മലയാളത്തിന്റെ നിത്യവസന്തം എന്ന് പ്രേംനസീറിനെയാണ് നമ്മള് വിശേഷിപ്പിക്കാറുള്ളത്. ഇന്ന് ആ പദം മമ്മൂട്ടിക്കും യോജിക്കും. ചമയമിടാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും കാലം പോലും അസൂയയോടെ നോക്കുന്ന നിത്യയൌവനമായി അഭിനയത്തിന്റെ സമസ്ഥ മേഖലകളിലും വിരാജിക്കുകയാണ് അദ്ദേഹം. അഭിനയ ചക്രവര്‍ത്തി സത്യന് നായകനായ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ 1971 ലാണ് അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് ഒരു ചെറിയ ഇടവേള. എംടി രചനയും സംവിധാനവും നിര്‍വഹിച്ച ദേവലോകം എന്ന ചിത്രത്തോടെ 1979ലാണ് അദ്ദേഹത്തെ പിന്നെ സ്ക്രീനില്‍ കാണുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 350ലേറെ സിനിമകളില്‍ ഇതിനകം അഭിനയിച്ച സുഹൃത്തുക്കളുടെ മമ്മൂസ് മൂന്നു വട്ടം മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടി.
മമ്മൂട്ടിയുടെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്. എംടിയുടെയും ലോഹിതദാസിന്റെയും തൂലികയില്‍ പിറന്ന എത്രയോ നല്ല വേഷങ്ങള്‍ക്കാണ് അദ്ദേഹം ജീവന് കൊടുത്തിട്ടുള്ളത്. ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച മമ്മൂട്ടി പിന്നീട് ബാബാസഹേബ് അംബേദ്ക്കറായി മറുനാട്ടുകാരെയും വിസ്മയിപ്പിച്ചു. അടുത്തതായി നരേന്ദ്ര മോദിയെ അവതരിപ്പിക്കാന്‍ പോകുന്നു എന്നാണ് കേള്‍ക്കുന്നത്. സമകാലീന രാഷ്ട്രീയ ജീവിതങ്ങളെ മാത്രമല്ല ചരിത്ര കഥാപാത്രങ്ങളെയും അദ്ദേഹം ഉജ്ജ്വലമാക്കി. ചന്തുവിന്റെയും പഴശ്ശിരാജയുടെയും വേഷങ്ങള്‍ ഒരു മലയാളിക്കും മറക്കാനാകില്ല.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ എംടി വാസുദേവന്‍ നായര്‍ എന്ന എഴുത്തിന്റെ കുലപതിക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. അദ്ദേഹം എഴുതിയ വടക്കന്‍ വീരഗാഥ, സുകൃതം, ആള്‍ക്കൂട്ടത്തില്‍ തനിയെ, പഴശ്ശിരാജ എന്നീ സിനിമകളിലെ നായകവേഷങ്ങളെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചകളുടെ ഗണത്തില്‍ പെടുത്താം. വടക്കന്‍ പാട്ടുകളിലെ ചന്തുവിന് മമ്മൂട്ടിയുടെ രൂപവും ഭാവവുമായിരുന്നുവെന്ന് വരും തലമുറ സംശയിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ പറ്റില്ല. എംടിയുടെ കാരിരുമ്പിന്റെ മൂര്‍ച്ചയുള്ള സംഭാഷണത്തിനൊപ്പം മമ്മൂട്ടിയുടെ വിസ്മയകരമായ പകര്‍ന്നാട്ടം കൂടി ചേര്‍ന്നപ്പോള്‍ ചന്തു പ്രേക്ഷകഹൃദയങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ് ഉണ്ടായത്. ആ സിനിമയില്‍ മമ്മൂട്ടി ശരിക്ക് ഞെട്ടിച്ചുവെന്ന് പിന്നീട് കമല്‍ഹാസനും ലോഹിതദാസുമൊക്കെ പറഞ്ഞിട്ടുണ്ട്.
സുകൃതവും ആള്‍ക്കൂട്ടത്തില്‍ തനിയെയും മമ്മൂട്ടിയുടെ അഭിനയ പാടവം ശരിക്ക് പ്രയോജനപ്പെടുത്തി. കാന്‍സര്‍ രോഗിയായ സുകൃതത്തിലെ രവിശങ്കര്‍ അവസാനം രോഗമുക്തനായെങ്കിലും ഭാര്യയുടെയും ബന്ധുക്കളുടെയും ഒറ്റപ്പെടുത്തല്‍ താങ്ങാനാകാതെ മരണത്തെ തേടിച്ചെന്നുവെങ്കില് വിധിയുടെ ചതുരംഗപ്പലകയില്‍ നിസ്സഹായനായി എല്ലാത്തിനും വഴങ്ങിക്കൊടുക്കുക മാത്രമാണ് ആള്‍ക്കൂട്ടത്തില്‍ തനിയെയിലെ രാജന് ചെയ്യുന്നത്.വിധിയെ വെല്ലുവിളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് അവസാനം അതിനു തന്നെ കീഴടങ്ങുന്ന ഈ കഥാപാത്രങ്ങളെ മമ്മൂട്ടി അവിസ്മരണീയമാക്കി. എത്ര വലിയവനാണെങ്കിലും ഒരാള്‍ വിധിക്ക് മുന്നില്‍ ഒന്നുമല്ലെന്നും ജയമോ തോല്‍വിയോ നിശ്ചയിക്കാന്‍ പോലും കെല്‍പ്പില്ലാത്ത വെറും മനുഷ്യന് മാത്രമാണെന്നും ഈ സിനിമകള്‍ പ്രേക്ഷകരെ ഓര്‍മപ്പെടുത്തുന്നുണ്ട്. ചുരുക്കത്തില്‍ വീരഗാഥയും സുകൃതവുമൊക്കെ വെറും സിനിമ എന്നതിനപ്പുറം ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാകുകയാണ്.
മമ്മൂട്ടി–പത്മരാജന് ടീം ഒരുക്കിയ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മലയാളത്തിലെ എണ്ണപ്പെട്ട ക്ലാസിക് സിനിമകളില്‍ ഒന്നാണെങ്കിലും ഇന്നത്തെ പ്രേക്ഷകരില്‍ പലരും അത് കണ്ടിട്ടില്ല. ഈ സിനിമയിലെ സക്കറിയയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമെന്ന് മമ്മൂട്ടി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കൂടെവിടെയിലെ ക്യാപ്റ്റന്‍ തോമസ് എന്ന പട്ടാളക്കാരന്റെ വേഷത്തിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
പത്മരാജനെ അപേക്ഷിച്ച് ലോഹിതദാസാണ് മമ്മൂട്ടിയുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിച്ചതെന്ന് പറയാം. തനിയാവര്‍ത്തനത്തില്‍ തുടങ്ങിയ ആ ബന്ധം പിന്നീട് മുക്തിയിലും മൃഗയയിലും അമരത്തിലും വാല്സല്യത്തിലും ഭൂതക്കണ്ണാടിയിലും വരെ തുടര്‍ന്നു. തനിയാവര്‍ത്തനത്തിലെ ബാലന് മാഷ് മലയാള സിനിമയുടെ ചരിത്രത്തിലാണ് ഇടം പിടിച്ചതെങ്കില്‍ മൃഗയയും ഭൂതക്കണ്ണാടിയും ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തു. അമരവും വാല്സല്യവും ഇന്നും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളാണ്. അച്ചൂട്ടിയെയും മേലേടത്ത് രാഘവന് നായരെയും ഇഷ്ടപ്പെടാത്ത അതുപോലൊരു അച്ഛനെയോ ജ്യേഷ്ഠനെയോ ആഗ്രഹിക്കാത്ത ഒരു സിനിമാ ആസ്വാദകനും ഉണ്ടാകില്ല.
കച്ചവട സിനിമകള്‍ക്കൊപ്പം പൊന്തന്മാട, മതിലുകള്‍, വിധേയന്, അനന്തരം, കയ്യൊപ്പ് തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടി സമാന്തര സിനിമയുടെയും ഭാഗമായി. വിധേയനില്‍ കന്നഡ ചുവയുള്ള മലയാളത്തില്‍ സംസാരിക്കുന്ന ഭാസ്ക്കര പട്ടേലര് എന്ന ദുഷ്ടനായ ജന്മിയെ മനോഹരമാക്കിയ അദ്ദേഹം ഏതാണ്ട് അതേ സമയത്ത് തന്നെയാണ് മാടയിലെ അടിമയെയും അഭിനയിച്ച് ഫലിപ്പിച്ചത്. രഞ്ജിത്തിനൊപ്പം ചേര്‍ന്ന് പലേരിമാണിക്യം, പ്രാഞ്ചിയേട്ടന് ആന്റ് സെയിന്റ് എന്നീ സിനിമകളിലൂടെ മലയാളത്തിലെ പുതുതലമുറ സിനിമാ ശൈലിക്ക് തുടക്കമിട്ട അദ്ദേഹം പ്രതിഫലം കാര്യമാക്കാതെ കയ്യൊപ്പ്, കാഴ്ച തുടങ്ങിയ സിനിമകളിലും സഹകരിച്ചു. മേല്പറഞ്ഞവയെല്ലാം അദ്ദേഹം അടുത്ത കാലത്ത് ചെയ്ത നല്ല സിനിമകളില്‍ പെടുന്നു.
ജോഷി–ഡെന്നിസ് ജോസഫ്–മമ്മൂട്ടി ടീം ഒരുക്കിയ ന്യൂഡല്‍ഹി ഒരു കാലഘട്ടത്തെ തന്നെ മാറ്റിമറിച്ചു. മലയാളത്തിലെ ആക്ഷന്‍ സിനിമ സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിയെഴുതിയ ചിത്രം അദ്ദേഹത്തെ സൂപ്പര്‍താര പദവിയിലേക്കും ഉയര്‍ത്തി. സിബിഐ പരമ്പരയിലെ സേതുരാമയ്യരും ബല്‍റാം എന്ന പോലീസ് ഓഫീസറും ദളപതിയിലെ ദേവരാജനും വാര്‍ത്തയിലെ മാധവന്‍കുട്ടിയും രാജമാണിക്യവും യവനികയിലെ ജേക്കബ് ഈരാളിയും അതിരാത്രത്തിലെ താരാദാസും ആക്ഷന്‍ സിനിമയുടെ പ്രേക്ഷകരെ രസിപ്പിച്ചുവെങ്കില് രാപ്പകലിലെ കൃഷ്ണനും അക്ഷരങ്ങളിലെ ജയദേവനും ലൌഡ് സ്പീക്കറിലെ മൈക്കും ആനന്ദത്തിലെ തിരുപ്പതിയും അനുബന്ധത്തിലെ മുരളീധരന് മാസ്റ്ററും അടിയൊഴുക്കുകളിലെ കരുണനും കുടുംബ സിനിമയുടെ ആരാധകരെ കയ്യിലെടുത്തു. കാണാമറയത്തിലെ റോയ് വര്‍ഗീസും തൃഷ്ണയിലെ കൃഷ്ണദാസും കണ്ടുകൊണ്ടേനിലെ പട്ടാളക്കാരനും ഒരേ കടലിലെ പ്രൊഫസറുമെല്ലാം പ്രണയത്തിന്റെ പുതിയ ഭാവതലങ്ങളാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്.
ഒപ്പം ചമയമിട്ടവരും പിന്നീട് അരങ്ങേറിയവരുമായ അനവധിപേര്‍ ജീവിച്ചിരിക്കെ തന്നെ വിസ്മൃതിയിലായെങ്കിലും ഇന്നും മമ്മൂട്ടിയാണ് മലയാളത്തിന്റെ താരരാജാവ്. ആസിഫ് അലിയും നിവിന്‍ പോളിയുമൊക്കെ പുതിയ കാലഘട്ടത്തിന്റെ പ്രതീകങ്ങളായി ഇപ്പോള്‍ സിനിമയിലുണ്ട്. പക്ഷേ മമ്മൂട്ടി എന്ന മലയാളികളുടെ പഴയ റോള്‍ മോഡല്‍ സങ്കല്പ്പത്തിന് മാത്രം ഇനിയും മാറ്റം വന്നിട്ടില്ല. ജനപ്രീതിക്കൊപ്പം സിനിമയോടുള്ള ആ നടന്റെ അടങ്ങാത്ത അഭിനിവേശം കൂടി ചേരുമ്പോള്‍ കൂടുതല്‍ നല്ല വേഷങ്ങള്‍ക്ക് ഇനിയും മലയാളം സാക്ഷിയാകും. അതിന് സര്‍ഗ്ഗധനരായ എഴുത്തുകാര്‍ക്കൊപ്പം മൂന്നാംകിട കെട്ടുകാഴ്ചകളില്‍ പെടാത്ത നല്ല പ്രേക്ഷകരുടെ കൂടി പിന്തുണ അദ്ദേഹത്തിന് ഉണ്ടാവണമെന്ന് മാത്രം.
The End