പ്രണയം വിഷയമായ ഒരു പാട് സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. പ്രേംനസിര്‍–ഷീല, സത്യന്–ശാരദ, മോഹന്‍ലാല്‍–ശോഭന, ജയറാം–പാര്‍വതി, ദിലീപ്–മഞ്ജു വാര്യര്‍ എന്നിങ്ങനെയുള്ള ഹിറ്റ് ജോഡികളും തല്‍ഫലമായി രൂപം കൊണ്ടു. ചില വ്യക്തികളുടെ പ്രണയം കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിയെങ്കില്‍ മറ്റ് ചിലരുടേത് യഥാര്‍ത്ഥ ജീവിതത്തിലേക്കും നീണ്ടു. ക്യാമറക്ക് മുന്നില്‍ ഒരിക്കല്‍ പോലും മുഖം കാണിക്കാത്തവരും അത്തരം പ്രണയ കഥകളില്‍ നായികാ–നായകന്മാരായി. അവരുടെ പ്രണയവും ഒളിച്ചോട്ടവും വിവാഹവുമൊക്കെ പലപ്പോഴും സിനിമാകാഴ്ചകളെ പോലും അത്ഭുതപ്പെടുത്തി.
ബ്ലാക്ക് ആന്‍റ് വൈറ്റ് കാലഘട്ടത്തില്‍ പ്രണയം ഇന്നത്തെയത്ര വ്യാപകമായിരുന്നില്ല. എങ്കിലും ഷീലയെയും ജയഭാരതിയെയും പോലുള്ള നടിമാര്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ശ്രീവിദ്യ കമല്‍ ഹാസനുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് നടന്നില്ലെങ്കിലും പിന്നീട് നിര്‍മ്മാതാവായ ജോര്‍ജ്ജിലൂടെ അവരുടെ മറ്റൊരു പ്രണയമാണ് സാക്ഷാല്‍കരിച്ചത്. മലയാള സിനിമയിലെ ഒരു പ്രമുഖ വ്യക്തിയുമായി അക്കാലത്ത് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് അടുത്തിടെ നടി കവിയൂര്‍ പൊന്നമ്മ പറഞ്ഞിരുന്നു. മതം മാറണമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അവര്‍ വിവാഹത്തില്‍ നിന്ന്‍ പിന്‍മാറുകയായിരുന്നു.
പ്രേംനസിര്‍–ഷീല ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഏറെ പ്രചരിച്ചു. ഭരതന്–ശ്രീവിദ്യ പ്രണയത്തെക്കുറിച്ച് സുഹൃത്തായിരുന്ന ജോണ്‍പോള്‍ അടുത്തിടെ വെളിപ്പെടുത്തല്‍ നടത്തിയത് ഏറെ വിവാദമായി. ഐവി ശശി–സീമ, സുരേഷ് കുമാര്‍–മേനക, രേവതി– സുരേഷ്, മുകേഷ്–സരിത, ശ്രീനാഥ്– ശാന്തി കൃഷ്ണ, പ്രിയദര്ശന്– ലിസി, സുമലത–അംബരീഷ് എന്നിവര്‍ സിനിമയില്‍ നിന്നുതന്നെയാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്. ഇതില്‍ രേവതി– സുരേഷ്, മുകേഷ്–സരിത, ശ്രീനാഥ്– ശാന്തി കൃഷ്ണ എന്നിവര്‍ പിന്നീട് വേര്‍പിരിഞ്ഞു.
ഇന്നത്തെ തലമുറക്ക് സുപരിചിതരായ മറ്റ് സൂപ്പര്‍ഹിറ്റ് പ്രണയ ജോഡികള്‍ ഇവരാണ്.
1) ജയറാം–പാര്‍വതി
ജയറാം ആദ്യ സിനിമയായ അപരനില്‍ അഭിനയിക്കുമ്പോള്‍ പാര്‍വതി മലയാളത്തിലെ തിരക്കുള്ള നടിയാണ്. അതിനുമുമ്പ് ഒരു ഉത്ഘാടനത്തിന് പാര്‍വതി പെരുമ്പാവൂരില്‍ വന്നപ്പോള്‍ അവരുടെ ഒരു ആട്ടോഗ്രാഫ് വാങ്ങാന്‍ താന്‍ ഏറെ കഷ്ടപ്പെട്ട കാര്യം ജയറാം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കാലം മാറിയപ്പോള്‍ അതേ നടി ജയറാമിന്‍റെ ജീവിതപങ്കാളിയായി. 1992 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. കാളിദാസന്‍, മാളവിക.
2) ദിലീപ്– മഞ്ജു വാര്യര്‍
സല്ലാപം എന്ന സിനിമയിലൂടെയാണ് ദിലീപും മഞ്ജുവും മലയാളത്തിലെ തിരക്കുള്ള താരങ്ങളായത്. കുടമാറ്റം, ഈ പുഴയും കടന്ന്‍ എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങളിലും ഒന്നിച്ച ജോഡികള്‍ താമസിയാതെ പ്രണയത്തിലായി. 1998 ല്‍ ദിലീപിന്‍റെ ജന്മദിനത്തിന് ഒരാഴ്ച മുമ്പ്, ഒക്ടോബര്‍ 20നു ആലുവയില്‍ വച്ച് ഇരുവരും വിവാഹിതരായി. ഒരു മകളുണ്ട്– മീനാക്ഷി. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മാസങ്ങളായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു.
3) ബിജുമേനോന്‍–സംയുക്ത വര്‍മ്മ
ഇന്ന്‍ മലയാളത്തിലെ മുന്‍നിര നടനാണ് ബിജുമേനോന്‍. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച സംയുക്ത വര്‍മയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഒരു മകനുണ്ട്.
4) ഇന്ദ്രജിത്ത്– പൂര്‍ണ്ണിമ
അമ്മ മല്ലിക അഭിനയിച്ച ഒരു സീരിയലിന്‍റെ സെറ്റില്‍ വച്ചാണ് ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി മാറാന്‍ താമസിച്ചില്ല. 2002 ഡിസംബര്‍ 13നു ഇരുവരും വിവാഹിതരായി. രണ്ടു കുട്ടികളുണ്ട്– പ്രാര്‍ഥന, നക്ഷത്ര. ആക്ഷന്‍.സീരിയസ്, കോമഡി വേഷങ്ങള്‍ വളരെ തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ അപൂര്‍വം നടന്‍മാരിലൊരാളാണ് ഇന്ദ്രജിത്ത്. പൂര്‍ണ്ണിമ ഇന്ന്‍ തിരക്കേറിയ ഒരു ടിവി അവതാരകയാണ്.
5) ഷാജി കൈലാസ്–ആനി
നായികാപദവിയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ആനി സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം കഴിക്കുന്നത്. രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വച്ചുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. വിവാഹത്തിന് ശേഷം സിനിമ വിട്ട ആനി മതം മാറി ചിത്ര എന്ന പേരും സ്വീകരിച്ചു. ഇപ്പോള്‍ മൂന്ന്‍ കുട്ടികളുണ്ട്.
6) മനോജ് കെ ജയന്–ഉര്‍വശി
പ്രശസ്ത സംഗീതഞ്ജനായ ജയന്‍റെ മകനായ മനോജ് 1988 മുതല്‍ മലയാള സിനിമയില്‍ സജീവമാണ്. ഏറെനാളത്തെ പ്രണയത്തിനു ശേഷമാണ് അദ്ദേഹം നടി ഉര്‍വശിയെ വിവാഹം കഴിച്ചത്. അതിനു മുമ്പ് ഉര്‍വശി പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ നിര്‍മിച്ചപ്പോള്‍ മനോജാണ് അതില്‍ നായകനായത്. 2000 ഒക്ടോബര്‍ 11നു വിവാഹിതരായ ഇരുവരും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ വേര്‍പിരിഞ്ഞു. ഒരു മകളുണ്ട്.
7) ആഷിക് അബു– റീമ കല്ലിങ്കല്‍
മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരുടെ ഗണത്തിലെ പ്രമുഖനായ ആഷിക് അബു പ്രശസ്ത മോഡലും അഭിനേത്രിയുമായ റീമ കല്ലിങ്കലിനെയാണ് വിവാഹം കഴിച്ചത്. ആദ്യം ലിവിങ് ടുഗദര്‍ ജീവിതം നയിച്ച ഇരുവരും 2013 നവംബര്‍ 1നു കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് നിയമപരമായി വിവാഹിതരായത്.
8) ശാലിനി– അജിത്ത്
മലയാളത്തില്‍ ബേബി ശാലിനിയായി വന്ന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ശാലിനി പിന്നീട് അനിയത്തിപ്രാവിലൂടെ തിരിച്ചുവരവ് നടത്തി. തുടര്‍ന്നു മലയാളത്തിലും തമിഴിലുമായി എണ്ണപ്പെട്ട സിനിമകളില്‍ അഭിനയിച്ച അവര്‍ പ്രശസ്ത നടന്‍ അജിത്തിനെയാണ് വിവാഹം കഴിച്ചത്. 2000 ഏപ്രിലില്‍ ചെന്നൈയില്‍ വച്ച് ഇരുവരും വിവാഹിതരായി. ശാലിനി ക്രിസ്ത്യനും അജിത്ത് ഹിന്ദുവുമാണ്.
9) ആന്‍ അഗസ്റ്റിന്– ജോമോന്‍
പ്രശസ്ത നടന്‍ അഗസ്റ്റിന്‍റെ മകളായ ആന്‍ ഏല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 2014 ഫെബ്രുവരി 2നു ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണിനെ വിവാഹം കഴിച്ചു.
10) ബാല– അമൃത
ഐഡിയ സ്റ്റാര്‍ സിംഗറാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായത്. ഒരിക്കല്‍ പരിപാടിയില്‍ അതിഥിയായെത്തിയ ബാല അമൃതയുടെ പാട്ട് കേള്‍ക്കുകയും പാട്ട് ഇഷ്ടപ്പെട്ട അദ്ദേഹം പിന്നീട് പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. ഒരു മകളുണ്ട്.
The End
[ My article originally published in Kvartha in early June]