ശാപ്പാട് – കഥ

kerala food

എല്ലിന്‍കൂട് പോലെ തോന്നിച്ച മകന്‍റെ ശരീരവും കറുത്തു കരുവാളിച്ച് കവിളൊട്ടിയ ആ മുഖവും കണ്ടപ്പോള്‍ ജാനകിയുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു.

ഒറ്റ മകനാണെങ്കിലും ആ അഞ്ചു വയസുകാരന് വയറുനിറച്ച് ഭക്ഷണം കൊടുക്കാന്‍ അവര്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല.കോര്‍പ്പറേഷന്‍ കുപ്പ തൊട്ടിയിലും ചവറ്റു കൂനകളിലും കിടക്കുന്ന ആക്രി പെറുക്കി വിറ്റ് കിട്ടുന്ന തുച്ഛമായ തുകയാണ് അവരുടെ ഏക വരുമാനം.

മധുരയില്‍ വച്ച് കണ്ടു പരിചയപ്പെട്ട റെയില്‍വേ പാന്‍റ്രി മാന്‍ പളനിയുടെ ഭാര്യയായാണ് അവര്‍ ആദ്യമായി എറണാകുളത്തെത്തിയത്. മാസങ്ങള്‍ക്കു ശേഷം ഗുവാഹത്തിയിലേക്ക് പോയ അയാളെക്കുറിച്ച് പിന്നെ ഒരു വിവരവുമില്ല. ട്രെയിനില്‍ നിന്നു വീണെന്നും അതല്ല നാട്ടിലേക്കു മടങ്ങിയതാണെന്നുമൊക്കെയുള്ള പല തരത്തിലുള്ള കഥകള്‍ തുടര്‍ന്നു കേട്ടു. സത്യമെന്തായാലും അതോടെ വാടക വീട് വിട്ട് ജാനകിക്കും കുഞ്ഞിനും തെരുവിലേക്കിറങ്ങേണ്ടി വന്നു.

അന്തി മയങ്ങിയാല്‍ ആവശ്യക്കാര്‍ കൂടുന്ന മാംസകമ്പോളത്തില്‍ സ്വന്തം ശരീരം വില്‍പനക്ക് വയ്ക്കാത്തത് കൊണ്ട് പരിചയക്കാര്‍ തരുന്ന ചില്ലറത്തുട്ടുകളും ആക്രികച്ചവടവുമായിരുന്നു ജാനകിയുടെ ഏക വരുമാന മാര്‍ഗ്ഗം.

വേലക്കാരിയായിരുന്നാലും നീ എന്‍ മോഹവല്ലി :

തുടങ്ങിയ പതിവ് പഞ്ചാര വാക്കുകള്‍ പറഞ്ഞ് ചായക്കടക്കാരന്‍ വറീതും ദുബായ് ഷോപ്പിങ് കോംപ്ലക്സിലെ രാത്രി കാവല്‍ക്കാരന്‍ തങ്കവേലുമൊക്കെ ജാനകിയെ വളയ്ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അതിനു നിന്നു കൊടുക്കാതിരുന്നത് കൊണ്ട് അവസാനം അവര്‍ക്ക് വഴിവക്കില്‍ നിന്ന്‍ ഒരിക്കല്‍ വീണു കിട്ടിയ തുരുമ്പിച്ച വാക്കത്തിയുടെ സുരക്ഷിതത്വത്തിലേക്ക് സ്വയം ഒതുങ്ങേണ്ടി വന്നു.

ഇപ്പോള്‍ ട്രെയിന്‍ ഓടാറില്ലെങ്കിലും ഓവര്‍ബ്രിഡ്ജിന് കീഴിലെ ഉറക്കത്തിനിടയില്‍ ഓരോ ചെറിയ ഇലയനക്കത്തിലും ജാനകി ഞെട്ടിയുണരാറുണ്ട്. ഇരുട്ടിന്‍റെ മറവില്‍ പമ്മി പമ്മി വന്ന തിരിച്ചറിയാനാവാത്ത ചില നിഴലുകള്‍ തന്‍റെ കയ്യിലെ വാക്കത്തിയുടെ തിളക്കം കണ്ട് അകന്ന് പോകുന്നത് എത്രയോ വട്ടം അവര്‍ കണ്ടിരിക്കുന്നു. പത്തു പന്ത്രണ്ടു വയസ്സു വരെ ആരും തിരിഞ്ഞു പോലും നോക്കാതിരുന്ന കറുത്തു മെല്ലിച്ച തനിക്ക് ഇത്ര മാത്രം വിലയുണ്ടെന്ന് ജാനകി തിരിച്ചറിഞ്ഞത് അത്തരം രാത്രികളിലാണ്.

കുപ്പയില്‍ ജനിച്ച് അവസാനം കോടീശ്വരനാകുന്ന രജനികാന്തിന്‍റെ സിനിമകളുടെ രസികയായ ജാനകി തന്‍റെ മകന്‍റെ ശോഭനമായ ഭാവി സ്വപ്നം കണ്ട് അവനെ രജനി എന്നു വിളിച്ചു.

നീ നമ്മ സൂപ്പര്‍സ്റ്റാര്‍ മാതിരി. അവരും കറുപ്പ് നീയും കറുപ്പ്. ഒരുനാള്‍ നീയും അവരെ മാതിരി രാസാവായി വാഴും :

അമ്മ ഇടക്കിടെ പറയുമ്പോഴെല്ലാം കഥയറിയാതെയാണെങ്കിലും കുഞ്ഞിപ്പല്ലുകള്‍ കാട്ടി അവന്‍ ചിരിക്കും. ബെന്‍സും വലിയ ബംഗ്ലാവുമൊന്നും വേണ്ട വയറു നിറച്ച് ഭക്ഷണം മാത്രം കിട്ടിയാല്‍ മതിയെന്ന്‍ അപ്പോള്‍ രജനിയുടെ മനസ്സ് മന്ത്രിക്കും.

ഒരു ദിവസം.

ചില സന്നദ്ധ സംഘടനകള്‍ രാവിലെ തന്നെ നഗര പരിസരം വൃത്തിയാക്കിയതുകൊണ്ട് അന്ന്  ഇരുവര്‍ക്കും കാര്യമായൊന്നും തടഞ്ഞില്ല.കിട്ടിയതു വച്ച് പൊന്നോമനക്കായി രണ്ടു ബിസ്ക്കറ്റും പാലും വാങ്ങിയെങ്കിലും അതു മതിയായില്ലെന്ന് അവന്‍റെ നോട്ടം തെളിയിച്ചു. ആ കണ്ണുകളിലെ ദൈന്യത താങ്ങാനാവാതെ ജാനകി ചുറ്റുവട്ടത്ത് ഒരോട്ട പ്രദക്ഷിണം കൂടി നടത്താന്‍ തീരുമാനിച്ചു.

ഏതെങ്കിലും ഹോട്ടലിന്‍റെയോ ബേക്കറിയുടെയോ പരിസരത്ത് ചെന്നാല്‍ ബാക്കി വരുന്ന എന്തെങ്കിലും കിട്ടിയേക്കും. സന്മനസ്സുള്ളവരാണെങ്കില്‍ പണം തന്നു സഹായിക്കാനും മതി.  പക്ഷെ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നിരാശയായിരുന്നു ഫലം. ഇടയ്ക്ക് ചില പണികള്‍ കിട്ടിയെങ്കിലും ആളുകള്‍ ദുഷ്ടലാക്കോടെയാണ് സഹായിക്കുന്നതെന്ന് മനസിലായപ്പോള്‍ ജാനകി അവ വിട്ടു.

മകന്‍റെ കാര്യമോര്‍ക്കുമ്പോഴാണ് അവര്‍ക്ക് സങ്കടം. പാവം. അവന് നേരെ ചൊവ്വേ മുലപ്പാല്‍ പോലും കൊടുക്കാന്‍ തനിക്ക് പറ്റിയിട്ടില്ല. രജനിയും കൊണ്ട് പതിവ് സ്ഥലങ്ങളിലൊക്കെ ചെന്നെങ്കിലും അവസാനം അന്നും അവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നു. തളര്‍ന്നിരിക്കുന്ന കുഞ്ഞോമനയെ കണ്ടപ്പോള്‍ അവരുടെ വിഷമം ഇരട്ടിച്ചു. അമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ അവന്‍ പ്രസന്നത ഭാവിക്കുന്നുണ്ട്, ഇടയ്ക്കിടെ ഓടിക്കളിക്കും, അമ്മയെ ചിരിപ്പിക്കാന്‍ ശ്രമിക്കും.

അകലെ വറീതിന്‍റെ കടയില്‍ നിന്ന് പുകയുയരുന്നത് കാണാം. പെട്ടെന്ന് ജാനകിയുടെ മുഖം തെളിഞ്ഞു. രജനിയെ ഒന്നു നോക്കിയതിന് ശേഷം മനസില്ലാ മനസോടെ അവര്‍ എഴുന്നേറ്റു. താഴെക്കിറങ്ങാന്‍ തുടങ്ങിയ അമ്മയുടെ സാരിയില്‍ പക്ഷെ അവന്‍ പിടുത്തമിട്ടു.

അമ്മാ,

അമ്മ എങ്ങോട്ടാണ് പോകുന്നതെന്നാണ് ചോദ്യം. അവന്‍റെ ഭാവം കണ്ടപ്പോള്‍ ജാനകി കരഞ്ഞു പോയി. അവനെ കെട്ടിപിടിച്ചു കൊണ്ട് അവര്‍ തുരു തുരാ ഉമ്മ വച്ചു.

കണ്ണേ നീ എങ്ങും പോയിടാതെ. അമ്മ അഞ്ചേ അഞ്ചു നിമിഷത്തില്‍ വന്തിടറേ. ഉനക്ക് പസിക്കലയാ ? നമുക്ക് ശാപ്പിടലാം. അതുക്കപ്പുറം പക്കത്തെ ടാക്കീസില്‍ പുതു രജനി പടം വന്തിരുക്ക്. നമുക്കത് പാക്കലാം, എന്ന ? : അമ്മ പറഞ്ഞപ്പോള്‍ രജനി സന്തോഷത്തോടെ തലയാട്ടി. പറഞ്ഞു പറഞ്ഞ് അവനും ഒരു രജനി രസികനായി മാറിയിരുന്നു. പക്ഷെ അമ്മ കരയുന്നതെന്തിനാണെന്ന് മാത്രം അവന് മനസിലായില്ല.

അമ്മ ഇടക്കിടെ തിരിഞ്ഞു നോക്കി വിഷമത്തോടെ നടന്നു പോകുന്നത് കണ്ടു നില്‍ക്കുമ്പോള്‍ എവിടെ നിന്നറിയാതെ ഒരു തുള്ളി വെള്ളം രജനിയുടെ മുഖത്ത് വീണു. മേല്‍പോട്ട് നോക്കിയപ്പോള്‍ പാലത്തിന്‍റെ കോണ്‍ഗ്രീറ്റ് സ്ലാബ് ചോര്‍ന്നൊലിക്കുന്നതാണ് ആ കുഞ്ഞു കണ്ണുകള്‍ കണ്ടത്. അടുത്ത തുള്ളി താഴെ വീഴുന്നതിന് മുമ്പായി പിടിച്ചെടുക്കാനായി ആ കുസൃതിക്കുരുന്ന്  അതിലേക്ക് നോക്കി വായും പൊളിച്ചു നിന്നു.

ദോശ,പൊങ്കല്‍ എല്ലാമെ തരേന്‍. എന്നാ അതുക്ക് കാശ് വേണ്ടയാ ? ഉനക്കിട്ടെ അത് ഇല്ലാ എന്ന്‍ എനിക്കു നല്ലാവേ തെരിയും. അപ്പോ എനക്കെന്ന പ്രയോജനം ? : നടന്നു തളര്‍ന്നു വന്ന ജാനകിയെ അടിമുടി നോക്കിക്കൊണ്ട് കള്ളച്ചിരിയോടെ വറീത് ചോദിച്ചു. പലയിടത്തും പോയെങ്കിലും ഒന്നും കിട്ടിയില്ലെന്ന് അവരുടെ നിറഞ്ഞ കണ്ണുകള്‍ വിളിച്ചു പറഞ്ഞു. നിസ്സഹായതയോടെ നിന്ന ജാനകിയെ നോക്കി തന്‍റെ പഴുതാര മീശ താഴോട്ടൊതുക്കി വിജയിഭാവത്തില്‍ അയാളൊന്നു ചിരിച്ചു.

ഉം. പിന്നാടിയില്‍ വാ. ഒരു ചിന്ന ഉദൈവി പണ്ണാ പോതും. എല്ലാമെ തരേന്‍. ഏനാ നാനൊരു തമിഴ് രസികന്‍………………… : പുറകുവശത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അയാള്‍ ആളൊഴിഞ്ഞ ചായക്കടയുടെ അകത്തേക്ക് നടന്നു. ജാനകിക്ക് ഗത്യന്തരമില്ലാതെ അയാളെ അനുസരിക്കേണ്ടി വന്നു.

മുകളില്‍ നിന്നു വന്ന വെള്ളത്തുള്ളി രജനിയുടെ വായിലല്ല മറിച്ച് വലത്തെ കണ്ണിലാണ് വീണത്. നിരാശയോടെ അതു തുടച്ച് തിരിഞ്ഞപ്പോഴേക്കും അവന്‍ ഒന്നരയടി താഴ്ചയുള്ള വെളിമ്പ്രദേശത്തിലേക്കു വീണു. താന്‍ അതുവരെ നിന്നത് പാലത്തിനും റോഡിനും ഇടയിലുള്ള സ്വല്‍പം ഉയര്‍ന്ന പ്രദേശത്തായിരുന്നുവെന്ന് അവന്‍ പോലും അപ്പോഴാണ് ഓര്‍ത്തത്.

തൊട്ടപ്പുറത്തുള്ള ചവറ്റു കൂനയിലേക്ക് ഒരു കാല്‍നടയാത്രക്കാരന്‍ ഏതോ കിറ്റ് വലിച്ചെറിയുന്നത് കണ്ട് അവന്‍ ഓടിച്ചെന്ന് അതെടുത്തു. എന്നാല്‍ അതിനകത്ത് ഒഴിഞ്ഞ കോണ്ടം കവറുകളും ചില സിറിഞ്ചുകളുമല്ലാതെ വേറൊന്നും ഇല്ലായിരുന്നു. വിഷമത്തോടെ അത് വലിച്ചെറിഞ്ഞു കളഞ്ഞപ്പോഴാണ് ഒരു ചുവന്ന ക്വാളിസ് അവനെ കടന്നു പോയത്. അതിന്‍റെ ബാക്ക് സീറ്റിലിരുന്ന ഒരു കുട്ടി എന്തോ പുറത്തേക്കിടുന്നത് രജനി കണ്ടു. പകുതി കഴിച്ച അഞ്ചാറ് ബ്രഡ്ഡിന്‍ കഷണങ്ങള്‍ കവറിലും പുറത്തുമായി ചിതറിക്കിടക്കുന്ന കാഴ്ച കണ്ടപ്പോള്‍ അവന്‍ വേറൊന്നും ആലോചിച്ചില്ല. ചാടി വീണ് അതെല്ലാം കയ്യിലൊതുക്കി. രണ്ടെണ്ണം വായിലാക്കി ബാക്കി വന്നത് കവറിലൊതുക്കി കിടപ്പാടത്തിലേക്ക് നടക്കുമ്പോള്‍ തന്‍റെ പാവം അമ്മയുടെ മുഖമായിരുന്നു അവന്‍റെ മനസ് നിറയെ.

ഒരു നിമിഷം. അതിവേഗത്തില്‍ വളവ് തിരിഞ്ഞു വന്ന ഒരു ബൈക്ക് അവനെ ഇടിച്ചിട്ടത് ഞൊടിയിടയിലാണ്.

ഒരു നിലവിളിയോടൊപ്പം അവന്‍റെ കയ്യിലുണ്ടായിരുന്നതെല്ലാം തെറിച്ചുപോയി. പൊട്ടിപ്പൊളിഞ്ഞ റോഡിന്‍റെ ഒരു വശത്ത് ചോരയില്‍ കുളിച്ചു പിടഞ്ഞ അവനെ നോക്കി ബൈക്കില്‍ പിന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു :

ഏതോ പാണ്ടിയാണെന്ന് തോന്നുന്നു. നീ വണ്ടിയെടുക്ക്. പോലീസ് ഇപ്പോ എത്തും.

അനന്തരം ബൈക്ക് സ്റ്റാര്‍ട്ടായി പോകുന്ന ശബ്ദം കേട്ടു.

തന്‍റെ ജീവന് കുഴല്‍പ്പണക്കാരന്‍റെയോ അതല്ലെങ്കില്‍ ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിക്കുന്നവന്‍റെയോ ഓട്ടപ്പാച്ചിലിന്‍റെ വില പോലുമില്ലെന്ന് അറിയാത്ത രജനി അവസാനമായി തന്‍റെ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒഴുകിയിറങ്ങിയ രക്തം തന്‍റെ തലക്ക് ചുറ്റും രേഖാചിത്രം തീര്‍ക്കുമ്പോഴും അവന്‍ ഒരു കഷണം ബ്രഡ്ഡ് മുറുകെ പിടിച്ചിരുന്നു.

The End