചെയ്തപ്പോൾ രണ്ടാം ഭാഗമായ 2.0 നേടിയത് 800 കോടിയിലധികമാണ്.
- ബാംഗ്ലൂരിലെ ഒരു മറാത്തി കുടുംബത്തില്‍ ജനിച്ച രജനിക്ക് ഛത്രപതി ശിവാജിയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാതാപിതാക്കള്‍ ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന പേര് നല്‍കിയത്.
- രാമോജി റാവു ഗെയ്ക്ക്വാദ് എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ നാലു മക്കളില്‍ ഇളയവനാണ് രജനി. രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമാണ് അദ്ദേഹത്തിനുള്ളത്.
- സ്കൂള്‍ പഠനത്തിന് ശേഷം കൂലി, ആശാരി, ബസ് കണ്ടക്ടര്‍ എന്നിങ്ങനെ പല ജോലികളും രജനി ചെയ്തിട്ടുണ്ട്.
- അലാവുദ്ദീനും അത്ഭുത വിളക്കും, ഗര്‍ജനം എന്നിവയാണ് രജനി അഭിനയിച്ച മലയാള ചിത്രങ്ങള്‍. ഇവ രണ്ടും ഒന്നിലധികം ഭാഷകളില്‍ ഒരുമിച്ചെടുത്തവയാണ്.
- വിവിധ ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും രജനിക്കുണ്ടായി. വിഷ്ണുവര്ദ്ധന് (കന്നഡ), എന്‍ ടി രാമറാവു (തെലുഗു), അമിതാഭ് ബച്ചന് (ഹിന്ദി), കമല്‍ ഹാസന് (തമിഴ്), മമ്മൂട്ടി (മലയാളം), മോഹൻലാൽ (മലയാളം), ശിവ രാജ്കുമാർ (കന്നഡ) എന്നിവരാണ് അതില്‍ പ്രമുഖര്‍.
- 1980ന്റെ തുടക്കത്തില്‍ അഭിനയരംഗം വിടാന്‍ രജനി തീരുമാനിച്ചെങ്കിലും ബില്ല എന്ന ചിത്രത്തിലൂടെ മടങ്ങി വന്നു. ഡോണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ റീമേക്കായ സിനിമ അദ്ദേഹത്തെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തി.
- 1988ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ ബ്ലഡ് സ്റ്റോണ്‍ എന്ന ഹോളിവുഡ് സിനിമയില്‍ ഇന്ത്യന്‍ ടാക്സി ഡ്രൈവറായി രജനി അഭിനയിച്ചിട്ടുണ്ട്. ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ അമേരിക്കന്‍ ചിത്രമാണ് ഇത്.
- യഥാര്‍ത്ഥ മനുഷ്യരെയും ആനിമേഷനും സംയോജിപ്പിച്ചെടുത്ത ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി രജനി കാന്തിന്റെ രാജ ചിന്ന റോജ എന്ന ചിത്രത്തിനുള്ളതാണ്.
- ജപ്പാനീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ ആദ്യ തമിഴ് സിനിമ രജനി–കെഎസ് രവികുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മുത്തുവാണ്. രാജ്യത്തു നിന്ന് 1.6 ദശലക്ഷം ഡോളര്‍ കളക്റ്റ് ചെയ്തതോടെ രജനി ചിത്രങ്ങള്‍ ജപ്പാനില്‍ പ്രദര്‍ശിപ്പിക്കുന്നത് പതിവായി. ഇന്നും അവിടെ ഫാന്‍സ് അസോസിയേഷനുകള്‍ ഉള്ള ഏക ഇന്ത്യന്‍ നടന് രജനിയാണ്. ജപ്പാനീസ് വിപണി ലക്ഷ്യമിട്ട് പുതിയ രജനി ചിത്രങ്ങളില്‍ അവിടത്തെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കളും ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
- ഏഷ്യയില്‍ ജാക്കി ചാന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന് രജനി കാന്താണ്. 45 കോടിയാണ് അദ്ദേഹം ഷങ്കര്‍ ചിത്രമായ ഏന്തിരന് വേണ്ടി വാങ്ങിയത്. പിന്നീടുള്ള സിനിമകളിൽ അദ്ദേഹത്തിന്റെ പ്രതിഫലം 100യിലധികമായി ഉയർന്നു.
- ഏന്തിരന്റെയും മുത്തുവിന്റെയും വിജയം ഐഐഎം അഹമ്മദാബാദിലെ പിജി കോഴ്സിന് പ്രത്യേക പഠനവിഷയമാണ്.
- 2014ല്‍ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയ അദ്ദേഹം 24 മണിക്കൂറിനുള്ളില്‍ 210,000 ഫോളോവേഴ്സിനെ സമ്പാദിച്ചു. ഇത് ലോകത്തിലെ തന്നെ വേഗതയാര്‍ന്ന 10 വളര്‍ച്ചാ നിരക്കുകളില്‍ ഒന്നാണ് (Top 10 social media accounts in the world based on fastest rate of followers)
- ദക്ഷിണേഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി ഏഷ്യവീക്ക് തിരഞ്ഞെടുത്ത അദ്ദേഹത്തെ ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി 2010ല്‍ ഫോബ്സ് മാഗസിനും തിരഞ്ഞെടുത്തു. 2013ല്‍ എന്‍ഡിടിവി രജനിയെ ജീവിച്ചിരിക്കുന്ന 25 ആഗോള ഇതിഹാസങ്ങളില്‍ ഒരാളായി പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നതമായ മൂന്നാമത്തെ ബഹുമതിയായ പദ്മ ഭൂഷനും 2000ല്‍ അദ്ദേഹത്തെ തേടിയെത്തി.
[My article published in British Pathram on 18.08.2014]