വഴിയെ പോയ വയ്യാവേലി ഏണി വച്ച് പിടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. ദാ ഇപ്പോള്‍ ഇവിടെ സംഭവിച്ചത് അതാണ്. പെണ്‍കെണിയില്‍ കുടുങ്ങിയ സീനിയര്‍ പുംഗവന് അരങ്ങൊഴിഞ്ഞപ്പോഴാണ് മുഖ്യന് നമ്മുടെ നായകന്റെ ചെസ്റ്റ് നമ്പര്‍ വിളിച്ചത്.
നമ്പര്‍ 18.
തോമസ് ചാക്കോ.
ഹോ !
എത്ര നാളായി കാത്തിരിക്കുന്ന അവസരമാണ്. അതുകൊണ്ട് കായല്‍ രാജാവ് ശരിക്ക് ആര്മാദിച്ചു. രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് ആദ്യമൊക്കെ കാര്യങ്ങള്‍ എളുപ്പമായിരുന്നു. പ്രതിപക്ഷം പോലും പലതും കണ്ടില്ല, കേട്ടില്ല എന്ന് നടിച്ചു. അപ്പോഴാണ് ചൈനയുടെ ബഹിരാകാശ നിലയം പോലെ കെട്ടു പൊട്ടിയ ഒരു വയ്യാവേലി ആകാശത്ത് കൂടി പറന്നു പോകുന്നത് പുംഗവന് ബൈനോക്കുലര്‍ നോക്കി കണ്ടു പിടിച്ചത്.
ദക്ഷിണേന്ത്യന്‍ ഗതാഗത മന്ത്രിമാരുടെ സമ്മേളനം. അതിനായി വേദിയൊരുക്കിയ കോവളത്ത് സൗകര്യം പോരെന്ന് കേട്ട പാടെ മന്ത്രി ഒരിക്കല്‍ കൂടി നല്ല ഒരു ആതിഥേയനായി. ആലപ്പുഴയിലെ തന്റെ റിസോര്‍ട്ടിന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടു.
പൊങ്ങച്ചം കാണിക്കുകയുമാവാം. സ്വല്പ്പം കച്ചവടവും പിടിക്കാം. എങ്ങനെയുണ്ട് അച്ചായന്റെ ബുദ്ധി ? പക്ഷെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ ക്യാമറ കണ്ണുകള്‍ സമ്മേളനവും കടന്ന് റോഡിന്റെ അങ്ങേ അറ്റം വരെ നീണ്ടത് വല്ലാത്ത ഒരു ചെയ്ത്തായി പോയി.
പിന്നെ വാര്‍ത്തയായി, വിശദീകരണമായി. ഇതിനിടയില്‍ റോഡ് പണിക്ക് സഹായം ചെയ്ത നല്ല സമരിയാക്കാരുടെ പേരുകളും ഉയര്‍ന്നു വന്നു. ദോഷം പറയരുതല്ലോ. അതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. ജനാധിപത്യം എന്ന് പറയുന്നത് ഇതാണ്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും ആധിപത്യം ഉള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടല്ലോ.
പുരുഷന്മാരുടെ മനസ്സില്‍ കയറുന്നത് അവരുടെ വയറ് വഴിയാണെന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാണ്. തോമാച്ചന് കരിമീന്‍ പൊള്ളിച്ചതും കോഴിക്കറിയും താറാവ് റോസ്റ്റും വിളമ്പിയത് വെറുതെയായില്ല. അത് കഴിച്ചവരെല്ലാം സര്‍ക്കാര്‍ ഫണ്ട് വാരിക്കോരിയല്ലേ കൊടുത്തത്. പക്ഷെ അങ്ങനെ പണിത റോഡിന്റെ നീളം ലേശം കുറഞ്ഞോ എന്ന് സംശയം. റിസോര്‍ട്ട് വരെയെത്തിയപ്പോഴേക്കും റോഡ് പണിക്കായി കരുതിയിരുന്ന ടാറും മെറ്റലുമെല്ലാം തീര്‍ന്നു പോയത്രേ. വീണ്ടും വാങ്ങിക്കാനുള്ള ഫണ്ട് ആരും അനുവദിച്ചതുമില്ല. അതാണ് ചാനലുകള്‍ വാര്‍ത്തയാക്കിയത്.
റിസോര്‍ട്ടിലേക്ക് റോഡ് പണിതത് തന്റെ ആവശ്യപ്രകാരമല്ലെന്നും പ്രദേശത്ത് തല ചായ്ക്കാന്‍ ഒരു കൂര പോലുമില്ലാത്ത പാവങ്ങളുടെ അന്ത്യാഭിലാഷ അല്ലല്ല ജീവിതാഭിലാഷമായിരുന്നു അതെന്നും തോമാച്ചന് താണുകേണു കരഞ്ഞു കൊണ്ട് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. അത്ര നല്ല നാട്ടുകാരെ കിട്ടാന്‍ ആരായാലും പുണ്യം ചെയ്യണം.
പിന്നെ വിവാദമായി, അന്വേഷണമായി. നേരോടെ നിര്‍ഭയം സഞ്ചരിക്കുന്ന ചാനല്‍ മന്ത്രിയുടെ ഭൂതത്തെയും വര്‍ത്തമാനത്തെയും ഇടം വലം പിന്തുടര്ന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത സത്യവാങ്ങ്മൂലവും കായലിന്റെ വിസ്തൃതിയും കീറി മുറിച്ച് പരിശോധിക്കപ്പെട്ടു. ഇടിവെട്ടേറ്റ് നിന്ന തോമാച്ചന് പുതിയ കളക്ടര്‍ വന്നതോടെ പാമ്പ് കടിച്ച അവസ്ഥയിലുമായി.
അനുരാധ ഐഎഎസ്. പേര് കേട്ട കറി പൌഡര്‍ കമ്പനിയുടെ പേര് കളഞ്ഞ മുന്‍ ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍. ഉപഗ്രഹ മാപ്പ്, ഉടമസ്ഥാവകാശം, കൈ രേഖ. അങ്ങനെ സകല രേഖകളും പരിശോധിച്ച അവര്‍ മുതലാളിയുടെ ചീട്ടും കീറി.
കായലുകളും പുഴകളും ഇല്ലാതാകുന്നത് ആഗോള താപനം മൂലമാണെന്നും അതിനുത്തരവാദി അമേരിക്ക പോലുള്ള വന്‍കിട വ്യാവസായിക രാജ്യങ്ങളാണെന്നും മന്ത്രി വാദിച്ചു നോക്കിയെങ്കിലും പഠിപ്പും വിവരവുമില്ലാത്ത കളക്ടര്‍ക്ക് മുന്നില്‍ അതൊന്നും വിലപ്പോയില്ല. വൈകാതെ ഹൈക്കോടതിയും അത് എറ്റു പിടിച്ചു. കഷ്ടം. പഠിപ്പ് കൂടിയാലും കുറഞ്ഞാലും കുഴപ്പമാണെന്ന് പറയുന്നത് വെറുതെയല്ല.
വേദി മാറ്റം.
മുന്നണിയിലെ രണ്ടാമന് വിവാദത്തില്‍ തലയിട്ടത്തോടെ സംഭവം ചൂട് പിടിച്ചു. തുടര്‍ന്ന് പോരാട്ടം ഒന്നാമനും രണ്ടാമനും തമ്മിലായി. കായല്‍ രാജാവിനെ പടിയടച്ച് പിണ്ഡം വയ്ക്കണമെന്ന് രണ്ടാമന്, പറ്റില്ലെന്ന് ഒന്നാമന്. ഭരണപക്ഷത്തെ വിറപ്പിക്കാനായി പടയൊരുക്കം തുടങ്ങിയ പ്രതിപക്ഷ നേതാവ് സോളാറില്‍ വിയര്‍ത്ത് കുളിച്ചപ്പോള്‍ യഥാര്‍ത്ഥ പടയൊരുക്കം അന്തപ്പുരത്തില്‍ തന്നെ അരങ്ങേറി. ആ ചക്കളത്തി പോരാട്ടത്തിന് ഇന്ധനം പകര്‍ന്ന് നമ്മുടെ നായകന് അങ്ങനെ രസിച്ചിരിക്കുമ്പോഴാണ് മുഖ്യന്റെ ഘന ഗാംഭിര്യമാര്‍ന്ന ശബ്ദം വീണ്ടും മുഴങ്ങിയത്.
ചെസ്റ്റ് നമ്പര്‍ 18. തോമസ് ചാക്കോ വേദി വിട്ട് പോണം. അടുത്ത പാര്‍ട്ടിസിപ്പന്റ്……………
കഴുത്തിന് പിടിച്ച് പുറത്താക്കും മുമ്പേ വേദി വിട്ടു. അതിഥി ദേവോ ഭവ എന്ന് പറയുന്നത് വെറുതെയാണ്. അദ്ദേഹം മനസ്സില്‍ ഓര്‍ത്തു.
ഒരു അതിഥി സല്‍ക്കാരം അഥവാ കയ്യിലിരുപ്പ് വരുത്തി വച്ച വിന.
The End