മലയാളത്തിന്‍റെ നടനവൈഭവങ്ങള്‍ അതിര്‍ത്തി കടക്കുന്നതും അവിടെ ജയ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതും നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്. പ്രേംനസീറും മധുവും തുടങ്ങി തമിഴകത്ത് ഹരീശ്രീ കുറിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ വരെ നീളുന്നതാണ് ആ പട്ടിക. അതില്‍ ചിലരെ മറുനാടന്‍ സിനിമകള്‍ വേണ്ടവിധം ആദരിച്ചപ്പോള്‍ മറ്റു ചിലര്‍ക്ക് അവിടത്തെ താര സങ്കല്‍പ്പങ്ങള്‍ക്ക് മുന്നില്‍ കാലിടറി. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത മൂന്നാം കിട മസാല പ്രകടനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന മാസ് എന്‍റര്‍ടെയ്നറുകളുടെ ഇക്കാലത്ത് യുക്തി ബോധത്തിനും നവരസങ്ങള്‍ക്കുമൊക്കെ എന്തു വില ?
പുരാണത്തിലെ ദുര്യോധനനും കര്‍ണ്ണനും തമ്മിലുള്ള ബന്ധം കടമെടുത്ത് ദളപതി എന്ന ക്ലാസിക് ചിത്രം ഒരുക്കുമ്പോള്‍ മണിരത്നത്തിന്‍റെ മനസില്‍ രജനീകാന്തും മമ്മൂട്ടിയുമല്ലാതെ മറ്റൊരു ചോയ്സ് ഉണ്ടായിരുന്നില്ല. അടിമുടി രജനി ചിത്രമാണെങ്കിലും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമാണ് അദ്ദേഹം ചിത്രത്തില്‍ നല്‍കിയത്. തുടക്ക കാലത്ത് കമല്‍ ഹാസനൊപ്പവും പിന്നീട് ചിലപ്പോഴൊക്കെ പ്രഭുവിനൊപ്പവും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ചിട്ടുള്ള രജനി വളരെ കാലത്തിനു ശേഷം ഇരട്ട നായകന്മാരില്‍ ഒരാളായി പ്രത്യക്ഷപ്പെട്ടത് ദളപതിയിലാണ്.
കഴിവുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തില്‍ രജനിയും കമലും ഒരുപോലെ മികച്ചു നിന്നു. എന്തിരനിലെ വില്ലന്‍ വേഷത്തിനു വേണ്ടി സംവിധായകന്‍ ഷങ്കര്‍ അമിതാഭ് ബച്ചനെ സമീപിച്ചെങ്കിലും അത് താങ്കള്‍ക്ക് പറ്റിയ വേഷമല്ലെന്ന് പറഞ്ഞ് രജനിയാണ് ബച്ചനെ നിരുല്‍സാഹപ്പെടുത്തിയത്. അമിതാഭിനെ വില്ലനാക്കി സ്വയം ഹീറോ വേഷം കളിക്കാന്‍ താരത്തിന്‍റെ മനസാക്ഷി അനുവദിച്ചില്ല. ഇന്ത്യനില്‍ നെടുമുടി വേണുവിന് പ്രധാന വേഷം നല്‍കി ആദരിച്ച കമല്‍ പിന്നീട് കല്‍പനക്കും ജയറാമിനും മോഹന്‍ ലാലിനുമൊക്കെ തന്‍റെ ചിത്രങ്ങളില്‍ തുല്യ പ്രാധാന്യമുള്ള വേഷം നല്‍കി.
സതി ലീലാവതിയില്‍ കല്‍പനക്ക് പിന്നില്‍ ഒരു സഹ നടന്‍ മാത്രമായി കമല്‍ ഒതുങ്ങിയപ്പോള്‍ തെനാലിയില്‍ ജയറാമും ഉന്നൈ പോല്‍ ഒരുവനില്‍ മോഹന്‍ലാലുമാണ് അക്ഷരാര്‍ഥത്തില്‍ തിളങ്ങിയത്. തെനാലിയിലെ അഭിനയം ജയറാമിന് അക്കൊല്ലത്തെ മികച്ച നടനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ അവാര്‍ഡും നേടിക്കൊടുത്തു. മറ്റുള്ളവര്‍ക്ക് പിന്നില്‍ രണ്ടാമനായി ഒതുങ്ങിയത് കൊണ്ട് തന്‍റെ താരപ്രഭയ്ക്ക് മങ്ങലൊന്നും എല്‍ക്കില്ല എന്ന കമലിന്‍റെ തിരിച്ചറിവ് പക്ഷേ പൊതുവേ പലര്‍ക്കും ഉണ്ടാകാറില്ല.
മോഹന്‍ലാലിന് ഹിന്ദിയില്‍ സ്വപ്ന തുല്യമായ തുടക്കം നല്‍കിയ രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനിയില്‍ അദ്ദേഹം മൂന്നു നായകന്മാരില്‍ ഒരാളാണ്. പതിവ് ബോളിവുഡ് നായക സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കിയ സിനിമ വന്‍ വിജയമായില്ലെങ്കിലും രാമുവിന്‍റെ അടുത്ത ചിത്രത്തിലും ലാലിന് പ്രധാന വേഷമാണ് കിട്ടിയത്. ഷോലെയുടെ റീമേക്കില്‍ അമിതാഭിനൊപ്പം നിറഞ്ഞു നിന്ന അദ്ദേഹം തമിഴിലെ ഇരുവറും മോശമാക്കിയില്ല. എന്നാല്‍ കീര്‍ത്തിചക്രയുടെ തമിഴ് പതിപ്പില്‍ സംവിധായകനറിയാതെ നിര്‍മ്മാതാവ് തന്‍റെ മകനെ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാല്‍ അവിടെ ഉപനായകനായി. ജീവയ്ക്ക് കയ്യടി നേടിക്കൊടുക്കാനായി ചില മൂന്നാം കിട സംഘട്ടന രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത അരന്‍ എന്ന ചക്രയുടെ തമിഴ് പതിപ്പ് ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണു.
സുരേഷ് ഗോപിയുടെ കൊട്ടിഘോഷിച്ചുള്ള തമിഴ് പ്രവേശനത്തിനും സമാനമായ അനുഭവമാണ് ഉണ്ടായത്. ദീന എന്ന അജിത്ത് ചിത്രം വന്‍ വിജയമായെങ്കിലും നായകന് പിന്നില്‍ നിഴലായി മലയാളത്തിലെ സൂപ്പര്‍താരത്തിന് ഒതുങ്ങേണ്ടി വന്നു. കയ്യൂക്കും ഗുണ്ടായിസവും കൊണ്ട് നഗരം ഭരിക്കുന്ന രണ്ടു സഹോദരങ്ങളുടെ കഥ പറഞ്ഞ പതിവ് തമിഴ് മസാല ചിത്രമായിരുന്നു അത്. ഒടുവില്‍ അനുജന് മാനസാന്തരം വരുകയും ജ്യേഷ്ഠനെ കൂടി നന്‍മയുടെ വഴിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമാണ് ദീനയുടെ ഇതിവൃത്തം.
മറ്റു ഭാഷ സിനിമകളെ പോലെയല്ല മലയാളം. കോമഡിയും ആക്ഷനും സെന്‍റിമെന്‍റ്സുമെല്ലാം ഒരേ പോലെ വഴങ്ങുന്ന നടന്മാര്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാകൂ. കിരീടത്തിന്‍റെ ഹിന്ദി റീമേക്കിന്‍റെ സമയത്ത് മോഹന്‍ലാലിന്‍റെ ഏഴയലത്തെത്താത്ത അതിലെ നായകന്‍റെ പ്രകടനം കണ്ടു വിഷമം തോന്നിയെന്ന് തിരക്കഥാകൃത്ത് ലോഹിതദാസ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പലേരി മാണിക്യവും മായാവിയും ന്യൂഡല്‍ഹിയുമൊക്കെ ഒരേ നടന്‍ ചെയ്ത വേഷങ്ങളാണെന്ന് അറിഞ്ഞാല്‍ മലയാളികളല്ലാത്തവര്‍ അത്ഭുതപ്പെടും. അവരെ സംബന്ധിച്ച് ഇവ മൂന്നു വ്യത്യസ്ഥ നടന്മാര്‍ ചെയ്യേണ്ട വേഷങ്ങളാണ്. മലയാളത്തില്‍ നിന്ന്‍ ഇതുവരെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും.
ജഗതി ശ്രീകുമാര്‍, ഇന്നസെന്‍റ്, ശോഭന, കെപിഎസി ലളിത തുടങ്ങി സലിം കുമാര്‍ വരെയുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏത് വേഷവും ഇവര്‍ക്കിണങ്ങും. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഹാസ്യ നടനും മലയാളത്തിന് മാത്രം സ്വന്തം. മുഖത്ത് ഭാവ പ്രകടനമൊന്നും വരാത്ത എന്നാല്‍ നൂറ്റമ്പത് പേരെ ഒറ്റക്കടിച്ച് നിലം പരിശാക്കുന്ന താര ദൈവങ്ങളെക്കാള്‍ എത്രയോ മുകളിലാണ് സ്റ്റാര്‍ട്ടിനും കട്ടിനും ഇടക്കുള്ള ഇടവേളയില്‍ മറ്റൊരാളുടെ ജീവിതം കെട്ടിയാടുന്ന അവരുടെ സന്തോഷവും ദുഖവും ഏറ്റുവാങ്ങുന്ന ഇത്തരം നടന വിസ്മയങ്ങള്‍. അങ്ങനെ നോക്കുമ്പോള്‍ ചെന്നൈ എക്സ്പ്രസിലെ രാഹുലും ഒരു സുപ്രഭാതത്തില്‍ മധുരയുടെ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറായ ജില്ലയിലെ ശക്തിയുമൊക്കെ കിരീടത്തിലെ സേതു മാധവനും ജഗതിയുടെയും തിലകന്‍റെയും അനവധി അനശ്വര കഥാപാത്രങ്ങള്‍ക്കും മുന്നില്‍ ഒന്നുമല്ലെന്ന് ആവര്‍ത്തിച്ചു പറയേണ്ടി വരും.