ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ?

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ? 1

പതിനാറാം നൂറ്റാണ്ടില്‍ തെക്കന്‍ ഇംഗ്ലണ്ടിലാണ് മാന്യന്‍മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റ് ജനിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടോടു കൂടി അത് ഇംഗ്ലണ്ടിന്‍റെ ദേശീയ കായിക വിനോദമായി. ഈസ്റ്റ് ഇന്ത്യ കമ്പനി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തുടങ്ങിയതോടെ അവിടെയെല്ലാം അവര്‍ക്കൊപ്പംഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട വിനോദമായ ക്രിക്കറ്റും രംഗപ്രവേശം ചെയ്തു. അങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി ഇന്ത്യയിലും ക്രിക്കറ്റ് എത്തുന്നത്. ഇന്ന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍റീസ്, ന്യൂസിലണ്ട് എന്നിവിടങ്ങളിലെ കോടിക്കണക്കിന് ആളുകളുടെ ഇഷ്ട വിനോദമാണ് ക്രിക്കറ്റ്. ഫുട്ബോളിന്‍റെ തിളക്കത്തില്‍ ക്രിക്കറ്റിന് ഇംഗ്ലണ്ടില്‍ നിറം മങ്ങിയെങ്കിലുംകോടികളുടെ വ്യവസായമാണ് ഇതുവഴി ലോകമെങ്ങും നടക്കുന്നത്. ജനപ്രീതിയുടെ കാര്യത്തിലുംവരുമാനത്തിന്‍റെ കാര്യത്തിലും ഇന്ത്യ തന്നെയാണ് ലോക ക്രിക്കറ്റിലെ രാജാവ്. അതുകൊണ്ടാണ് ഫിഫ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവുമധികം വരുമാനമുള്ള കായിക സംഘടനയായി ബിസിസിഐ മാറിയതും.

ആദ്യം ടെസ്റ്റ് ക്രിക്കറ്റും പിന്നീട് ഏകദിന ക്രിക്കറ്റും ഇപ്പോള്‍ 20-20 ക്രിക്കറ്റും ശക്തി പ്രാപിച്ചതോടെ സ്വാഭാവികമായും പരസ്യം വഴിയും സ്പോണ്‍സര്‍ഷിപ്പ് വഴിയും കോടികളുടെ വരുമാനംസംഘടനകള്‍ക്കും താരങ്ങള്‍ക്കുമുണ്ടായി. നാട്ടിന്‍പുറങ്ങളില്‍ സാധാരണ നടക്കുന്ന പന്തയങ്ങളുടെമാതൃകയിലുള്ള വാതുവെയ്പ്പ് കളിക്കൊപ്പം പതുക്കെ ശക്തി പ്രാപിച്ചു. തുടക്കത്തില്‍ അത് നിരുപദ്രവകാരിയായിരുന്നുവെങ്കിലും ജയിക്കാന്‍ ഏതറ്റം വരെയും പോകുന്ന വാതുവെയ്പ്പ് മാഫിയ ശക്തി പ്രാപിച്ചതോടെ അവര്‍ കളിക്കാരെ വിലക്കെടുക്കാനും മല്‍സരഫലം അട്ടിമറിക്കാനും തുടങ്ങി. വാതുവെയ്പ്പിന്‍റെ കണ്ണികള്‍ ലോകമെങ്ങും വ്യാപിച്ചതോടെ മാന്യന്‍മാരുടെ കളിയുടെ നിറവുംപതുക്കെ മാറി തുടങ്ങി. അധോലോക രാജാക്കന്മാര്‍ വരെ ചൂതാട്ട കളിക്ക് നേരിട്ട് രംഗത്തിറങ്ങി. തെളിവുകളുടെ പുറകെ പോയ പോലീസ് ഉദ്യോഗസ്തരില്‍ ചിലര്‍ മാഫിയയുടെ തോക്കിന്‍ മുനയില്‍ പിടഞ്ഞു തീരുകയും ചെയ്തു. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഐ.പി.എല്‍ ഒത്തുകളി അന്വേഷിച്ച ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ ബദ്രീഷ് ദത്തിന്‍റെ കൊലപാതകം. കേസിലെ നിര്‍ണായകമായ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത അദ്ദേഹവും സുഹൃത്ത് ഗീത ശര്‍മയും മെയ് 11നു ഗീതയുടെ മുംബെയിലെ ഫ്ലാറ്റില്‍ വെച്ച് വെടിയേറ്റു മരിക്കുകയായിരുന്നു. ഇന്ന്‍ 45000 കോടി രൂപയുടെ വാതുവെയ്പ്പാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്നത് എന്നാണ് കണക്ക്.

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ? 2

 

പാക്കിസ്ഥാനെതിരായ മല്‍സരം ഒത്തുകളിക്കാന്‍ ഒരു ഇന്ത്യന്‍ താരം തന്നെ പ്രേരിപ്പിച്ചുവെന്ന് 1997 ഔട്ട്ലൂക്ക് മാഗസിന് നല്കിയ അഭിമുഖത്തില്‍ മനോജ് പ്രഭാകര്‍ ആരോപിച്ചതോടെയാണ് ഇന്ത്യയില്‍ കോഴ ആരോപണം ചൂടു പിടിക്കുന്നത്. തുടര്‍ന്നു സംഭവം അന്വേഷിക്കാന്‍ ബിസിസിഐ ഒരു കമ്മീഷനെ നിയോഗിച്ചെങ്കിലും കളിക്കാരന്‍റെ പേര് വെളിപ്പെടുത്താനോ തെളിവ് നല്‍കാനോ പ്രഭാകര്‍ തയ്യാറായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹവും ഒരു മാധ്യമ സ്ഥാപനവും ചേര്‍ന്ന് നടത്തിയ ഒളി ക്യാമറ ഓപ്പറേഷനില്‍ ആ കളിക്കാരന്‍ കപില്‍ ദേവാണെന്ന് തെളിഞ്ഞു. അത് ക്യാമറക്ക് മുന്നില്‍ നവജ്യോത് സിദ്ദുവിനെ പോലുള്ളവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കപില്‍ ആരോപണംനിഷേധിക്കുകയും അന്വേഷണം നടത്തിയ സി.ബി.ഐ അദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

2000 ഏപ്രിലില്‍ ഡല്‍ഹി പോലീസ് തുറന്നുവിട്ട ഒത്തുകളി ഭൂതത്തെ കണ്ട് ക്രിക്കറ്റ് ലോകം മുഴുവന്‍ നടുങ്ങി. മാന്യനെന്ന് കരുതപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയ ഇന്ത്യന്‍ പര്യടനത്തില്‍ ഒത്തുകളിച്ചുവെന്നാണ് തെളിവുകള്‍ സഹിതം പോലീസ് സ്ഥാപിച്ചത്. ക്രോണിയ ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. അദേഹത്തിനൊപ്പം സഹ താരങ്ങളായ ഹെര്‍ഷല്‍ ഗിബ്സ്, നിക്കി ബോയെ, പീറ്റര്‍ സ്റ്റിര്‍ദം എന്നിവരും കോഴക്കളിയില്‍ പങ്കാളികളായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ക്രോണിയയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു നീക്കിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് അദേഹത്തെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നു വിലക്കി. രണ്ടു വര്‍ഷത്തിന് ശേഷം ഒരു ദുരൂഹമായ വിമാന അപകടത്തില്‍ അദ്ദേഹം മരിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ കോച്ചായിരുന്ന ബോബ് വൂമറും ദുരൂഹമായ സാഹചര്യത്തിലാണ് മരിച്ചത്. 2007 ലോകക്കപ്പില്‍ നിന്ന്‍ പാക്കിസ്ഥാന്‍ പുറത്തായി മണിക്കൂറുകള്‍ക്കകമാണ് ജമൈക്കയിലെ ഹോട്ടല്‍ മുറിയില്‍ അദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയര്‍ലന്‍ഡ് എന്ന ഏറ്റവും ദുര്‍ബലമായ ടീമിനോട് തോറ്റ് പാക്കിസ്ഥാന്‍ പുറത്തായത് ഒത്തുകളി മൂലമാണെന്ന് അന്നേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വിഷം കൊടുത്താണ് അദേഹത്തെ കൊലപ്പെടുത്തിയതെന്ന് ആദ്യം സംശയിച്ചെങ്കിലും സ്വാഭാവിക മരണമായിരുന്നു അതെന്ന്‍ അന്വേഷണ സംഘം പിന്നീട് വെളിപ്പെടുത്തി.

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ? 3
Dawood Ibrahim and Javed Miandad

പലപ്പോഴായി ലോക ക്രിക്കറ്റിലെ പല മഹാരഥന്‍മാരുടെയും പേരുകള്‍ മാച്ച് ഫിക്സിങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുണ്ട്. പക്ഷേ മിക്കതിലും കുറ്റം ചെയ്തവര്‍ തെളിവുകളുടെ അഭാവത്തില്‍ നിരപരാധികളാകുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. പാക്ക് താരങ്ങളായ വസിം അക്രം, ഷൊയബ് അക്തര്‍, സല്‍മാന്‍ ബട്ട്, ഡാനിഷ് കനേരിയ, ഇന്‍സമാം ഉള്‍ ഹക്ക്, സലീം മാലിക്ക്, ഇജാസ് അഹമദ്, അതാവുര്‍ റഹ്മാന്‍, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍,മുഷ്താക്ക് അഹമദ്, ഇന്ത്യന്‍ താരങ്ങളായ മനോജ് പ്രഭാകര്‍, അസറുദീന്‍, അജയ് ജഡേജ, നയന്‍ മോംഗിയ, അജയ് ശര്‍മ, നിഖില്‍ ചോപ്ര ദക്ഷിണാഫ്രിക്കന്‍ താരം ഹെന്‍റ്റി വില്ല്യംസ്, വെസ്റ്റ് ഇന്‍റീസ് താരം മാര്‍ലോണ്‍ സാമുവല്‍സ്, കെനിയന്‍ താരം മൌറീസ് ഒടുമ്പെ എന്നിവരെല്ലാംഒത്തുകളിയുടെ പേരിലുള്ള ആരോപണങ്ങള്‍ കേട്ടവരാണ്. ഇതില്‍ ചിലര്‍ക്കെല്ലാം ആജീവനാന്ത വിലക്കും മറ്റു ചിലര്‍ക്ക് പരിമിത കാലത്തേക്കുള്ള വിലക്കും കിട്ടി. എന്നാല്‍ 2010 ല്‍ ഇംഗ്ലണ്ടിലെ ഒത്തുകളിയില്‍ കുടുങ്ങിയ പാക്ക് താരങ്ങള്‍- സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍- എന്നിവരോഴിച്ച് മറ്റുള്ളവര്‍ക്ക് ജയില്‍ ശിക്ഷയൊന്നും അനുഭവിക്കേണ്ടി വന്നില്ല.

മുഹമ്മദ് അസറുദീനും അജയ് ജഡേജയും ഉള്‍പ്പെട്ട ഒത്തുകളി വിവാദമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെഅക്ഷരാര്‍ഥത്തില്‍ പിടിച്ചു കുലുക്കിയത്. അസ്ഹറാണ് ബുക്കികളെ തനിക്ക് പരിചയപ്പെടുത്തിയതെന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്രോണിയയുടെ വെളിപ്പെടുത്തലാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അസ്ഹറും ജഡേജയും ചേര്‍ന്ന് പല കളികളും ഒത്തുകളിച്ചിട്ടുണ്ടെന്നുംഇരുവര്‍ക്കും വാതുവെയ്പ്പുകാരുമായി ഉറ്റബന്ധമാണ് ഉള്ളതെന്നും തെളിഞ്ഞു. അതോടെ ഇരുവരും ക്രിക്കറ്റ് കളിയില്‍ നിന്നും ആരാധകരുടെ ഹൃദയങ്ങളില്‍ നിന്നും എന്നന്നേക്കുമായി പുറത്തായി.

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ? 4

സ്വന്തം രാജ്യത്തെക്കാളുപരി പണത്തിനോടും ആഡംബര ജീവിതത്തോടും കൂറുണ്ടാവുമ്പോഴാണ് പല കളിക്കാരും ഒത്തുകളിയുടെ പ്രലോഭനങ്ങളില്‍ വീണു പോകുന്നത്. ഐ.പി.എല്‍ കൂടി വന്നതോടെഅതിന്‍റെ വ്യാപ്തി വര്‍ധിച്ചു. അവസരം കുറഞ്ഞ കളിക്കാര്‍, വിരമിക്കല്‍ പ്രായം അടുക്കുന്നവര്‍, ആഡംബര ജീവിതം കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍, സ്ത്രീകള്‍ ദൌര്‍ബല്യമായുള്ളവര്‍ ഇവരൊക്കെയാണ് പെട്ടെന്ന് വാതുവെയ്പ്പുകാരുടെ ഇരകളാകുന്നത്. ഒരിക്കല്‍ വീണു കഴിഞ്ഞാല്‍ ആര്‍ക്കും ആ കണ്ണിയില്‍ നിന്ന്‍ രക്ഷപ്പെടാന്‍ സാധിക്കില്ല. അത്രമാത്രം ആസൂത്രണത്തോട് കൂടിയാവും മാഫിയ ഓരോ കാര്യങ്ങളും ചെയ്യുക. കളിക്കാരുമായി നടത്തിയ ഫോണ്‍ സംഭാഷണം, പണം കൈമാറുന്ന വീഡിയോ, സ്ത്രീകളോടൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ എന്നിവയെല്ലാം കളിക്കാരന്‍ ക്രിക്കറ്റ് വിടുന്നത് വരെ മാഫിയ ഭദ്രമായി സൂക്ഷിയ്ക്കും. കളിക്കാരന്‍ ഇടക്ക് നന്നാകാന്‍ ശ്രമിച്ചാലും ഇവയെല്ലാം കാട്ടി ബുക്കികള്‍ കാര്യം സാധിയ്ക്കും.

ഒത്തുകളിയില്‍ കൂടി എത്ര കോടികള്‍ സമ്പാദിച്ചാലും പിടിക്കപ്പെടുന്നവന് രാജ്യദ്രോഹി എന്ന പ്രതിച്ഛായയാകും ജീവിതാവസാനം വരെ ഉണ്ടാവുക. അത് പണം മുടക്കി കളി കണ്ട, താരത്തെ ദൈവത്തെ പോലെ ആരാധിച്ച ഒരു സാധാരണക്കാരന്‍റെ താന്‍ കബളിക്കപ്പെട്ടു എന്നറിയുമ്പോഴുള്ള രോദനം കൂടിയാണ്. കളി കാണുന്ന പലര്‍ക്കും ക്രിക്കറ്റ് കേവലമൊരു കായിക വിനോദമല്ല, മറിച്ച് ഒരു മതം തന്നെയാണ്. അതുകൊണ്ടാണ് കളി തോല്‍ക്കുമ്പോള്‍ അവര്‍ അക്രമാസക്തരാകുന്നത്, ജയിക്കുമ്പോള്‍ കളിക്കാരെ ആഘോഷപൂര്‍വം വരവേല്‍ക്കുന്നത്. ക്രിക്കറ്റിന് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത തേച്ച് മാച്ചു കളയാന്‍ സാധിയ്ക്കും എന്ന്‍ ചുരുങ്ങിയത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെങ്കിലും വിശ്വസിക്കപ്പെടുന്നതിനു കാരണവും വേറൊന്നല്ല. പക്ഷേ ഒത്തുകളിയുടെ കണ്ണികള്‍ അനുദിനം ശക്തിപ്പെടുമ്പോള്‍ ക്രിക്കറ്റ് മാന്യന്‍മാരുടെ മാത്രം കളിയല്ല, മാന്യന്‍മാരും ഉള്‍പ്പെട്ട കളി മാത്രമാണ്. അവര്‍ക്കൊപ്പം,  തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച്, കോഴക്കഥകള്‍ മറന്നുകൊണ്ട്  കളി കാണാനെത്തുന്ന കാണികളാണ് എല്ലാ അര്‍ഥത്തിലും ഇവിടെ മാന്യന്‍മാര്‍.

Leave a Comment

Your email address will not be published. Required fields are marked *