ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി നീയാണ്. ഒരു നാള് ശ്രീദേവിയെ പോലെ ഹേമമാലിനിയെ പോലെ നീയും പ്രശസ്തയാവും. ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ നിന്റെ മുന്നില്‍ തല കുമ്പിട്ടു നില്ക്കും :
ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ഒരു നാള് യാദൃശ്ചികമായെത്തിയ സൂപ്പര്‍താരം പറഞ്ഞ വാക്കുകള്‍ അവളെ കോരിത്തരിപ്പിച്ചു.
പതിനാറു വയസ്. കൂട്ടിന് അമ്മ മാത്രമുള്ള കൌമാരം. പിഴച്ച ജന്മം എന്ന നാട്ടുകാരുടെയും സഹപാഠികളുടെയും വിളി കേട്ടു തഴമ്പിച്ച കുട്ടിക്കാലത്ത് തന്നെ അച്ഛന് അവളെ ഉപേക്ഷിച്ചു പോയിരുന്നു. ഒരു പ്രണയ വഞ്ചനയുടെ ബാക്കിപത്രമായ അവളെ പിന്നെ അമ്മയാണ് കഷ്ടപ്പെട്ടു വളര്‍ത്തിയത്.
ഏതായാലും ഇഷ്ട താരത്തിന്റെ വാക്കുകള്‍ അവള്‍ക്ക് പുതിയ ഊര്‍ജം നല്കി. തെന്നിന്ത്യ മുതല്‍ ബോളിവുഡ് വരെ അടക്കിവാഴുന്ന നാളുകള്‍ അവള് സ്വപ്നം കണ്ടു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൂടെ നില്ക്കുന്നവരുടെ കണ്ണുനീര് വീഴുന്നത് പക്ഷേ അവള് കണ്ടില്ല.
സൌന്ദര്യം താല്ക്കാലികമാണ്. എന്നാല്‍ സല്‍പ്പേരും സ്വഭാവമഹിമയും എക്കാലവും നിലനില്ക്കും : പ്രാണനു തുല്യം സ്നേഹിച്ച അമ്മയുടെ വാക്കുകള്‍ പഴയ കാലത്തിന്റെ വേദവാക്യം എന്നുപറഞ്ഞ് അവള് പുച്ഛിച്ചു തള്ളി. അത് അവളുടെ അഭിനവ സുഹൃത്തുക്കള്‍ ശരി വയ്ക്കുക കൂടി ചെയ്തതോടെ അമ്മ തീര്‍ത്തും ഒറ്റപ്പെട്ടു.
ആദ്യ കാലങ്ങളില്‍ കൂടെ നിന്നിരുന്ന വിജയം അകന്നകന്ന് പോയതോടെ സുഹൃത്തുക്കളും അവളെ കയ്യൊഴിഞ്ഞു. അതിനിടയില്‍ മകളുടെ പോക്ക് കണ്ട് വേദന തിന്ന് അമ്മ മരിക്കുകയും ചെയ്തു.
അന്ന് ഞാന്‍ കാണുമ്പോള്‍ നീ അതീവ സുന്ദരിയായിരുന്നു. പ്രായത്തിന്റെ നിഷ്ക്കളങ്കതയും സിനിമയോടുള്ള ആത്മാര്‍ഥമായ സ്നേഹവുമാണ് നിനക്ക് ആ സൌന്ദര്യം നല്‍കിയിരുന്നത്. എന്നാല്‍ അത് മറന്ന് പണത്തെയും പ്രശസ്തിയെയും സ്നേഹിക്കാന്‍ തുടങ്ങിയതോടെ നിനക്കാ സൌന്ദര്യം നഷ്ടമായി. ഇന്ന് നീ തീര്‍ത്തും വിരൂപയാണ് : ഒരിക്കല്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വീണ്ടും അവസരം തേടിയെത്തിയ അവളെ കണ്ടപ്പോള്‍ പഴയ സൂപ്പര്‍താരം പറഞ്ഞു.
അന്ന് കോടമ്പാക്കത്തേക്ക് മടങ്ങിയതാണ് അവള്. പഴയ നിലതെറ്റിയ ജീവിതത്തിനിടയില്‍ കൂടെയുണ്ടായിരുന്നവരില്‍ ആരോ ഉദരത്തില്‍ സമ്മാനിച്ച പെണ്കുഞ്ഞിനെയും ചേര്‍ത്തു പിടിച്ച് അവിടത്തെ ഒരു ഇടുങ്ങിയ വീട്ടില്‍ ഇപ്പോള്‍ കഴിയുന്നു. കുട്ടിക്കാലത്ത് കേള്‍ക്കാറുണ്ടായിരുന്ന പിഴച്ചവള്‍ എന്ന വിളി ഇന്നും ഇടക്കിടെ അവളുടെ കാതുകളില്‍ മുഴങ്ങാറുണ്ട്.
The End